11 ലക്ഷം പേരെ 24 മണിക്കൂറിനുള്ളിൽ ഒഴിപ്പിക്കണമെന്ന് ഇസ്രയേൽ, അപ്രായോഗികമെന്ന് യുഎൻ

ടെൽ അവീവ്: ഗാസയിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേലും ഐക്യരാഷ്ട്ര സംഘടനയും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷം. ഹമാസിനെ തുരത്താനുള്ള നടപടിയുടെ ഭാഗമായി വടക്കൻ ഗാസയിൽനിന്ന് 24 മണിക്കൂറിനുള്ളിൽ ആളുകളെ ഒഴിപ്പിക്കണമെന്ന ഇസ്രയേലിന്റെ നിർദ്ദേശച്ചൊല്ലിയാണ് അഭിപ്രായ ഭിന്നത. ഈ സമയപരിധിയിൽ 11 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കുന്നത് അപ്രായോഗികമാണെന്ന് യുഎൻ വക്താവ് വ്യക്തമാക്കി. യുഎൻ അഭയാർഥി ഏജൻസിയുടെ പ്രവർത്തനം തെക്കൻ ഗാസയിലേക്കു മാറ്റിയിട്ടുണ്ട്.

ഗാസ മുനമ്പിലെ ആകെയുള്ള ജനസംഖ്യയുടെ പകുതിയോളം പേരെ 24 മണിക്കൂറിനുള്ളിൽ ഒഴിപ്പിക്കണമെന്നാണ് ഇസ്രയേൽ ആവശ്യപ്പെടുന്നതെന്ന് യുഎൻ ചൂണ്ടിക്കാട്ടി. ഇന്നലെ അർധരാത്രിയോടെയാണ്, 24 മണിക്കൂറിനുള്ളിൽ വടക്കൻ ഗാസ ഒഴിപ്പിക്കാൻ ഇസ്രയേൽ അന്ത്യശാസനം നൽകിയത്. മാനുഷികമായ പ്രത്യാഘാതങ്ങൾ വിലയിരുത്താതെ ഇത്രയും വിപുലമായ രീതിയിലുള്ള ഒഴിപ്പിക്കൽ അപ്രായോഗികമാണെന്നാണു യുഎൻ നിലപാട്.

അതേസമയം, ആളുകളെ ഒഴിപ്പിക്കാനുള്ള ആവശ്യം അപ്രായോഗികമാണെന്ന യുഎൻ പ്രതികരണം ലജ്ജാകരമാണെന്ന് ഇസ്രയേൽ തിരിച്ചടിച്ചു. സംഘർഷവുമായി ബന്ധമില്ലാത്ത സാധാരണക്കാരെ രക്ഷപ്പെടുത്തി ആക്രമണത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് ഇസ്രയേൽ മുൻകൂട്ടി മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും അതിനു വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നു യുഎന്നിലെ ഇസ്രയേൽ അംബാസഡർ ഗിലാഡ് എർദാൻ വിമർശിച്ചു. ഗാസയിലെ സാധാരണക്കാരായ ജനങ്ങൾ ഇസ്രയേലിന്റെ ശത്രുക്കളെല്ലെന്ന് ഇസ്രയേൽ വക്താവ് ജൊനാഥൻ കോൺറിക്കൂസും ചൂണ്ടിക്കാട്ടി.

‘‘ഹമാസ് ആയുധങ്ങൾ സംഭരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കെതിരെ വർഷങ്ങളായി യുഎൻ കണ്ണടയ്ക്കുകയാണ്. ഹമാസിന്റെ ആയുധ ശേഖരവും പലപ്പോഴായി അവർ നടത്തുന്ന ആക്രമണങ്ങളും മറയ്ക്കുന്നതിനുള്ള ഉപാധിയായി ഗാസയിലെ സാധാരണ ജനങ്ങളെയും അവരുടെ താമസ സ്ഥലങ്ങളെയും ഉപയോഗപ്പെടുത്തുന്നതും യുഎൻ കണ്ടില്ലെന്നു നടിക്കുന്നു’’ – ഗിലാഡ് ചൂണ്ടിക്കാട്ടി.

‘‘ഹമാസ് ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയ പൗരൻമാരുടെ പേരിൽ ഇസ്രയേലിനൊപ്പം ഉറച്ചു നിൽക്കുന്നതിനു പകരം, ഞങ്ങളെ പഠിപ്പിക്കാനാണ് യുഎൻ ശ്രമിക്കുന്നത്. ഹമാസിന്റെ ആക്രമണത്തെ അപലപിക്കാനും അവർ ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാരെ മോചിപ്പിക്കാനും പ്രതിരോധത്തിനുള്ള ഇസ്രയേലിന്റെ അവകാശത്തെ മാനിക്കാനുമാണ് ഈ ഘട്ടത്തിൽ യുഎൻ ശ്രദ്ധിക്കേണ്ടത്’’ – ഗിലാഡ് പറഞ്ഞു.

വടക്കൻ ഗാസയിലെ യുഎൻ ഉദ്യോഗസ്ഥരെയും സ്കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും അഭയാർഥി ക്യാംപുകളും ഉൾപ്പെടെയുള്ള യുഎൻ സ്ഥാപനങ്ങളിലെ ആളുകളെയും ഒഴിപ്പിക്കണമെന്നാണു നിർദ്ദേശം. ഭിന്നത രൂക്ഷമായതോടെ യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരുമെന്നാണു വിവരം. യുഎസ്എ, ബ്രിട്ടൻ, ചൈന, റഷ്യ, ഫ്രാൻസ് എന്നിവരാണ് രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ. അടച്ചിട്ട മുറിയിലാകും ചർച്ചയെന്നാണു വിവരം.

അതേസമയം, കരയുദ്ധം ആരംഭിച്ചാൽ ശക്തമായി നേരിടുമെന്ന് ഹമാസ് ഇസ്രയേലിനു മുന്നറിയിപ്പു നൽകി. ഇതുവരെ കാണാത്ത പ്രതിരോധം ഉയർത്തുമെന്നാണ് പ്രഖ്യാപനം. ഇസ്രയേൽ കനത്ത നാശം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.

Advertisement