‘ലൂണ 25 തകർന്നു വീണ് ചന്ദ്രനിൽ ഗർത്തം രൂപപ്പെട്ടു’; ചിത്രങ്ങൾ പുറത്തുവിട്ട് നാസ

മോസ്‌കോ: റഷ്യയുടെ ചാന്ദ്രപര്യവേക്ഷക ലാൻഡർ ദൗത്യം ‘ലൂണ 25’ തകർന്നുവീണ് ചന്ദ്രനിൽ ഗർത്തം രൂപപ്പെട്ടതായി യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുമെന്നു കരുതിയ ‘ലൂണ 25’ കഴിഞ്ഞ മാസം 19നാണ് നിയന്ത്രണമറ്റ് തകർന്നു വീണത്. ഇതിന്റെ ആഘാതത്തിൽ ചന്ദ്രനിൽ 10 മീറ്റർ വ്യാസമുള്ള ഗർത്തം രൂപപ്പെട്ടെന്നാണ് നാസയുടെ കണ്ടെത്തൽ. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു.

യുഎസ് നാഷനൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്റെ ലൂണാർ റിക്കണൈസൻസ് ഓർബിറ്റർ (എൽആർഒ) പേടകമാണ് ചന്ദ്രന്റെ ഉപരിതലത്തിലെ പുതിയ ഗർത്തത്തിന്റെ ചിത്രം പകർത്തിയത്. ലൂണ 25 തകർന്നുവീണ സ്ഥലത്താണ് ഈ ഗർത്തമെന്നതിനാൽ ദൗത്യത്തിന്റെ ആഘാതത്തെ തുടർന്നാണെന്ന നിഗമനത്തിൽ നാസ എത്തുകയായിരുന്നു.

‘‘പുതിയ ഗർത്തത്തിന് ഏകദേശം 10 മീറ്റർ വ്യാസമുണ്ട്. ഇത് ലൂണ 25 ഇറങ്ങുമെന്ന് കരുതിയ സ്ഥലത്തിന് അടുത്തായതിനാൽ, സ്വഭാവികമായി ഉണ്ടായതിനേക്കാൾ ദൗത്യത്തിൽ നിന്നുള്ളതാകാനാണ് സാധ്യതയെന്നാണ് എൽആർഒ ടീമിന്റെ നിഗമനം’’– നാസ വ്യക്തമാക്കി.

ലൂണ 25 ദൗത്യം പരാജയപ്പെട്ടതിനു പിന്നിലെ കാരണങ്ങൾ അന്വേഷിക്കാൻ ഒരു പ്രത്യേക ഇന്റർ ഡിപ്പാർട്ട്‌മെന്റൽ കമ്മിഷൻ രൂപീകരിച്ചതായി റഷ്യ അറിയിച്ചിരുന്നു. 47 വർഷത്തിനുശേഷം റഷ്യ വിട്ട ചാന്ദ്രദൗത്യമാണു പരാജയപ്പെട്ടത്. താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഇറങ്ങുന്നതിനിടെ ദൗത്യത്തിന്റെ നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങുകയായിരുന്നു. ചന്ദ്രയാൻ 3നു മുൻപ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുമെന്നു കരുതിയ, ഒരുവർഷം കാലാവധിയുള്ള ദൗത്യത്തിന്റെ ലക്ഷ്യം ചന്ദ്രമണ്ണിന്റെ സാംപിൾ, ജലസാന്നിധ്യം എന്നിവയുടെ വിലയിരുത്തലായിരുന്നു.

Advertisement