പലസ്തീൻ പ്രശ്നം ‘തലയിലാകുമോ’ എന്നു ഭയം; ഗാസയ്ക്കു മുന്നിൽ കവാടം കൊട്ടിയടച്ച് ഈജിപ്ത്

കയ്റോ: ഹമാസിന്റെ സമ്പൂർണ ഉൻമൂലനം ലക്ഷ്യമിട്ട് പൂർണ തോതിലുള്ള സൈനിക നടപടിയിലേക്കു കടക്കും മുൻപ്, എത്രയും വേഗം ഒഴിഞ്ഞുപോകാൻ‌ ഗാസ നിവാസികൾക്ക് ഇസ്രയേലിന്റെ അന്ത്യശാസനം. പോരാട്ടം അയവില്ലാതെ തുടരുമ്പോഴും ഗാസയിലെ ജനങ്ങൾക്ക് അവിടെനിന്നു രക്ഷപ്പെടാനുള്ള ഏക മാർഗമായ ഗാസ – ഈജിപ്ത് അതിർത്തിയിലെ റഫാ കവാടത്തിൽ ഈജിപ്ത് കടുത്ത നിയന്ത്രണം തുടരുകയാണ്.

ഇസ്രയേലിന്റെ തുടർച്ചയായ മുന്നറിയിപ്പുകൾക്കും യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സമ്മർദ്ദങ്ങൾക്കും ഇടയിലാണ്, ഇതിലൂടെ ഗാസ നിവാസികളെ കടത്തിവിടില്ലെന്ന നിലപാടിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്താ അൽസിസി ഉറച്ചുനിൽക്കുന്നത്. ഇസ്രയേൽ – പലസ്തീൻ സംഘർഷ കാലത്ത് അതിർത്തി അടച്ചിടുന്ന പതിവ് തുടർന്നാണ് ഇത്തവണയും റഫാ കവാടം ഈജിപ്ത് അടച്ചുപൂട്ടിയത്.

‘ഗാസ നിവാസികൾ ദൃഢചിത്തരായി അവരുടെ ഭൂമിയിൽ തുടരണ’മെന്നാണ് ഈജിപ്ഷ്യൻ പ്രസിഡന്റ് വ്യാഴാഴ്ചയും ആവശ്യപ്പെട്ടത്. ഗാസയിലെ യുദ്ധമുഖത്തുനിന്ന് എത്രയും വേഗം രക്ഷപ്പെടാൻ സുരക്ഷിത പാതയൊരുക്കാൻ യുഎസും അറബ് രാജ്യങ്ങളും ഉൾപ്പെടെ സമ്മർദ്ദം തുടരുമ്പോഴാണ്, ഗാസ നിവാസികൾ ഉറപ്പോടെ അവരുടെ നാട്ടിൽത്തന്നെ തുടരണമെന്ന് ഈജിപ്ത് ആവർത്തിക്കുന്നത്. ഗാസയിൽനിന്നുള്ളവർക്കായി അതിർത്തി തുറന്നുകൊടുക്കുന്നത് രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്കു തള്ളിവിടുമെന്നാണ് ഈജിപ്തിന്റെ ഭയം.

സ്വതന്ത്ര പലസ്തീൻ രാഷ്ട്രമെന്ന വാഗ്ദാനം നടപ്പാക്കുന്നതിന്, പലസ്തീൻ പ്രശ്നം ഇസ്രയേൽ അതിന്റെ അതിർത്തിക്കുള്ളിൽനിന്നു തന്നെ പരിഹരിക്കണമെന്നാണ് ഈജിപ്തിന്റെ വാദം. അഭയാർഥികളായിട്ടാണെങ്കിലും ഗാസയിൽനിന്നുള്ള ആളുകളെ അതിർത്തി കടക്കാൻ അനുവദിക്കുന്നത് പലസ്തീനികളുടെ ബദൽ രാജ്യമാണ് സീനായ് എന്ന ആശയം പുനരുജ്ജീവിപ്പിക്കുമെന്ന് കയ്റോ യൂണിവേഴ്സിറ്റിയിലെ മുസ്തഫ കമൽ അൽ സയ്യിദിനെ ഉദ്ധരിച്ച് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ – പലസ്തീൻ സംഘർഷം ഏതു നിമിഷവും തങ്ങളുടെ കൂടി പ്രശ്നമായി മാറാമെന്ന ആശങ്ക മുൻപേ ഈജിപ്തിനുണ്ട്.

‘മറ്റുള്ളവരുടെ ചെലവിൽ പലസ്തീൻ പ്രശ്നം പരിഹരിക്കാൻ അനുവദിക്കില്ലെ’ന്നാണ് കഴിഞ്ഞ ദിവസവും അബ്ദുൽ ഫത്താ അൽ സിസി പ്രഖ്യാപിച്ചത്. അതേസമയം, സംഘർഷം കനക്കുമ്പോൾ പോകാൻ ഒരു ഇടമില്ലാതെ മരണത്തെ മുഖാമുഖം കാണുന്ന ഗാസയിലെ ജനങ്ങളോടു കുറച്ചുകൂടി ദയ കാട്ടണമെന്ന് ലോക രാജ്യങ്ങൾ ഈജിപ്തിനോട് ആവശ്യപ്പെടുന്നു. ഗാസ മുനമ്പിൽ അധിവസിക്കുന്ന 23 ലക്ഷത്തോളം ജനങ്ങളിൽ കുറച്ചു പേർക്കെങ്കിലും രക്ഷപ്പെടാൻ വഴി തുറക്കണമെന്നാണ് അഭ്യർഥന.

എല്ലാ ബന്ദികളെയും മോചിപ്പിക്കാതെ ഗാസമുനമ്പിലെ ഉപരോധത്തിൽ മാനുഷികമായ ഇളവ് അനുവദിക്കില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. തടവിലാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ ഒരു തുള്ളി വെള്ളവും ഒരിറ്റു വെളിച്ചവുമുണ്ടാകില്ലെന്ന് ഇസ്രയേൽ ഊർജമന്ത്രി പറഞ്ഞു. ഗാസയിലെ ആശുപത്രികളിൽ ജനറേറ്ററുകൾക്കു വേണ്ട ഇന്ധനമെങ്കിലും ലഭ്യമാക്കണമെന്ന റെഡ്ക്രോസിന്റെ അഭ്യർഥന ഇസ്രയേൽ തള്ളിയിരുന്നു. വൈദ്യുതിയില്ലാത്ത സ്ഥിതി തുടർന്നാൽ പരുക്കേറ്റവരെക്കൊണ്ടു നിറഞ്ഞ ആശുപത്രികൾ മോർച്ചറികളായി മാറുമെന്നു റെഡ് ക്രോസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഹമാസ് ആക്രമണത്തിനു തിരിച്ചടിയായാണു ഗാസ മുനമ്പിലേക്കുള്ള വൈദ്യുതി, ഭക്ഷണം, ഇന്ധനം എന്നിവയുടെ വിതരണം ഇസ്രയേൽ തിങ്കളാഴ്ച മുതൽ തടഞ്ഞത്. ഗാസയിലെ ഏക വൈദ്യുതിനിലയം ഇന്ധനമില്ലാത്തതിനാൽ ബുധനാഴ്ച പ്രവർത്തനം നിർത്തി. ഗാസ – ഈജിപ്ത് അതിർത്തിയിലെ റഫാ കവാടത്തിലൂടെ പലസ്തീൻകാർക്കു ഭക്ഷണവും മരുന്നുമടക്കമുള്ള സഹായമെത്തിക്കാനായി അയൽരാജ്യമായ ഈജിപ്ത് ഇസ്രയേലും യുഎസുമായി ചർച്ച ഊർജിതമാക്കി. രാജ്യാന്തര സഹായങ്ങളും ഈജിപ്ത് വഴിയാണു വരേണ്ടത്. ഉപരോധത്തിൽ ഇളവു ലഭിക്കാതെ ഇവയും ഗാസയിലേക്ക് എത്തില്ല.

Advertisement