പെൻ കാമറ വെച്ച്‌ വിദ്യാർഥിനികളുടെ നഗ്നത പകർത്തിയ അധ്യാപകന് തടവുശിക്ഷ

കേംബ്രിഡ്ജ്: പെൻ കാമറ ഉപയോഗിച്ച്‌ ഹൈസ്‌കൂൾ വിദ്യാർത്ഥിനികളുടെയും സഹപ്രവർത്തകരുടെയും നഗ്നദൃശ്യങ്ങൾ പകർത്തിയ അധ്യാപകന് 12 മാസം തടവ് ശിക്ഷ.

31 കാരനായ ജെഫ്രി വിൽസണെയാണ് പീറ്റർബറോ ക്രൗൺ കോടതി ശിക്ഷിച്ചത്. ഒളികാമറയുള്ള പേന ഉപയോഗിച്ച്‌ വിദ്യാർഥികളുടെയും ജീവനക്കാരുടെയും സ്വകാര്യ ചിത്രങ്ങൾ പകർത്തിയ പ്രതി ഗുരുതര കുറ്റകൃത്യം നടത്തിയതായി കോടതി കണ്ടെത്തി.

വിസ്‌ബെക്കിലെ തോമസ് ക്ലാർക്‌സൺ അക്കാദമി, കേംബ്രിഡ്ജിലെ ഹിൽസ് റോഡ് സിക്‌സ്ത് ഫോം കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായിരിക്കെയാണ് വിൽസൺ ചിത്രങ്ങൾ പകർത്തിയത്​. വിൽസന്റെ വീട്ടിൽ നിന്ന് മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, യുഎസ്ബി സ്റ്റിക്കുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങൾ അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഇവയിൽനിന്ന് 2019 ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആറ് മാസ കാലയളവിൽ വിൽസൺ എടുത്ത 45 ചിത്രങ്ങളും മറ്റുതരത്തിൽ ശേഖരിച്ച 53,000ത്തോളം കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും കണ്ടെത്തി.

ഓഗസ്റ്റ് 30ന് പീറ്റർബറോ ക്രൗൺ കോടതിയിൽ ഹാജരായ വിൽസൺ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പകർത്തിയതായി കുറ്റസമ്മതം നടത്തി. ‘ഇത് ശരിക്കും അസ്വസ്ഥമാക്കുന്ന ഒരു കേസായിരുന്നു. അധ്യാപകൻ എന്ന വിശ്വാസത്തെ ചൂഷണം ചെയ്ത് സഹപ്രവർത്തകരെയും വിദ്യാർത്ഥികളെയും വിൽസൺദുരുപയോഗം ചെയ്തു. ഇരകളുടെ അറിവില്ലാതെയാണ് ഈ ചിത്രങ്ങൾ എടുത്തത്. അവരെ തിരിച്ചറിയുക അസാധ്യമാണ്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്‌കൂളുകളിലെ ജീവനക്കാർക്കും ഏറെ മാനസിക പ്രയാസം ഉണ്ടാക്കുന്നതാണ് വിൽസന്റെ പ്രവർത്തനങ്ങൾ’ -പൊലീസ് കമ്മീഷണർ കീത്ത് ഇവാൻസ് പറഞ്ഞു.

Advertisement