പിഞ്ചുകുഞ്ഞുങ്ങൾ ഡേ കെയറിൽ നേരിടുന്ന ക്രൂര പീഡനങ്ങൾ, വീഡിയോ പങ്കുവച്ച് പിതാവ്!

ഏറ്റവും ക്ഷമയോടെ ചെയ്യേണ്ട ചില ജോലികളുണ്ട്. അതിൽ ഏറ്റവും മുൻപന്തിയിലുള്ളതാണ് ഡേ കെയറിൽ ആയ ആയി ജോലി ചെയ്യുക എന്നത്. ഏറെ വാശിയോടെ കളിക്കുന്ന കാലത്ത് അവരെ പരിചരിക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. എന്നാൽ ഏറെ സ്നേഹത്തോടെ പെരുമാറേണ്ട ആയമാരും ജീവനക്കാരും വളരെ ക്രൂരമായി കുട്ടികളെ ഉപദ്രിവിച്ച സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യതിട്ടുണ്ട്. ഇപ്പോഴിതാ അത്തരമൊരു ക്രൂരതയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മലേഷ്യയിൽ നിന്നുള്ള ഒരു പിതാവ്.

തന്റെ പിഞ്ചു കൂഞ്ഞ് നേരിട്ട പീഡനങ്ങളുടെ ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാം പേജിലൂടെ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഡേ കെയറിലെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്ന വീഡിയോകൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മലേഷ്യയിലെ രാസ്ക നൂർ റെയ്ഹാൻ ഡെ കെയർ സെന്ററിലെ സംഭവമാണ് പിതാവ് ഒരു കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്.

എന്റെ കുഞ്ഞിനെ ഉപദ്രവിക്കുന്ന വീഡിയോ കാണുക. ഇത്തരത്തിൽ മറ്റ് കുട്ടികളെയും ഇവർ ഉപദ്രവിച്ചിട്ടുണ്ട്. വീഡിയോ പുറത്തുവന്നിട്ടും നടത്തിപ്പുകാർ മാപ്പ് പറയാനോ നടപടിയെടുക്കാനോ തയ്യാറായിട്ടില്ല. ഈ വീഡിയോ വൈറലാക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ, ധനികരായതുകൊണ്ടും, നിങ്ങൾക്ക് അഭിഭാഷകരെ പണം നൽകി വയ്ക്കാമെന്നതുകൊണ്ടും ആണ് നിങ്ങൾ ഇക്കാര്യത്തിൽ ഖേദം പ്രകടിപ്പിക്കാത്തത്. നിങ്ങളെ അവർ രക്ഷിക്കുമല്ലോ എന്ന് അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചു.

കുട്ടികളെ ക്രൂരമായി കൈകാര്യം ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. ഡേ കേയറിലെ ആയ കുട്ടിയെ തലയണകൊണ്ട് അടിക്കുന്നതും. കഴുത്തിന് പിന്നിൽ പിടിച്ച് തള്ളുന്നതും. കാലിനും കൈക്കും ഇടയിൽ മുറുക്കുന്നതും അടക്കം ദൃശ്യങ്ങളിലുണ്ട്. എന്നാൽ ഈ കേസിൽ കുറ്റവാളികൾ അറസ്റ്റിലായെങ്കിലും അവരിപ്പോൾ സ്വതന്ത്രരാണെന്നും രക്ഷിതാക്കളെ കുറ്റവാളികളെ പോലെ പരിഗണിക്കുന്നു എന്നും പിതാവ് ആരോപിക്കുന്നു. വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും അടുത്ത കേസ് പരിഗണിക്കുന്ന ഒക്ടോബർ നാല് വരെ കാത്തിരിക്കുന്നതായും അദ്ദേഹം കുറിക്കുന്നു.

Advertisement