ഭൂമിയുടെ ഉൾക്കാമ്പ് കടുകട്ടിയല്ല; വെണ്ണപോലെ മൃദുലമെന്ന് പുതിയ പഠനം

ഭൂമിയിൽ ഉൾക്കാമ്പും മാന്റിൽ എന്ന മധ്യഭാഗവും ക്രസ്റ്റ് എന്ന പുറംഭാഗവുമുണ്ടെന്ന് നമുക്കറിയാവുന്ന കാര്യമാണ്. ഭൗമ ഉപരിതലത്തിൽ നിന്ന് 2900 കിലോമീറ്റർ താഴെയാണ് ഉൾക്കാമ്പ് സ്ഥിതി ചെയ്യുന്നത്.

ദ്രവീകൃതമായ പുറംഭാഗവും ഖരാവസ്ഥയിലുള്ള ഉൾഭാഗവും കോറെന്നു വിളിക്കുന്ന ഉൾക്കാമ്പിനുണ്ട്. ഇപ്പോഴിതാ പുതിയൊരു പഠനം പുറത്തുവന്നിരിക്കുകയാണ്. കടുകട്ടിയായ ഖരാവസ്ഥയിലാണെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഭൂമിയുടെ ഇന്നർ കോർ വെണ്ണ പോലെ മൃദുലമാണെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പഠനം. ഓസ്റ്റിനിൽ സ്ഥിതി ചെയ്യുന്ന ടെക്സസ് സർവകലാശാലയാണ് ഗവേഷണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ പ്രവചനാതീത സ്വഭാവം ഇതു മൂലമാണുണ്ടായതെന്നും പഠനം പറയുന്നു. ഭൂമിയുടെ ഉൾക്കാമ്പിലെ സവിശേഷതകൾ വിലയിരുത്തി വെർച്വൽ പഠനമാണ് ശാസ്ത്രജ്ഞർ നടത്തിയത്.

ഭൂമിയുടെ ഉൾക്കാമ്പിനെക്കുറിച്ച് കൗതുകകരമായ പഠനങ്ങൾ സമീപകാലത്ത് ധാരാളം ഇറങ്ങിയിരുന്നു. ഒരു പഠനത്തിൽ ഉൾക്കാമ്പിനെ ഒരു പുതപ്പുപോലെ ആവരണം ചെയ്യുന്ന ഘടനയുണ്ടെന്ന് കണ്ടെത്തി. ആ ഘടനയ്ക്ക് ചില ഭാഗത്ത് എവറസ്റ്റിന്റെ 5 മടങ്ങ് പൊക്കമുള്ള പർവതങ്ങളുമുണ്ട്. യുഎസിലെ അലബാമ സർവകലാശാലയിലെ ജിയോളജി ഗവേഷകയായ സമന്ത ഹാൻസനും സംഘവുമാണ് പഠനത്തിനു പിന്നിൽ.അന്റാർട്ടിക്കയിൽ 15 ഇടങ്ങളിലായി സീസ്മിക് തരംഗങ്ങൾ വിലയിരുത്തിയാണ് സംഘം പഠനം നടത്തിയത്.

Advertisement