പക്ഷികളുമായി ഒരു ‘ചുറ്റിക്കളി’, കറങ്ങി വീണപ്പോൾ, ഓടി അമ്മയ്ക്കടുത്തേക്ക്; വൈറലായി ആനക്കുട്ടിയുടെ കളി !

മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിൻറെ കാലമാണെങ്കിലും പലപ്പോഴും നമ്മുടെ മനസിനെ കുളിർപ്പിക്കാൻ മൃഗങ്ങളുടെ ചില കളികൾക്ക് കഴിയാറുണ്ട്. പ്രത്യേകിച്ചും കുട്ടികളാണെങ്കിൽ നമ്മൾ അവയുടെ കളികൾ കണ്ട് സമയം പോകുന്നത് അറിയില്ല.

അത്തരത്തിലൊരു വീഡിയോ കഴിഞ്ഞ ദിവസം നെറ്റിസൺസിനിടെ വൈറലായി. മനോഹരമായ ഒരു കുന്നിൻ ചെരുവിലെ പുൽമൈതാനത്ത് ഒരു മാനിൻറെ പിന്നിലൂടെ ഓടുന്ന ആനക്കുട്ടിയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടെന്ന്, ആനക്കുട്ടി അല്പം മുകളിലായി ചിക്കിപ്പെറുക്കി നടക്കുന്ന കുറച്ച് പക്ഷികളെ കാണുന്നു. കൗതുകം തോന്നിയ അവൻ മാനിനെ വിട്ട് അവയ്ക്ക് പിന്നാലെ ഓടുന്നു. ആനക്കുട്ടിയെ കണ്ടതും പക്ഷികൾ നാല് പാടും ചിതറി. ഇതിനിടെ ചിലത് വട്ടത്തിൽ ഓടാൻ തുടങ്ങി. ആനക്കുട്ടി അവയെ പിന്തുടർന്നു. പക്ഷേ രണ്ട് വട്ടം കറങ്ങിയതോടെ അവൻ കാല് തെറ്റി താഴെ വീണു. ഇത്രയും നേരം മകൻറെ കുസൃതികൾ ആസ്വദിച്ച് നിന്നിരുന്ന അമ്മയാന കുഞ്ഞ് താഴെ വീണത് കണ്ടയുടനെ അവന് അടുത്തേക്ക് ഓടാനായി ആഞ്ഞു. പക്ഷേ അതിന് മുമ്പ് തന്നെ വീണിടത്ത് നിന്നും പിടഞ്ഞെണീറ്റ കുട്ടിയാന ഓടി അമ്മയ്ക്കടുത്ത് എത്തുന്നതോടെ വീഡിയോ അവസാനിക്കുന്നു.

നെതർലാൻറ്സ് സ്വദേശിയെന്ന് സ്വയം വിശേഷിപ്പിച്ച Buitengebieden എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചത്. പെറ്റ് കലക്ടീവ് എന്ന ട്വിറ്റർ അക്കൗണ്ട്, ‘പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ കാര്യം ഞങ്ങൾ കണ്ടെത്തി! ‘ എന്ന് കുറിച്ചു കൊണ്ട് ജൂലൈ 6 ന് പങ്കുവച്ച വീഡിയോയായിരുന്നു അത്. അന്ന് പതിനാലായിരം പേർ വീഡിയോ കണ്ടിരുന്നു. അതേ വീഡിയോ Buitengebieden ജൂലൈ 8 -ാം തിയതി. ‘ആനക്കുട്ടി പക്ഷികളെ പിന്തുടരുന്നു ‘ എന്ന് കുറിച്ച് കൊണ്ട് വീണ്ടും പങ്കുവച്ചപ്പോൾ കാഴ്ചക്കാരുടെ ഒരു വലിയ നിരതന്നെയുണ്ടായിരുന്നു. വീഡിയോ ഇതുവരെ കണ്ടത് ഒരു കോടി എഴുപത്തിയെട്ട് ലക്ഷത്തിലേറെ പേർ. നിരവധി പേർ വീഡിയോ കണ്ടപ്പോഴുള്ള തങ്ങളുടെ സന്തോഷം പങ്കുവയ്ക്കാനായെത്തി. “അയ്യോ അത് വളരെ ശുദ്ധവും നിരപരാധിയുമാണ്. ഒരു നാണക്കേടുണ്ടായപ്പോൾ ലിൽ ബേബി അമ്മയുടെ അടുത്തേക്ക് ഓടി.” നിരവധി പേർ മനോഹരമായ വീഡിയോ എന്ന് കുറിച്ചു. “ഞാൻ ആ ജീവികളെ വളരെയധികം സ്നേഹിക്കുന്നു.” എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്.

Advertisement