ക്രൂഡ് വിലക്കയറ്റമുണ്ടാക്കി ഇസ്രയേൽ–ഹമാസ് യുദ്ധം; കേന്ദ്ര സർക്കാരിന് ഇടിത്തീ

ന്യൂഡൽഹി: ഇസ്രയേൽ–ഹമാസ് യുദ്ധത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വിലക്കയറ്റമുണ്ടായതു തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ വിഷമവൃത്തത്തിലാക്കി. കഴിഞ്ഞയാഴ്ച ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞപ്പോൾ ഇന്ധനവില കുറച്ചേക്കുമെന്ന പ്രചാരണങ്ങൾക്കിടയിലാണു യുദ്ധമുണ്ടായത്.

അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതും വില കൂട്ടാതിരിക്കാൻ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നു.

ഇന്ധനവില കൂടുമോ എന്ന ചോദ്യത്തിന് ഇന്ത്യ ഈ വിഷയത്തെ പക്വതയോടെ കാണുമെന്നായിരുന്നു പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ പ്രതികരണം. ഇസ്രയേൽ–ഹമാസ് യുദ്ധം കാരണം ബ്രെന്റ് ക്രൂഡ് വില ഒറ്റയടിക്ക് 5% വർധിച്ചിരുന്നു. ഇന്നലെ 87.8 ഡോളറായിരുന്നു ബാരലിനു വില. കഴിഞ്ഞയാഴ്ച 11 ശതമാനത്തോളം കുറഞ്ഞിരുന്നു.

2022 ഏപ്രിൽ–മേയ് മാസങ്ങളിലാണു രാജ്യത്തു പെട്രോൾ–ഡീസൽ വില ഒടുവിൽ വർധിപ്പിച്ചത്. സംസ്ഥാന തിരഞ്ഞെടുപ്പുവേളകളിൽ ഇന്ധനവിലയിൽ മാറ്റമുണ്ടാകാത്തതു നേരത്തേതന്നെ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ റഷ്യയിൽനിന്നു ക്രൂഡ് ലഭിക്കുകയും ക്രൂഡ് വിലയിൽ കുറവുണ്ടാവുകയും ചെയ്തിട്ടും ഇന്ധനവിലയിൽ മാറ്റമുണ്ടായില്ല. ഈ വർഷത്തിന്റെ തുടക്കത്തിൽ എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്താനായിരുന്നു ഇത്. ക്രൂഡ് വില കുറയുന്നതോടെ തിരഞ്ഞെടുപ്പുവർഷത്തിൽ ഇന്ധനവില കുറയ്ക്കാനുള്ള ശ്രമങ്ങളെയും യുദ്ധം പ്രതികൂലമായി ബാധിച്ചു.

Advertisement