വാർത്താനോട്ടം

2022 ഫെബ്രുവരി 3 വ്യാഴം

കേരളീയം
🙏മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ള വാവ സുരേഷന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നു ഡോക്ടർമാർ. ഒരാഴ്ചകൂടി വെന്റിലേറ്ററിൽ തുടരേണ്ടിവന്നേക്കാമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയകുമാർ.

🙏സംസ്ഥാനത്ത് 28 പോക്സോ കോടതികൾ കൂടി തുടങ്ങും. ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന അതിവേഗ കോടതികളുടെ എണ്ണം 56 ആകും. കോടതികൾ തുടങ്ങുന്ന മുറക്ക് ജഡ്ജിമാർ അടക്കമുള്ള തസ്തികകൾ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

🙏പെഗാസസ് വിഷയത്തിൽ പാർലമെന്റിൽ പ്രതിപക്ഷ ബഹളം. പ്രത്യേക ചർച്ചയ്ക്കുളള പ്രതിപക്ഷ നിർദ്ദേശം സർക്കാർ തള്ളി. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് പെഗാസസ് ഉന്നയിച്ച് നൽകിയ ഭേദഗതികളും അംഗീകരിച്ചില്ല. നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗ്ഗെ സർക്കാരിനെതിരെ ആഞ്ഞടിച്ചു. പെഗാസസ് ഇന്ത്യ വാങ്ങിയതായി തെളിവുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തിരുന്നു.

🙏കെ.ടി ജലീലിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ബിജെപിയും. ക്രിമിനൽ കോടതിയലക്ഷ്യത്തിന് അനുമതി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി അഡ്വക്കറ്റ് ജനറലിനെ സമീപിച്ചു. പ്രതിഫലം പറ്റി ഐസ്‌ക്രീം കേസിൽ ജസ്റ്റിസ് സിറിയക് ജോസഫ് വിധി പറഞ്ഞെന്ന ജലീലിന്റെ പരാമർശം അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരേയാണ്. ഇത് നീതിന്യായവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതാണെന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നു. ലോയേഴ്സ് കോൺഗ്രസും കോടതിയലക്ഷ്യ നടപടി ആരംഭിച്ചിട്ടുണ്ട്.

🙏തിരുവനന്തപുരത്തു പിഡബ്ല്യൂഡി ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്ന് പൊലീസ്. അജികുമാറിന്റെ മരണത്തിനു പിറകേ രണ്ടു സുഹൃത്തുക്കളും ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മദ്യപാനത്തിനിടെ സുഹൃത്തുക്കളാണ് അജികുമാറിനെ കൊലപ്പെടുത്തിയത്. സംഘത്തിലുണ്ടായിരുന്ന സജീവ് അജിത്ത് എന്നയാൾ വാഹനമിടിച്ചും മറ്റൊരു സുഹൃത്ത് ബിനുരാജ് ഇന്നലെ ബസിടിച്ചും മരിച്ചു. അറസ്റ്റിലായ സജീവിൽ നിന്നാണ് പൊലീസിനു കൊലപാതകത്തിന്റെ വിവരങ്ങൾ കിട്ടിയത്. തിങ്കളാഴ്ചയാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥൻ അജികുമാറിനെ വീടിനു മുന്നിൽ മരിച്ച നിലയിൽ കണ്ടത്തിയത്.

🙏പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചാമനും അറസ്റ്റിലായി. അത്തിക്കോട് സ്വദേശിയും എസ്ഡിപിഐ പ്രവർത്തകനുമാണ് പിടിയിലായ പ്രതി. സഞ്ജിത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണിഗണനയിലാണ്.

🙏ദിലീപിന്റെ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. ഫോണുകൾ കോടതി നേരിട്ട് സൈബർ ഫോറൻസിക് ലാബിലേക്കയക്കണമെന്നാണ് ആവശ്യം. അന്വേഷണ സംഘത്തലവനായ എസ് പി മോഹനചന്ദ്രനാണ് അപേക്ഷ നൽകിയത്.

🙏ബസ് ചാർജ് വർധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വിദ്യാർത്ഥികളുടെ കൺസഷനിൽ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബിപിഎൽ വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര ആലോചനയിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയശേഷം ബസ് ചാർജ് വർധനയിൽ തീരുമാനമെടുക്കും.

🙏വായ്പാതട്ടിപ്പിനെ
ത്തുടർന്ന് പ്രതിസന്ധിയിലായ തൃശൂരിലെ കരുവന്നൂർ സഹകരണ ബാങ്കിന് കേരള ബാങ്കിന്റെ 100 കോടിയുടെ രക്ഷാ പാക്കേജ്. തൃശൂർ ജില്ലയിലെ 160 സഹകരണ ബാങ്കുകളെ ഉൾപ്പെടുത്തി കൺസോർഷ്യം രൂപീകരിച്ചെന്ന് കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ കണ്ണൻ അറിയിച്ചു. ഓരോ സഹകരണ ബാങ്കുകളിലെയും നിക്ഷേപതുകയുടെ ഒരു ശതമാനം വീതം സമാഹരിക്കും. ഇങ്ങനെ കിട്ടുന്ന 100 കോടിയിൽ 25 ശതമാനം നിക്ഷേപർക്കു നൽകും. ബാക്കി തുക ബാങ്കിന്റെ മറ്റു കാര്യങ്ങൾക്ക് വിനിയോഗിക്കും. മൂന്നു വർഷത്തിനകം സഹകരണ സംഘങ്ങൾക്കു തുക തിരിച്ചു നൽകും.

🙏സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ജീവനക്കാരന് സസ്പെൻഷൻ. പരീക്ഷ ഭവൻ അസിസ്റ്റന്റ് എം.കെ. മൻസൂറിനെയാണ് സസ്പെന്റ് ചെയ്തത്. മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

🙏കാർ അടക്കമുള്ള സ്വകാര്യ വാഹനങ്ങളിൽ യാത്രചെയ്യുന്നവർക്കു മാസ്‌ക് നിർബന്ധമാക്കിയ ഉത്തരവ് അസംബന്ധമാണെന്നും പുനപരിശോധിക്കണമെന്നും ഡൽഹി ഹൈക്കോടതി. ഹർജി പരിഗണിച്ച ഡിവിഷൻ ബഞ്ച് സർക്കാർ അഭിഭാഷകനോടാണ് ഉത്തരവു പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.

🙏കെഎസ്ആർടിസി ബസിൽ അജ്ഞാതൻ തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം ഈഞ്ചക്കലിലെ കെഎസ്ആർടിസി പാർക്കിംഗ് സ്ഥലത്താണ് അമ്പതു വയസ് പ്രായമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

🙏കിഴക്കമ്പലം കിറ്റക്‌സിലെ അന്യസംസ്ഥാന തൊഴിലാളികൾ പോലീസ് ജീപ്പു കത്തിക്കൽ അടക്കമുള്ള കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജയിലിൽത്തന്നെ. ജാമ്യമെടുക്കാൻ ആളില്ലാത്തതാണ് പ്രധാന പ്രശ്നം. നിയമസഹായവുമില്ല. തൊഴിലുടമയോ ലീഗൽ സർവീസ് സൊസൈറ്റിയോ സഹായിക്കുന്നില്ലെന്ന് തൊഴിലാളികളുടെ ബന്ധുക്കൾ. പ്രതികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പ്രതികരിച്ചു.

🙏പുരാവസ്തു തട്ടിപ്പുകേസിലും പീഡന പരാതിയിലും പ്രതിയായ മോൻസൻ മാവുങ്കലിനെതിരെ ഒരു കേസ് കൂടി. പണം നൽകാതെ ആറു കാറുകൾ തട്ടിയെടുത്തെന്നാണ് കേസ്. ബംഗളൂരു സ്വദേശിയായ വ്യാപാരിയുടെ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനു പിറകിൽ നിക്ഷിപ്ത താൽപ്പര്യമെന്ന് സർക്കാർ ഹൈക്കോടതിയിൽ കുറ്റപ്പെടുത്തിയിരുന്നു.

🙏കുട്ടികൾ ഒളിച്ചോടിയ സംഭവത്തിൽ കോഴിക്കോട് ബാലികാ സദനത്തിന്റെ സൂപ്രണ്ടിനേയും പ്രൊട്ടക്ഷൻ ഓഫീസറിനേയും സ്ഥലംമാറ്റി. കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് വകുപ്പിന് നിർദേശം നൽകിയിരുന്നു.

🙏ഇടുക്കി രാജാക്കാട് പുഴയിൽ മൂന്നു മൃതദേഹങ്ങൾ. കഴിഞ്ഞ ദിവസം ഉടുമ്പൻചോലയിൽ കാണാതായ ഒരു സ്ത്രീയുടെയും രണ്ടു പുരുഷന്മാരുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

🙏ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കേസിൽ പുനരന്വേഷണം വേണമെന്ന് കുടുംബം. കേസ് നടത്തിപ്പിൽ ഉപദേശം നൽകാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി. നന്ദകുമാറിനോടാണ് ഈ ആവശ്യം ഉന്നയിച്ചത്.

🙏സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തി. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് എറ്റവും കൂടുതൽ പേരെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് 2,750 ഗുണ്ടകളാണ് ഉള്ളത്. ഗുണ്ടാ പ്രവർത്തനങ്ങളിൽ സജീവമല്ലാത്തവരെ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

🙏കോവളത്ത് ഒരു വർഷംമുമ്പ് പതിന്നാലുകാരിയെ കൊലപ്പെടുത്തിയതു പീഡനവിവരം പുറത്താകാതിരിക്കാൻ. വിഴിഞ്ഞത്ത് വയോധികയുടെ കൊലപാതകത്തിന് അറസ്റ്റിലായ റഫീഖാ ബീവിയും മകൻ ഷെഫീഖുമാണു പ്രതികൾ. ഷെഫീഖ് പീഡിപ്പിച്ചതു പുറത്തറിയാതിരിക്കാനാണ് പെൺകുട്ടിയുടെ തല ഭിത്തിയിലിടിച്ചു വീഴ്ത്തി തലയിൽ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഹെൽമെറ്റ് ധരിപ്പിച്ചാണ് പ്രതികളെ തെളിവെടുപ്പിനായി പോലീസ് കോവളത്ത് എത്തിച്ചത്.

🙏മോഷ്ടിച്ച മാലയുമായി മോഷ്ടാവ് കുടുംബസമേതം എത്തി മാല അപഹരിക്കപ്പെട്ട വീട്ടമ്മയോടു മാപ്പ് പറഞ്ഞു. ക്ഷമിച്ച് വണ്ടിക്കൂലിയായി അഞ്ഞൂറു രൂപ നൽകി വീട്ടമ്മ അവരെ തിരിച്ചയച്ചു. മൂവാറ്റുപുഴ രണ്ടാറിൽ പുനത്തിൽ മാധവിയുടെ കണ്ണിൽ മുളകുപൊടിയിട്ട് മാല തട്ടിയെടുത്ത കേസിലെ പ്രതി വിഷ്ണുപ്രസാദാണ് കുടുംബ സമേതം എത്തി മാല തിരിച്ചേൽപ്പിച്ച് മാപ്പ് പറഞ്ഞത്. കേസായതിനാൽ പിന്നീട് വിഷ്ണുപ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

🙏പാലക്കാട് കടമ്പഴിപ്പുറത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതക കേസിൽ ക്രൈംബ്രാഞ്ച് 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല. പ്രതി രാജേന്ദ്രന് ജാമ്യം ലഭിച്ചു. പ്രതി കുറ്റം സമ്മതിച്ചില്ലെന്നും അന്വേഷണം പൂർത്തിയായില്ലെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

🙏കൊച്ചിയിലെ കൊതുകു ശല്യത്തിനെതിരേ വ്യത്യസ്ത സമരവുമായി യൂത്ത് കോൺഗ്രസ്. ജനങ്ങൾ കൊന്നു കൊണ്ടുവരുന്ന കൊതുകിനു പ്രതിഫലം നൽകിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. കൊതുകിന്റെ വലിപ്പത്തിനനുസരിച്ച് അഞ്ചു പൈസ മുതൽ 50 പൈസ വരെയാണ് നൽകിയത്. പ്രതിഷേധത്തിന്റെ ഭാഗമായി കൊതുകിനെ കൈമാറാനും നിരവധി പേർ എത്തി.

🙏കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച വന്ദേ ഭാരത് എക്സ്പ്രസ്, സിൽവർ ലൈനിനു ബദലാകുമോയെന്ന് പരിശോധിക്കണമെന്ന് ശശി തരൂർ എംപി ആവശ്യപ്പെട്ടു. കേന്ദ്രവും സംസ്ഥാനവും ചർച്ച നടത്തി ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ശശി തരൂർ പറഞ്ഞു.

Advertisement