Home Blog Page 462

സെന്‍സസ് 2027; വിവരശേഖരണ പ്രക്രിയയുമായി സഹകരിക്കണം: കളക്ടര്‍

കൊല്ലം: സെന്‍സസുമായി ബന്ധപ്പെട്ട വിവരശേഖരണ പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ആനി ജൂല തോമസ്. സെന്‍സസ് ഓഫീസറുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ പൊതുജനങ്ങള്‍ നിയമപരമായി ബാധ്യസ്ഥരാണ്. വിവരശേഖരണത്തിന്റെ ഭാഗമായി സെന്‍സസ് ഉദ്യോഗസ്ഥര്‍ക്ക് വീടുകളില്‍ വരാനും കെട്ടിടങ്ങളില്‍ നമ്പറുകളും അടയാളങ്ങള്‍ പതിപ്പിക്കാനും അധികാരമുണ്ട്. വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നല്‍കുന്ന സെന്‍സസ് ഷെഡ്യൂള്‍ ഫോമുകള്‍ ഉടമസ്ഥര്‍ കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട് നല്‍കണം
സെന്‍സസ് രേഖകള്‍ പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമില്ല. സെന്‍സസ് നിയമപ്രകാരമുള്ള കേസുകളിലല്ലാതെ മറ്റ് സിവില്‍/ക്രിമിനല്‍ കോടതി നടപടികളില്‍ ഇവ തെളിവായി സ്വീകരിക്കില്ല.
ഔദ്യോഗിക ജോലി ചെയ്യാന്‍ തടസംനില്‍ക്കുക, മനഃപൂര്‍വം തെറ്റായവിവരങ്ങള്‍ നല്‍കുക, ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനം നിഷേധിക്കുക, സെന്‍സസ് നമ്പറുകളോ അടയാളങ്ങളോ മായ്ക്കുകയോ കേടുവരുത്തുകയോ ചെയ്യുക, സെന്‍സസ് ഓഫീസിലേക്ക് അതിക്രമിച്ചു കയറുക എന്നിവ പിഴയീടാക്കാവുന്ന കുറ്റങ്ങളാണ്. ഔദ്യോഗിക ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വരുത്തുകയോ തടസ്സം നില്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് കുറ്റം തെളിയിക്കപ്പെട്ടാല്‍ 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അറബിക്കടലില്‍ പുതിയൊരു ആഴക്കടല്‍ മത്സ്യ ഇനത്തെ കണ്ടെത്തി

കൊച്ചി: അറബിക്കടലില്‍ പുതിയൊരു ആഴക്കടല്‍ മത്സ്യ ഇനത്തെ കണ്ടെത്തിയതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) അറിയിച്ചു. ലക്ഷദ്വീപ് കടലിന്റെ കിഴക്കന്‍ ഭാഗത്ത് 350 മുതല്‍ 500 മീറ്റര്‍ വരെ ആഴത്തിലാണ് ഈ പുതിയ ഇനത്തെ കണ്ടെത്തിയത്.
‘ഇന്ത്യന്‍ ഡോറി’ എന്ന് പൊതുവായി അറിയപ്പെടുന്ന ഈ മത്സ്യത്തിന് ‘സിറ്റോപ്‌സിസ് ഇന്‍ഡിക’ (ഇ്യേേീുശെ െശിറശരമ) എന്നാണ് ശാസ്ത്രീയ നാമം നല്‍കിയിരിക്കുന്നത്. സിഎംഎഫ്ആര്‍ഐയിലെ ഡോ. ആര്‍. രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ സുപ്രധാന കണ്ടെത്തലിന് പിന്നില്‍. കൊല്ലം ശക്തികുളങ്ങര ഹാര്‍ബറില്‍ എത്തിയ ട്രോളിങ് ബോട്ടുകളില്‍ നിന്നാണ് പഠനത്തിനാവശ്യമായ ആറ് മത്സ്യങ്ങളുടെ സാമ്പിളുകള്‍ ശാസ്ത്രജ്ഞര്‍ ശേഖരിച്ചത്.
മുന്‍പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടുവരുന്ന ഇത്തരം മത്സ്യങ്ങളെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണപ്പെടുന്ന ‘സിറ്റോപ്‌സിസ് റോസിയ’ എന്ന വിഭാഗത്തിലായിരുന്നു ശാസ്ത്രലോകം ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, വിശദമായ ജനിതക പഠനങ്ങളിലൂടെ ഇവ തമ്മിലുള്ള വ്യക്തമായ വ്യത്യാസങ്ങള്‍ തിരിച്ചറിയുകയും ഇതൊരു പുതിയ ഇനമാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

വിജയ് ചിത്രം ‘ജന നായകന്‍’ റിലീസിന്

ചെന്നൈ: വിജയ് ആരാധകര്‍ മാസങ്ങളായി ആകാംക്ഷയോടെ കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത ഒടുവില്‍ എത്തിയിരിക്കുന്നു. സെന്‍സര്‍ ബോര്‍ഡ് (CBFC) തടസ്സങ്ങള്‍ നീക്കി വിജയ് ചിത്രം ‘ജന നായകന്‍’ റിലീസിന് പച്ചക്കൊടി കാട്ടി. സിനിമയിലെ അക്രമാസക്തമായ ഏഴ് രംഗങ്ങള്‍ നീക്കം ചെയ്യാനും മൂന്ന് രംഗങ്ങള്‍ മാറ്റിസ്ഥാപിക്കാനും നിര്‍ദ്ദേശിച്ചാണ് ബോര്‍ഡ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. കൊലപാതകം, രക്തച്ചൊരിച്ചില്‍, ആവര്‍ത്തിച്ചുള്ള കുത്തല്‍ തുടങ്ങിയ തീവ്രമായ ദൃശ്യങ്ങളാണ് പ്രധാനമായും വെട്ടിമാറ്റാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സെന്‍സറിങ് വിവാദങ്ങള്‍, നിയമപോരാട്ടങ്ങള്‍, ഓണ്‍ലൈന്‍ ചോര്‍ച്ച തുടങ്ങി ആറുമാസത്തോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും വിരാമമിട്ടുകൊണ്ടാണ് ചിത്രം തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്.

സ്ഥലനാമങ്ങള്‍ക്കൊപ്പം തമിഴ് വാചകം ചേര്‍ക്കുക, പുകയില/മയക്കുമരുന്ന് നിരാകരണങ്ങള്‍ (Disclaimer) കൂടുതല്‍ വ്യക്തവും വലുതുമാക്കുക, മയക്കുമരുന്ന് നിരാകരണം 8 സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ തമിഴിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ഹളും സിബിഎഫ്‌സി നല്‍കിയിട്ടുണ്ട്. അസഭ്യ വാക്കുകള്‍ നിശബ്ദമാക്കാനും ചില സംഭാഷണങ്ങള്‍ നീക്കം ചെയ്യാനും നിര്‍ദ്ദേശമുണ്ട്. സിനിമയില്‍ കാണിക്കുന്ന ഒരു സിഗരറ്റ് ബ്രാന്‍ഡില്‍ നിന്ന് ‘ക്ലാസിക്’ എന്ന വാക്ക് നീക്കം ചെയ്യുകയും പകര്‍പ്പവകാശമുള്ള ഗാനങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കുകയും വേണം.43 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ നീക്കം ചെയ്യുകയും 18 സെക്കന്‍ഡ് ഫൂട്ടേജ് മാറ്റിസ്ഥാപിക്കുകയും ചെയ്തു. ചിത്രത്തിന്റെ അന്തിമ റണ്‍ടൈം 180 മിനിറ്റാണ്.

2025 ഡിസംബറില്‍ എക്‌സാമിനിങ് കമ്മിറ്റി ചിത്രം കാണുകയും ചില വെട്ടിച്ചുരുക്കലുകളോടെ U/A 16+ സര്‍ട്ടിഫിക്കേഷന്‍ അനുവദിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് 2026 ജനുവരി 9ന് പൊങ്കല്‍ റിലീസ് നിശ്ചയിച്ചു. എന്നാല്‍, ഇതേ കമ്മിറ്റിയിലെ ഒരു അംഗം തന്നെ ചിത്രത്തിലെ ചില രംഗങ്ങളെ എതിര്‍ത്ത് സിബിഎഫ്സി ചെയര്‍പേഴ്സണ്‍ പ്രസൂണ്‍ ജോഷിക്ക് കത്തയച്ചു. ഇതോടെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെക്കുകയും വിഷയം വീണ്ടും റിവൈസിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു.

സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് എങ്ങനെ പരാതി ഉയരുമെന്ന് ചോദ്യം ചെയ്ത് ചിത്രത്തിന്റെ സംവിധായകന്‍ മദ്രാസ് ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് വിജയ് അഭിനയിച്ച അവസാന ചിത്രമാണ് ജനനായകന്‍. ശേഷം വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായത് ചിത്രത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യവും പൊതുജനശ്രദ്ധയും നേടിക്കൊടുത്തു. സിനിമയിലെ ടൈറ്റില്‍ കാര്‍ഡില്‍ ‘ദളപതി വിജയ്’ എന്നതിന് പകരം ‘തമിഴ്നാട് മുഖ്യമന്ത്രി വിജയ്’ എന്ന് മാറ്റണമെന്ന് ആരാധകര്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ്. വിജയ്‌ക്കൊപ്പം പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, മമിത ബൈജു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അടുത്തിടെ ചിത്രത്തിന്റെ പതിപ്പ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിയമവിരുദ്ധമായി ചോര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഫ്രീലാന്‍സ് അസിസ്റ്റന്റ് എഡിറ്റര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുടുംബകലഹത്തെ തുടര്‍ന്ന് മാറി താമസിച്ചിരുന്ന ഭാര്യയെ തിരികെ കൊണ്ടുപോകാനെത്തിയ യുവാവിനെ ഭാര്യാസഹോദരന്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു

കുടുംബകലഹത്തെ തുടര്‍ന്ന് മാറി താമസിച്ചിരുന്ന ഭാര്യയെ തിരികെ കൊണ്ടുപോകാനെത്തിയ യുവാവിനെ ഭാര്യാസഹോദരന്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലയിലാണ് നടുക്കുന്ന ക്രൂരത. ലോപോകെ ഗ്രാമത്തിലെ ലവ്പ്രീത് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഭാര്യ സന്ദീപ് കൗറിനെ കൂട്ടിക്കൊണ്ടുവരാനായി ലവ്പ്രീത് ഭാര്യവീട്ടിലെത്തിയതായിരുന്നു. അവിടെവെച്ച് ഉണ്ടായ വാക്കുതര്‍ക്കവും സംഘര്‍ഷവുമാണ് ഒടുവില്‍ അരുംകൊലയില്‍ കലാശിച്ചത്. ജൂണ്‍ 13നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്ത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തര്‍ക്കത്തിനിടെ ലവ്പ്രീതിന്റെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയും ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തീ പടര്‍ന്നതോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ലവ്പ്രീതിനെയും ഇയാളെ സഹായിക്കാന്‍ ഓടിയെത്തിയ ബന്ധു ഗുര്‍ജിത് കൗറിനെയും ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ ലവ്പ്രീത് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇതേ ദൃശ്യങ്ങളില്‍ കണ്ട ഗുര്‍ജിത് കൗര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെട്ടു. പ്രതിയായ സാജന്‍ സിങ്ങിനും ആക്രമണത്തിനിടെ പൊള്ളലേറ്റിരുന്നു, ഇയാളെ സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

തരണ്‍ തരണ്‍ പൊലീസ് സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതിയായ സാജന്‍ സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലവ്പ്രീതിന്റെ ഭാര്യ സന്ദീപ് കൗറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഒമ്പത് മാസത്തിനുള്ളില്‍ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് സന്ദീപ് കൗര്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. അന്നുമുതല്‍ അവര്‍ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

രഘുനാഥ് എസ് കല്ലട നിര്യാതനായി

ശാസ്താംകോട്ട : മുൻകാല ബിജെപി നേതാവ്
മനക്കര കിഴക്ക് നയനം വീട്ടിൽ രഘുനാഥൻ (65)(രഘുനാഥ് എസ് കല്ലട)അന്തരിച്ചു. പടിഞ്ഞാറെക്കല്ലട കണത്താർകുന്നം സ്വദേശിയാണ്.
ശാസ്താംകോട്ടയിൽ പോസ്റ്റുമാൻ ആയി ജോലി ചെയ്തു.പിന്നിട്
കല്ലട ഇറിഗേഷൻ ശാസ്താംകോട്ട ഓഫീസിൽ നിന്നു വിരമിച്ചു. നിയമസഭാ
തെരെത്തെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി രണ്ട് തവണ കുന്നത്തൂർ നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചിട്ടുണ്ട്.
ഭാര്യ സരള കുമാരി. മക്കൾ നയന, നവീൻ മരുമകൻ സജിത്. സംസ്‌കാരം സംസ്ക്കാരം ഞായർ (നാളെ ) രാത്രി 8 ന്.

നെടിയവിളയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

കുന്നത്തൂർ : ഭാരതീയ ജനത ന്യുനപക്ഷ മോർച്ച കൊല്ലം ജില്ല കമ്മിറ്റിയും ബി ജെ പി കുന്നത്തൂർ മണ്ഡലം കമ്മിറ്റിയും ചേർന്ന് ആസ്റ്റർ പി എം എഫ് ഹോസ്പിറ്റലിന്റെ സഹായത്തോടെ
സ്നേഹസ്പർശം 2026 മെഗാ മെഡിക്കൽ ക്യാമ്പ്
നെടിയവിള എൻ എസ് എസ് കരയോഗമന്ദിരം ഹാളിൽ നടത്തി. ന്യുനപക്ഷ മോർച്ച കൊല്ലം ജില്ല പ്രസിഡന്റ് ബിനോയ്‌ ജോർജ്ന്റെ അധ്യക്ഷനായി. ബി ജെ പി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു.
ബി ജെ പി കൊല്ലം ഈസ്റ്റ് ജില്ല വൈസ് പ്രസിഡന്റ് ബൈജു ചെറുപൊയ്ക, സന്തോഷ്‌ ചിറ്റേടം, സുഭാഷ് പട്ടാഴി, അനിൽ എബ്രഹാം ,അനില എസ്. സുധ ചന്ദ്രൻ,വിപിൻ ചന്ദ്രൻ ,ഷാജി ഗ്രീൻ വാലി,വിനോദ് മലവിള, ഷിബു ബേബി, ബിജെപി മണ്ഡലം ട്രഷറർ രാജേഷ് നെടിയവിള ആർ ധനപാലൻ ബിൻ സു ജേക്കബ് എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ
പൂജ മോഹൻ, ഗോകുൽദാസ് പ്രതീപ്, യെദു, അസ്‌ലം ഹുസൈൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഐഎൻടിയുസിയുടെ പിന്തുണയുണ്ടന്നും എന്ത് വന്നാലും സംഘടന ഒപ്പമുണ്ടന്നും ആർ ചന്ദ്രശേഖരൻ

തിരുവനന്തപുരം : കശുവണ്ടി വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട കേസിൽ തനിക്ക് എല്ലാവിധ പിന്തുണയും നല്‍കി ഐഎൻടിയുസി എന്നും ഒപ്പമുണ്ടെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ.

വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാര്‍ ഉത്തരവ് വായിച്ചതിൽ അപാകതയില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കോടതിലെത്തുന്നതിന് മുന്‍പ് എങ്ങനെയാണ് പരാതിക്കാരന് ലഭിച്ചതെന്ന് ആർ ചന്ദ്രശേഖരൻ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

‘എന്തുകൊണ്ടാണ് പതിനേഴ് വർഷക്കാലം ഒരേയൊരു സ്ഥാപനത്തിനെതിരെ കേസ് നടത്തിയതെന്ന് പരാതിക്കാരൻ തന്നെ പറയണ്ടതുണ്ട്. എങ്ങനെയാണ് കേരളം മുതൽ ഡൽഹിയിൽ സുപ്രീംകോടതി വരെ പരാതിക്കാരൻ കേസ് നടത്തുന്നത്. പരാതിക്കാരന് ഒരു രൂപയുടെ വരുമാനം പോലുമില്ലെന്നുള്ള പൊലീസിന്റെ റിപ്പോർട്ട് ഞങ്ങളുടെ കൈയിലുണ്ട്. എനിക്ക് കേസ് നടത്താൻ എന്റെ സംഘടനയുണ്ട്. എനിക്ക് എന്ത് ആവശ്യം വന്നാലും എന്റെ സംഘടന ഒപ്പമുണ്ട്. അതിൽ ഒരു സംശയവുമില്ല. ഞാൻ ഒരു തുറന്ന പുസ്തകം പോലെയാണ്. ഇന്റർനാഷണൽ ലേബർ ഓർ​ഗനൈസേഷനിൽ ഉണ്ടായിരുന്നയാളാണ് ഞാൻ. പരാതിക്കാരന്റെ പ്രശ്നമെന്താണെന്ന് അയാളോട് തന്നെ ചോദിക്കണം.

പ്രോസിക്യൂഷൻ ചെയ്യാനുള്ള ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു. ‘സർക്കാർ അനുമതി നൽകിയിരിക്കുന്ന പ്രോസിക്യൂഷൻ നേരിട്ടാൽ എന്റെ പ്രശ്നം തീരുമല്ലോ? പ്രോസിക്യൂഷൻ എന്ന് പറഞ്ഞാൽ ശിക്ഷയല്ല. പിണറായി വിജയൻ എന്ന വ്യക്തിയോട് സംസാരിക്കുന്നത് അപരാധമാണെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. മുഖ്യമന്ത്രി വി ഡി സതീശൻ അദ്ദേഹത്തിനോട് സംസാരിക്കാറുണ്ടല്ലോ. ഒരു സ്ഥാപനത്തിനെതിരെ പരാതി ഉയർന്നാൽ, അത് നൽകിയാളുമായും പ്രതിഭാ​ഗത്ത് നിൽക്കുന്നയാളുമായുമാണ് മാധ്യമങ്ങൾ സംവദിക്കേണ്ടത്. അഴിമതി നടന്നിട്ടുണ്ടോയെന്ന് പറയേണ്ടത് കോടതിയാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. കൃത്യമായ വിചാരണ നടത്തണമെന്നും ക്രമക്കേട്‌ നടന്നില്ലെന്ന്‌ ബോധ്യപ്പെട്ടതുകൊണ്ടാകും കഴിഞ്ഞ സർക്കാർ പ്രോസിക്യൂഷന്‌ അനുമതി നൽകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു

ഓടിളക്കി വരുന്നവർക്ക് അമ്മയിൽ എന്ത് കാര്യമെന്ന് നടി ശ്വേതാ മേനോൻ

കൊച്ചി:താരസംഘടന ‘അമ്മ’യിലെ തർക്കം രൂക്ഷമാകുകയാണ്. ‘അമ്മ’യില്‍ നിന്നുള്ള രാജി പ്രഖ്യാപനത്തിന് പിന്നാലെ പ്രസിഡന്റ് പദവിയില്‍ തിരിച്ചെത്താന്‍ സജീവ നീക്കവുമായി ശ്വേത മേനോനും സംഘവും നീക്കം തുടങ്ങിയിട്ടുണ്ട്. നടി ശ്വേത മേനോനെതിരെയും ‘അമ്മ’ ഭരണസമിതിക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി മാലാ പാർവതി, ഉഷ ഹസീന, അൻസിബ ഹസൻ, മായാ വിശ്വനാഥ് എന്നിവർ സംയുക്തമായി ഇന്ന് കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയിരുന്നു.

തുടർന്ന് ശ്വേത ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘അമ്മ’യിലെ ചില തർക്കങ്ങൾ മുതലെടുത്ത് ‘അമ്മ’യെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. രാജി വെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും എന്നോട് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും, ഈ പോരാട്ടത്തിൽ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ അമ്മ മെമ്പർമാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല’അമ്മ’ എങ്ങനെ ഫംഗ്ഷൻ ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് ‘അമ്മ’യുടെ ഭൂരിപക്ഷം മെമ്പേഴ്സാണ് അത്. ശരിക്കും അമ്മയുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്ഷനിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിളക്കിയോ അല്ല,” എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ശ്വേത പറഞ്ഞത്.

ശ്വേത മേനോൻ ഫേസ്ബുക്കിൽ കുറിച്ചത്

“സത്യമേവ ജയതേ

‘അമ്മ’യിലെ ചില തർക്കങ്ങൾ മുതലെടുത്ത് ‘അമ്മ’യെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. രാജി വെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും എന്നോട് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും, ഈ പോരാട്ടത്തിൽ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ അമ്മ മെമ്പർമാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല’അമ്മ’ എങ്ങനെ ഫംഗ്ഷൻ ചെയ്യണം എന്ന് തീരുമാനിക്കേണ്ടത്. ‘അമ്മ’യുടെ ഭൂരിപക്ഷം മെമ്പേഴ്സാണ് അത് തീരുമാനിക്കേണ്ടത്.ശരിക്കും അമ്മയുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്ഷനിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിളക്കിയോ അല്ല.

പത്തനംതിട്ടയിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സ്കൂളിലെ ശുചിമുറിയിലും സഹപാഠിയുടെ വീട്ടിലും; പലതവണ പീഡിപ്പിച്ചത് 10 പേർ

പത്തനംതിട്ടയില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചത് പത്തോളം പേരെന്ന് പെണ്‍കുട്ടിയുടെ മൊഴി. ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങില്‍ 10 പേരുടെ പേരാണ് പെണ്‍കുട്ടി പറഞ്ഞത്. ഇതില്‍ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍‌ നാലു പേര്‍ പ്രായപൂര്‍ത്തായാകാത്തവരാണ്. ബാക്കിയുള്ളവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്. പീഡന വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ സഹോദരിയാണ് സ്കൂള്‍ ടീച്ചറെ വിവരമറിയിച്ചത്. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിന്‍റെ സഹായം തേടുകയായിരുന്നു. 

കഴിഞ്ഞ മേയ് മാസമായിരുന്നു ഉപദ്രവം. സ്കൂളിലെ ശുചിമുറിയിലും സഹപാഠിയുടെ വീട്ടിലുമാണ് ലൈംഗിക പീഡനം നടന്നത്. രണ്ട് സംഭവത്തിലുമായി രണ്ട് എഫ്ഐആറാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 13 വയസ്സുകാരിയെ 10 പേർ ചേർന്ന് പലതവണ പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. സ്കൂളിലും പ്രതിയാക്കപ്പെട്ട സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും വീട്ടുകാർ ഇല്ലാത്ത സമയം എത്തിച്ചായിരുന്നു പീഡനം. സ്കൂളിലെ ശുചിമുറിയിൽ വച്ചും പെൺകുട്ടിയെ പീഡിപ്പിച്ചു.  പ്രതി പട്ടികയിൽ ഉള്ള ആറുപേർ പ്രായപൂർത്തിയാകാത്തവരാണ്. പെൺകുട്ടിയെ സഹപാഠികൾക്ക് പീഡിപ്പിക്കാൻ ഒത്താശ ചെയ്ത പെൺകുട്ടിയെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ ആറുപേരെ പിടികൂടി. 


ഇതിൽ നാലു പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇതിൽ ഒരാൾ നേരത്തെ പത്തനംതിട്ടയിൽ നടന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 50ലധികം പേർ ചേർന്ന് പീഡിപ്പിച്ച കേസിലെ പ്രതി കൂടിയാണ്. ഒന്നരവർഷം മുമ്പ് നടന്ന പീഡനവുമായി ഈ കേസിന് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കും.

പുരുഷന്മാർക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് സ്വകാര്യ ബസ്: പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

കൊച്ചി: പുരുഷന്മാർക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് ശ്രദ്ധനേടിയ ആലുവ റൂട്ടിലെ ‘ലിറ്റിൽ ഫ്ലവർ’ എന്ന സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. പെർമിറ്റ് നിബന്ധനകൾ ലംഘിച്ച് കൃത്യമായി സർവീസ് നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ബസുടമയിൽ നിന്ന് 7,500 രൂപ പിഴയായി ഈടാക്കി. എറണാകുളം-മാഞ്ഞാലി-ആലുവ റൂട്ടിൽ ‘പ്രിയദർശിനി’ പദ്ധതിയുടെ ഭാഗമായാണ് പുരുഷന്മാർക്ക് സൗജന്യയാത്ര ബസുടമ പ്രഖ്യാപിച്ചത്. ഈ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഒരു ദിവസം ഏഴ് സർവീസുകൾ നടത്തിയിരുന്ന ബസ്, യാത്രക്കാരുടെ കുറവുമൂലം ഉച്ചസമയത്തെ സർവീസ് വെട്ടിക്കുറച്ചിരുന്നു. കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് സർവീസ് മുടങ്ങാൻ കാരണമെന്ന് അധികൃതരോട് വിശദീകരിച്ചിട്ടും പിഴ ഒഴിവാക്കാൻ അവർ തയ്യാറായില്ലെന്ന് ബസുടമ ആരോപിക്കുന്നു.

യുഡിഎഫ് സർക്കാരിന്റെ ഓർഡിനറി ബസുകളിലെ സൗജന്യയാത്രയെത്തുടർന്ന് സ്വകാര്യ ബസ്സുടമകളുടെ പ്രതിസന്ധി രൂക്ഷമാണ്. ഇതിനെത്തുടർന്ന് പല റൂട്ടുകളിലും സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.

യാത്രക്കാർ കുറവായതിനാൽ സർവീസ് വെട്ടിക്കുറച്ച ബസുടമ മോട്ടോർ വാഹന വകുപ്പിന്റെ പിഴയോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. അതേസമയം ഈ മാസം എട്ടിന് കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സ്വകാര്യ ബസ്‌ സർവീസ്‌ നിർത്തിവച്ച്‌ ജില്ലാ കലക്‌ടറേറ്റുകളിലേക്ക്‌ പ്രതിഷേധ മാർച്ച്‌ നടത്താൻ ഓൾ കേരള ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷൻ തീരുമാനിച്ചു.