കുഞ്ഞന്‍ നായയുടെ കുര പേടിച്ച് ഗേറ്റ് ചാടി മറിഞ്ഞ് ഓടുന്ന രണ്ട് മുട്ടന്‍കരടികളുടെ സിസിടിവി ദൃശ്യങ്ങള്‍ വൈറല്‍!

സ്വന്തം ജീവന്‍ പണയം വച്ചും തന്‍റെ യജമാനന്‍റെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ നായകള്‍ പ്രകടിപ്പിക്കുന്ന ധൈര്യം ഏടുത്ത് പറയേണ്ടതില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ അവ തന്‍റെ വലിപ്പക്കുറവോ ശത്രുവിന്‍റെ വലിപ്പമോ ശ്രദ്ധിക്കില്ല.

മറിച്ച് ഏത് വിധേനയും ശത്രുവിനെ തുരത്തണം എന്നത് മാത്രമാകും ചിന്ത. അതിനായി ശബ്ദം കൊണ്ടും വേഗം കൊണ്ടും അവ ശത്രുവിനെ പ്രതിരോധത്തിലാക്കും. അത്തരമൊരു സന്ദര്‍ഭത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായി. തന്‍റെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ ഭീമാകാരമായ രണ്ട് ഗ്രിസ്ലി കരടികളെ (വടക്കേ അമേരിക്കൻ തവിട്ട് കരടി) നേരിടുന്ന ഒരു കുഞ്ഞന്‍ നായയുടെ വീഡിയോയായിരുന്നു അത്.

സെപ്തംബർ നാലിന് എക്‌സിൽ, CCTV IDIOTS എന്ന ഉപയോക്താവ് പങ്കുവച്ച സിസിടിവി വീഡിയോയില്‍ ഒരു വീടിന്‍റെ ഗേറ്റിലേക്ക് നടന്നടുക്കുന്ന രണ്ട് വടക്കേ അമേരിക്കൻ തവിട്ട് കരടികളെ കാണാം. മണിക്കൂറില്‍ 48 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുന്ന, പിന്‍തിരഞ്ഞ് ഓടുന്ന മൃഗങ്ങളെ പുറകേ ഓടിച്ചിട്ട് തുരത്തുന്നതില്‍ ഏറെ കേള്‍വിപ്പെട്ട മൃഗങ്ങളാണ് ഗ്രിസ്ലി കരടികള്‍. എന്നാല്‍, വീട്ടിലേക്ക് കടന്നുവന്ന കരടികള്‍ക്ക് നേരെ കുരച്ച് കൊണ്ട് പാഞ്ഞടുത്ത നായയ്ക്ക് പക്ഷേ, അത്തരം കാര്യങ്ങളിലൊന്നും തീരേ താത്പര്യമില്ലെന്ന് തോന്നും.

വീഡിയോയില്‍ ഗെയ്റ്റിന് മുന്നില്‍ നില്‍ക്കുന്ന കരടികള്‍ക്കിടയിലേക്ക് നായ പാഞ്ഞടുക്കുന്നു. അപ്രതീക്ഷിതമായി കുരച്ച് കൊണ്ട് നായ ഓടിവന്നപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് കരടികള്‍ക്ക് മനസിലായില്ല. അവ ചാടി മാറാന്‍ ശ്രമിച്ചു. ഒരു കരടിയെ ഓടിച്ച ശേഷം മറ്റേക്കരടിയുടെ നേരെ നായ തിരിഞ്ഞു. സിസിടിവിയ്ക്ക് കാഴ്ചപരിധിയുള്ള പ്രദേശത്ത് കൂടിയെല്ലാം നായ, കരടിയെ ഓടിച്ചു. ഒടുവില്‍ ഗേറ്റ് ചാടി മറിഞ്ഞാണ് കരടി തന്‍റെ ജീവന്‍ രക്ഷിക്കുന്നത്. ഇതിനിടെ കൂടെയുണ്ടായിരുന്ന കരടി ഏതോ വഴിക്ക് ഓടിപ്പോയിക്കഴിഞ്ഞിരുന്നു. എക്സില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം കുറിക്കാനെത്തിയത്. “അതാണ് നിങ്ങൾക്ക് വീട്ടിൽ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന രക്ഷാധികാരി,” എന്നായിരുന്നു ഒരാളുടെ കമന്‍റ്. ‘പോരാട്ടത്തില്‍ നായയുടെ വലിപ്പമല്ല പ്രധാനം. മറിച്ച്, നായുടെ പോരാട്ടത്തിന്‍റെ വലിപ്പമാണ് പ്രധാനം’ എന്ന് മറ്റൊരു ഉപയോക്താവ് എഴുതി.

Advertisement