‘ഇങ്ങനെ പോയാൽ അമേരിക്കയെ മറികടന്ന് ഇന്ത്യ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും’; പ്രവചനവുമായി ​ഗോൾഡ്മാൻസ് സാക്സ്

ന്യൂഡല‍്ഹി: 2075ഓടെ ഇന്ത്യ അമേരിക്കയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് ആ​ഗോള ഫിനാൻഷ്യൽ സർവീസ് കമ്പനിയായ ​ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം. 1.4 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയുടെ ജിഡിപി വികസിക്കുമെന്നും 2075 ഓടെ രാജ്യം ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നുമാണ് ഗോൾഡ്മാൻ സാച്സിന്റെ കണ്ടെത്തൽ.

2075ഓടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 52.5 ട്രില്യൺ ഡോളറായി ഉയരുകയും അമേരിക്കയെ പിന്തള്ളി ചൈനക്ക് പിന്നിൽ രണ്ടാമതാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആ​ഗോളതലത്തിൽ തൊഴിൽ രം​ഗത്തെ പങ്കാളിത്തം വർധിപ്പിക്കുകയും നൈപുണ്യവികസനത്തിൽ വൈദ​ഗ്ധ്യം നേടുകയുമാണ് വർധിച്ചുവരുന്ന ജനസംഖ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ചെയ്യേണ്ടതെന്ന് ഗോൾഡ്മാൻ സാച്ച്‌സ് റിസർച്ചിന്റെ ഇന്ത്യൻ സാമ്പത്തിക വിദഗ്ധൻ സന്തനു സെൻഗുപ്ത പറഞ്ഞു.

അടുത്ത രണ്ട് ദശാബ്ദങ്ങളിൽ ഇന്ത്യയുടെ ആശ്രിതത്വ അനുപാതം മറ്റുള്ള സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് ഏറ്റവും താഴ്ന്ന നിരക്കിലായിരിക്കും. ഉൽപ്പാദന ശേഷി വർധിപ്പിക്കുക, സേവന രം​ഗത്തെ വളർച്ച തുടരുക, അടിസ്ഥാന വികസന രം​ഗത്തെ വളർച്ച തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യക്ക് മുന്നിൽ കൃത്യമായ വാതിലുകളാണ് തുറന്നിരിക്കുന്നതെന്നും സെൻഗുപ്ത വ്യക്തമാക്കി.

ഇന്ത്യയിലെ ജനസംഖ്യാ വളർച്ചയുടെ അനുപാതം മികച്ചതാണ്. സാങ്കേതികവിദ്യയിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പുരോ​ഗതി കൈവരിച്ചു. ജനസംഖ്യാ വളർച്ച മാത്രം ജിഡിപിയുടെ വികസനത്തിന് കാരണമാകില്ല. നവീകരണവും തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കലും പ്രധാനമാണ്. മൂലധന നിക്ഷേപം മുന്നോട്ടുള്ള വളർച്ചയുടെ ഒരു പ്രധാന പ്രേരകമാണെന്നും ആനുപാതികമായ ജനസംഖ്യാ വളർച്ച ഭാവിയിൽ ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജനസംഖ്യാ കണക്കിൽ ജോലി ചെയ്യാൻ സാധിക്കുന്ന പ്രായമുള്ളവരുടെ വളർച്ചയാണ് ഇന്ത്യക്ക് ഏറ്റവും അനുകൂലമായ ഘടകം.

ഇന്ത്യയിലെ സ്വകാര്യ കോർപ്പറേറ്റുകളുടെയും ബാങ്കുകളുടെയും ബാലൻസ് ഷീറ്റുകൾ പരിശോധിക്കുമ്പോൾ സ്വകാര്യ മേഖലയിൽ വലിയ മൂലധന ചെലവുകൾക്ക് അനുയോജ്യമായ സാഹചര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ വലിയ ജനസംഖ്യ അവസരമാണ്. എന്നിരുന്നാലും തൊഴിൽ മേഖലയിലെ പങ്കാളിത്ത നിരക്ക് വർധിപ്പിച്ചുകൊണ്ട് ജനസംഖ്യയെ ഉൽപ്പാദനപരമായി ഉപയോഗിക്കുന്നത് വെല്ലുവിളിയാണെന്നും പറയുന്നു. ഇന്ത്യയിൽ ജനസംഖ്യാപരമായ മാറ്റം ഏഷ്യയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ദീർഘകാലാടിസ്ഥാനത്തിൽ അനുകൂലമായി സംഭവിക്കുന്നു.

ഇന്ത്യയിൽ മരണനിരക്കിലും ജനനനിരക്കിലും ക്രമാനുഗതമായ കുറവുണ്ടായതാണ് ഇതിന് കാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. അതേസമയം, തൊഴിൽ പങ്കാളിത്തം വർധിപ്പിച്ചില്ലെങ്കിൽ ഇന്ത്യയുടെ വലിയ അവസരം നഷ്ടമാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 15 വർഷമായി ഇന്ത്യയിലെ തൊഴിൽ പങ്കാളിത്ത നിരക്ക് കുറഞ്ഞെന്നും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് ഉയർത്തുന്നതിലൂടെ വലിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി

Advertisement