68ാം വയസിൽ മൂന്നാം വിവാഹം ചെയ്ത് ഹരീഷ് സാൽവെ, അതിഥികളായി നിത അംബാനിയും ലളിത് മോഡിയുമടക്കമുള്ള സുഹൃത്തുക്കൾ

ലണ്ടൻ: ഇന്ത്യയിലെ അറിയപ്പെടുന്ന അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായിരുന്ന ഹരീഷ് സാൽവെ വീണ്ടും വിവാഹിതനായി. ഞായറാഴ്ച ലണ്ടനിൽ വച്ചായിരുന്നു ഹരീഷ് സാൽവെയുടെ മൂന്നാം വിവാഹം. അടുത്ത സുഹൃത്തുക്കൾ പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ട്രിനയാണ് വധു. നിത അംബാനി, ലളിത് മോഡി, ഉജ്ജ്വല റൌത്ത് അടക്കമുള്ള പ്രമുഖരാണ് ലണ്ടനിൽ വച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തത്.

2020ലാണ് മീനാക്ഷി സാൽവെയുമായി ഹരീഷ് സാൽവെ വിവാഹ മോചനം നേടിയത്. 38 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷമായിരുന്നു ഇത്. ഈ ബന്ധത്തിൽ സാക്ഷി, സാനിയ എന്നീ രണ്ട് പെൺമക്കളാണ് ഹരീഷ് സാൽവെയ്ക്കുള്ളത്. കുൽഭൂഷൻ ജാദവ് കേസ് അടക്കം രാജ്യത്തെ നിരവധി സുപ്രധാന കേസുകളിൽ സുപ്രീം കോടതിയിൽ ഹാജരായിട്ടുള്ള അഭിഭാഷകൻ കൂടിയാണ് 68കാരനാണ് ഹരീഷ് സാൽവെ. സൽമാൻ ഖാനെതിരായ അലക്ഷ്യമായി വാഹനം ഓടിച്ച കേസും കൈകാര്യം ചെയ്തത് ഹരീഷ് സാൽവെ ആയിരുന്നു.

1999 നവംബർ മുതൽ 2002 നവംബർ വരെ രാജ്യത്തിന്റെ സോളിസിറ്റർ ജനറലായിരുന്നു ഹരീഷ് സാൽവെ. ജനുവരിയിൽ ഇംഗ്ലണ്ടിലെ ക്വീൻസ് കൌൺസെൽ ഫോർ ദി കോർട്ട്സ് ഓഫ് വെയിൽസിലും ഹരീഷ് സാൽവെ നിയമിതനായിരുന്നു. നാഗ്പൂർ സർവ്വകലാശാലയിൽ നിന്ന് എൽഎൽബി ബിരുദമെടുത്ത ഹരീഷ് സാൽവെ സോളിസിറ്റർ ജനറൽ ആകുന്നതിന് മുൻപ് ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്നു. മീനാക്ഷി സാൽവെയും കരോലിന ബ്രൌസാദുമാണ് ഹരീഷ് സാൽവെയുടെ മുൻ ഭാര്യമാർ. 2020ലാണ് ലണ്ടൻ കേന്ദ്രമായി പ്രവർക്കുന്ന കലാകാരി കരോലിനെ ഹരീഷ് സാൽവെ വിവാഹം ചെയ്തത്.

Advertisement