വാർത്താ നോട്ടം

വാർത്താ നോട്ടം

2023 ജൂലൈ 16 ഞായർ

BREAKING NEWS

👉കോട്ടയം സംക്രാന്തിയിൽ ഇന്ന് പുലർച്ചെ ലോറിയിൽ കെട്ടിയിരുന്ന കയർ കുരുങ്ങി കാൽനട യാത്രാക്കാൻ മരിച്ചു.

👉 കട്ടപ്പന സ്വദേശി മുരളി (50 ) ആണ് മരിച്ചത്.ലോറി ഡ്രൈവറേയും സഹായിയേയും പോലീസ് കസ്റ്റഡിയിലെടുത്തു.

👉മണിപ്പൂരിൽ ഒരു സ്ത്രീകൊല്ലപ്പെട്ടു.ഇംഫാൽ ഈസ്റ്റിൽ മൂന്ന് ട്രക്ക്കൾക്ക് തീയിട്ടു.

👉 ദില്ലി ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ കനത്ത മഴമുന്നറിയിപ്പ്. യമുനയിലെ ജലനിരപ്പ് കുറയുന്നു.

👉കൊറിയിൽ കനത്ത മഴ: 26 മരണം

👉 മുതലപ്പൊഴി സംഭവം: ലത്തീൻ രൂപതയുടെ പള്ളികളിൽ ഇന്ന് പ്രതിഷേധ ദിനം, കത്ത് വായിക്കും.

👉 കേന്ദ്ര മന്ത്രി വി.മുരളീധരൻ്റെ നേതൃത്വത്തിൽ വിദഗ്ധ കേന്ദ്ര സംഘം തിങ്കളാഴ്ച മുതലപ്പൊഴി സന്ദർശിക്കും

👉കർക്കിടക വാവ് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും.

കേരളീയം

🙏പനി ബാധിച്ച് ഇന്നലെ അഞ്ചു പേര്‍ മരിച്ചു. ഒരാള്‍ മരിച്ചതു ഡെങ്കിപ്പനി മൂലമാണ്.
എച്ച്1എന്‍1 ബാധിച്ച് ഒരാളും എലിപ്പനി ബാധിച്ച് മറ്റൊരാളും മരിച്ചു. കളമശ്ശേരിയില്‍ 27 വയസുകാരന്‍ പേവിഷം ബാധിച്ചും മരിച്ചു. ഇന്നലെ പനി ബാധിച്ച് 11,241 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍
ചികില്‍സ തേടി.

🙏നാളെ കര്‍ക്കിടക വാവ്. ആലുവാ മണപ്പുറം അടക്കം വിവിധ കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണത്തിനു വിപുലമായ ക്രമീകരണങ്ങള്‍.

🙏ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ബിജെപി സര്‍ക്കാര്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ഏകീകൃത സിവില്‍ കോഡ് ഇപ്പോള്‍ ആവശ്യമില്ലെന്നാണ് മുന്‍ നിയമ കമ്മീഷന്‍ പറഞ്ഞത്. ആ നിലപാടിനെ സിപിഎം അംഗീകരിക്കുന്നുവെന്നും യെച്ചൂരി കോഴിക്കോട്ട് പറഞ്ഞു.

🙏എസ്എന്‍സി ലാവ്ലിന്‍ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക. മുപ്പതിലേറെ തവണ മാറ്റിവച്ച കേസ് മലയാളിയായ ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്‍മാറിയതോടെയാണ് അവസാനമായി മാറ്റിവച്ചത്.

🙏അഴിമതിക്കാരനെന്നു ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ഫേസ്ബുക്ക് ലൈവില്‍. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയും പരിഹാരങ്ങളും ഫേസ് ബുക്കിലൂടെ പൊതുജനങ്ങളെ അറിയിക്കുന്ന പരിപാടിയുടെ ആദ്യ ദിവസമാണ് ഇങ്ങനെ പ്രതികരിച്ചത്.

🙏കേരള ലോട്ടറിയുടെ ഭാഗ്യമുദ്രയായി പച്ചക്കുതിര. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക ഭാഗ്യമുദ്ര, ലോഗോ , പരസ്യ ചിത്രങ്ങള്‍ എന്നിവ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രകാശനം ചെയ്തു.

🙏സില്‍വര്‍ ലൈന്‍ പദ്ധതിക്കു ഖജനാവില്‍നിന്നു ചെലവഴിച്ച 57 കോടി രൂപയ്ക്കും പിടിച്ചെടുത്ത് ഉപയോഗിക്കാനാകാതെ കിടക്കുന്ന നൂറുകണക്കിനേക്കര്‍ സ്ഥലത്തിനും ആയിരക്കണക്കിനു കേസുകള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ സമാധാനം പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശമായ പദ്ധതി രേഖ (ഡിപിആര്‍) ഇതുവരെ പിണറായി സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ അതു തയാറാക്കിയ ഫ്രഞ്ച് കമ്പനിക്ക് 22.27 കോടി രൂപ നല്കിയെന്നും സുധാകരന്‍.

🙏മാവേലിക്കര പ്രായിക്കര പാലത്തില്‍ ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചു. നിയന്ത്രണം വിട്ടു മറിഞ്ഞ ഓട്ടോയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ചെന്നിത്തല സ്വദേശി ഹരിന്ദ്രന്‍ (46) സ്‌കൂട്ടര്‍ യാത്രക്കാരി കുറത്തികാട് സ്വദേശി ആതിര അജയന്‍ (23) എന്നിവരാണ് മരിച്ചത്.

🙏അങ്കമാലി മൂക്കന്നുരില്‍ എം.എ ജി.ജെ ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയെ യുവാവ് കുത്തിക്കൊന്നു. തുറവൂര്‍ തൈവാലത്ത് സ്വദേശിനി ലിജി രാജേഷ് എന്ന നാല്‍പ്പതുകാരിയാണ് കൊല്ലപ്പെട്ടത്. പഴയ സുഹൃത്തായ പ്രതി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീവ്രപരിചരണ വിഭാഗത്തിലുള്ള അമ്മയെ പരിചരിക്കാന്‍ എത്തിയതായിരുന്നു ലിജി.

🙏ബസുകളില്‍ പരസ്യം നല്‍കിയതിന്റെ ബില്‍തുക മാറാന്‍ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട് മുപ്പതിനായിരം രൂപ കൈമാറുന്നതിനിടെ കെഎസ്ആര്‍ടിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഉദയകുമാറിനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. 60,000 രൂപ കരാറുകാരന്‍ നേരത്തെ നല്‍കിയിരുന്നു.

🙏റാങ്ക് ലിസ്റ്റും അഡൈ്വസ് മെമോയും നിയമന ഉത്തരവും അടക്കം വ്യാജ രേഖകളുണ്ടാക്കി സര്‍ക്കാര്‍ ജോലിക്കു ശ്രമിച്ച യുവതി അറസ്റ്റില്‍. കൊല്ലം വാളത്തുങ്കല്‍ സ്വദേശിനി രാഖി എന്ന 25 കാരിയാണ് പിടിയിലായത്. കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലാണ് യുവതി വ്യാജരേഖയുമായി ജോലിക്കു കയറാന്‍ കുടുംബ സമേതം എത്തിയത്. നിയമന ഉത്തരവില്‍ ജില്ലാ കളക്ടര്‍ക്കു പകരം റവന്യൂ ഓഫീസറുടെ ഒപ്പാണുണ്ടായിരുന്നത്.

🙏സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള അരി മറിച്ചുവില്‍ക്കാന്‍ രാത്രി ശ്രമിച്ചെന്ന് ആരോപിച്ച് മലപ്പുറം കുറുവ എ യു പി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അടക്കം മൂന്നു പേരെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി.

🙏തൊടുപുഴ തഹസില്‍ദാറായിരിക്കെ പുതിയ വീടിനു നികുതി കുറച്ചുകൊടുക്കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ ജോയ് കുര്യാക്കോസിന് നാലു വര്‍ഷം തടവും 65,000 രൂപ പിഴയും ശിക്ഷ. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

🙏അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ എല്ലാ ജില്ലകളിലും ബഹുജന കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നവോത്ഥാന നായകരുടെ സ്മൃതി മണ്ഡപങ്ങളിലേക്ക് ഒക്ടോബര്‍ രണ്ടു മുതല്‍ സ്മൃതി യാത്ര നടത്തും. ആചാരങ്ങളുടെ പേരില്‍ ദുരാചാരങ്ങള്‍ വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

🙏കാസര്‍കോട് സ്‌കൂള്‍ മുറ്റത്തു മരം വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷത്ത് മിന്‍ഹ മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനേയും പ്രഥമാധ്യാപികയേയും സ്ഥലംമാറ്റി. കാസര്‍ഗോഡ് അംഗടി മുഗര്‍ ഗവണ്‍മെന്റ് എച്ച് എസ് എസില്‍ ജൂലൈ മൂന്നിനാണു മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചത്.

🙏അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്കു സാധ്യത. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്.

🙏കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും കേരള ക്രിക്കറ്റ് അസോസിയേഷന്‍ അപെക്സ് കൗണ്‍സില്‍ അംഗവുമായ കെ ജയരാമന്‍ (ജയറാം) എറണാകുളത്ത് അന്തരിച്ചു. 67 വയസായിരുന്നു.

🙏വെള്ളക്കരം കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് എടത്വ പൊലീസ് സ്റ്റേഷനിലെ കുടിവെള്ള കണക്ഷന്‍ ജല അതോറിറ്റി അധികൃതര്‍ വിച്ഛേദിച്ചു. വനിതാ പോലീസ് ഉള്‍പ്പടെ 33 പൊലീസ് ഉദ്യോഗസ്ഥരുള്ള എടത്വാ പൊലീസ് സ്റ്റേഷനിലെ കുടിവെള്ള കണക്ഷനാണ് വിച്ഛേദിച്ചത്.

🙏തൃശൂര്‍ ഓട്ടുപാറയിലെ ജ്വല്ലറിയില്‍നിന്നു സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കുട്ടിയുമായി വന്ന് മാല മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അത്തിപ്പറ്റ ചിറക്കോട് സുജിത (30) യാണ് പിടിയിലായത്.

ദേശീയം

🙏ഡല്‍ഹി ഓര്‍ഡിനന്‍സില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പാര്‍ലമെന്റ് നയരൂപീകരണ സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ബംഗളൂരുവില്‍ നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് നിലപാട് പ്രഖ്യാപിച്ചത്. ഡല്‍ഹി സര്‍ക്കാരിന്റെ അധികാര പരിധിയില്‍ കൈ കടത്തുന്ന കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ ആം ആദ്മി പാര്‍ട്ടി പാര്‍ലമെന്റില്‍ ഒരു ബില്ല് അവതരിപ്പിക്കാനുള്ള നീക്കത്തിലാണ്.

🙏’മോദി’ പരാമര്‍ശത്തിനു അപകീര്‍ത്തി ആരോപിച്ചുള്ള ശിക്ഷ ശരിവച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കര്‍ണാടകയിലെ കോലാറില്‍ രാഹുല്‍ നടത്തിയ പ്രസംഗമാണ് കേസിനാധാരം. കോടികളുടെ ബാങ്കു വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ പേരെടുത്തു പറഞ്ഞ് ഇങ്ങനെ എല്ലാ കള്ളന്‍മാരുടെ പേരിനൊപ്പവും മോദി എന്ന പേരുണ്ടെന്നു പരിഹസിച്ചതാണു കേസായത്.

🙏സര്‍ക്കാരിനെതിരായ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിന് വിവര സാങ്കേതിക നിയമം ഭേദഗതി ചെയ്ത നടപടിയെ വിമര്‍ശിച്ച് ബോംബൈ ഹൈക്കോടതി. വ്യാജനോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ ഏതെന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് പൂര്‍ണാധികാരം നല്കേണ്ടതുണ്ടോ എന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേല്‍, നീലാ ഗോഖലെ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

🙏ജോലി ഇല്ലാത്തവനെന്ന പരിഹാസം സഹിക്കാനാവാതെ മകന്‍ അച്ഛനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. ചെന്നൈയിലെ എക്കാട്ടുതങ്ങള്‍ സ്വദേശി ബാലസുബ്രമണിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ മകന്‍ ജബരീഷിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു.

🙏കര്‍ണാടകയിലെ ഗ്രാമത്തിലെ ഫാമില്‍ കടന്നു കയറി ആക്രമിച്ച പുലിയെ കീഴ്പെടുത്തി ബൈക്കിനു പിന്നില്‍ കെട്ടിവച്ച് വനംവകുപ്പ് ഓഫീസിലേക്കു കൊണ്ടുപോയി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഹാസന്‍ ജില്ലയിലെ ബാഗിവലു ഗ്രാമത്തിലെ മുത്തുവാണ് പുലിയെ ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ചത്.

🙏ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ പുനര്‍വികസനത്തിനുള്ള അന്തിമ അനുമതി ശതകോടീശ്വരന്‍ അദാനിക്ക്. 23,000 കോടി രൂപയുടെ പദ്ധതിയാണിത്.

അന്തർദേശീയം

🙏ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിര്‍ഹത്തിലും നടത്താന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.

കായികം

🙏ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എം. ശ്രീശങ്കര്‍ ലോങ് ജമ്പില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി . 8.37 മീറ്റര്‍ ദൂരം ചാടിയ ഈ പ്രകടനത്തോടെ ശ്രീശങ്കര്‍ 2024 പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടി.

🙏വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്ക് താരം മാര്‍കെറ്റ വാന്‍ദ്രോഷോവക്ക്. ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫൈനലില്‍ പരാജയപ്പെടുത്തിയാണ് വാന്‍ദ്രോഷോവ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയത്. ഓപ്പണ്‍ കാലഘട്ടത്തില്‍ വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ സീഡില്ലാതെ കിരീടം നേടുന്ന ആദ്യ താരമെന്ന റെക്കോഡും ഇതോടെ വാന്‍ദ്രോഷോവ സ്വന്തമാക്കി.

🙏അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി കാറപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അമേരിക്കയിലെ ഫോര്‍ട്ട് ലൗഡര്‍ഡെയിലെ ഒരു ജംഗ്ഷനില്‍ ചുവന്ന ട്രാഫിക് ലൈറ്റ് കത്തിയതറിയാതെ മെസ്സിയുടെ കാര്‍ മുന്നോട്ടെടുത്തതാണ് അപകട സാധ്യതയുണ്ടാക്കിയത്. മറുവശത്ത് നിന്ന് വാഹനങ്ങള്‍ കുതിച്ചെത്തിയെങ്കിലും അതിലെ ഡ്രൈവര്‍മാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് വന്‍ അപകടം ഒഴിവായിയതെന്ന് സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

Advertisement