ഈഡന്‍ഗാര്‍ഡനില്‍ 49-ാം സെഞ്ച്വറിയുടെ വസന്തം വിരിയിച്ച് വിരാട്, ദക്ഷിണാഫ്രിക്കയ്ക്ക് 327വിജയലക്ഷ്യം

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്വര്‍ഗീയവേദിയായ ഈഡന്‍ഗാര്‍ഡനില്‍ വസന്തം വിരിയിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ സ്വന്തം പിറന്നാള്‍ ദിനത്തില്‍ തന്റെ 49ാം സെഞ്ച്വറി കുറിച്ചിരിക്കുകയാണ് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 സെഞ്ച്വറിയെന്ന നേട്ടത്തിന് ഒപ്പമെത്തിയിരിക്കുകയാണ് താരം. അതേസമയം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ 327 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയിരിക്കുകയാണ്.

ഏറ്റവും ഗംഭീരമായ ഇന്നിംഗ്സാണ് കോലി കാഴ്ച്ചവെച്ചിരിക്കുന്നത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചില്ല. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ കൂടുതല്‍ ജയിച്ച ചരിത്രമാണ് ഈഡന്‍ ഗാര്‍ഡന്‍സിലുള്ളത്. തകര്‍പ്പന്‍ ബാറ്റിംങോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. രോഹിത് ശര്‍മ(40)യായിരുന്നു തുടക്കമിട്ടത്. 24 പന്തില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്സറും അടിച്ച് രോഹിത് മടങ്ങുമ്പോള്‍ 5.5 ഓവറില്‍ 62 റണ്‍സ് എത്തിയിരുന്നു.

അധികം വൈകാതെ(23) ശുഭ്മാന്‍ ഗില്ലും മടങ്ങി. നാല് ബൗണ്ടറിയും ഒരു സിക്സറും താരം അടിച്ചിരുന്നു. ഗില്‍ മടങ്ങുമ്പോള്‍ ഇന്ത്യ നല്ല നിലയിലായിരുന്നു. പിന്നീടാണ് വിരാട് കോലിയും ശ്രേയസ് ഒത്തുച്ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. ശ്രേയസ് 87 പന്തില്‍ 77 റണ്‍സടിച്ചു. കോലിയും ശ്രേയസും പതിയെയാണ് തുടങ്ങിയത്. പിന്നീട് മത്സരത്തിന്റെ ഗതി മാറ്റുകയായിരുന്നു. അയ്യര്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്സറും അടിച്ചു.

തുടക്കത്തിലെ സ്‌കോറിംഗ് നോക്കുമ്പോള്‍ ഇന്ത്യ 400 റണ്‍സ് നേടുമെന്ന് കരുതിയിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ സ്പിന്നര്‍മാര്‍ നന്നായി പന്തെറിയുകയായിരുന്നു.സൂര്യകുമാര്‍ യാദവ്(14 പന്തില്‍ 22) സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. രവീന്ദ്ര ജഡേജയും മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്തു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ പത്തോവറില്‍ 30 റണ്‍സ് മാത്രം വഴി ഒരു വിക്കറ്റെടുത്ത കേശവ് മഹാരാജാണ് ഏറ്റവും തിളങ്ങിയത്. കഗിസോ റബാദ പത്തോവറില്‍ 48 റണ്‍സിന് ഒരു വിക്കറ്റെടുത്തു. മാര്‍ക്കോ യാന്‍സന്‍,ലുങ്കി എങ്കിഡി, തബ്രീസ് ഷംസി എന്നിവരെല്ലാം ഓരോ വിക്കറ്റെടുത്തു.

Advertisement