ഇസ്രയേലിന് ബോംബുകളും യുദ്ധവിമാനങ്ങളും നൽകാൻ അമേരിക്കൻ കരാർ

അമേരിക്ക:
സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾക്കിടയിലും കൂടുതൽ ബോംബുകളും യുദ്ധവിമാനങ്ങളും ഇസ്രായേലിന് കൈമാറാൻ ജോ ബൈഡൻ ഭരണകൂടം അനുമതി നൽകി. റഫയിൽ ഇസ്രായേൽ സൈന്യം നടത്തിയ സൈനിക ആക്രമണത്തെക്കുറിച്ച് യുഎസ് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അനുമതി.
പുതിയ ആയുധ പാക്കേജുകളിൽ 1,800 എം കെ84 2,000-പൗണ്ട് ബോംബുകളും 500 എം കെ82 500-പൗണ്ട് ബോംബുകളും 25 എഫ്-35 ഉം ഉൾപ്പെടുന്നു, അവ 2008-ൽ യുഎസ് കോൺഗ്രസ് ഒരു വലിയ പാക്കേജിൻ്റെ ഭാഗമായി ആദ്യം അംഗീകരിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ ആയുധ കൈമാറ്റത്തോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. വാഷിംഗ്ടണിലെ ഇസ്രായേൽ എംബസിയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയായി ഗാസ മുനമ്പിൽ നടത്തിയ മാരകമായ ആക്രമണത്തിൻ്റെ പേരിൽ ഇസ്രായേൽ അന്താരാഷ്ട്ര വിമർശനം നേരിടുന്ന പശ്ചാത്തലത്തിലാണ് പാക്കേജ്.

പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഗാസയിൽ ഇതുവരെ 32,000-ത്തിലധികം ആളുകൾ മരിച്ചു. ഗാസയിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് മാർച്ച് 25 ന് യുഎസ് വിട്ടുനിന്നതിന് ശേഷമാണ് അനുമതി നൽകിയത്.
പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഡെമോക്രാറ്റിക് പാർട്ടിയിലെ ചില അംഗങ്ങൾ ഇസ്രായേലിനുള്ള യുഎസ് സൈനിക സഹായം വെട്ടിക്കുറയ്ക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.

Advertisement