ഇന്ത്യന്‍ സന്ദർശനം; ജിൽ ബൈഡന് കൊവിഡ്

വാഷിംഗ്ടൺ: ഇന്ത്യന്‍ സന്ദർശനത്തിന് തൊട്ടുമുന്‍പ് അമെരിക്കന്‍ പ്രഥമവനിത ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജിൽ ബൈഡന്‍ റെഹോഹോത്ത് ബീച്ചിലുള്ള അവരുടെ വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ്.

അതേസമയം, പ്രസിഡന്‍റ് ജോ ബൈഡന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്നും വൈറ്റ് ഹൗസ് അധികൃതർ വ്യക്തമാക്കി. 72 കാരിയായ ജിൽ ബൈഡന് കഴിഞ്ഞ വർഷം ആഗസ്റ്റിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 2022 ജൂലൈ മാസത്തിൽ ജോ ബൈഡനും കൊവിഡ് പോസിറ്റീവായിരുന്നു. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്ക് ജോ ബൈഡന്‍ എത്താനിരിക്കെയാണ് ഇപ്പോൾ ഭാര്യ ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

സെപ്റ്റംബർ 7നാണ് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ഇന്ത്യയിലെത്തുക. സെപ്റ്റംബർ 9,10 തീയതികളിലായി ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം എത്തുന്നത്. ഇതിനുമുന്നോടിയായി സെപ്റ്റംബർ 8ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള നയതന്ത്ര ചർച്ചയിലും ബൈഡന്‍ പങ്കെടുക്കും.

Advertisement