Home News Breaking News ഏപ്രില്‍ 29 വരെ എക്‌സിറ്റ് പോളുകള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന വിലക്ക്

ഏപ്രില്‍ 29 വരെ എക്‌സിറ്റ് പോളുകള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന വിലക്ക്

Advertisement

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എക്‌സിറ്റ് പോളുകള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന വിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ ഒമ്പത് മുതല്‍ 29 വരെയാണ് ഈ നിരോധനം നിലവിലുണ്ടാകുക.
ഒമ്പതിന് രാവിലെ 7 മണി മുതല്‍ 29ന് വൈകുന്നേരം 6:30 വരെ എക്‌സിറ്റ് പോളുകള്‍ നടത്താനോ അവയുടെ ഫലങ്ങള്‍ പത്രങ്ങളിലൂടെയോ ദൃശ്യമാധ്യമങ്ങളിലൂടെയോ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയോ പ്രസിദ്ധീകരിക്കാനോ പാടുള്ളതല്ലന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച അറിയിച്ചു.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ അഭിപ്രായ സര്‍വേകള്‍ ഉള്‍പ്പെടെയുള്ള ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങളും പാടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126 എ പ്രകാരമാണ് ഈ നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
വിജ്ഞാപനം ചെയ്ത ഷെഡ്യൂള്‍ പ്രകാരം കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ ഏപ്രില്‍ ഒമ്പതിനും തമിഴ്നാട്ടില്‍ ഏപ്രില്‍ 23 നും പോളിംഗ് നടക്കും. പശ്ചിമ ബംഗാളില്‍ ഏപ്രില്‍ 23നും ഏപ്രില്‍ 29നും രണ്ട് ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കും. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മെയ് 4-ന് നടക്കും. വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുമാണ് കമ്മീഷന്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

Advertisement