Home Blog Page 954

നീതി കിട്ടുമെന്ന് വിശ്വസിക്കുന്നില്ലെന്ന് വേണുവിൻ്റെ ഭാര്യ സിന്ധു

തിരുവനന്തപുരം. ആരോപണങ്ങള്‍ തെളിയിക്കുന്ന രേഖകളുമായി മരണവീട്ടില്‍നിന്നും പരേതന്‍റെ ഭാര്യ മേലാപ്പീസിലെത്തണം, നീതി കിട്ടുമെന്ന് വിശ്വസിക്കുന്നില്ലെന്ന് വേണുവിൻ്റെ ഭാര്യ സിന്ധു .

ആരോപണം തെളിയിക്കുന്ന രേഖകളുമായി നാളെ ഹാജരാകാൻ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ആവശ്യപ്പെട്ടു.എന്നാൽ ചടങ്ങുകൾ പൂർത്തിയാകാതെ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് മുൻപാകെ ഹാജരാകില്ലെന് വേണുവിൻ്റെ ഭാര്യ സിന്ധു.

ഈ അവസ്ഥയിൽ തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച രീതി ശരിയായില്ല.വീട്ടിൽ എത്തി മൊഴി രേഖപ്പെടുത്തുമെന്നാണ് കരുതിയത്.ഇനി മെഡിക്കൽ കോളേജിൽ വേണുവിനെ കൊണ്ടു പോയതുo,വേണു മരിച്ചതും തെറ്റായി പോയെന്ന് പറയാതിരുന്നാലും ഭാഗ്യമെന്നും ഭാര്യ സിന്ധുപറഞ്ഞു

സ്കൂളിൽ കയറി അധ്യാപകനെ മർദ്ദിച്ച കേസിൽ രക്ഷിതാവ് അറസ്റ്റിൽ

തൃശൂര്‍. സ്കൂളിൽ കയറി അധ്യാപകനെ മർദ്ദിച്ച കേസിൽ രക്ഷിതാവ് അറസ്റ്റിൽ.ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടിൽ ധനേഷ് (40) നെയാണ് അറസ്റ്റ് ചെയ്തത്.പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽ.പി സ്കൂളിലെ അധ്യാപകൻ ആല സ്വദേശി തയ്യിൽ ഭരത് കൃഷ്ണയെയാണ് (25) ധനേഷ് മർദിച്ചത്

തിങ്കളാഴ്ച്ച വൈകിട്ട് 3.30 ഓടെ ആയിരുന്നു സംഭവം.ധനേഷിൻ്റെ മകൻ നാലാം ക്ലാസ് വിദ്യാർഥിയാണ്.തിങ്കളാഴ്ച്ച സ്കൂ‌ളിൽ എത്തിയ മകൻ അധ്യാപകരോട് പറയാതെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു.സ്‌കൂൾ വിടും മുൻപ് പോയ വിദ്യാർഥിയെ അധ്യാപകനായ ധനേഷ് വീട്ടിൽ ചെന്നു സ്‌കൂളിലേക്ക് തിരിച്ചു കൊണ്ടുവന്നു. ഇതാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു

സ്പെയിനിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ കൊല്ലം സ്വദേശിയായ യുവശാസ്ത്രജ്ഞൻ മരിച്ചു

.

കൊല്ലം.സ്പെയിനിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ കൊല്ലം സ്വദേശിയായ യുവശാസ്ത്രജ്ഞൻ മരിച്ചു. തട്ടാമല ഒരുമ നഗർ 137 വലിയഴികത്തു വീട്ടിൽ സുധാകരൻ -ബിന്ദു ദമ്പതികളുടെ മകൻ ജ്യോതിഷാണ് (28) മരിച്ചത്. ഇക്കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം കഴിഞ്ഞ ദിവസമാണ് മരണവിവരം വീട്ടുകാർക്ക് ലഭിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര സർക്കാർ ഇടപെടൽ നടത്തണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

ജർമ്മനിയിൽ ഡവലപ്മെൻറ് ബയോളജിയിൽ ഗവേഷണ വിദ്യാർഥിയായ ജ്യോതിഷ്
നവംബർ രണ്ടിനാണ് ഒടുവിൽ കുടുംബവുമായി സംസാരിച്ചത്. സുഹൃത്തുക്കളുമൊത്ത് സ്പെയിനിൽ വിനോദ യാത്രയ്ക്ക് എത്തിയതായിരുന്നു ജ്യോതിഷ്, സ്പെയിനിൽ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന ലാസ് പാമാസ് ദ്വീപിലെ കടലിൽ കുളിക്കവെയാണ് ജ്യോതിഷിനെ കാണാതായത്.
ജ്യോതിഷിനോടൊപ്പമുണ്ടായിരുന്ന റൊമാനിയൻ പൗരനെയും കാണാതായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്ന അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ജർമ്മൻ പൗരനാണ് വിവരം പോലീസിൽ അറിയിച്ചത്.

പക്ഷേ ജോതിഷ് തന്നെയോണോ മരിച്ചതെന്ന് ഉറപ്പിക്കാൻ വീണ്ടും സമയം എടുത്തു.
കഴിഞ്ഞ ദിവസമാണ് കുടുംബം ജ്യോതിഷ് മരിച്ചതായുള്ള വിവരം സ്ഥിരീകരിച്ചത്.ജ്യോതിഷിൻ്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

എം പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, ശശി തരൂർ തുടങ്ങിയവർ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെട്ടിട്ടുണ്ടെങ്കിലും സ്പെയിനിൽ നിന്നുള്ള മറുപടി വൈകുന്നതിലെ ആശങ്കയിലാണ് കുടുംബo.

മില്‍മയില്‍ 338 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി നവംബര്‍ 27

മില്‍മയുടെ തിരുവനന്തപുരം, മലബാര്‍ മേഖലകളിലെ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 24 തസ്തികകളിലായി 338 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നവംബര്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സ്ഥിരം നിയമനമാണ്.

ഓഫീസര്‍, നോണ്‍ ഓഫീസര്‍, പ്ലാന്റ് അസിസ്റ്റന്റ് എന്നീ കാറ്റഗറികളിലായി തിരുവനന്തപുരം റീജണില്‍ 198 ഒഴിവുകളും മലബാര്‍ റീജണില്‍ 140 ഒഴിവുകളുമാണുള്ളത്. അസിസ്റ്റന്റ് എന്‍ജിനീയര്‍, അസിസ്റ്റന്റ് മാര്‍ക്കറ്റിങ് ഓഫിസര്‍, അസിസ്റ്റന്റ് ഡെയറി ഓഫിസര്‍, അസിസ്റ്റന്റ് എച്ച്ആര്‍ഡി ഓഫിസര്‍, അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍, അസിസ്റ്റന്റ് ഫിനാന്‍സ് ഓഫിസര്‍, അസിസ്റ്റന്റ് വെറ്ററിനറി ഓഫിസര്‍, അസിസ്റ്റന്റ്‌റ് പര്‍ച്ചേസ് ഓഫിസര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, ജൂനിയര്‍ സിസ്റ്റംസ് ഓഫിസര്‍, സിസ്റ്റം സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍, ജൂനിയര്‍ അസിസ്റ്റന്റ്, ടെക്‌നിഷ്യന്‍ ഗ്രേഡ് II, ലാബ് അസിസ്റ്റന്റ്, മാര്‍ക്കറ്റിങ് അസിസ്റ്റന്റ്, ജൂനിയര്‍ സൂപ്പര്‍വൈസര്‍, സെക്രട്ടേറിയല്‍ അസിസന്റ്, ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡന്റ്, പ്ലാന്റ് അസിസ്റ്റന്റ്, ടെക്‌നിഷ്യന്‍, പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്.

18-നും 40-നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. അര്‍ഹരായവര്‍ക്ക് വയസ്സില്‍ ഇളവുണ്ട്. ഓഫീസര്‍ തസ്തികകളിലേക്കുള്ള പോസ്റ്റുകളിലേക്ക് 1,000 രൂപയും നോണ്‍ ഓഫീസര്‍ തസ്തികകളില്‍ 700 രൂപയും പ്ലാന്റ് അസിസ്റ്റന്റ് തസ്തികകളില്‍ 500 രൂപയുമാണ് അപേക്ഷ ഫീസ്. വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യതയില്‍ വ്യത്യാസമുണ്ട്. ചില തസ്തികകളില്‍ പ്രവര്‍ത്തിപരിചയവും ആവശ്യമാണ്.

എഴുത്ത് പരീക്ഷ, സ്‌കില്‍ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇ്ന്റര്‍വ്യൂ എന്നീ ഘട്ടങ്ങള്‍ക്ക് ശേഷമാണ് തിരഞ്ഞെടുക്കുക. തസ്തികകള്‍ക്കനുസരിച്ചുള്ള വ്യത്യാസം വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.

ഓഫിസര്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ട തസ്തികകള്‍ക്കുള്ള ശമ്പള സ്‌കെയില്‍ 50320-101560 രൂപ. നോണ്‍ ഓഫിസര്‍ കാറ്റഗറിക്ക് 39640-101560/34640-93760/29490-85160 രൂപ എന്നിങ്ങനെ. മറ്റുള്ളവര്‍ക്ക് 28660-71160/23000- 56240 രൂപ. ക്ഷാമബത്ത, വീട്ടുവാടക, അലവന്‍സ് എന്നിവയ്ക്ക് പുറമെ എല്ലാ വിഭാഗക്കാര്‍ക്കും ഇപിഎഫ്, ഗ്രാറ്റിവിറ്റി തുടങ്ങിയ ആനുകൂല്യങ്ങളും ഉണ്ട്. വിശദവിവരങ്ങള്‍ക്ക് വിജ്ഞാപനം നോക്കുക.

കുട്ടികളിൽ ന്യുമോണിയ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എല്ലാ വർഷവും നവംബർ 12 നാണ് ലോക ന്യുമോണിയ ദിനം ആചരിക്കുന്നത്. കൊച്ചുകുട്ടികളെയും പ്രായമായവരെയും ഒരുപോലെ ബാധിക്കുന്ന ഒരു ഗുരുതരമായ ശ്വാസകോശ അണുബാധയാണ് ന്യുമോണിയ. തണുപ്പുകാലത്ത് കുട്ടികൾക്ക് ന്യുമോണിയ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം, തണുത്ത കാലാവസ്ഥയില്‍ രോഗ പ്രതിരോധശേഷി കുറയാന്‍ സാധ്യത ഉണ്ട്. ഇതുമൂലം വൈറസുകളും ബാക്ടീരിയകളും പെട്ടെന്ന് കുട്ടികളുടെ ശ്വാസകോശത്തിലേക്ക് കടന്ന് അണുബാധയുണ്ടാക്കുന്നതിന് കാരണമാകും.

ചുമ, കഫക്കെട്ട്, നെഞ്ചില്‍ പഴുപ്പ്, കഠിനമായ പനി, ശ്വാസം മുട്ടല്‍, നെഞ്ചുവേദന, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി എന്നിവയാണ് കുട്ടികളിലെ ന്യുമോണിയയുടെ പ്രധാന ലക്ഷണങ്ങള്‍. കുട്ടികളിൽ ന്യുമോണിയ വരാനുള്ള സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്

ന്യുമോണിയക്കെതിരെയുള്ള വാക്സിൻ കുട്ടികള്‍ക്ക് എടുക്കേണ്ടത് ഏറെ പ്രധാനമാണ്.

രണ്ട്

വ്യക്തിശുചിത്വമാണ് ന്യുമോണിയ വരാനുള്ള സാധ്യത കുറയ്ക്കാൻ പ്രധാനമായി വേണ്ടത്. ഇതിനായി സോപ്പും വെള്ളവും ഉപയോഗിച്ച് എപ്പോഴും കൈ കഴുകേണ്ടതിന്റെ പ്രാധാന്യം കുട്ടിയെ പഠിപ്പിക്കുക. പുറത്തുപോയി വന്നാല്‍ കൈകള്‍ നല്ലതുപോലെ കഴുകാനും ഭക്ഷണത്തിന് മുമ്പും ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷവും കൈകള്‍ കഴുകാനും കുട്ടികളെ ശീലിപ്പിക്കുക. കുറഞ്ഞത് 20 സെക്കന്റെങ്കിലും കൈകൾ നന്നായി കഴുകാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.

മൂന്ന്

രോഗ പ്രതിരോധശേഷി കൂട്ടുക എന്നതും പ്രധാനമാണ്. പോഷക സമൃദ്ധവും വൃത്തിയുള്ളതുമായ ഭക്ഷണം തന്നെ കുട്ടികള്‍ക്ക് കൊടുക്കുക. സമീകൃതാഹാരം ഏറെ പ്രധാനമാണ്. ഇതിനായി പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

നാല്

വ്യായാമം, മതിയായ ഉറക്കം എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും കുട്ടിയെ പ്രോത്സാഹിപ്പിക്കുക.

അഞ്ച്

പനി, ജലദോഷം, ചുമ, ശ്വാസകോശ സംബന്ധമായ അണുബാധകൾ തുടങ്ങിയവ ഉള്ളവരിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുക. അതുപോലെ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ടിഷ്യൂ അല്ലെങ്കിൽ കൈകള്‍ കൊണ്ട് മറയ്ക്കാൻ കുട്ടികളെ ശീലിപ്പിക്കുക.

ആറ്

വീട് വൃത്തിയായി സൂക്ഷിക്കേണ്ടതും പ്രധാനമാണ്. പൊടിയും അലർജിയും അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ തറ, ഫർണിച്ചറുകൾ, പ്രതലങ്ങൾ എന്നിവ പതിവായി വൃത്തിയാക്കുക.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

നടൻ ധർമ്മേന്ദ്ര ആശുപത്രി വിട്ടു,പൂർണ്ണ ആരോഗ്യവാനെന്ന് കുടുംബം, തുടർ ചികിത്സകൾ വീട്ടിൽ വച്ചെന്നും വിശദീകരണം

മുംബൈ: നടൻ ധർമ്മേന്ദ്ര ആശുപത്രി വിട്ടു..മ്രുംബേ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ടചികിത്സയിലായിരുന്നു ധര്‍മേന്ദ.നടൻ പൂർണ്ണ ആരോഗ്യവാനെന്ന് കുടുംബം വ്യക്തമാക്കി.വീട്ടിൽ വച്ചായിരിക്കും തുടർന്നുള്ള ചികിത്സകൾ.

കുടുംബാംഗങ്ങളുടെ തീരുമാനത്തെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്.ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് ധർമ്മേന്ദ്ര ആശുപത്രി വിട്ടത്. കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ചതായുള്ള വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെതിരെ കുടുംബം രം​ഗത്ത് എത്തുകയും ചെയ്തു.

പാലക്കാട് ബിജെപിയിൽ തർക്കം രൂക്ഷമാവുന്നു; സ്ഥാനാർത്ഥികൾ ഭൂരിഭാ​ഗവും കൃഷ്ണകുമാർ പക്ഷം, നേതൃത്വത്തിന് പരാതി

പാലക്കാട്: തദ്ദേശ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് നഗരസഭയിൽ സ്ഥാനാർത്ഥി നിർണയത്തിൽ ബിജെപിയിൽ ഭിന്നത. ഭൂരിഭാഗവും സംസ്ഥാന വൈസ് പ്രസിഡൻറ് സി കൃഷ്ണകുമാർ പക്ഷത്തിന്റെ സ്ഥാനാർത്ഥികളെന്നാണ് മറുഭാഗം ഉന്നയിക്കുന്നത്. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ അടക്കമുള്ളവരാണ് സ്ഥാനാർത്ഥി പട്ടികയിലുള്ളത്. മിനി കൃഷ്ണകുമാറും സ്ഥാനാർത്ഥി പട്ടികയിലുണ്ട്. ചെയർപേഴ്സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് എന്നിവർ പട്ടികയിൽ ഇല്ല.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പ്രമീള ശശിധരൻ ഉൾപ്പടെയുള്ളവരോട് കൂടി ആലോചിച്ചില്ലെന്നാണ് മറു വിഭാഗം ഉയർത്തുന്ന വിമർശനം. മുതിർന്ന നേതാവ് ശിവരാജനെയും സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ പല സീറ്റുകളിലും തർക്കം ഉടലെടുത്തിരിക്കുകയാണ്. അതേസമയം, സംഭവത്തിൽ സംസ്ഥാന നേതൃത്വത്തെ വിളിച്ചു ഒരു വിഭാഗം പരാതി പറഞ്ഞതായാണ് റിപ്പോർട്ട്. പാലക്കാട് ജില്ലയുടെ ചാർജുള്ള കെ കെ അനീഷ് കുമാർ ഉൾപ്പടെയുള്ളവർ ഇടപെട്ടു കഴിഞ്ഞിട്ടുണ്ട്.

പാലക്കാട് മുന്നണികൾക്ക് തലവേദന

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാലക്കാട് ജില്ലയിൽ മുന്നണികൾക്ക് തലവേദനയായി വിഭാഗീയ പ്രശ്നങ്ങളും കൂറ് മാറ്റവും. കടുത്ത വിഭാഗീയ പ്രശ്നങ്ങൾ പാലക്കാട് നഗരസഭയിൽ ബിജെപിക്ക് തിരിച്ചടി ഉണ്ടാക്കുമ്പോൾ, വി 4 പട്ടാമ്പിയിലെ ഒരു വിഭാഗത്തിന്റെ കൂറ് മാറ്റവും കൊഴിഞ്ഞാമ്പാറയിലെ വിഭാഗീയതയും എൽഡിഎഫിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. അതേസമയം സീറ്റ് ചർച്ചകൾ പൂർത്തിയാക്കുന്നതിനു മുമ്പ് യുഡിഎഫിനുള്ളിൽ വിമതനീക്കവും സജീവമാണ്.

ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭ, ജില്ലാ പഞ്ചായത്ത്- എല്ലായിടത്തും സമഗ്രാധിപത്യമാണ് ഇടതിന്. പക്ഷേ ഇത്തവണ എണ്ണം കൂട്ടാനാവുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. നഗരസഭ നിലനിർത്തുന്നതിനൊപ്പം, അഞ്ചു പഞ്ചായത്തുകൾ, എല്ലാപഞ്ചായത്തിലും ഒരു അംഗം എന്നിവയാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാൽ വിഭാഗീയത, വിമത നീക്കം, കൂറുമാറ്റം എന്നിവ മുന്നണികളുടെ കണക്കുകൂട്ടലുകൾക്കുമപ്പുറം പ്രതിസന്ധിയാണ്.

ബിജെപി ഭരിക്കുന്ന ജില്ലയിലെ ഏക തദ്ദേശ സ്ഥാപനമാണ് പാലക്കാട് നഗരസഭ. നിലവിലെ ചെയർപേഴ്സണെ പുറത്താക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടതും, മുൻ ചെയർപേഴ്സൺ പ്രിയ അജയൻ നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പെഴുതി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചതും വിഭാഗീയതയുടെ ഒടുവിലത്തെ ഉദാഹരണം. എന്നാൽ എല്ലാം മാധ്യമ സൃഷ്ടിയെന്നാണ് നേതൃത്വം പറയുന്നത്.

യുഡിഎഫ് പിന്തുണയോടെ മത്സരിക്കാൻ തീരുമാനിച്ച കൊഴിഞ്ഞാംപാറയിലെ സിപിഎം വിമതർ, പട്ടാമ്പി നഗരസഭയിൽ വിഫോർ പട്ടാമ്പി മുന്നണി വിട്ടത്, നെല്ലായ, വല്ലപ്പുഴ, കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകളിലെ സിപിഎമ്മിലെ വിഭാഗീയതയെ തുടർന്നാണ്. മണ്ണാർക്കാട്ടെ പികെ ശശിയുടെ നീക്കങ്ങൾ, യുഡിഎഫുമായി ചർച്ച നടത്തുന്ന സേവ് സിപിഐ. തലവേദനകൾ നിരവധിയാണ് എൽഡിഎഫിന്. ഇതൊന്നും തിരിച്ചടിയല്ലെന്നാണ് നേതൃത്വത്തിൻറെ വിലയിരുത്തൽ.

സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിൽ നിൽക്കുമ്പോൾ വെൽഫെയർ പാർട്ടിയെ ചൊല്ലിയാണ് യുഡിഎഫിൽ തർക്കം. പാലക്കാട് നഗരസഭയിൽ ഔദ്യോഗിക സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ലീഗ് നേതൃത്വം ശ്രമിക്കുന്നുവെന്നാണ് ആരോപണം. മുസ്ലിംലീഗിലെ മുൻ നഗരസഭ വൈസ് ചെയർമാൻ അബ്ദുൽ അസീസിൻറെ ഒരു വിഭാഗമാണ് വിമത നീക്കത്തിനൊരുങ്ങുന്നത്. എല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് നേതാക്കൾ പറയുന്നു.

ബിഹാറിൽ വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ കോൺഗ്രസ്‌ നേതാവ് പാർട്ടിയിൽ നിന്നും രാജിവെച്ചു; മറ്റു പാർട്ടിയിൽ ചേരില്ലെന്ന് വിശദീകരണം

ന്യൂഡൽഹി: കോൺഗ്രസ്‌ നേതാവ് ഷക്കീൽ അഹമ്മദ് പാർട്ടിയിൽ നിന്നും രാജിവെച്ചു. മുൻ എംപിയും 5 തവണ എംഎൽഎയുമായിരുന്ന ഷക്കീൽ അഹമ്മദ് പാർട്ടി ദേശീയ വക്താവ് ആയി പ്രവർത്തിച്ചിട്ടുണ്ട്. നേതൃത്വത്തിൽ ഉള്ള ചില നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാർട്ടി വിടാൻ കാരണമെന്ന് രാജിക്കത്തിൽ പറയുന്നു. മറ്റു പാർട്ടിയിൽ ചേരില്ലെന്നും അന്ത്യം വരെ കോൺഗ്രസ് ആശയങ്ങളിൽ അടിയുറച്ചു നിൽക്കുമെന്നും അഹമ്മദ് വ്യക്തമാക്കി. ബിഹാറിൽ നിന്നുള്ള നേതാവ് ആണ് ഷക്കീൽ അഹമ്മദ്. ബിഹാറിൽ വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെയാണ് രാജി.

എൻഡിഎ ഭരണം തുടരുമെന്ന് എക്സിറ്റ് പോൾ പ്രവചനം

ബിഹാറിൽ എൻഡിഎ ഭരണം തുടരുമെന്ന് എക്സിറ്റ് പോൾ പ്രവചനം. പുറത്ത് വന്ന ഒരു പ്രവചനവും മഹാസഖ്യത്തിന് സാധ്യത പറയുന്നില്ല. അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ 69 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. ബിഹാറിൽ എൻഡിഎ തന്നെയെന്ന് പ്രവചനം. പുറത്ത് വന്ന ഏഴ് എക്സിറ്റ് പോൾ ഫലങ്ങളും എൻഡിഎ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്കെന്ന് പ്രവചിക്കുന്നു. 133 മുതൽ 167 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം.

മാട്രിസ് ഐഎഎൻഎസ് സർവേയാണ് എൻഡിഎക്ക് 167 സീറ്റുകൾ വരെ പ്രവചിക്കുന്നത്. മഹാസഖ്യവും ഒരു പ്രവചനത്തിൽ പോലും കേവല ഭൂരിപക്ഷത്തിനടുത്തെത്തുന്നില്ല. മഹാസഖ്യം അധികാരത്തിൽ വരില്ലെന്ന് പറയുമ്പോഴും തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് താൽപര്യപ്പെടുന്ന ചെറിയ വിഭാഗമുണ്ടെന്ന് ചില സർവേകൾ ചൂണ്ടിക്കാട്ടുന്നു. പതിനായിരം രൂപ അക്കൗണ്ടിലേക്കെത്തിച്ചതടക്കം സ്ത്രീകൾക്കായി നടത്തിയ പ്രഖ്യാപനങ്ങളാണ് എൻഡിഎക്ക് അനുകൂലമായതെന്നാണ് സർവേകളിലെ വിലയിരുത്തൽ.

അതേസമയം, ആദ്യ ഘട്ട പോളിംഗ് ശതമാന റെക്കോർഡിനെ മറികടക്കുന്നതായി അവസാനഘട്ടത്തിലെ പോളിംഗ് നിരക്ക്. ആദ്യഘട്ടത്തിൽ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെങ്കിൽ രണ്ടാംഘട്ടത്തിൽ അത് 69 ശതമാനമായി. പോളിംഗ് ശതമാനം പരിശോധിച്ചാൽ ന്യൂനപക്ഷ മേഖലയായ സീമാഞ്ചലിലെ മണ്ഡലങ്ങളിലാണ് കൂടുതൽ വോട്ടിംഗ് നടന്നത്. മഹാസഖ്യം പ്രതീക്ഷ വെക്കുന്ന ഈ മേഖലയിൽ കഴിഞ്ഞ തവണ പക്ഷേ എൻഡിഎയാണ് മുന്നിലെത്തിയത്. എൻഡിഎ കേന്ദ്രങ്ങളായ ചമ്പാരൻ മേഖലകളിലെ ബൂത്തുകളിലും നല്ല പോളിംഗ് രേഖപെടുത്തി. കഴിഞ്ഞ തവണ 122 ൽ 62 സീറ്റുകൾ നേടി എൻഡിഎ രണ്ടാംഘട്ടത്തിൽ മേൽക്കൈ നേടി. 49 സീറ്റാണ് മഹാസഖ്യത്തിന് കിട്ടിയത്.

ഇസ്ലാമാബാദിലെ സ്ഫോടനം ഇന്ത്യ താലിബാൻ കൂട്ടുകെട്ട് ആസൂത്രണം ചെയ്തതെന്ന് പാകിസ്ഥാന്‍, കള്ളപ്രചാരണമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തെക്കുറിച്ച് പാകിസ്ഥാൻ മാധ്യമങ്ങൾ കള്ളപ്രചാരണം നടത്തുന്നു എന്ന് കേന്ദ്ര സർക്കാർ.സ്ഫോടനം ഇന്ത്യയുടെ നാടകം എന്നാണ് പാക് പ്രചാരണം.ഇസ്ലാമാബാദിലെ സ്ഫോടനം ഇന്ത്യ താലിബാൻ കൂട്ടുകെട്ട് ആസൂത്രണം ചെയ്തതെന്നാണ് പാക് മാധ്യമ പ്രചാരണം

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി എൻ ഐ എ. കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. അക്രമണത്തിൽ പാക് ഭീകര സംഘടന ആയ ജയ്ഷേ മുഹമ്മദിന്റെ പങ്ക് സംശയിക്കുമ്പോഴും ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

കശ്മീരിലെ പുൽവാമ സ്വദേശി ഡോ.ഉമർ മുഹമ്മദ് നടത്തിയത് ചാവേർ ആക്രമണം ആയിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ചാവേറിന്റെ രീതിയിൽ ആയിരുന്നില്ല ആക്രമണം. റെയ്ഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത് പ്രതിയെ പരിഭ്രാന്തനാക്കി. നിർമാണം പൂർത്തിയാകാത്ത ബോംബ് അസമയത്ത് പൊട്ടിത്തെറിക്കുക ആയിരുന്നുവെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്ത്തിരുന്നു.. കാർ ഒരു ലക്ഷ്യത്തിലേക്ക് കുതിക്കുകയോ മനഃപൂർവ്വം ഇടിക്കുകയോ ചെയ്തിരുന്നത് ചാവേറിന്റെ രീതിയ്ക്ക് വിരുദ്ധമാണെന്നും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ ചോദ്യം ചെയ്യാൻ എസ്ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ ചോദ്യം ചെയ്യാൻ എസ്ഐടി. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പത്മകുമാറിന് നോട്ടീസ് നൽകും. ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘത്തെ തീരുമാനം.

ശബരിമല ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും സ്വർണം പൂശാനായി കൊണ്ടുപോകുമ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു എ. പത്മകുമാർ. അന്ന് ബോർഡ് അംഗങ്ങളായിരുന്ന രണ്ട് പേരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരുമെന്ന് പത്മകുമാറിനെ അന്വേഷണ സംഘം അറിയിച്ചിരുന്നു. നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും പത്മകുമാർ അസൗകര്യം അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഇന്ന് വീണ്ടും നോട്ടീസ് നൽകാനുള്ള തീരുമാനം.

ഇന്നലെ അറസ്റ്റിലായ എൻ. വാസുവും മുമ്പ് പിടിയിലായ മുരാരി ബാബുവും ഉൾപ്പെടെ നൽകിയ മൊഴി പത്മകുമാറിനെതിരാണെന്നാണ് വിവരം. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിനും അംഗങ്ങൾക്കുമുൾപ്പെടെ സ്വർണക്കൊള്ളയെക്കുറിച്ച് അറിയാമായിരുന്നെന്നും സ്വർണപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തിയത് ഇവർ കണ്ടതാണെന്നും ഇവരുടെ കൂടി അറിവോടെയാണ് സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കൊടുത്തുവിട്ടതെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.


ഇതാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റിനെയും അംഗങ്ങളേയും പ്രതിസന്ധിയിലാക്കുന്നത്. ഇവർക്കെതിരായ മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. നേരത്തെ ചില രേഖകൾ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ, മുമ്പ് അറസ്റ്റിലായവരുടെ മൊഴികൾ സാധൂകരിക്കപ്പെടുകയാണെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.