വരുന്നത് ഇതിനേക്കാൾ മോശം വർഷം: നോസ്ട്രഡാമസിൻറെ പ്രവചനം ഇങ്ങനെ

കോവിഡ് മഹാമാരി മൂലമുള്ള കെടുതികളും റഷ്യ-യുക്രൈയ്ൻ യുദ്ധവുമെല്ലാമായി അത്ര ശുഭകരമായിരുന്നില്ല ലോകത്തിന് 2022. എന്നാൽ ഇതിനെക്കാൾ മോശമാകാം വരും വർഷമെന്ന് ഫ്രഞ്ച് ജ്യോതിഷനും തത്വചിന്തകനുമായിരുന്ന നോസ്ട്രഡാമസിൻറെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് നോസ്ട്രഡാമസ് എഴുതി വച്ച പ്രവചനങ്ങൾ പ്രകാരം 2023ൽ ലോകത്തെ കാത്തിരിക്കുന്നത് മൂന്നാം ലോകമഹായുദ്ധവും ഭൂമിയെ തന്നെ നശിപ്പിക്കാവുന്ന വലിയ തീപിടിത്തവും സാമ്പത്തിക തകർച്ചയുമെല്ലാമാണ്.

റഷ്യ-യുക്രൈയ്ൻ യുദ്ധം മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയ്ക്കിടെയാണ് നോസ്ട്രഡാമസിൻറെ പ്രവചനങ്ങളും ചർച്ചയാകുന്നത്. 1555ൽ പുറത്തിറക്കിയ ‘ലെ പ്രൊഫറ്റീസ്’ എന്ന പുസ്തകത്തിലാണ് ലോകത്ത് സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള ആയിരക്കണക്കിന് പ്രവചനങ്ങൾ നോസ്ട്രഡാമസ് നടത്തിയത്. ഹിറ്റ്ലറുടെ ഏകാധിപത്യവും ലണ്ടനിലെ വലിയ തീപിടിത്തവും ജോൺ എഫ് കെന്നഡിയുടെ വധവുമെല്ലാം ഈ പുസ്തകത്തിൽ പ്രവചിക്കപ്പെട്ടിരുന്നതായി വിശ്വസിക്കപ്പെടുന്നു.

ഏഴു മാസം നീണ്ടുനിൽക്കുന്ന മഹായുദ്ധത്തിൽ വൻ വിപത്തുണ്ടാക്കുമെന്നാണ് നോസ്ട്രഡാമസ് എഴുതി വച്ചിരിക്കുന്നത്. എന്നാൽ ഫ്രഞ്ച് നഗരങ്ങളായ എവ്റോ, റുവോൺ എന്നിവ സുരക്ഷിതമായിരിക്കുമെന്നും പ്രവചനം പറയുന്നു. ഭൗമ മണ്ഡലത്തിന് പുറത്തുള്ള അഗ്നി രാജകീയ മന്ദിരത്തിൽ എത്തുമെന്ന നോസ്ട്രഡാമസിൻറെ പ്രവചനം വലിയ തീ മൂലമുള്ള ലോകാവസാനത്തെ കുറിച്ചുള്ള സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നു. അമേരിക്കയും റഷ്യയുമെല്ലാം ഉൾപ്പെടുന്ന യുദ്ധം ഒരു ആണവയുദ്ധമായി മാറാമെന്ന് പ്രവചനങ്ങളെ വ്യാഖ്യാനിക്കുന്ന ജ്യോതിഷർ പറയുന്നു.

ചൊവ്വ ഗ്രഹത്തെ സംബന്ധിച്ചതാണ് നോസ്ട്രഡാമസിൻറെ ശ്രദ്ധേയമായ മറ്റൊരു പ്രവചനം. ചൊവ്വയിലെ വെളിച്ചം അണയുമെന്ന നോസ്ട്രഡാമസ് പ്രവചനം ഈ ഗ്രഹം തിരിഞ്ഞു കറങ്ങി തുടങ്ങുമെന്നതിൻറെ വിശദീകരണമാണെന്ന് ചിലർ പറയുമ്പോൾ അത് മനുഷ്യൻ ചൊവ്വയിൽ കാലു കുത്തുന്നതിനെ പറ്റിയാകാമെന്ന് ചിലർ വിശ്വസിക്കുന്നു. ട്വിറ്റർ, സ്പേസ് എക്സ് ഉടമ എലോൺ മസ്കിൻറെ ചൊവ്വ പദ്ധതികളുമായും ചിലർ ഇതിനെ ചേർത്ത് വായിക്കുന്നു. 2029ഓടെ മനുഷ്യർക്ക് ചൊവ്വയിൽ താമസം തുടങ്ങാൻ കഴിയുമെന്നാണ് മസ്ക് പറയുന്നത്.

കോവിഡും റഷ്യ-യുക്രൈയ്ൻ യുദ്ധവുമെല്ലാമായി ആഗോളതലത്തിൽ ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമായേക്കാമെന്നും ‘ലെ പ്രൊഫറ്റീസ്’ മുന്നറിയിപ്പ് നൽകുന്നു. സാമ്പത്തിക തകർച്ചയിലേക്കും ദാരിദ്രത്തിലേക്കും ലോകം എത്താമെന്ന് പ്രവചനം പറയുന്നു. യുകെ ഉൾപ്പെടെ പല രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കുന്നതിനിടെ ഈ പ്രവചനത്തെ ലോകം ഗൗരവത്തോടെയാണ് കാണുന്നത്.

ആഗോള താപനം, ഉയരുന്ന കടൽനിരപ്പ്, ആഭ്യന്തര കലാപം, യുദ്ധം എന്നിവയും നോസ്ട്രഡാമസിൻറെ പ്രവചനങ്ങളുടെ പട്ടികയിലുണ്ട്. പാവപ്പെട്ടവർ പണക്കാർക്കെതിരെ തിരിയുന്ന ആഭ്യന്തര കലാപത്തിൻറെ നാളുകൾ വിദൂരമല്ലെന്നും നോസ്ട്രഡാമസ് എഴുതിവയ്ക്കുന്നു.

Advertisement