25.3 C
Kollam
Saturday 10th October, 2026 | 02:57:04 AM
Home News Breaking News ഉത്രാടപ്പാച്ചിലിൽ കേരളം; തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി

ഉത്രാടപ്പാച്ചിലിൽ കേരളം; തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി

തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കങ്ങളിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയും’ എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന തിരക്കിലാണ് ഉത്രാടദിനത്തിൽ നാട്. ഓണസദ്യയ്ക്കാവശ്യമായ വിഭവങ്ങളും വസ്ത്രങ്ങളും സമ്മാനങ്ങളുമെല്ലാം വാങ്ങാനുള്ള അവസാനവട്ട തിരക്കിനാണ് ഉത്രാടപ്പാച്ചിൽ എന്ന പേരുവന്നത്.
അത്തം നാളിൽ ആരംഭിച്ച പൂക്കളമൊരുക്കലിനും ഉത്രാടദിനത്തിൽ പൂർണത കൈവരിക്കും. വീടുകളിലും നാട്ടുവഴികളിലും ഒരുക്കുന്ന പൂക്കളങ്ങളിൽ ഏറ്റവും വലുതും മനോഹരവുമായ പൂക്കളം ഉത്രാടനാളിലാണ് ഒരുങ്ങുക.
ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിൽ ഒരുക്കുന്ന കാഴ്ചക്കുലകൾ ‘ഉത്രാടക്കാഴ്ച’ എന്നറിയപ്പെടുന്നു. സന്ധ്യയോടെ ഉത്രാടവിളക്ക് ഒരുക്കുന്നതും കേരളത്തിന്റെ ഓണാചാരങ്ങളിൽ പ്രധാനമാണ്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്ന വിശ്വാസത്തോടെയാണ് ഉത്രാടവിളക്ക് കൊളുത്തുന്നത്.
പൂർവികസ്മരണയുടെയും കുടുംബസംഗമത്തിന്റെയും ദിനം കൂടിയാണ് ഉത്രാടം. നിലവിളക്ക് കൊളുത്തി ഓണവിഭവങ്ങൾ തൂശനിലയിൽ വിളമ്പി പൂർവികരെ സ്മരിക്കുന്ന പതിവും പല വീടുകളിലും ഇന്നും തുടരുന്നു.
ഓണത്തിന്റെ സന്തോഷവും ഐശ്വര്യവും ഓരോ വീടുകളിലും നിറയട്ടെ.
ന്യൂസ് @ നെറ്റിന്റെ ഹൃദയം നിറഞ്ഞ ഉത്രാടദിനാശംസകൾ!