24.7 C
Kollam
Saturday 18th July, 2026 | 07:47:44 AM
Home News Breaking News ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിന് പിന്നാലെ അംഗത്വവും രാജിവെച്ചതായി നടി ശ്വേത മേനോന്‍

‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിന് പിന്നാലെ അംഗത്വവും രാജിവെച്ചതായി നടി ശ്വേത മേനോന്‍

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിന് പിന്നാലെ അംഗത്വവും രാജിവെച്ചതായി നടി ശ്വേത മേനോന്‍. കുറ്റാരോപിതര്‍ സംഘടന പിടിച്ചടക്കുന്നതായും അജണ്ടയുടെ ഭാഗമായി ചിലര്‍ നീക്കം നടത്തുന്നതായും ശ്വേത ആരോപിച്ചു. ശ്വേതയുടെ സഹഭാരവാഹികളും സ്ഥാനം രാജി?വെച്ചു. ആഗസ്റ്റ് 15നാണ് ?ശ്വേത പ്രസിഡന്റായുള്ള കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടത്.
‘ഞാനും എന്റെ കമ്മിറ്റിയും രാജിവെച്ചു. ഞാന്‍ വ്യക്തിപരമായി അമ്മയുടെ അംഗത്വവും രാജിവെച്ചു. കുറ്റാരോപിതരുടെ കൈകളിലേക്ക് ‘അമ്മ’ പോകാനുള്ള ശ്രമം നടത്തുന്നതായി, പണ്ട് തൊട്ട് സ്ത്രീകള്‍ പറഞ്ഞത് പോലെ ഇന്ന് എനിക്കും തോന്നി. നമ്മുടെ രജിസ്‌ട്രേഷന്‍ ഈ ഭാഗത്തായിരുന്നു. എന്നാല്‍, മിക്ക ആള്‍ക്കാരെയും വലിച്ചിട്ട് അങ്ങോട്ട് കൊണ്ടുപോയി അവിശ്വാസപ്രമേയത്തില്‍ ഒപ്പുവെപ്പിച്ചു. അജണ്ടവെച്ച് നമ്മളെ പുറത്താക്കാന്‍ നോക്കി. എനിക്ക് വ്യക്തിത്വമുണ്ട്, പറയാനുള്ള കാര്യം ഞാന്‍ തുറന്ന് പറയും.

നമ്മുടെ കമ്മിറ്റിയിലെ ട്രഷറര്‍ ഒളിവിലായിരുന്നു. മേയ് ഒന്നാം തീയതി അദ്ദേഹം പോയി. അന്ന് അമ്മ സ്റ്റാഫ് പുറത്താക്ക?പ്പെടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തപ്പോള്‍ ഒരു ഇ-മെയില്‍ പോലും നല്‍കാതെ ഓടിപ്പോയി എന്ന് തന്നെ പറയാം. അതിനാല്‍ കണക്കുകള്‍ തീര്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടായി. ഞങ്ങള്‍ ചുമതലയേറ്റ സെപ്റ്റംബര്‍ ഒന്നാം തീയതി തൊട്ടുള്ള എല്ലാ കണക്കും ക്ലിയറാണ്. എന്നാല്‍, തൊട്ടുമുമ്പുള്ള ബാബുരാജേട്ടന്‍ ചെയ്ത കമ്മിറ്റിയുടെ ഒരുപാട് കുഴപ്പങ്ങളുണ്ട്. ഇതുവരെ ഞാന്‍ ഒന്നും പുറത്ത് പറഞ്ഞിട്ടില്ല. ഇന്ന് ഞാന്‍ അംഗത്വം രാജിവെച്ചതിന്റെ ആശ്വാസം ഉണ്ട്. പാവയാകാതെ ഈ സംഘടനയെ ഓടിക്കാന്‍ പറ്റില്ല. ഞാന്‍ പാവയല്ല’ -ശ്വേത മാധ്യമങ്ങ?ളോട് പറഞ്ഞു.

സംഘടനയുടെ ട്രഷറര്‍ ഉണ്ണി ശിവപാല്‍ മാനസികമായി പീഡിപ്പിച്ചെന്നും ജോലിയില്‍നിന്ന് അകാരണമായി പുറത്താക്കി എന്നും കാണിച്ച് ‘അമ്മ’യുടെ ഫ്രണ്ട് ഓഫിസ് ജീവനക്കാരി അതുല്യ ഇക്കഴിഞ്ഞ മേയില്‍ സിറ്റി പൊലീസ് കമീഷണര്‍ക്കും ലേബര്‍ ഓഫിസര്‍ക്കുമടക്കം പരാതി നല്‍കിയിരുന്നു. അതിനുപിന്നാലെ, രണ്ട് അംഗങ്ങള്‍ മാത്രം ചേര്‍ന്ന് അതുല്യയെ പുറത്താക്കിയ തീരുമാനം തെറ്റാണെന്ന് ‘അമ്മ’ എക്സിക്യൂട്ടിവ് കമ്മിറ്റി നിലപാടെടുത്തു. ആരോപണവിധേയനായ ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി നല്‍കിയതായും അന്ന് ശ്വേത മേനോന്‍ പറഞ്ഞിരുന്നു

പ്രസിഡന്റ് ശ്വേത മോനോന്‍, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ എന്നിവരടങ്ങുന്ന 17 അംഗ ബോഡിയാണ് ഇന്ന് രാജി വെച്ചത്. രാജിയെ തുടര്‍ന്ന് ചുമതല അഡ്‌ഹോക് കമ്മിറ്റി ഏറ്റെടുക്കും. അധികാരമേറ്റ് ഒരു വര്‍ഷം പോലും തികയുന്നതിനു മുമ്പാണ് രാജി.

സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തത ഇല്ലെന്ന് കാട്ടി സിദ്ധീഖ്, ബാബു രാജ് തുടങ്ങിയ അംഗങ്ങള്‍ റിപ്പോര്‍ട്ട് പാസാക്കുന്നതിനെ എതിര്‍ത്തിരുന്നു. ജനറല്‍ ബോഡി യോഗത്തിന് 21 ദിവസം മുമ്പാണ് വാര്‍ഷിക റിപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് ലഭിക്കേണ്ടത്. എന്നാല്‍ പലര്‍ക്കും ഇന്നലെയോ ഇന്നോ മാത്രമാണ് റിപ്പോര്‍ട്ട് ലഭിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

സംഘടനയുടെ നേതൃ സ്ഥാനത്തേക്ക് ആദ്യമായി സ്ത്രീകള്‍ എത്തിയത് അഭിമാന നേട്ടമായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇതിനുശേഷം ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കല്ലുകടിയായി. അന്‍സിബ ഹസന്റെ രാജിയും ടിനിടോമുമായുള്ള പ്രശ്‌നങ്ങളും കൂടുതല്‍ വഷളായി. ഇവ പരിഹരിക്കുന്നതിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട് നില്‍ക്കുന്ന സാഹചര്യത്തിലാണ് നിലവിലെ കൂട്ടരാജി.