നഴ്സുമാരുടെ സമരം അമേരിക്കയിലും ലും; ന്യൂയോർ‌ക്കിൽ 7100 നഴ്സുമാർ പണിമുടക്കുന്നു

ന്യൂയോർക്ക് സിറ്റി: വേതന വർധന ആവശ്യപ്പെട്ട് യുകെയിൽ നഴ്സുമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമ്പോൾ, സമരം യുഎസിലേക്കും വ്യാപിക്കുന്നു. ന്യൂയോർക്കിലെ ഏറ്റവും വലിയ രണ്ട് ആശുപത്രികളിലെ 7100 നഴ്സുമാരാണ് സമരം ചെയ്യുന്നത്. മോണ്ടെഫിയോർ മെഡിക്കൽ സെന്ററിലെ 3500 നഴ്സുമാരും മൗണ്ട് സിനായ് ആശുപത്രിയിലെ 3600 നഴ്സുമാരും ഇന്നലെ പണിമുടക്ക് ആരംഭിച്ചു.

ആവശ്യത്തിനു നഴ്സുമാർ ഇല്ലാത്തത് ജോലിഭാരം വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനങ്ങളും വേതനവർധനയും ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങേണ്ടി വന്നതെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് നഴ്സസ് അസോസിയേഷൻ അറിയിച്ചു. നഴ്സസ് യൂണിയനുമായുള്ള കരാർ പുതുക്കാത്ത സാഹചര്യത്തിലാണ് ഈ രണ്ട് ആശുപത്രികളിൽ പണിമുടക്ക് ആരംഭിച്ചത്. മറ്റ് ആശുപത്രികൾ വേതനവർധന ഉറപ്പാക്കിക്കൊണ്ട് യൂണിയനുമായി പുതിയ കരാർ ഉണ്ടാക്കിയതിനാൽ സമരം വ്യാപിക്കാനിടയില്ല.

അതേസമയം, യുകെയിൽ നഴ്സുമാരുടെ സമരം അവസാനിപ്പിക്കുന്നതിനായി യൂണിയൻ പ്രതിനിധികളുമായി സർക്കാർ കൂടിക്കാഴ്ച നടത്തുന്നുണ്ട്. പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് വേതനവർധന ആവശ്യപ്പെട്ട് നഴ്സുമാരും ആംബുലൻസ് ജീവനക്കാരും സമരം ചെയ്യുന്നത്. നഴ്സുമാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തയാറാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞിരുന്നു. എന്നാൽ, പണപ്പെരുപ്പത്തിന്റെ പേരിലുള്ള വേതന വർധന വീണ്ടും പണപ്പെരുപ്പത്തിലേക്കു നയിക്കുമെന്നാണ് സർക്കാരിന്റെ നിലപാട്. സമരത്തിന്റെ ഭാഗമായി ഡിസംബറിൽ രണ്ട് ദിവസം പണിമുടക്കിയ നഴ്സുമാർ 18നും 19നും വീണ്ടും പണിമുടക്കുന്നുണ്ട്. അതിനു മുൻപ് ഒത്തുതീർപ്പിലെത്താനുള്ള ശ്രമത്തിലാണ് സർക്കാർ.

Advertisement