പുടിന്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. യൂറോ വീക്ക്‌ലി ന്യൂസ് ആണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. എപ്പോഴാണ് പുടിനു നേരെ വധശ്രമമുണ്ടായത് എന്ന കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പുടിന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നും സംഭവത്തില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
സുരക്ഷ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുടിന്‍ തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങിയതായി മറ്റൊരു വാര്‍ത്ത മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ”ഔദ്യോഗിക വസതിയിലേക്കുള്ള യാത്രക്കിടെ, കുറച്ചകലെ വെച്ച് അകമ്പടി പോയ കാറിനെ ഒരു ആംബുലന്‍സ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. അകമ്പടി പോയ രണ്ടാമത്തെ കാറിനും മറ്റൊരു രീതിയില്‍ തടസ്സം നേരിട്ടു”-എന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.
പുട്ടിന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ മുന്‍പില്‍ ഇടതുഭാഗത്തെ ടയര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാഹനത്തിനു മുന്നില്‍നിന്ന് പുകപടലങ്ങള്‍ ഉയര്‍ന്നെങ്കിലും, വാഹനം അതിവേഗം സുരക്ഷിതമാക്കിയെന്നും പറയുന്നു. അപകടത്തില്‍ പുട്ടിന് പരുക്കേറ്റില്ലെന്നാണ് വിവരം. പുട്ടിന്‍ തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങുമ്പോഴാണ് ടയര്‍ പൊട്ടിത്തെറിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനു ശേഷം പുടിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും ജീവന്‍ അപകടത്തിലാണെന്നുമുള്ള നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. താന്‍ കുറഞ്ഞത് അഞ്ചുതവണയെങ്കിലും വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതായി 2017ല്‍ ഒരു പൊതുപരിപാടിക്കിടെ പുടിന്‍ വെളിപ്പെടുത്തിയിരുന്നു.

Advertisement