Home Blog Page 461

സംസ്‌കൃത സർവ്വകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിൽ സ്പോട്ട് അഡ്മിഷൻ

പന്മന : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പന്മന പ്രാദേശിക കേന്ദ്രത്തിൽ എം.എ. മലയാളം, ഹിന്ദി, സംസ്കൃത – വേദാന്തം എന്നീ വിഷയങ്ങളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അർഹരായ വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 6ന് രാവിലെ ക്യാമ്പസിൽ എത്തിച്ചേരേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ 9496711836, 04762670700

ഉദയാ ലൈബ്രറി വി.സാംബശിവൻ അനുസ്മരണം നടത്തി

മൈനാഗപ്പള്ളി:
2026 ജൂൺ 19 – ന് ആരംഭിച്ച വായനാ പക്ഷാചരണത്തോടനുബന്ധിച്ച് മൈനാഗപ്പള്ളി ഉദയാ ലൈബ്രറി വി.സാംബശിവൻ അനുസ്മരണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കേരളാ ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാകമ്മിറ്റി അംഗം പി.എസ്.സാനു അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. ഉദയാ വനിതാവേദി പ്രസിഡന്റ് എസ്.ആർ.ശ്രീകല,യുവത പ്രസിഡന്റ് അജു .ജി.നാഥ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ഭരണ സമിതി അംഗങ്ങളായ കെ.പ്രസന്നകുമാർ, എസ്.മായാദേവി, ആർ.പി. സുഷമ, ലൈബ്രേറിയൻ ജെ.ജയകുമാരി, പി.ശിവപ്രസാദ്, കോയിക്കൽ സുരേഷ് തുടങ്ങിയവർ നേതൃത്വം നല്കി. ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ സ്വാഗതവും ലൈബ്രറിയൻ ഇ. ഷജീന നന്ദിയും പറഞ്ഞു. പക്ഷാചരണത്തിന്റെ ഭാഗമായി നാളെ (ജൂലൈ 5 – ന് ) വൈക്കം മുഹമ്മദ് ബഷീർ / തിരുനല്ലൂർ കരുണാകരൻ അനുസ്മരണവും സമാപന ദിവസമായ ജൂലൈ 7 ന് ഐ.വി. ദാസ് അനുസ്മരണവും നടക്കും.

ഓപ്പറേഷന്‍ തൂഫാന്‍: 13.480 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കൊല്ലം: കേരളാ പോലീസിന്റെ സംസ്ഥാന വ്യാപക ലഹരിവിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ചവറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വീണ്ടും ലഹരി വേട്ട. ഡാന്‍സാഫ് സംഘവും ചവറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 13.480 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിലായി. ചവറ കുളങ്ങര ഭാഗം ഉമേഷ് ഭവനം വീട്ടില്‍ ഉമേഷ് ലാല്‍(37) ആണ് അറസ്റ്റിലായത്.
ഇയാളില്‍ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 13.480 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ കൊല്ലം സിറ്റി പരിധിയില്‍ 5 കേസുകളിലായി 43.74 ഗ്രാം എംഡിഎംഎ ആണ് കൊല്ലം സിറ്റി ഡാന്‍സാഫ് സംഘം പിടികൂടിയത്.
കഴിഞ്ഞ ദിവസം 1.05 ഗ്രാം എം.ഡി.എം.എ യുമായി മുഹമ്മദ് ഷഫീഖ് എന്ന യുവാവ് ചവറ പോലീസിന്റെ പിടിയിലായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനും തുടര്‍പരിശോധനയ്ക്കുമൊടുവിലാണ് ഉമേഷ് ലാലിനെ അറസ്റ്റ് ചെയ്തത്. ആഡംബര ജീവിതം നയിക്കുന്നതിനായി ബാംഗ്ലൂരില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് മയക്ക് മരുന്ന് വാങ്ങി ചവറയിലും സമീപ പ്രദേശങ്ങളിലുമുള്ള സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഉയര്‍ന്ന വിലയില്‍ വിതരണം നടത്തി വരികയായിരുന്നു പ്രതി.
ലഹരിമരുന്ന് ശൃംഖലകള്‍ക്കെതിരെ കൊല്ലം സിറ്റി പോലീസ് ശക്തമായ നടപടികള്‍ തുടരുമെന്നും, ലഹരിമരുന്ന് വില്‍പ്പന, ഉപയോഗം, കടത്ത് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ പോലീസിനെ അറിയിക്കണമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഹേമലത.എം. അറിയിച്ചു.

പ്രോസ്റ്റേറ്റ് ക്യാൻസർ ; പുരുഷന്മാർ ഒരിക്കലും അവ​ഗണിക്കാൻ പാടില്ലാത്ത ആറ് ലക്ഷണങ്ങൾ

പുരുഷന്മാരിൽ മൂത്രാശയത്തിന് താഴെ സ്ഥിതി ചെയ്യുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന അർബുദമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. സാധാരണയായി പ്രായമായ പുരുഷന്മാരിലാണ് ഇത് കണ്ടുവരുന്നത്. മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്, മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുക, ഇടുപ്പ്, നട്ടെല്ല് അല്ലെങ്കിൽ വാരിയെല്ലുകളിൽ അസ്ഥി വേദന. ഭാരം കുറയൽ. മൂത്രമൊഴിക്കുന്നതിലെ ബുദ്ധിമുട്ട്, ഇടയ്ക്കിടെ കുറെ തവണ മൂത്രമൊഴിക്കാൻ തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, ജനിതക ഘടകങ്ങളിലെ മാറ്റങ്ങൾ, കൊഴുപ്പടങ്ങിയ ഭക്ഷണശീലങ്ങൾ

പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, ജനിതക ഘടകങ്ങളിലെ മാറ്റങ്ങൾ, കൊഴുപ്പടങ്ങിയ ഭക്ഷണശീലങ്ങൾ, മാനസിക സമ്മർദ്ദം എന്നിവയെല്ലാം പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നതായി പഠനങ്ങൾ പറയുന്നു. ഓരോ 100 പുരുഷന്മാരിലും 13 പേർക്ക് അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ പ്രോസ്റ്റേറ്റ് ക്യാൻസർ വരുമെന്ന് ഡാറ്റകൾ വ്യക്തമാക്കുന്നു. കുടുംബത്തിൽ ആർക്കെങ്കിലും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടെങ്കിൽ, അവരിൽ തന്നെ പ്രായം കുറഞ്ഞവർക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ, അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

പ്രാരംഭ ഘട്ടത്തിൽ പ്രോസ്റ്റേറ്റ് ക്യാൻസർ രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു

മലാശയത്തിനുള്ളിലൂടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അസാധാരണതകൾ പരിശോധിക്കുന്ന ഡിജിറ്റൽ റെക്ടൽ എക്സാമിനേഷൻ (ഡിആർഇ), രക്തത്തിലെ PSA അളവ്, അൾട്രാസൗണ്ട്, എംആർഐ, പിഎസ്എംഎ പിഇടി-സിടി ഇമേജിംഗ് എന്നീ ടെസ്റ്റുകളിലൂടെ രോഗ സാധ്യതയും ക്യാൻസർ വ്യാപനവും കണ്ടെത്താം. പ്രാരംഭ ഘട്ടത്തിൽ പ്രോസ്റ്റേറ്റ് ക്യാൻസർ രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ അത് പുരോഗമിക്കുമ്പോൾ, നിങ്ങൾക്ക് മാറ്റങ്ങൾ കണ്ടുതുടങ്ങാം.

ക്യാൻസർ പ്രോസ്റ്റേറ്റിനുള്ളിലെ ഒരു ചെറിയ ഭാഗത്ത് മാത്രമായി ഒതുങ്ങിനിൽക്കുന്നു

ഒന്നാം ഘട്ടത്തിൽ ക്യാൻസർ പ്രോസ്റ്റേറ്റിനുള്ളിലെ ഒരു ചെറിയ ഭാഗത്ത് മാത്രമായി ഒതുങ്ങിനിൽക്കുന്നു. ഡിജിറ്റൽ റെക്റ്റൽ എക്സാമിനേഷൻ (DRE) വഴി തിരിച്ചറിയാൻ കഴിയാത്തത്ര ചെറുതായിരിക്കും. അതിനാൽ, PSA (പ്രോസ്റ്റേറ്റ്-സ്പെസിഫിക് ആന്റിജൻ) അളവിലുണ്ടാകുന്ന വർദ്ധനവ് മൂലമാണ് പലപ്പോഴും ബയോപ്സിയിലൂടെ ഇത് കണ്ടെത്തുന്നത്. റേഡിയേഷൻ തെറാപ്പി, ശസ്ത്രക്രിയ (പ്രോസ്റ്റേറ്റക്ടമി) എന്നിവയാണ് ഇതിനുള്ള ചികിത്സാ മാർഗ്ഗങ്ങൾ.

ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി എന്നിവയാണ് ചികിത്സാ രീതികൾ

രണ്ടാം ഘട്ടത്തിൽ ട്യൂമർ വലുതോ കൂടുതൽ വ്യക്തമായതോ ആണെങ്കിലും, അത് ഇപ്പോഴും ഒരു പ്രത്യേക ഭാഗത്ത് (പ്രോസ്റ്റേറ്റിൽ) മാത്രം ഒതുങ്ങിനിൽക്കുന്നതായി കണക്കാക്കപ്പെടുന്നു. ക്യാൻസർ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ മാത്രം പരിമിതമാണെങ്കിലും, ഗ്രന്ഥിയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടാകാം. ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി എന്നിവയോ ഇവയുടെ സംയോജനമോ ആണ് ഈ ഘട്ടത്തിൽ സാധാരണയായി നിർദ്ദേശിക്കപ്പെടുന്ന ചികിത്സാ രീതികൾ.

മൂന്നാം ഘട്ടമാകുമ്പോഴേക്കും മൂത്രാശയ ഭാ​ഗത്തും മറ്റ് ഇടങ്ങളിലും വ്യാപിക്കുന്നു

മൂന്നാം ഘട്ടമാകുമ്പോഴേക്കും പ്രോസ്റ്റേറ്റിന് പുറമേ, മൂത്രാശയ ഭാ​ഗം, സെമിനൽ വെസിക്കിളുകൾ എന്നിവയുൾപ്പെടെയുള്ള തൊട്ടടുത്തുള്ള കലകളിലേക്കും ക്യാൻസർ പുരോഗമിക്കുന്നു. ഹോർമോൺ, റേഡിയേഷൻ തെറാപ്പി, ശസ്ത്രക്രിയ എന്നിവയിലൂടെ പുരോഗതി നിയന്ത്രിക്കുന്നതിനാണ് ചികിത്സ ലക്ഷ്യമിടുന്നത്.

ലക്ഷണങ്ങൾ കണ്ടാൽ വെെകിപ്പിക്കരുത് , ഉടൻ തന്നെ ഡോക്ടറെ കാണുക

ഡോക്ടർമാരോട് പോലും മൂത്രാശയ അല്ലെങ്കിൽ ലൈംഗിക ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാൻ പുരുഷന്മാർ മടിക്കുന്നു. ഈ നിശബ്ദത രോഗനിർണയത്തെയും ചികിത്സയെയും വൈകിപ്പിക്കുന്നതായി എഫ്എംആർഐയിലെ യൂറോളജി ഡയറക്ടറും റോബോട്ടിക് യൂറോളജിക്കൽ സർജറി മേധാവിയുമായ ഡോ. വിക്രം ശർമ്മ പറഞ്ഞു.

പ്രായം കുറയ്ക്കാന്‍ കടുംകൈ; പ്രസവശേഷം നീക്കം ചെയ്യുന്ന മറുപിള്ള ഉണക്കി കുത്തിവപ്പു മരുന്ന്; മാഫിയാ സംഘത്തെ പിടികൂടി പാക് പൊലീസ്

ഇസ്‌ലാമാബാദ്: പ്രസവത്തിന് ശേഷം ആശുപത്രികളില്‍ നിന്ന് നീക്കം ചെയ്യുന്ന മറുപിള്ള വാങ്ങി ഉണക്കി വിദേശത്തേക്ക് കടത്തുന്ന അന്താരാഷ്ട്ര മാഫിയാ സംഘത്തെ പാക്കിസ്താന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പിടികൂടി. പ്രായം കുറയ്ക്കാനും യൗവനം നിലനിര്‍ത്താനുമുള്ള ‘ആന്റി-ഏജിംഗ്’ കുത്തിവെപ്പു മരുന്നുകള്‍ നിര്‍മ്മിക്കാനാണ് ഇവ കടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Also Read: ഇതിലും വലിയ പ്രഹരമുണ്ടോ? സംസ്ഥാന അധ്യക്ഷ തന്നെ പാർട്ടി വിട്ടു, തിരിച്ചടികളുടെ ചക്യവ്യൂഹത്തിൽ കുടുങ്ങി മമത; പാർട്ടി ഓഫീസ് പോരാട്ടം കോടതിയിലേക്ക്

കഴിഞ്ഞ ആഴ്ചയാണ് ഇസ്ലാമാബാദിലെ ഒരു താല്‍ക്കാലിക സംസ്‌കരണ കേന്ദ്രത്തില്‍ റെയ്ഡ് നടന്നത്. 500 കിലോഗ്രാം മറുപിള്ളയാണ് ഇവിടെനിന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഒരു വീട് പൂര്‍ണ്ണമായും മറുപിള്ള സൂക്ഷിക്കാനും ഉണക്കാനുമുള്ള ഫാക്ടറിയാക്കി മാറ്റിയ നിലയിലായിരുന്നു. ഇതിന് പിന്നാലെ ഇസ്ലാമാബാദ് വിമാനത്താവളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് കടത്താന്‍ ശ്രമിച്ച 100 കിലോഗ്രാം മറുപിള്ളയും പിടിച്ചെടുത്തു.

ഇസ്ലാമാബാദ്, റാവല്‍പിണ്ടി നഗരങ്ങളിലെ ആശുപത്രികളില്‍ നിന്നാണ് പ്രതികള്‍ മറുപിള്ള ശേഖരിച്ചിരുന്നത്. ഒരു മറുപിള്ളയ്ക്ക് 800 പാകിസ്ഥാന്‍ രൂപയാണ് ഇവര്‍ ആശുപത്രി അധികൃതര്‍ക്ക് നല്‍കിയിരുന്നത്. വിദേശത്ത് ഇവ പ്രോസസ്സ് ചെയ്ത് നിര്‍മ്മിക്കുന്ന ആന്റി-ഏജിംഗ് ഇന്‍ജക്ഷന്‍ 7,00,000 പാകിസ്ഥാന്‍ രൂപയ്ക്കാണ് വില്പന നടത്തിയിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി.

മാഫിയയുടെ പ്രവര്‍ത്തനം ലാഹോര്‍, പെഷവാര്‍ തുടങ്ങിയ മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നാണ് നിഗമനം. കേസില്‍ ആശുപത്രി ജീവനക്കാര്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന കമ്പനികള്‍, ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

വാണിജ്യ ആവശ്യങ്ങള്‍ക്കായി മനുഷ്യ അവയവങ്ങളോ കോശങ്ങളോ കടത്തുന്നത് പാകിസ്ഥാനില്‍ കടുത്ത കുറ്റകൃത്യമാണ്. കുറ്റക്കാര്‍ക്ക് 10 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. മറുപിള്ള കടത്ത് പിടികൂടുന്നത് ഇതാദ്യമായാണെന്ന് അധികൃതര്‍ പറഞ്ഞു. പിടിക്കപ്പെട്ടപ്പോള്‍ ആടിന്റെ മറുപിള്ളയാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നുവെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ഗര്‍ഭകാലത്ത് ഗര്‍ഭപാത്രത്തില്‍ വികസിക്കുകയും പ്രസവത്തോടെ പുറന്തള്ളപ്പെടുകയും ചെയ്യുന്ന താല്‍ക്കാലിക അവയവമാണ് മറുപിള്ള. ഇത് കടുത്ത അണുബാധയ്ക്ക് കാരണമാകുന്ന ബയോ-മെഡിക്കല്‍ അവശിഷ്ടം’ ആണ്. മറുപിള്ളയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും അയണും കോശങ്ങളുടെ പുനരുജ്ജീവനത്തിന് നല്ലതാണെന്ന ചില പരമ്പരാഗത വിശ്വാസങ്ങളാണ് ഇത്തരം മാഫിയകള്‍ ചൂഷണം ചെയ്യുന്നത്. ഇതിന് കൃത്യമായ ശാസ്ത്രീയ അടിത്തറയില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇതിലും വലിയ പ്രഹരമുണ്ടോ? സംസ്ഥാന അധ്യക്ഷ തന്നെ പാർട്ടി വിട്ടു, തിരിച്ചടികളുടെ ചക്യവ്യൂഹത്തിൽ കുടുങ്ങി മമത; പാർട്ടി ഓഫീസ് പോരാട്ടം കോടതിയിലേക്ക്

കൊൽക്കത്ത: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തുടങ്ങിയ തിരിച്ചടികളുടെ ചക്യവ്യൂഹത്തിൽ കുടുങ്ങി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് ദേശീയ അധ്യക്ഷയുമായ മമത ബാനർജി. വിമത പക്ഷം പാർട്ടി പിളർത്തി മുന്നേറുന്നതിനിടെ മമതക്ക് കനത്ത തിരിച്ചടിയായി ടി എം സി സംസ്ഥാന അധ്യക്ഷയും പാർട്ടി വിട്ടു. ബം​ഗാൾ ടി എം സി അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും പാർട്ടി വിട്ട് വിമതർക്കൊപ്പം ചേർന്നു.

Also Read: ‘കേരളം’ അക്ഷരപ്പിശകിൽ കുഞ്ഞാലിക്കുട്ടി, ‘ട്രോളുകൾ ഞാൻ കണ്ടു, ഒരു ചെറിയ ആശയക്കുഴപ്പത്തിൽ സംഭവിച്ചൊരു തെറ്റ്’

മമതയുടെ അടുത്ത അനുയായിയും മുൻ മന്ത്രിയുമാണ് ചന്ദ്രിമ ഭട്ടാചാര്യ. പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കുന്നതായാണ് ചന്ദ്രിമ കത്ത് നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സുബ്രത ഭക്ഷിയെ മാറ്റിയാണ് മമത, ചന്ദ്രിമയെ സംസ്ഥാന അധ്യക്ഷയാക്കിയത്. രാജിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയെ ചന്ദ്രിമ കണ്ടു.

പോര് കോടതിയിലേക്ക്

അതേസമയം തൃണമൂൽ കോൺ​ഗ്രസിൽ തമ്മിലടിയും പോരും കോടതിയിലേക്ക് നീങ്ങുകയാണ്. വിമതർ കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മമത പക്ഷം പ്രതികരിച്ചു. ഓഫീസിന് സി ആർ പി എഫ് സുരക്ഷ ഏർപ്പെടുത്തി. എം എൽ എമാർക്കും എം പിമാർക്കും പിന്നാലെ പാർട്ടി ആസ്ഥാനവും മമതയുടെ കൈവിട്ട് പോവുന്ന അവസ്ഥയാണ് സംസ്ഥാനത്ത്. ഇന്നലെ രാത്രിയാണ് പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള സംഘം കൊൽക്കത്ത മെട്രോപൊളിറ്റനിലെ തൃണമൂൽ കോൺ​ഗ്രസിന്റെ ഓഫീസ് നിയന്ത്രണം ഏറ്റെടുത്തത്. അരൂപ് റോയിയെ ടി എം സി ചെയ‌ർപേഴ്സണായി തെരഞ്ഞെടുത്തത് ഓഫീസിൽ പ്രദർശിപ്പിച്ചു. തുടർന്ന് ഓഫീസ് താഴിട്ട് പൂട്ടി സംഘം മടങ്ങി. വിവരം അറിഞ്ഞെത്തിയ മമത പക്ഷം നേതാക്കൾക്ക് ഓഫീസിനകത്തേക്ക് പ്രവേശിക്കാൻ പോലും സാധിച്ചില്ല. പാർട്ടിയിൽനിന്നും നേരത്തെ പുറത്താക്കിയ ചില ​ഗുണ്ടകളാണ് ഓഫീസ് കയ്യടക്കിയതെന്നും നിയമപരമായി നടപടിയെടുക്കുമെന്നുമാണ് മമത പക്ഷം പ്രതികരിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്താണ് സി ആർ പി എഫിനെയും പൊലീസിനെയും സ്ഥലത്ത് വിന്യസിച്ചത്. അതേസമയം ശിവസേനയിലെയും തൃണമൂലിലെയും പ്രശ്നങ്ങളിൽ 20 ന് തുടങ്ങുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുമ്പ് സ്പീക്കർ ഓം ബിർള തീരുമാനമെടുക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.

‘കേരളം’ അക്ഷരപ്പിശകിൽ കുഞ്ഞാലിക്കുട്ടി, ‘ട്രോളുകൾ ഞാൻ കണ്ടു, ഒരു ചെറിയ ആശയക്കുഴപ്പത്തിൽ സംഭവിച്ചൊരു തെറ്റ്’

തിരുവനന്തപുരം : കേരളം എന്ന് ഇംഗ്ലീഷിലെഴുതിയതിലുണ്ടായ അക്ഷരത്തെറ്റിൽ വിശദീകരണവുമായി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. എഴുതുന്നതിനിടയിൽ ചുറ്റും ആളുകൾ സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ഒരു ചെറിയ ആശയക്കുഴപ്പത്തിൽ സംഭവിച്ചൊരു തെറ്റാണെന്നാണ് മന്ത്രിയുടെ വിശദീകരണം. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അതിനെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളുന്നു. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയും ചെയ്യും. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന പരിപാടിയിൽ ആശംസകൾ കുറിക്കുന്നതിനിടയിൽ എനിക്ക് പറ്റിയ ഒരു ചെറിയ അക്ഷരപ്പിശക് വച്ചുള്ള ട്രോളുകൾ ശ്രദ്ധയിൽപ്പെട്ടു. നിങ്ങളുടെ ട്രോളുകളെല്ലാം ഞാൻ കണ്ടു.

Also Read: അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എന്ന പേരിൽ ഫയലെത്തും, ഓപ്പൺ ചെയ്താൽ എല്ലാം എളുപ്പം, വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് സൈബർ തട്ടിപ്പ്, മുന്നറിയിപ്പ്

എഴുതുന്നതിനിടയിൽ ചുറ്റും ആളുകൾ സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ഒരു ചെറിയ ആശയക്കുഴപ്പത്തിൽ സംഭവിച്ചൊരു തെറ്റാണത്. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അതിനെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളുന്നു. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയും ചെയ്യും.

ജനങ്ങളുടെ വിമർശനങ്ങളെയും അഭിപ്രായങ്ങളെയും തികഞ്ഞ ജനാധിപത്യ ബോധത്തോടെ കേൾക്കുകയും, തെറ്റുകൾ ഉണ്ടെങ്കിൽ അത് മനസ്സിലാക്കി തിരുത്തി മുന്നോട്ട് പോകുകയും ചെയ്യും.

ജനങ്ങൾക്ക് എപ്പോഴും വിമർശിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുമുള്ള പൂർണ്ണ അധികാരമുണ്ട്. അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും അത് ഉൾക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുക എന്നതാണ് യു.ഡി.എഫിന്റെയും ഈ സർക്കാരിന്റെയും എന്റെയും നയം. ഈ സ്നേഹത്തിനും തിരുത്തലുകൾക്കും എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി!

വൈഭവ് സൂര്യവംശിക്ക് ഇന്ത്യന്‍ സീനിയര്‍ ടീം അരങ്ങേറ്റം… സഞ്ജു പുറത്ത്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയുടെ ഇന്ത്യന്‍ സീനിയര്‍ ടീം അരങ്ങേറ്റം ഒടുവില്‍ യാഥാര്‍ഥമായി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ സഞ്ജു സാംസണ് പകരം വൈഭവ് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചു. വൈഭവും അഭിഷേക് ശര്‍മയും ചേര്‍ന്നാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുന്നത്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ആദ്യ മത്സരം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചിരുന്നു. ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യക്കായി അരങ്ങേറ്റം കുറിയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇതോടെ വൈഭവിനു സ്വന്തമായി. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് വൈഭവ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, ഹര്‍ഷിത് റാണ, അക്ഷര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.

സെന്‍സസ് 2027; വിവരശേഖരണ പ്രക്രിയയുമായി സഹകരിക്കണം: കളക്ടര്‍

കൊല്ലം: സെന്‍സസുമായി ബന്ധപ്പെട്ട വിവരശേഖരണ പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ആനി ജൂല തോമസ്. സെന്‍സസ് ഓഫീസറുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ പൊതുജനങ്ങള്‍ നിയമപരമായി ബാധ്യസ്ഥരാണ്. വിവരശേഖരണത്തിന്റെ ഭാഗമായി സെന്‍സസ് ഉദ്യോഗസ്ഥര്‍ക്ക് വീടുകളില്‍ വരാനും കെട്ടിടങ്ങളില്‍ നമ്പറുകളും അടയാളങ്ങള്‍ പതിപ്പിക്കാനും അധികാരമുണ്ട്. വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നല്‍കുന്ന സെന്‍സസ് ഷെഡ്യൂള്‍ ഫോമുകള്‍ ഉടമസ്ഥര്‍ കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട് നല്‍കണം
സെന്‍സസ് രേഖകള്‍ പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമില്ല. സെന്‍സസ് നിയമപ്രകാരമുള്ള കേസുകളിലല്ലാതെ മറ്റ് സിവില്‍/ക്രിമിനല്‍ കോടതി നടപടികളില്‍ ഇവ തെളിവായി സ്വീകരിക്കില്ല.
ഔദ്യോഗിക ജോലി ചെയ്യാന്‍ തടസംനില്‍ക്കുക, മനഃപൂര്‍വം തെറ്റായവിവരങ്ങള്‍ നല്‍കുക, ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനം നിഷേധിക്കുക, സെന്‍സസ് നമ്പറുകളോ അടയാളങ്ങളോ മായ്ക്കുകയോ കേടുവരുത്തുകയോ ചെയ്യുക, സെന്‍സസ് ഓഫീസിലേക്ക് അതിക്രമിച്ചു കയറുക എന്നിവ പിഴയീടാക്കാവുന്ന കുറ്റങ്ങളാണ്. ഔദ്യോഗിക ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വരുത്തുകയോ തടസ്സം നില്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് കുറ്റം തെളിയിക്കപ്പെട്ടാല്‍ 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.