26.7 C
Kollam
Wednesday 17th June, 2026 | 08:43:56 AM
Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ | 2026 | ജൂണ്‍ 17, ബുധന്‍ | 1201 മിഥുനം...

പത്രം മലയാള ദിനപത്രങ്ങളിലൂടെ | 2026 | ജൂണ്‍ 17, ബുധന്‍ | 1201 മിഥുനം 3, പുണര്‍തം

Advertisement

വാർത്തകൾ തയ്യാറാക്കിയത്:രജനീഷ് മൈനാഗപ്പള്ളി.

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ആശങ്ക; എട്ട് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

പകര്‍ച്ചവ്യാധി ആശങ്കയില്‍ കേരളം. സംസ്ഥാനത്ത് ഇന്നലെ 8 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ ഈ വര്‍ഷം 155 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ നാലും ഒന്‍പതും വയസ്സുള്ള 2 വിദ്യാര്‍ത്ഥികള്‍ക്കും കോഴിക്കോട് വടകര കുറുമ്പയില്‍ 4 വയസുകാരിക്കും ഷിഗല്ല സ്ഥിരീകരിച്ചു. ഷിഗല്ലക്കൊപ്പം മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികളും ആശങ്ക ഏറ്റുന്നുണ്ട്. മലേറിയ കണ്ടെത്തിയ കോഴിക്കോട് ജാഗ്രത ശക്തമാക്കി. അതേസമയം, സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഹൈപ്പവര്‍ കമ്മിറ്റി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

അമേരിക്കയുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഇറാന്‍; അന്തിമ കരാര്‍ ചര്‍ച്ചകള്‍ ശനിയാഴ്ച

അമേരിക്കയുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഇറാന്‍. അതേസമയം ലബനനില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ അത് ധാരണയെ ബാധിക്കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കി. അമേരിക്ക നാവിക ഉപരോധം നീക്കിത്തുടങ്ങിയതോടെ ഇറാന്‍ തീരത്ത് വീണ്ടും കപ്പലുകളടുത്തു. ഇറാന്‍-അമേരിക്ക അന്തിമ കരാറിനായുള്ള ചര്‍ച്ചകള്‍ ശനിയാഴ്ച്ച തന്നെ തുടങ്ങും. ആണവായുധം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ വീണ്ടും യുദ്ധമെന്ന് ഡോണള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കി.

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നു; അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ വലിയ ഇടിവ്

അമേരിക്കയുമായുള്ള പുതിയ സമാധാന ധാരണയെത്തുടര്‍ന്ന് ഇറാന്റെ എണ്ണക്കപ്പലുകള്‍ സര്‍വീസ് പുനരാരംഭിച്ചു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള പ്രാരംഭ കരാറിലെത്തിയതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ വലിയ ഇടിവുണ്ടായി. പാകിസ്ഥാന്റെ മധ്യസ്ഥതയിലുള്ള ഈ കരാര്‍ വരും ദിവസങ്ങളില്‍ ഔദ്യോഗികമായി ഒപ്പുവെക്കും.

‘ഓപ്പറേഷന്‍ തൂഫാന്‍’ വന്‍ വിജയം; 15 ദിവസത്തിനുള്ളില്‍ 10 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടി

ഓപ്പറേഷന്‍ തൂഫാന്‍ ആരംഭിച്ച് 15 ദിവസം പിന്നിടുമ്പോള്‍ 10 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കള്‍ പിടികൂടിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 2575 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും 2778 പേരെ അറസ്റ്റ് ചെയ്തുവെന്നും 1.58 കിലോ ഗ്രാം എംഡിഎംഎ, 146.45 കിലോ ഗ്രാം കഞ്ചാവ് എന്നിവടയക്കം പിടികൂടിയലതിലുള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ പിന്തുണയോടെ ഓപ്പറേഷന്‍ തൂഫാന്‍ വിപുലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂളുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം; കൊച്ചിയിൽ 400 ‘തൂഫാൻ വാരിയേഴ്സ്’ ചുമതലയേൽക്കും

കൊച്ചി സിറ്റി പോലീസിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ ലീഡര്‍മാര്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരി ഉപയോഗം തടയുന്നതിനും കലാലയങ്ങളെ ലഹരി വിരുദ്ധമാക്കുന്നതിനും ലക്ഷ്യമിട്ട്, പരിശീലനം ലഭിച്ച 400-ല്‍ അധികം വിദ്യാര്‍ത്ഥികളെ ‘തൂഫാന്‍ വാരിയേഴ്സ്’ ആയി ചുമതലപ്പെടുത്തും.

കൊച്ചിയിൽ അർദ്ധരാത്രിക്ക് ശേഷമുള്ള ഡിജെ പാർട്ടികൾക്കുള്ള നിയന്ത്രണം 15 ദിവസത്തേക്ക് കൂടി നീട്ടി

കൊച്ചി സിറ്റി പോലീസ് പരിധിയിലെ ബാര്‍ ഹോട്ടലുകളിലും വിനോദകേന്ദ്രങ്ങളിലും രാത്രി 11 മണിക്ക് ശേഷമുള്ള ഡിജെ പാര്‍ട്ടികള്‍ക്കും ഉയര്‍ന്ന ശബ്ദത്തിലുള്ള സംഗീത പരിപാടികള്‍ക്കുമുള്ള നിയന്ത്രണം 15 ദിവസത്തേക്ക് കൂടി നീട്ടി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

മാസപ്പടി കേസ്: സിഎംആർഎൽ ഡയറക്ടർമാരെ ഇഡി ചോദ്യം ചെയ്തു; വീണ ഇന്ന് ഹാജരായേക്കും

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശരണ്‍ എസ് കര്‍ത്ത, സിഎംആര്‍എല്‍ ഡയറക്ടറും എംപവര്‍ ഇന്ത്യ ഡയറക്ടറുമായ ജയ കര്‍ത്ത എന്നിവരെ ഇഡി ഇന്നലെ ചോദ്യം ചെയ്തു. പിണറായി വിജയന്റെ മകള്‍ വീണ ഇഡിക്ക് മുന്നില്‍ ഇന്ന് ഹാജരായേക്കും. ഹാജരാകുന്നതിന് വീണ ഇന്നലെ സാവകാശം ചോദിച്ചിട്ടില്ല.

ഇൻഡിഗോ കേസ്: ആക്രമിക്കാൻ വന്നവരെ തടയുക മാത്രമാണ് ചെയ്തതെന്ന് ഇ.പി ജയരാജൻ

ഇന്‍ഡിഗോ കേസിലെ പുനരന്വേഷണത്തില്‍ പ്രതികരണവുമായി ഇ പി ജയരാജന്‍. ആക്രമിക്കാനെത്തിയത് ഭീകരന്‍മാരെപ്പോലെയെന്നും തടയുക മാത്രമാണ് ചെയ്തതെന്നും ഇപി ജയരാജന്‍ പറഞ്ഞു. കോടതിയില്‍ എല്ലാക്കാര്യങ്ങളും വിശദീകരിക്കും. താന്‍ പ്രതിയും പരാതിക്കാരനും ആയിരുന്നില്ലെന്നും തന്റെ പേര് പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ഇ പി ജയരാജന്‍ ചൂണ്ടിക്കാട്ടി.

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ആദ്യ അറസ്റ്റ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കർ പിടിയിൽ

വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പങ്കുവെച്ച ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്‌കറാണ് പിടിയിലായത്. ചോദ്യം ചെയ്യലിനിടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജിതിന്‍ ഭാസ്‌കര്‍ ആണ് വടകര സ്‌ക്വാഡ് എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം ഇട്ടത് എന്ന് പ്രത്യേകാന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ ജിതിന്‍ ഭാസ്‌കറെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കാട്ടാന ആക്രമണം: മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു വീട്ടിലെങ്കിലും പോയിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നുവെന്ന് ഷിബു ബേബി ജോൺ

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സന്ദര്‍ശിച്ചത് നല്ല കാര്യമാണെന്നും എന്നാല്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഏതെങ്കിലും ഒരു വീട്ടില്‍ അദ്ദേഹം പോയിരുന്നെങ്കില്‍ ഇന്ന് ഈ ഗതി വരില്ലായിരുന്നുവെന്നും വനംമന്ത്രി ഷിബു ബേബി ജോണ്‍. അന്ന് അദ്ദേഹത്തിന്റെ ജില്ലയില്‍ മാത്രം 22 പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചതെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ബസ് സർവീസുകൾ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്ന നിർദേശവുമായി ബസ് ഉടമകൾ

സ്വകാര്യ ബസ് സര്‍വീസുകള്‍ സര്‍ക്കാര്‍ ഭാഗികമായി ഏറ്റെടുക്കണമെന്ന നിര്‍ദേശവുമായി ബസ് ഉടമകള്‍. സ്വകാര്യ ബസുകളുടെ ദിവസ കലക്ഷന്‍ സര്‍ക്കാരിന് നല്‍കാമെന്നും പ്രതിദിനം ഒരു ബസിന് കിലോമീറ്ററിന് 55 രൂപ സര്‍ക്കാര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് സൗജന്യമായി സര്‍വീസ് നല്‍കാമെന്നും നഷ്ട പരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും ബസ് ഉടമകളുടെ ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

നവകേരള യാത്രയ്ക്കിടെ ഗൺമാൻമാർ മർദ്ദിച്ച കേസ്: പ്രതികളുടെ മുൻകൂർ ജാമ്യത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ

പിണറായി സര്‍ക്കാരിന്റെ നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ആലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്ഐടി. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ ജില്ലാ സെഷന്‍സ് കോടതി തീരുമാനത്തിനെതിരെയാണ് എസ്ഐടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ദേവസ്വം ബോർഡ് സ്ഥലംമാറ്റ ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന് കെ. ജയകുമാർ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥലം ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന് പ്രസിഡന്റ് ജയകുമാര്‍. 75 പേരില്‍ 20 പേരുടെ സ്ഥലംമാറ്റമാണ് പുനപരിശോധനക്ക് വിധേയമാക്കാന്‍ ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചത്. എസ്ഐടി ചോദ്യം ചെയ്തതിന്റെ പേരില്‍ മാത്രം ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്താനാകില്ലെന്നും വിജിലന്‍സ് ക്ലിയറന്‍സ് ഇല്ലാത്തവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കെ ജയകുമാര്‍ വിശദീകരിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍. തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ ഗുരുവായൂര്‍ ദേവസ്വം നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ 3 വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്നും നവീന സൗകര്യങ്ങള്‍ ഒരുക്കി ഗുരുവായൂര്‍, ശബരിമല, കൊട്ടിയൂര്‍ ക്ഷേത്രങ്ങളെ മികച്ച തീര്‍ഥാടന കേന്ദ്രങ്ങളാക്കി മാറ്റാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

അൻസിബയുടെ പരാതിക്ക് പിന്നിൽ വ്യക്തിവൈരാഗ്യം; മൊഴി നൽകി നടൻ ടിനി ടോം

അന്‍സിബയുടെ പരാതി അടിസ്ഥാനരഹിതമാണെന്നും വ്യക്തിവൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും നടന്‍ ടിനി ടോം. അതേസമയം നടി അന്‍സിബാ ഹസന്റെ പരാതിയില്‍ കടവന്ത്ര പോലീസ് ആരോപണവിധേയനായ ടിനി ടോമിന്റെ മൊഴിയെടുത്തു.

ധ്യാനഗുരുവും എഴുത്തുകാരനുമായ ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു

ധ്യാനഗുരുവും എഴുത്തുകാരനുമായിരുന്ന ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. നിരവധി മലയാള ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവാണ്.

എറണാകുളത്ത് കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ യാത്രക്കാരുടെ മർദ്ദനം; പോലീസ് കേസെടുത്തു

എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ റിസര്‍വ് ചെയ്ത സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ക്ക് മര്‍ദ്ദനമേറ്റു. ഡ്യൂട്ടിയിലുണ്ടായിരുന്ന അനീഷ് കെ.എ എന്ന കണ്ടക്ടറെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ട് യാത്രക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു.

വികസനം മാത്രം പോര, സൗഹാർദ്ദവും ചിരിയും അനിവാര്യം: തോമസ് ഐസക്ക്

കമ്യൂണിസ്റ്റുകാര്‍ അഴിമതി കാണിക്കില്ലെന്ന പൊതുസമൂഹത്തിന്റെ വിശ്വാസത്തിന് ഇളക്കം തട്ടിയിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക്. വികസനം മാത്രം നടപ്പിലാക്കിയതുകൊണ്ട് തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിയില്ലെന്നും രാഷ്ട്രീയവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നല്ലൊരു പങ്ക് ആളുകള്‍ക്കും സാമ്പത്തിക സഹായമൊന്നും വേണ്ടെന്നും അവര്‍ പ്രതീക്ഷിക്കുന്നത് സൗഹാര്‍ദ്ദവും നല്ല പെരുമാറ്റവും ചിരിയുമൊക്കെയാണെന്നും അതെല്ലാം കുറച്ച് കുറഞ്ഞോയെന്ന് സംശയമുണ്ടെന്നും തോമസ് ഐസക് ഫേസ് ബുക്കില്‍ കുറിച്ചു.

പട്ടിമറ്റത്തെ ജിജോയുടെ മരണം കൊലപാതകം; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

പട്ടിമറ്റം ചെങ്ങരയിലെ റബര്‍ തോട്ടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നോര്‍ത്ത് വലമ്പൂര്‍ സ്വദേശി ജിജോയുടെ (53) മരണത്തില്‍ രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റിലായി. നോര്‍ത്ത് വലമ്പൂര്‍ ആക്കാംപാറ വാലാട്ടിയില്‍ വിനു (38), വി. കെ. ജിനീഷ് (34) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

വെമ്പായത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

തിരുവനന്തപുരം വെമ്പായത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. കഴുത്തറുക്കാനുള്ള നീക്കം തടഞ്ഞ കുട്ടിയുടെ മുഖത്തും കഴുത്തിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും ആഴത്തില്‍ മുറിവുകളേറ്റു. നെടുവേലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിക്ക് നേരെയാണ് പനവൂര്‍ സ്വദേശിയായ സഹദ് (21) ആക്രമണം നടത്തിയത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചു കിടന്ന കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി നിലവില്‍ അപകടനില തരണം ചെയ്തു.

മൂവാറ്റുപുഴയിൽ അർദ്ധരാത്രി യുവതിയെ ആക്രമിക്കാൻ ശ്രമിച്ച അഞ്ചംഗ സംഘം പിടിയിൽ

അര്‍ധരാത്രി ജോലി കഴിഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. എറണാകുളം മൂവാറ്റുപുഴയിലാണ് സംഭവം. സംഭവത്തില്‍ 20 വയസും അതില്‍ താഴെയും പ്രായമുള്ള അഞ്ച് യുവാക്കളെയാണ് മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തത്.

വണ്ടിപ്പെരിയാറിൽ വിനോദ സഞ്ചാരികളെ മർദിച്ച ജീപ്പ് ഡ്രൈവർമാർ അറസ്റ്റിൽ

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദിച്ച ജീപ്പ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. കുമളി സ്വദേശികളായ കലേഷ്, കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. കൂടുതല്‍ പ്രതികള്‍ക്കായി വണ്ടിപ്പെരിയാര്‍ പൊലീസ് സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

എഐഎഡിഎംകെയ്ക്ക് കനത്ത തിരിച്ചടി: മുൻ ആരോഗ്യമന്ത്രി സി വിജയഭാസ്‌ക്കർ എംഎൽഎ സ്ഥാനം രാജിവെച്ചു

അണ്ണാഡിഎംകെയ്ക്ക് കനത്ത പ്രഹരമേല്‍പിച്ച് മുന്‍ ആരോഗ്യമന്ത്രി സി വിജയഭാസ്‌ക്കര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി. രാജി അംഗീകരിച്ചതായി സ്പീക്കര്‍ അറിയിച്ചു. ഇതോടെ നിയമസഭയില്‍ എഐഎഡിഎംകെ എംഎല്‍എമാരുടെ എണ്ണം 42 ആയി.

നീറ്റ് പുനപരീക്ഷയിലെ സുരക്ഷാ ക്രമീകരണങ്ങൾ വിദ്യാർത്ഥികളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്ന് കെ അണ്ണാമലൈ

നീറ്റ് പുനപരീക്ഷയിലെ സൈനിക തലത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്ന് മുന്‍ ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ വിമര്‍ശിച്ചു. എന്നാല്‍, സുതാര്യത ഉറപ്പാക്കാന്‍ ഇത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കള്‍ മറുപടി നല്‍കി.

നീറ്റ് പേപ്പർ ചോർച്ച: അറസ്റ്റിലായ പ്രതിക്കും പുന:പരീക്ഷ എഴുതാൻ അനുമതി

നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റിലായ പ്രതിക്കും പുന:പരീക്ഷ എഴുതാം. ഗുരുഗ്രാം സ്വദേശി യഷ് യാദവിനാണ് ദില്ലി കോടതി പൊലീസ് കസ്റ്റഡിയില്‍ പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയത്.

ഗുരുഗ്രാമിൽ അനധികൃതമായി താമസിച്ച 13 ബംഗ്ലാദേശികൾ അറസ്റ്റിൽ

ഹരിയാനയിലെ ഗുരുഗ്രാമില്‍ അനധികൃമായി താമസിച്ച 13 ബംഗ്ലാദേശികള്‍ അറസ്റ്റില്‍.ചോദ്യം ചെയ്യലില്‍ അന്തര്‍ദേശീയ ഏജന്റുമാരുടെ സഹായത്തോടെയാണ് അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്ന് ഇവര്‍ വെളിപ്പെടുത്തി. ഇവരെ നാടുകടത്താനുള്ള നടപടികള്‍ ആരംഭിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഗാന്ധിനഗറിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ പീഡനം: സ്കൂൾ പ്രിൻസിപ്പലിന്റെ മകനെതിരെ കേസ്

ഗുജറാത്തിലെ ഗാന്ധിനഗറില്‍ സ്വകാര്യ സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മകനെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

അയോധ്യ രാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സംഭാവനയില്‍ തട്ടിപ്പ് നടന്നെന്ന ആരോപണങ്ങളെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ക്ഷേത്രത്തില്‍ വിശദമായ പരിശോധന ആരംഭിച്ചു. സംഭാവന പെട്ടികള്‍ തുറക്കുന്നത് മുതല്‍ പണം ബാങ്കില്‍ നിക്ഷേപിക്കുന്നത് വരെയുള്ള മുഴുവന്‍ പ്രക്രിയകളും സംഘം വിലയിരുത്തി, സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിച്ചു.

തൃണമൂൽ പ്രതിസന്ധി: വിമതരെയും മമത പക്ഷത്തെയും കേൾക്കാൻ ലോക്സഭാ സ്പീക്കർ

തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിയില്‍ മമത പക്ഷത്തെയും വിമതരെയും കേട്ടശേഷം നടപടിയെടുക്കാന്‍ ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള. ഇരുവിഭാ?ഗത്തെയും കേള്‍ക്കാന്‍ സ്പീക്കറുടെ ഓഫീസ് ക്ഷണിച്ചു. വിമതരെ പോലെ എന്‍സിപിഐയില്‍ ചേരില്ലെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കി. വിമതരെ ആരുമറിയാത്ത പാര്‍ട്ടിയില്‍ ചേര്‍ത്തത് അമിത് ഷായുടെ പരിഭ്രാന്തി കാരണമെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.

ജയ്പൂരിലെ മർദ്ദനം: വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ പ്രതിസന്ധിയാണ് കാരണമെന്ന് അഭിജീത് ദിപ്‌കെ

ജയ്പൂരില്‍ വെച്ചുണ്ടായ പ്രതിഷേധ പരിപാടിക്കിടെ തനിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികരണവുമായി ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ സ്ഥാപകന്‍ അഭിജീത് ദിപ്‌കെ. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ പ്രതിസന്ധിയാണ് ഈ സംഭവത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ ലോകക്രമത്തിൽ ഇന്ത്യയുടെ സാന്നിധ്യം അനിവാര്യം; ജി7 രാജ്യങ്ങളുടെ ആധിപത്യം അവസാനിക്കുന്നുവെന്ന് മാർക്ക് കാർണി

പാശ്ചാത്യ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ഇനിയൊരിക്കലും ലോകത്തെ നിയന്ത്രിക്കാന്‍ പോകുന്നില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ആഗോളശക്തികളുടെ പരമാധികാരവും ആധിപത്യവും അവകാശപ്പെടാനാകില്ലെന്നും പുതിയ ലോകക്രമത്തില്‍ ഇന്ത്യയുടെ സാന്നിധ്യം ഒഴിച്ചുകൂടാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

പുടിന്റെ വിമർശകനായ കാർട്ടൂണിസ്റ്റ് റോബർട്ട് കുസോവ്‌കോവ് പോളണ്ടിൽ വെടിയേറ്റ് മരിച്ചു

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ കാര്‍ട്ടൂണിസ്റ്റിനെ അജ്ഞാതര്‍ പോളണ്ടില്‍ വെടിവെച്ചുകൊന്നു. പുടിന്റെ ഭീഷണിയെത്തുടര്‍ന്ന് അഞ്ചു വര്‍ഷം മുമ്പ് പോളണ്ടിലേക്ക് താമസം മാറ്റിയ സെമിയോണ്‍ സ്‌ക്രെപെറ്റ്‌സ്‌കി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന റോബര്‍ട്ട് കുസോവ്‌കോവ് (44) ആണ് കൊല്ലപ്പെട്ടത്.

സ്ത്രീകളുടെ ചേലാകർമ്മ പ്രക്രിയ പൂർണ്ണമായി നിരോധിച്ച് കൊളംബിയ

സ്ത്രീകളുടെ ലൈംഗികാനന്ദം നിഷേധിക്കുന്ന ‘ചേലാകര്‍മ്മ പ്രക്രിയ പൂര്‍ണ്ണമായി നിരോധിച്ച് കൊളംബിയ. ആദിവാസി വനിതാ ഗ്രൂപ്പുകളും ആക്ടിവിസ്റ്റുകളും വര്‍ഷങ്ങളായി നടത്തുന്ന പോരാട്ടത്തിന് ഒടുവിലാണ് കൊളംബിയന്‍ പാര്‍ലമെന്റ് സ്ത്രീകളുടെ ചേലാകര്‍മ്മ പ്രക്രിയ നിരോധിക്കുന്ന നിയമത്തിന് അംഗീകാരം നല്‍കിയത്.

പാകിസ്ഥാനിൽ കവർച്ചക്കാരെന്ന് തെറ്റിദ്ധരിച്ച് പൊലീസ് വെടിയുതിർത്തു; ഒൻപത് വയസ്സുകാരിക്ക് ദാരുണാന്ത്യം

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ ഒന്‍പത് വയസ്സുകാരിയായ ഓസ്‌ട്രേലിയന്‍ പെണ്‍കുട്ടി പോലീസ് വെടിയേറ്റു മരിച്ചു. ഹാനിയ അഹമ്മദ് എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കവര്‍ച്ചക്കാരെന്ന് തെറ്റിദ്ധരിച്ച് പോലീസ് കുടുംബത്തിന്റെ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഗാസ സഹായക്കപ്പലിലെ വനിതാ ആക്ടിവിസ്റ്റുകളെ പീഡിപ്പിച്ച സംഭവം; ഔദ്യോഗിക അന്വേഷണം ആരംഭിച്ച് ഓസ്ട്രേലിയ

ഗാസയിലേക്ക് അന്താരാഷ്ട്ര സഹായവുമായി ചെന്ന കപ്പലിലെ സന്നദ്ധപ്രവര്‍ത്തകരെ ഇസ്രായേല്‍ സൈന്യം ക്രൂരമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. മെയ് മാസത്തില്‍ ഗാസയിലേക്ക് പുറപ്പെട്ട ഗ്ലോബല്‍ സുമുദ് സഹായക്കപ്പലിലുണ്ടായിരുന്ന ഓസ്ട്രേലിയന്‍ വനിതാ ആക്ടിവിസ്റ്റുകളുടെ പരാതിയിലാണ് പൊലീസ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചത്.

ലോകകപ്പ് ഫുട്ബോൾ: സെനഗലിനെ വീഴ്ത്തി ഫ്രാൻസിന് മികച്ച തുടക്കം

ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് ഐയില്‍ നടന്ന മത്സരത്തില്‍ സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി നിലവിലെ റണ്ണറപ്പുകളായ ഫ്രാന്‍സ് മികച്ച തുടക്കം കുറിച്ചു. കിലിയന്‍ എംബാപ്പെ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തില്‍ ബ്രാഡ്‌സി ബാര്‍ക്കോളയാണ് ഫ്രാന്‍സിന്റെ മറ്റൊരു ഗോള്‍ നേടിയത്. ഇബ്രാഹിം എംബായെ സെനഗലിന്റെ ആശ്വാസ ഗോള്‍ നേടി.

രാജ്യത്ത് വെള്ളി ഇറക്കുമതിയിൽ വൻ ഇടിവ്; കഴിഞ്ഞ മാസത്തെ കുറവ് 87 ശതമാനം

രാജ്യത്തേക്കുള്ള വെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്. എല്ലാ രൂപത്തിലുമുള്ള വെള്ളി ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന് പിന്നാലെ, കഴിഞ്ഞ മാസം ഇറക്കുമതിയില്‍ 87 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. രാജ്യത്തിന് ആവശ്യമായ വെള്ളിയുടെ 80 ശതമാനത്തിലധികവും വിദേശത്ത് നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 566.22 ദശലക്ഷം ഡോളറായിരുന്നു വെള്ളി ഇറക്കുമതിയെങ്കില്‍, ഈ വര്‍ഷമത് 75.57 ദശലക്ഷം ഡോളറായി കൂപ്പുകുത്തി. ഇറക്കുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 94 ശതമാനത്തിന്റെ കുറവാണുണ്ടായത്. വെറും 33 മെട്രിക് ടണ്‍ വെള്ളി മാത്രമാണ് മെയ് മാസത്തില്‍ രാജ്യത്ത് എത്തിയത്. 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവാണിത്. മാര്‍ച്ചില്‍ അവസാനിച്ച 2025-26 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോഡ് തുകയ്ക്കാണ് ഇന്ത്യ വെള്ളി ഇറക്കുമതി ചെയ്തത്. ഏകദേശം 1200 കോടി ഡോളര്‍. തൊട്ടുമുന്‍പത്തെ വര്‍ഷം ഇത് 480 കോടി ഡോളറായിരുന്നു.

ഇന്ത്യൻ എഐ സ്റ്റാർട്ടപ്പായ സർവം എഐക്ക് എച്ച്‌സിഎൽ ടെക്കിന്റെ 1,427 കോടി രൂപ നിക്ഷേപം

ചാറ്റ്ജിപിടിക്കും ആന്ത്രോപിക്കിനും ബദലായി ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ സര്‍വം എഐക്ക് വന്‍ നിക്ഷേപം. എച്ച്‌സിഎല്‍ ടെക് ആണ് 1,427 കോടി രൂപയുടെ നിക്ഷേപം സര്‍വം എഐയില്‍ നടത്തിയത്. 10.46 ശതമാനം ഓഹരിപങ്കാളിത്തമാണ് എച്ച്‌സിഎല്‍ നേടിയിരിക്കുന്നത്. ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ കൃത്യതയോടെ പ്രവര്‍ത്തിക്കുന്ന എഐ സംവിധാനങ്ങള്‍ എച്ച്സിഎല്‍ ടെക്കിന്റെ ആഗോള ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായ ലൈറ്റ്സ്പീഡില്‍ നിന്നും, കോസ്ല വെഞ്ച്വേഴ്സ്, പീക്ക് എക്സ് വി പാര്‍ട്ണേഴ്സ് എന്നിവരില്‍ നിന്നും ഏകദേശം 340 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാന്‍ സര്‍വം എഐക്ക് സാധിച്ചിരുന്നു. ഐഐടി മദ്രാസിലെ ഗവേഷകരായിരുന്ന വിവേക് രാഘവനും പ്രത്യുഷ് കുമാറും ചേര്‍ന്നാണ് ഈ സ്റ്റാര്‍ട്ടപ്പ് സ്ഥാപിച്ചത്. ഏകദേശം 2,100 കോടിയിലേറെ രൂപയാണ് ഇവര്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിച്ചത്.

മോഹൻലാലിന് ശേഷം ഒടിയനാകാനൊരുങ്ങി പൃഥ്വിരാജ്; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

മോഹന്‍ലാലിന് ശേഷം ഒടിയനാകാനൊരുങ്ങി നടന്‍ പൃഥ്വിരാജ്. ‘ഒടിയന്‍’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തുവിട്ടു. ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറെ എന്നീ ഹൊറര്‍ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. രാഹുല്‍ സദാശിവനൊപ്പം പൃഥ്വിരാജും മഞ്ജു വാര്യരും ഒരുമിക്കുന്നതിനാല്‍ സിനിമാ പ്രേക്ഷകള്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്. പാന്‍ ഇന്ത്യന്‍ സിനിമയായാണ് ‘ഒടിയന്‍’ പ്രേക്ഷകരിലേക്കെത്തുക. ധര്‍മ പ്രൊഡക്ഷന്‍സ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ കരണ്‍ ജോഹര്‍, അദര്‍ പൂനവാല, അപൂര്‍വ മേത്ത, സുപ്രിയ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സത്യവും മിഥ്യയും തമ്മിലുള്ള യുദ്ധം. ‘ഒടിയന്‍ – ദ് ഏജ് ഓഫ് ഇല്യൂഷന്‍’ ഉടന്‍ വരുന്നു- എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.

ദളപതി വിജയ്‌യുടെ ജന്മദിനം: ഹിറ്റ് ചിത്രം ‘മെർസൽ’ വീണ്ടും തിയേറ്ററുകളിലേക്ക്

നടനും മുഖ്യമന്ത്രിയുമായ വിജയ് യുടെ ജന്മദിനം ആഘോഷിക്കാന്‍ 2017 ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മെര്‍സല്‍ വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. വിജയ്യുടെ ജന്മദിനമായ ജൂണ്‍ 22 ന് റീ-റിലീസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ആറ്റ്‌ലി സംവിധാനം ചെയ്ത മെര്‍സലില്‍ വിജയ് മൂന്ന് വേഷങ്ങളില്‍ അഭിനയിച്ചു. സാമന്ത റൂത്ത് പ്രഭു, എസ് ജെ സൂര്യ, കാജല്‍ അഗര്‍വാള്‍, നിത്യ മേനോന്‍, വടിവേലു, ഹരീഷ് പേരാടി, കോവൈ സരള, സത്യന്‍, സത്യരാജ് എന്നിവരുള്‍പ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളാണ് സിനിമയില്‍ ഉണ്ടായിരുന്നത്. 2017 ഒക്ടോബര്‍ 18 ന് ദീപാവലിക്ക് റിലീസ് ചെയ്ത മെര്‍സലിന് വലിയ തോതില്‍ പോസിറ്റീവ് അവലോകനങ്ങള്‍ ലഭിച്ചു. ആഗോള ബോക്സ് ഓഫീസില്‍ 200 കോടി രൂപയോളം നേടി. ചൈനയില്‍ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമെന്ന നിലയിലും വിജയ് അഭിനയിച്ച ഈ ചിത്രം വാര്‍ത്തകളില്‍ ഇടം നേടി.

മാരുതി സുസുക്കി ബ്രെസ്സയുടെ പുതുക്കിയ 2026 പതിപ്പ് ഉടൻ വിപണിയിൽ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പ്രമുഖ മോഡലായ ബ്രെസ്സയുടെ പുതുക്കിയ 2026 പതിപ്പ് ഉടന്‍ വിപണിയില്‍. ഈ സബ്-കോംപാക്റ്റ് എസ്യുവിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പുതുക്കിയ ബ്രെസ്സയ്ക്ക് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ക്കായി പുതിയൊരു ഡിസൈന്‍ ലഭിക്കും. എന്‍ജിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍, പുതിയ ബ്രെസ്സയില്‍ 1.0-ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ-പെട്രോള്‍ എന്‍ജിനും സിക്‌സ്-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. അടിഭാഗത്തായി സജ്ജീകരിച്ച നിലയില്‍ ഒരു സിഎന്‍ജി കിറ്റും ഇതിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, അഡാസ്, പുതിയ അപ്‌ഹോള്‍സ്റ്ററി, 360-ഡിഗ്രി കാമറ, കൂടുതല്‍ വലിപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാകാം ബ്രെസ്സയുടെ മറ്റു ഫീച്ചറുകള്‍.

പുസ്തക പരിചയം: അസാധാരണ യാത്രാനുഭവവുമായി അനീഷ് കൃഷ്ണന്റെ ‘രണ്ട് ജിപ്‌സികൾ’

ബംഗളൂരു – ലഖ്‌നൗ ദേശീയപാതയ്ക്കരികിലുള്ള ഒരു സത്രത്തില്‍നിന്നും രണ്ട് അപരിചിതര്‍ക്ക് അപ്രതീക്ഷിതമായി ഒരു ക്യാമ്പര്‍ വാനില്‍ ഒരുമിച്ച് നടത്തേണ്ടിവരുന്ന ദീര്‍ഘദൂരയാത്രയാണ് ഈ നോവലിന്റെ പ്രധാന പ്രമേയം. സ്വഭാവത്തിലും പെരുമാറ്റത്തിലും കാഴ്ചപ്പാടിലും വിരുദ്ധരായ ആസാദിനും പ്രിയയ്ക്കും പക്ഷെ, ആ യാത്ര അത്രമേല്‍ അനിവാര്യമായിരുന്നു. എന്താണ് അവരെ ആ യാത്രയിലേക്ക് നയിച്ച കാര്യകാരണങ്ങള്‍. എന്തായിരുന്നു ആ യാത്രയുടെ ഉദ്ദേശ്യം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നതിനോടൊപ്പം അസാധാരണവും മനോഹരവുമായ ഒരു യാത്രാനുഭവം വായനയിലുടനീളം നല്‍കുന്ന ലളിതാഖ്യാനമാണ് ഈ നോവല്‍. ‘രണ്ട് ജിപ്‌സികള്‍’. അനീഷ് കൃഷ്ണന്‍. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 450 രൂപ.

ഹെയർ ഡൈ വിൽപനയ്ക്ക് കർശന നിബന്ധനകളുമായി കേന്ദ്ര ഡ്രഗ്‌സ് കൺട്രോൾ ഓർഗനൈസേഷൻ

പല കമ്പനികളും വിപണിയില്‍ എത്തിക്കുന്ന ഹെയര്‍ ഡൈകളില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും അത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നതും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ കര്‍ശന നിബന്ധനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര ഡ്രഗ്‌സ് കണ്‍േട്രാള്‍ ഓര്‍ഗനൈസേഷന്‍. ഡൈകള്‍ വിപണിയിലെത്തിക്കുന്ന കമ്പനികള്‍ 2020 ലെ സൗന്ദര്യവര്‍ധക വസ്തുനിയമവും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് മാനദണ്ഡങ്ങളും പാലിക്കണമെന്നാണ് സിഡിഎസ് സിഒ ജൂണ്‍ 10ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നു. മുടിക്ക് നിറം നല്‍കാന്‍ ചേര്‍ത്തിട്ടുള്ള വസ്തുക്കളുള്‍പ്പെടെ ഉത്പന്നത്തിലെ എല്ലാവസ്തുക്കളുടെയും വിവരം വായിക്കാന്‍ പാകത്തില്‍ കവറിനുമുകളില്‍ ചേര്‍ക്കണം. ഉപയോഗത്തില്‍ നിയന്ത്രണമുണ്ടെങ്കില്‍ അതും പ്രത്യേകം സൂചിപ്പിക്കണം. പ്രതിപ്രവര്‍ത്തന സാധ്യത, സുരക്ഷിതമാണോയെന്ന പരിശോധനാരീതി എന്നിവയും വ്യക്തമാക്കണം. ബിഐഎസ് മാനദണ്ഡങ്ങള്‍ സൗന്ദര്യവര്‍ദ്ധക ചേരുവകളെ പൊതുവെ സുരക്ഷിതമെന്ന് അംഗീകരിക്കപ്പെട്ടവ എന്നും സൗന്ദര്യവര്‍ദ്ധക ഉപയോഗത്തിന് സുരക്ഷിതമെന്ന് അംഗീകരിക്കപ്പെട്ടവ എന്നും പരിമിതപ്പെടുത്തിയിരിക്കുന്നവയോ അംഗീകരിക്കപ്പെടാത്തവയോ ആയി തരംതിരിക്കുമെന്ന് റെഗുലേറ്റര്‍ നിര്‍മ്മാതാക്കളെയും ഇറക്കുമതിക്കാരെയും ഓര്‍മ്മിപ്പിച്ചു. ഉല്‍പ്പന്ന ഘടനയിലോ ഗുണനിലവാര സവിശേഷതകളിലോ ലേബലിങ്ങിലോ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായാല്‍ ബന്ധപ്പെട്ട ലൈസന്‍സിങ് അതോറിറ്റിയെ അറിയിക്കണമെന്നും കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here