ലൈവ് റിപ്പോർട്ടിങ്ങിനിടെ തളർന്നു വീണ് മാധ്യമ പ്രവർത്തക

ലൈവ് റിപ്പോർട്ടിങ്ങിനിടെ അപ്രതീക്ഷിതമായി പലകാര്യങ്ങളും സംഭവിക്കാറുണ്ട്. ഇപ്പോൾ ലൈവ് റിപ്പോർട്ടിങ്ങിനെ ഒരു മാധ്യമപ്രവർത്തകയ്ക്ക് അടിയന്തര വൈദ്യ സഹായം വേണ്ടി വന്നതിന്റെ വിഡിയോയാണു സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. കനേഡിയൻ വാർത്താമാധ്യമമായ സിടിവിയുടെ റിപ്പോർട്ടർ ജെസ്സിക്ക റോബ് എന്ന യുവതിക്കാണ് റിപ്പോർട്ടിങ്ങിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തര വൈദ്യസഹായം ആവശ്യമായത്.

‘എനിക്ക് അസ്വസ്ഥത തോന്നുന്നുണ്ട്. ഞാൻ നിർത്തുകയാണ്.’– എന്ന് ജെസ്സിക്ക വിഡിയോയിൽ പറയുന്നുണ്ട്. വിഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിഡിയോയിൽ ജസ്സീക്ക വാക്കുകൾക്കായി ബുദ്ധിമുട്ടുന്നതും കാണാം. ഇടയ്ക്ക് ജസ്സീക്കയുടെ ബാലൻസ് നഷ്ടമാകുന്നതും കാണാം. ഉടൻ തന്നെ വാർത്താ അവതാരക ഇടപെടുന്നുണ്ട്. ‘നിങ്ങൾ ഓകെയായതിനു ശേഷം നമുക്കു തിരിച്ചു വരാം.’– എന്നുപറഞ്ഞാണ് വാർത്ത അവതാരക ഇടപെടുന്നത്.

റിപ്പോർട്ടറുടെ ആരോഗ്യത്തെ കുറിച്ച് നിരവധി പേർ ട്വിറ്ററിൽ കമന്റുകളിലൂടെ ചോദിച്ചു. ഷുഗർ കുഞ്ഞതാകാം ഈ അവസ്ഥയ്ക്കു കാരണമെന്നായിരുന്നു ഒരാളുടെ കമന്റ്. ‘എന്താണു സംഭവിച്ചതെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. അവൾക്കു പെട്ടെന്ന് സുഖമാകട്ടെ.’– എന്നും കമന്റ് എത്തി. ‘ഇത്രയും കഷ്ടപ്പെട്ട് അവർക്കു ജോലി ചെയ്യേണ്ടി വന്നതിൽ വിഷമം തോന്നുന്നു.’– എന്നായിരുന്നു മറ്റൊരു കമന്റ്. അതേസമയം ജെസ്സിക്കയുടെ ആരോഗ്യം മെച്ചപ്പെട്ടു വരികയാണെന്നും അവർ വിശ്രമത്തിലാണെന്നും സിടിവി ട്വീറ്റ് ചെയ്തു.

Advertisement