Home Blog Page 443

ഡോ. കെ മോഹന്‍കുമാറിനെ സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ ആയി നിയമിച്ചു

തിരുവനന്തപുരം. ഡോ കെ മോഹന്‍കുമാറിനെ സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ ആയി നിയമിച്ചു.ബുധനാഴ്ച്ച കൂടിയ മന്ത്രിസഭാ യോഗമാണ് നിയമിക്കാൻ തീരുമാനിച്ചത്. സ്കോള്‍ കേരള മുന്‍ വൈസ് ചെയര്‍മാനും ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് സെക്രട്ടറിയുമായിരുന്ന ഡോ. കെ.മോഹന്‍കുമാര്‍ ശാസ്താംകോട്ട കെഎസ്എം ഡിബി കോളജ് പ്രിന്‍സിപ്പലായിരുന്നു.

വിവാദത്തിലായ പി എം ശ്രീ പദ്ധതി, വൈകല്യമുള്ള കുട്ടികളുടെ പഠന പരിപാടിയായ ഇന്‍ക്ളൂസീവ് എഡ്യൂക്കേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര കേരള സര്‍ക്കാരുകളെ ബന്ധപ്പെടുത്തി നയചാതുരിയോടെ പ്രശ്ന പരിഹാരം കണ്ടെത്തേണ്ട കാലത്ത് വളരെ ശ്രദ്ധേയമായ ചുമതലയിലാണ് ഡോ കെ മോഹന്‍ കുമാറിന്‍റെ നിയമനം.

കേരളാ യൂണിവേഴ്‌സിറ്റി പൊളിറ്റിക്‌സ് ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ ചെയര്‍മാന്‍,ഗുഡ് ഗവേണന്‍സ് ഡിസ്ട്രിക്ട് ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ എന്നിനിലകളില്‍പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള എംജി യൂണിവേഴ്‌സിറ്റികളില്‍ 30വര്‍ഷം അധ്യാപന പരിചയമുണ്ട്. കേരളാ എംജി യൂണിവേഴ്‌സിറ്റികളില്‍ റിസര്‍ച്ച് ഗൈഡ് ആയിരുന്നു. മൂന്നാം റാങ്കോടെ 1986ല്‍ എംഎ പൊളിറ്റിക്‌സ് വിജയിച്ച അദ്ദേഹം പിന്നീട് 1989ല്‍ എംഫിലും 2004ല്‍ ഡോക്ട്രേറ്റും നേടി
കൊല്ലം മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവ് സ്വദേശിയാണ്‌.

കായംകുളം എംഎസ്എം കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ. ഭദ്രകുമാരിയാണ് ഭാര്യ. മക്കള്‍. ഡോ. അഭിരാംമോഹന്‍, ഡോ. അപര്‍ണാമോഹന്‍

പത്തനംതിട്ട കല്ലേലിയിൽ വയോധികന്റെ ദാരുണാന്ത്യത്തിന്‌ ഇടവരുത്തിയത്‌ സൂക്ഷ്‌മതക്കുറവ്‌

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ട കല്ലേലിയിൽ വയോധികന്റെ ദാരുണാന്ത്യത്തിന്‌ ഇടവരുത്തിയത്‌ സൂക്ഷ്‌മതക്കുറവ്‌. നിമിഷങ്ങൾക്കുള്ളിൽ സംഭവിച്ച പിഴവുകാരണമാണ്‌ അടയ്‌ക്കമാവുങ്കൽ എ എം മാത്തുക്കുട്ടിയുടെ ജീവൻ പൊലിഞ്ഞത്‌. മാത്തുക്കുട്ടിയുടെ മക്കളും മരുമക്കളും വിദേശത്താണ്‌. കല്ലേലിക്കുസമീപത്ത്‌ മെയിൻ റോഡിൽനിന്ന്‌ ഉയരത്തിലാണ്‌ വീട്‌ നിൽക്കുന്നത്‌. താഴെ റോഡിനോടുചേർന്ന്‌ കാർപോർച്ചുണ്ട്‌. ഇതിനുള്ളിലൂടെ സ്‌ക്വയർ പൈപ്പുകളിൽ മുകളിലേക്ക്‌ നിർമിച്ച ഒരു സംവിധാനമാണ്‌ ‘ലിഫ്‌റ്റ്‌’. വൈദ്യുതിയിലാണ്‌ ഇത്‌ പ്രവർത്തിക്കുന്നത്‌. ഇത്‌ വീട്ടുമുറ്റത്ത്‌ എത്തി നിൽക്കും.


ശാരീരിക ബുദ്ധിമുട്ടുകളുള്ള മാതാപിതാക്കൾക്ക്‌ പടവുകൾ കയറിയിറങ്ങാനുള്ള പ്രയാസമൊഴിവാക്കാൻ രണ്ടുവർഷം മുന്പ്‌ സ്ഥാപിച്ചതാണ്‌ ലിഫ്‌റ്റ്‌. സാധനങ്ങളും സുഗമമായി എത്തിക്കാനാവും.


ബുധനാഴ്‌ച രാവിലെ പുറത്തുപോയി മടങ്ങിവന്ന മാത്തുക്കുട്ടി കാർപോർച്ചിൽനിന്ന്‌ ലിഫ്‌റ്റിൽ കയറി മുകളിലേക്ക്‌ പോയതാണ്‌. ഇതിനിടെ തല പുറത്തേക്കിട്ട്‌ താഴേക്ക്‌ നോക്കിയതാകാം. പുറത്തെ സ്‌ക്വയർ പൈപ്പിനും ലിഫ്‌റ്റിന്റെ പൈപ്പിനുമിടിയിൽ തല കുടുങ്ങുകയായിരുന്നു.


ഭാര്യ സൂസമ്മ വന്ന് നോക്കിയപ്പോഴാണ്‌ സംഭവമറിയുന്നത്‌. വെട്ടുകത്തി ഉപയോഗിച്ച് ലിഫ്‌റ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട്‌ അഗ്നിരക്ഷാസേനയെത്തി വാതിൽ പൊളിച്ചശേഷം പൈപ്പുകൾ മുറിച്ചുമാറ്റിയാണ്‌ മാത്തുക്കുട്ടിയെ പുറത്തെത്തിച്ചത്‌. അപ്പോഴേക്കും മരിച്ചു. കഴുത്ത്‌ പൈപ്പുകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു.


മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌. കെഎസ്‌ആർടിസിയിൽനിന്ന്‌ വിരമിച്ച മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ്‌ വീട്ടിൽ താമസിക്കുന്നത്‌.


നിർമാണമേഖലകളിൽ ഉപയോഗിക്കുന്ന സംവിധാനമാണ്‌ ലിഫ്‌റ്റായി ഇവിടെ ഉപയോഗിച്ചിട്ടുള്ളത്‌. ഇതിനുമുന്പും ലിഫ്‌റ്റിനുള്ളിൽ മാത്തുക്കുട്ടിയുടെ കൈ കുടുങ്ങിയിട്ടുണ്ട്‌.


ജില്ലാ ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടർ വ്യാഴാഴ്‌ച സംഭവസ്ഥലം പരിശോധിക്കും. ശേഷംമാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂ.


വീട്ടിൽ മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണുള്ളത്‌. മക്കൾ: ജോമോൻ (കാനഡ), ജിസ (അയർലൻഡ്‌). മരുമക്കൾ: സുബി (കാനഡ), ബിബിൻ (അയർലൻഡ്‌).

ബോളിവുഡ് നടൻ രാജേഷ് ശർമയ്ക്ക് പ്രാണിയുടെ കടിയേറ്റ് ഗുരുതര പരിക്ക്

ബോളിവുഡ് നടൻ രാജേഷ് ശർമയ്ക്ക് പ്രാണിയുടെ കടിയേറ്റ് ഗുരുതര പരിക്ക്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. നിലവിൽ അദ്ദേഹത്തെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.


ഏത് പ്രാണിയാണ് രാജേഷ് ശർമയെ കടിച്ചതെന്ന് ഇനിയും വ്യക്തമല്ല. ഏതെങ്കിലും പ്രാണിയോ അല്ലെങ്കിൽ വിഷമുള്ള ചിലന്തിയോ ആണ് അദ്ദേഹത്തെ കടിച്ചതെന്നാണ് അനുമാനം. അദ്ദേഹത്തിന്റെ വലതുകാലിൽ കടുത്ത വേദനയും വീക്കവും ശ്വാസതടസവും ഉണ്ടായി. നടി സുദീപാ ചാറ്റർജിയാണ് രാജേഷ് ശർമയുടെ കുടുംബത്തിന് വേണ്ടി അദ്ദേഹത്തിനുണ്ടായ അപകടത്തെ കുറിച്ചും ആരോഗ്യനിലയെ കുറിച്ചും പ്രസ്താവന പുറത്തുവിട്ടത്.

ഷൂട്ടിങ് അവസാനിച്ച ശേഷം ടെക്‌നീഷ്യന്മാരുമായി സംസാരിക്കവെയാണ് സംഭവമുണ്ടായത്. കാടുപിടിച്ച സ്ഥലത്തായിരുന്നു അദ്ദേഹം നിന്നിരുന്നത്. ആദ്യം ഗൗരവത്തിലെടുക്കാതിരുന്ന അദ്ദേഹം പിന്നീട് കൊൽക്കത്തയിലേക്ക് മടങ്ങുകയായിരുന്നു. കടിയേറ്റ് ആറുമണിക്കൂറിന് ശേഷമാണ് അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാലിലെ അണുബാധ മുട്ട് വരെ വ്യാപിച്ചുവെന്നും സുദീപ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള അടുത്ത അപ്‌ഡേറ്റ് വ്യാഴാഴ്ച പ്രതീക്ഷിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

ഭൂത് ബംഗ്ലാ, കൃഷ്ണാവതാരം എന്നീ ചിത്രങ്ങളിലാണ് രാജേഷ് ശർമയുടേതായി പുറത്തുവന്ന ഏറ്റവും പുതിയ ചിത്രങ്ങൾ. ഹനു രാഘവപുഡിയുടെ ഫൗസി, സന്ദീപ് റെഡ്ഡി വാംഗയുടെ സ്പിരിറ്റ് എന്നീ ചിത്രങ്ങളിലാണ് പ്രഭാസ് ഇപ്പോൾ അഭിനയിക്കുന്നത്. ഇതിൽ ഏത് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രാജേഷ് ശർമയ്ക്ക് അപകടമുണ്ടായത് എന്ന് വ്യക്തമല്ല.

കേരളത്തിന് സുപ്രീം കോടതിയില്‍ പുതിയ അഭിഭാഷക സംഘം; രമേശ് ബാബു സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍

ഇടത് മുകളില്‍ അല്‍ജോ, താഴെ ജെയിംസ് പി തോമസ്, നടുവില്‍ സുല്‍ഫിക്കര്‍ അലി, വലത് മുകളില്‍ രമേഷ് ബാബു, താഴെ മര്‍സൂഖ്‌

ന്യൂഡല്‍ഹി: പ്രമുഖ അഭിഭാഷകനായ എം.ആര്‍. രമേശ് ബാബുവിനെ സുപ്രീം കോടതിയിലെ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സലായി സംസ്ഥാന മന്ത്രിസഭാ യോഗം നിയമിച്ചു. ആദ്യമായിട്ടാണ് സുപ്രീം കോടതിയില്‍ കേരളം ഒരു സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സലിനെ നിയമിക്കുന്നത്. ദീര്‍ഘകാലമായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സുപ്രീം കോടതി അഭിഭാഷകരായ ആല്‍ജോ കെ. ജോസഫ്, സുല്‍ഫിക്കര്‍ അലി, ജെയിംസ് പി.തോമസ്, മര്‍സൂഖ് തങ്ങള്‍ ഇവരാണ് മറ്റ് സ്റ്റാന്‍ഡിങ് കൗണ്‍സല്‍മാര്‍.

2001 മുതല്‍ 2006 വരെയും 2011 മുതല്‍ 2016 വരെയും സംസ്ഥാന സര്‍ക്കാരിന്റെ സുപ്രീം കോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ആയിരുന്നു രമേശ് ബാബു. ആന്ധ്ര പ്രദേശ് ഹൈക്കോടതിയുടെ സുപ്രീം കോടതിയിലെ അഭിഭാഷകന്‍ കൂടിയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട സുപ്രധാന കേസുകളുടെ ഏകോപന ചുമതല രമേശ് ബാബുവിന് ആയിരിക്കുമെന്നാണ് സൂചന. കേരളവുമായി ബന്ധപ്പെടുന്ന അന്തര്‍സംസ്ഥാന നദീതര്‍ക്ക കേസുകളില്‍ ഹാജരാകുന്നത് രമേശ് ബാബുവായിരിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന ജി. പ്രകാശിന് ആയിരുന്നു അന്തര്‍സംസ്ഥാന നദീതര്‍ക്ക കേസുകളുടെ ചുമതല. എന്നാല്‍, ജി. പ്രകാശിന് സീനിയര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ പദവി നല്‍കിയിരുന്നില്ല.

ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ ആല്‍ജോ, കോണ്‍ഗ്രസിന്റെ നിയമ വിഭാഗത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. സുപ്രീം കോടതി അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ ട്രഷററാണ്. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ സുല്‍ഫിക്കര്‍ 20 വര്‍ഷമായി ഡല്‍ഹിയില്‍ പ്രാക്ടീസ് ചെയ്യുന്നു. മൂവാറ്റുപുഴ പെരിങ്ങാറപള്ളിയിലെ ജെയിംസ് പി തോമസ്

30 വര്‍ഷമായി അഭിഭാഷകനാണ്. കഴിഞ്ഞ 18 വര്‍ഷമായി ഡല്‍ഹിയില്‍ പ്രാക്ടീസ് ചെയ്യുന്ന മര്‍സൂഖ്, കെഎംസിസി ഡല്‍ഹി വൈസ് പ്രസിഡന്റും യൂത്ത് ലീഗിന്റെ ദേശീയ നിര്‍വാഹക സമിതിയംഗവുമാണ്.

വടക്ക് മഴ ശക്തം,വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴ തീവ്രമാകാനുള്ള സാധ്യത കണക്കിലെടുത്ത് കലക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്‌ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. സര്‍വകലാശാലാ പരീക്ഷകള്‍, പിഎസ്സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി ബാധകമല്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ക്വാറി, ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു.

ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മണ്ണലെടുക്കല്‍ എന്നിവയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ അടിയന്തര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

വയനാട് ജില്ലയിലെ അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.

മലപ്പുറം ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിനായി മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കും. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. യൂണിവേഴ്സിറ്റി പരീക്ഷകള്‍, പി.എസ്.സി പരീക്ഷകള്‍ തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. നഷ്ടപ്പെട്ട പ്രവൃത്തി ദിനം പിന്നീട് നികത്തുന്നതിനുള്ള നടപടികള്‍ സ്ഥാപന മേധാവികള്‍ സ്വീകരിക്കേണ്ടതാണ്. ജനങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് കലക്ടര്‍ അറിയിച്ചു.

ഓണക്കാലത്തേക്ക് ചെന്നൈയില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ചെന്നൈ: ഓണക്കാലത്തെ കടുത്ത യാത്രാപ്രതിസന്ധി പരിഹരിക്കാന്‍ ചെന്നൈയില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യത്തുടനീളം 100 ഓളം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദക്ഷിണ റെയില്‍വേ തങ്ങളുടെ ആദ്യഘട്ട ഷെഡ്യൂളുകള്‍ പുറത്തുവിട്ടത്.

മംഗളൂരു സെന്‍ട്രല്‍ – ചെന്നൈ എഗ്മൂര്‍ – മംഗളൂരു സെന്‍ട്രല്‍ പ്രതിവാര സ്‌പെഷ്യല്‍ (06126/06125)

  • ട്രെയിന്‍ നമ്പര്‍ 06126 (തിങ്കളാഴ്ചകളില്‍): ജൂലൈ 13 മുതല്‍ ഓഗസ്റ്റ് 31 വരെ എല്ലാ തിങ്കളാഴ്ചകളിലും വൈകിട്ട് 4:00 മണിക്ക് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെ 10:55ന് ചെന്നൈ എഗ്മൂറിലെത്തും.
  • ട്രെയിന്‍ നമ്പര്‍ 06125 (ചൊവ്വാഴ്ചകളില്‍): ജൂലൈ 14 മുതല്‍ സെപ്റ്റംബര്‍ 1 വരെ എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് 2:00 മണിക്ക് ചെന്നൈ എഗ്മൂറില്‍ നിന്ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെ 8:40ന് മംഗളൂരുവില്‍ തിരിച്ചെത്തും.
  • പ്രധാന സ്റ്റോപ്പുകള്‍: കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്.

ചെന്നൈ സെന്‍ട്രല്‍ – കൊല്ലം – ചെന്നൈ സെന്‍ട്രല്‍ പ്രതിവാര എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06119/06120)

  • ട്രെയിന്‍ നമ്പര്‍ 06119 (ബുധനാഴ്ചകളില്‍): ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബര്‍ 02 തീയതികളില്‍ ഉച്ചയ്ക്ക് 3:10ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7:20ന് കൊല്ലത്തെത്തും.
  • ട്രെയിന്‍ നമ്പര്‍ 06120 (വ്യാഴാഴ്ചകളില്‍): മടക്ക സര്‍വീസ് വ്യാഴാഴ്ചകളില്‍ കൊല്ലത്ത് നിന്ന് പുറപ്പെടും.
  • പ്രധാന സ്റ്റോപ്പുകള്‍: പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം.

തിരുവനന്തപുരം സെന്‍ട്രല്‍ – താംബരം – തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിവാര സ്‌പെഷ്യല്‍ (06110/06109)

  • ചെന്നൈ താംബരത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള പ്രതിവാര സര്‍വീസും ഈ പാക്കേജിന്റെ ഭാഗമായി ഉണ്ടാകും.
  • വർക്കല, കൊല്ലം, കൊട്ടാരക്കര, പുനലൂർ, സെങ്കോട്ട, തെങ്കാശി, ശിവകാശി, വിരുദുനഗർ, മധുര, തിരുച്ചിറപ്പള്ളി, വിഴുപുരം, ചെങ്കൽപ്പെട്ട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

സ്‌പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള അഡ്വാന്‍സ് റിസര്‍വേഷന്‍ (ടിക്കറ്റ് ബുക്കിങ്) ഉടന്‍ തന്നെ ആരംഭിക്കുന്നതാണ്. യാത്രക്കാര്‍ക്ക് ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ റെയില്‍വേ കൗണ്ടറുകള്‍ വഴിയോ സീറ്റുകള്‍ ബുക്ക് ചെയ്യാം. എസി ടു ടയര്‍, ത്രീ ടയര്‍, സ്ലീപ്പര്‍, ജനറല്‍ കോച്ചുകള്‍ ഈ ട്രെയിനുകളില്‍ ലഭ്യമാണ്.

പത്രം മലയാള ദിനപത്രങ്ങളിലൂടെ | 2026 | ജൂലൈ 9, വ്യാഴം | 1201 | മിഥുനം 25, അശ്വതി

ഇറാനിൽ അമേരിക്കയുടെ ശക്തമായ ആക്രമണം

ഹോർമൂസിൽ മൂന്നു കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയ ഇറാനിൽ അമേരിക്ക വീണ്ടും ശക്തമായ ആക്രമണങ്ങൾ നടത്തി. ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക് എന്നിവിടങ്ങളിലും അതീവ തന്ത്രപ്രധാന തീരദേശ മേഖലകളായ ചബാഹർ, കോണാർക്, ബുഷഹർ, ഖേഷം ദ്വീപുകളിലും യുഎസ് വ്യോമാക്രമണം നടത്തി. തുറമുഖങ്ങളിലെ സൈനിക കേന്ദ്രങ്ങൾ, കപ്പൽ വിരുദ്ധ മിസൈൽ വിക്ഷേപണ തറകൾ, തീരദേശ റഡാർ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ തകർത്തെന്നു യുഎസ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. എൺപതിലധികം കേന്ദ്രങ്ങൾ തകർത്തെന്നു യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

മേപ്പാടി ദുരന്തം: പുനരധിവാസ നടപടികൾ സ്വീകരിക്കും

മേപ്പാടിയിലെ ദുരന്തപ്രദേശത്തെ താമസക്കാരെ ആവശ്യമെങ്കിൽ പുനരധിവസിപ്പിക്കുമെന്ന് സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരന്തത്തെക്കുറിച്ച് സാങ്കേതികമായും നിയമപരമായും അന്വേഷിക്കും. വയനാടിനായി പ്രഖ്യാപിച്ച ബജറ്റ് നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ എ.പി. അനിൽകുമാറും ടി. സിദ്ധിഖുമുണ്ടായിരുന്നു. നൂറ്റമ്പതോളം പേരുള്ള ദുരിതാശ്വാസ ക്യാമ്പിലും പരിക്കേറ്റ ഏഴു പേർ ചികിൽസയിലുള്ള ആശുപത്രിയിലും മുഖ്യമന്ത്രി എത്തി. കാണാതായ അഞ്ചു പേർക്കായി തെരച്ചിൽ തുടരുകയാണ്.

മൂന്നു ജില്ലകളിൽ അവധി

കനത്ത മഴ തുടരുന്നതിനാൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. പരീക്ഷകൾക്കു മാറ്റമില്ല. മൂന്നു ജില്ലകളിലും ഇന്ന് റെഡ് അലർട്ട്.

ദേശീയപാതാ വികസനം: 2039 കോടി അനുവദിച്ചു

സംസ്ഥാനത്ത് ദേശീയപാതാ വികസനത്തിനായി കേന്ദ്ര സർക്കാർ 2039 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മന്ത്രി ബഷീർ ഇക്കാര്യം അറിയിച്ചത്.

നടപ്പാതകളിലെ കൈയേറ്റം: ഹൈക്കോടതിയുടെ ചോദ്യം

നടപ്പാതകൾ തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നുണ്ടോ എന്ന് ഹൈക്കോടതി. നടപ്പാത തടസ്സപ്പെടുത്തി വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ചോദ്യം. തിരുവനന്തപുരത്ത് റോഡ് കൈയേറി പരിപാടി നടത്തിയതിന് മേയർ വി.വി. രാജേഷ് അടക്കമുള്ളവർക്കെതിരേ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം.

വിഴിഞ്ഞം വിവാദം: എം.വി. ഗോവിന്ദൻ നിലപാട് തള്ളി

വിഴിഞ്ഞം തുറമുഖത്തെ അദാനിയുടെ ഓഹരി എംഎസ് സിക്കു വിൽക്കാനുള്ള നീക്കത്തെക്കുറിച്ചുള്ള വാർത്തയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. എൽഡിഎഫ് സർക്കാരിന്റ നേട്ടമായി അവതരിപ്പിച്ച വാർത്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിനിടെ തുറന്നു കാണിച്ചിരുന്നു. ദേശാഭിമാനി കരുതലോടെ എഴുതേണ്ടതായിരുന്നെന്നു ഗോവിന്ദൻ പറഞ്ഞു. അതേസമയം, സതീശന് എല്ലാം അറിയാമായിരുന്നെന്നും കള്ളക്കളിയാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.

കോഴിക്കോട് ജില്ലയിൽ ഖനനത്തിന് വിലക്ക്

കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി. വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ അടക്കം എല്ലാ ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ഉരുൾ പൊട്ടൽ സാധ്യത സ്ഥലങ്ങളിലേക്കും ചുരം മേഖലകളിലേക്ക് അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി.

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം ഹൈക്കോടതി സമയം അനുവദിച്ചു. ഇത് അവസാന അവസരമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. അതേസമയം, കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ഉപഹർജിയിൽ പ്രോസിക്യൂഷൻ മറുപടി നൽകാൻ സാവകാശം തേടി.

സുപ്രീം കോടതിയിൽ സ്റ്റാൻഡിങ് കൗൺസൽ നിയമനം

പ്രമുഖ അഭിഭാഷകനായ എം.ആർ. രമേശ് ബാബുവിനെ സുപ്രീം കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കൗൺസലായി സംസ്ഥാന മന്ത്രിസഭാ യോഗം നിയമിച്ചു. ആദ്യമായിട്ടാണ് സുപ്രീം കോടതിയിൽ സ്റ്റാൻഡിങ് കൗൺസലിനെ നിയമിക്കുന്നത്. നാല് സ്റ്റാൻഡിങ് കൗൺസൽമാരെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

സർക്കാർ അഭിഭാഷകരുടെ എണ്ണം വർധിപ്പിച്ചു

കേരള ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ എണ്ണം വർധിപ്പിച്ചു. മൂന്ന് സ്പെഷ്യൽ പ്ലീഡർ, നാല് സീനിയർ ഗവൺമെന്റ് പ്ലീഡർ, അഞ്ച് ഗവൺമെന്റ് പ്ലീഡർ എന്നിങ്ങനെ 11 പുതിയ തസ്തികയാണ് സൃഷ്ടിച്ചത്. കോടതികളുടെ എണ്ണവും കേസുകളുടെ ബാഹുല്യവും വർധിച്ചതിനാൽ കൂടുതൽ അഭിഭാഷകരെ നിയമിക്കണമെന്ന എജിയുടെ ആവശ്യപ്രകാരമാണ് നടപടി.

വൈദ്യുതി വിതരണത്തിൽ മന്ത്രിയുടെ വിശദീകരണം

സംസ്ഥാനത്ത് കടം വാങ്ങിയ വൈദ്യുതി മഴ ലഭിക്കുന്നതിനാൽ തിരികെ നൽകിയെന്നു മന്ത്രി സണ്ണി ജോസഫ്. വീണ്ടും വാങ്ങും. മഴയുടെ ഭാഗമായി വീണുപോയ വൈദ്യുത പോസ്റ്റുകൾ ഉടനേ പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിജിലൻസ് മാന്വൽ പരിഷ്കരിച്ചു

അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കാൻ ലക്ഷ്യമിട്ട് കേരള വിജിലൻസ് മാന്വൽ പരിഷ്കരിച്ചു. ഡിജിറ്റൽ ഇടപാടുകളിലെ ക്രമക്കേടുകൾ കണ്ടെത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടെ, കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയ മാന്വൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു.

കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജിന് ‘കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്’ എന്ന് നാമകരണം ചെയ്ത് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി എന്നിവ ചേർത്താണ് പുതിയ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നത്.

ലക്ഷദ്വീപ്: കൂട്ട പിരിച്ചുവിടലും കോഴ്‌സ് വെട്ടിക്കുറയ്ക്കലും

ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നിരവധി ഉന്നത ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിടുകയും കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു. പത്തു പേരെയാണ് പിരിച്ചുവിട്ടത്. കഴിഞ്ഞദിവസം 47 പേരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. അലോട്ട്മെന്റിന് തലേന്ന് സർക്കാർ കോളജുകളിലെ കോഴ്സുകൾ വെട്ടിക്കുറച്ചു. ആന്ത്രോത്ത്, കടമത്ത്, മിനിക്കോയ് കോളേജുകളിലെ കോഴ്സുകളാണ് വെട്ടിക്കുറച്ചത്.

ബിജെപിയിൽ അഴിമതി ആരോപണം

സംസ്ഥാനത്തെ ബിജെപിയിൽ അഴിമതി ആരോപണം. തെരഞ്ഞെടുപ്പുകാലത്തു കൊടി വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും തെരഞ്ഞെടുപ്പിനു കേന്ദ്രം നൽകിയ 12 കോടി രൂപയ്ക്കു കണക്കില്ലെന്നും പാർട്ടി ഓഡിറ്റ് വിഭാഗം ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ സംസ്ഥാന നേതൃത്വം നിഷേധിച്ചു. വിദേശത്തുള്ള സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തിരിച്ചെത്തിയാൽ നടപടിയുണ്ടായേക്കും.

വഖഫ് ബോർഡ് പിരിച്ചു വിടണം: ഹർജി

മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് നൽകിയ ഹർജിയിലാണ് നടപടി.

ഓണം സ്‌പെഷ്യൽ ട്രെയിനുകൾ

കേരളത്തിലേക്കു ഓണം സ്‌പെഷ്യൽ ട്രെയിനുകൾ. 06126 മംഗളൂരു സെൻട്രൽ- ചെന്നൈ എഗ്മോർ. 06125 ചെന്നൈ എഗ്മോർ-മംഗളൂരു സെൻട്രൽ ട്രെയിനുകളാണ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചത്.

അമ്പലപ്പുഴയിൽ കണ്ടെയ്നർ ലോറി അപകടം

അമ്പലപ്പുഴയിൽ കണ്ടെയ്നർ ലോറി വൈദ്യുത ലൈൻ തകർത്ത് റോഡിന് കുറുകെ കിടന്നു. ദേശീയപാതയിൽ വളഞ്ഞവഴി എസ് എൻ കവലയിലാണു സംഭവം.

ടെക്നോപാർക്കിൽ പുതിയ ഓഫീസ്

ആഗോള സെമികണ്ടക്ടർ രംഗത്തെ പ്രമുഖരായ ‘കായ്സെമി കൺട്രോൾ സിസ്റ്റംസ്’ ടെക്നോപാർക്കിൽ പുതിയ ഓഫീസ് തുറന്നു. ചിപ്പ് നിർമ്മാണത്തിനുള്ള സോഫ്‌റ്റ്‌വെയർ വികസിപ്പിക്കുന്നതിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടന വേളയിൽ പറഞ്ഞു.

വിഴിഞ്ഞം: കെ.കെ. രാഗേഷിന്റെ പ്രതികരണം

വിഴിഞ്ഞത്ത് എല്ലാവർക്കും താത്പര്യമുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. വിഴിഞ്ഞം കേരളത്തിന്റെ പൊതുമുതലാണെന്നും രാഗേഷ്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞത്ത് എന്താണ് കാര്യമെന്നും കൂടുതൽ പറയുന്നില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

തലശ്ശേരിയിൽ തട്ടിപ്പ് കേസ്

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. പോലീസിന് ലഭിച്ച മൂന്ന് പരാതികളിൽ മാത്രം ഒരു കോടിയിലേറെ രൂപ നഷ്ടപ്പെട്ടെന്നാണു കണ്ടെത്തൽ.

തൃണമൂൽ കോൺഗ്രസ് അക്കൗണ്ട് മരവിപ്പിച്ചു

തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു. ചാർട്ടഡ് വിമാനങ്ങൾ വാടകയ്ക്കടുത്തതുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അക്കൗണ്ട് മരവിപ്പിച്ചത്. 440 കോടി രൂപ ബാങ്ക് ബാലൻസുള്ള അക്കൗണ്ടുകളാണു മരവിപ്പിച്ചത്.

ബദരിനാഥ് ക്ഷേത്രത്തിലും സംഭാവന കൊള്ള

അയോധ്യക്കു പിറകേ, ബദരിനാഥ് ക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ ഒരാൾക്കെതിരെ കേസ്. അന്വേഷണത്തിന് നാലംഗ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചു. അയോധ്യയിലെ കൊള്ളയിൽ ക്ഷേത്ര ജീവനക്കാരൻ അവിനാശ് ശുക്ലയെ ഒന്നാം പ്രതിയാക്കി. ഉത്തർ പ്രദേശിന് പിന്നാലെയാണ് ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രത്തിലും സംഭാവന കൊള്ള നടന്ന വിവരങ്ങൾ പുറത്തുവന്നത്.

പുണെയിൽ കെട്ടിടം തകർന്നു

പുണെ ജില്ലയിലെ പിംപ്രി ചിഞ്ച്വാഡിൽ കനത്ത മഴയെത്തുടർന്ന് വൻ മാലിന്യക്കൂമ്പാരം കെട്ടിടത്തിനു മുകളിലേക്ക് ഇടിഞ്ഞുവീണ് അപകടം. മൂന്ന് നിലകളുള്ള കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിനുള്ളിൽ പതിനഞ്ചോളം പേർ കുടുങ്ങി.

സി. ജോസഫ് വിജയിയുടെ മിന്നൽ സന്ദർശനം

തമിഴ്നാട്ടിലെ ചെന്നൈ എഗ്മൂർ സർക്കാർ ആശുപത്രിയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ മിന്നൽ സന്ദർശനം. ആശുപത്രിയിലെ സേവനങ്ങളുടെ ഗുണനിലവാരം നേരിട്ട് വിലയിരുത്തുന്നതിനും രോഗികൾക്ക് ലഭിക്കുന്ന പരിചരണം ഉറപ്പുവരുത്തുന്നതിനുമായിരുന്നു മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം.

ഡോക്ടറെ കൈയേറ്റം ചെയ്തു: ശിവസേന പ്രവർത്തകർ അറസ്റ്റിൽ

മഹാരാഷ്ട്രയിൽ വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കൈയേറ്റം ചെയ്ത സംഭവത്തിൽ മൂന്ന് ശിവസേന പ്രവർത്തകർ അറസ്റ്റിൽ. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. കുഞ്ഞുങ്ങൾക്കായുളള ഐസിയുവിൽ കിടക്ക ഒഴിവില്ലാത്തതിനെ ചൊല്ലിയായിരുന്നു തർക്കം.

രാജ്‌കോട്ടിൽ കൊലപാതകം

ഗുജറാത്തിലെ രാജ്‌കോട്ടിൽ അമ്മയുടെ ലിവിങ് പങ്കാളിയെ യുവാവ് തെരുവിൽ ഓടിച്ചിട്ട് കുത്തിക്കൊലപ്പെടുത്തി. രാജ്‌കോട്ട് സ്വദേശിയായ കമലേഷ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കമലേഷിന്റെ പങ്കാളിയായ നീതയുടെ മകൻ ജയന്ത് (20) നെ പോലീസ് അറസ്റ്റ് ചെയ്തു.

മെസ്സീന കടലിടുക്ക് പാലത്തിന് അനുമതി

ഇറ്റലിയെയും സിസിലി ദ്വീപിനെയും ബന്ധിപ്പിക്കുന്ന 3.7 കിലോമീറ്റർ നീളമുള്ള മെസ്സീന കടലിടുക്ക് പാലത്തിന് പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സർക്കാർ അന്തിമ അനുമതി നൽകി. പണി പൂർത്തിയായാൽ ഇത് ലോകത്തിലെ ഏറ്റവും നീളമേറിയ സിംഗിൾ-സ്പാൻ സസ്പെൻഷൻ പാലമാകും.

വിമാനങ്ങൾ കൂട്ടിയിടിച്ചു

എയർപോർട്ടിലെ റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു. ഫിലിപ്പീൻസിലെ മനില നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. പാർക്ക് ചെയ്തിരുന്ന ഫിലിപ്പീൻസ് എയർലൈൻസ് വിമാനത്തിൽ സൗദി അറേബ്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ ‘സൗദിയ’ ഇടിയ്ക്കുകയായിരുന്നു.

സോനം വാങ്ചുക് സമരം: വിശദീകരണം

ആക്ടിവിസ്റ്റായ സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാരം തുടരുമ്പോൾ താൻ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ വലിയ ചർച്ചയായതോടെ കോക്രോച്ച് ജനതാപാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ വിശദീകരണവുമായി രംഗത്ത്. മറ്റൊരു സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും സമരം മുന്നോട്ടുകൊണ്ടുപോകാനാണ് താനടക്കമുള്ളവർ നിരാഹാര സമരത്തിൽനിന്ന് വിട്ടുനിൽക്കുന്നതെന്നും ദീപ്കെ പറഞ്ഞു.

സ്പെയിനുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുന്നു

സ്പെയിനുമായുള്ള എല്ലാവിധ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. നാറ്റോയിൽ സ്പെയിൻ വളരെ മോശമായ പങ്കാളിയാണെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപ് ഈ കടുത്ത നടപടി പ്രഖ്യാപിച്ചത്.

അമേരിക്കയിൽ നിയമയുദ്ധം

അമേരിക്കയിൽ അഭയം തേടിയ ഇറാൻ പൗരന്മാരുടെ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ യുഎസ് ഇമിഗ്രേഷൻ ഏജൻസികൾ ഇറാന് കൈമാറിയെന്ന് ആരോപിച്ച് നിയമയുദ്ധം. ഇറേനിയൻ അമേരിക്കൻ ലീഗൽ ഡിഫൻസ് ഫണ്ടും പബ്ലിക് സിറ്റിസൺ ലിറ്റിഗേഷൻ ഗ്രൂപ്പും സംയുക്തമായാണ് വാഷിംഗ്ടൺ ഡി.സി യിലെ ഫെഡറൽ കോടതിയിൽ ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്തത്.

നിജ്ജാർ കൊലപാതകം: അന്വേഷണത്തിൽ വഴിത്തിരിവ്

കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വൻ വിള്ളലുണ്ടാക്കിയ ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ പുതിയ വഴിത്തിരിവ്. ഇന്ത്യയിൽ ജയിലിൽ കഴിയുന്ന അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയും അമേരിക്കൻ കൂട്ടാളി ഗോൾഡി ബ്രാർ എന്ന സതീന്ദർജീത് സിംഗുമാണ് ഇതിന് പിന്നിലെന്ന് അമേരിക്കൻ അന്വേഷണം വ്യക്തമാക്കി.

ഇന്ത്യ-ഇംഗ്ലണ്ട് ടി20

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്നു ബ്രിസ്റ്റളിൽ നടക്കും. പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തപ്പോൾ അടുത്ത രണ്ട് കളികളും തോറ്റ ഇന്ത്യ 5 മത്സര പരമ്പരയിൽ 0-2 ന് പിന്നിലാണ്.

സ്‌പോർട്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് അംഗീകാരമില്ല

സ്‌പോർട്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘടനയ്ക്ക് കേന്ദ്ര കായിക-യുവജന മന്ത്രാലയത്തിന്റെ അംഗീകാരമില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ.

ഈജിപ്റ്റിന്റെ പരാതി

അർജന്റീനയോട് പരാജയപ്പെട്ട ഈജിപ്റ്റ് മത്സരം നിയന്ത്രിച്ച റഫറി ഫ്രാൻസ്വ ലെറ്റെക്സിയറുടെ തീരുമാനങ്ങൾക്കെതിരെ ഫിഫക്ക് പരാതി. തങ്ങളുടെ ഗോൾ അനുവദിക്കാതെ ഏകപക്ഷീയമായി റഫറി പ്രവർത്തിച്ചതെന്ന പരാതിയുമായാണ് ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷൻ അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയെ സമീപിച്ചത്.

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ

ഫിഫ ലോകകപ്പിൽ ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന, മുൻ ചാമ്പ്യന്മാരായ ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, കറുത്ത കുതിരകളായ നോർവെ, വിസ്മയ മുന്നേറ്റം നടത്തിയ ബെൽജിയം, സ്വിറ്റ്സർലാൻഡ്, ആഫ്രിക്കൻ ചാമ്പ്യന്മാരായ മൊറോക്കോ എന്നീ ടീമുകളാണ് സെമി ലക്ഷ്യമിട്ട് ഇറങ്ങുന്നത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 1.30 മുതൽ നടക്കുന്ന ആദ്യ ക്വാർട്ടർ മത്സരത്തിൽ ഫ്രാൻസും മൊറോക്കോയും തമ്മിൽ ഏറ്റുമുട്ടും.

റിസർവ് ബാങ്ക് സ്വർണ്ണശേഖരം വർദ്ധിപ്പിക്കുന്നു

റിസർവ് ബാങ്ക് വിദേശനാണയ ശേഖരത്തിൽ ഡോളർ ഒഴിവാക്കി സ്വർണ്ണത്തിന്റെ അളവ് കൂട്ടുന്നു. രണ്ടുവർഷത്തിനിടെ 61.5 ടൺ സ്വർണം വാങ്ങിയതും രാജ്യാന്തര വിപണിയിൽ സ്വർണ്ണവില കുത്തനെ ഉയർന്നതും ആർ.ബി.ഐയുടെ സ്വർണ്ണശേഖരത്തിന്റെ മൂല്യം റെക്കോഡ് ഉയരമായ 11,582 കോടി ഡോളറിലെത്തിച്ചു. വിദേശനാണയ ശേഖരത്തിൽ സ്വർണ്ണത്തിന്റെ വിഹിതം ഒരു വർഷത്തിനിടെ 12ൽ നിന്ന് 17 ശതമാനമായി ഉയർന്നു. 2015ൽ 557.18 ടൺ മാത്രമായിരുന്ന സ്വർണ്ണശേഖരം ഇപ്പോൾ 880.52 ടണ്ണാണ്.

മെറ്റയുടെ പുതിയ ‘മ്യൂസ് ഇമേജ്’

മാർക്ക് സക്കർബർഗിന്റെ മെറ്റാ പ്ലാറ്റ്‌ഫോംസിന്റെ ആദ്യ ഇമേജ്-ജനറേഷൻ മോഡലായ ‘മ്യൂസ് ഇമേജ്’ പുറത്തിറക്കി. മെറ്റാ സൂപ്പർ ഇന്റലിജൻസ് ലാബ്‌സാണ് ഈ പുതിയ മോഡൽ വികസിപ്പിച്ചത്. സങ്കീർണ്ണമായ പ്രോംറ്റുകൾ മനസ്സിലാക്കാനും ചിത്രങ്ങൾ ഇൻപുട്ടായി സ്വീകരിക്കാനും ഈ സംവിധാനത്തിന് സാധിക്കും. കൂടാതെ, എഐ നിർമ്മിക്കുന്ന ചിത്രങ്ങൾ നേരിട്ട് എഡിറ്റ് ചെയ്യാനും കഴിയും.

ടോക്‌സിക്: ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സി’-ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘തബാഹി’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഗാനത്തിൽ യഷിന്റെയും കിയാര അദ്വാനിയുടെയും തീവ്രമായ പ്രണയരംഗങ്ങളാണുള്ളത്.

റോട്ടൻ സൊസൈറ്റി: ആഗോള നേട്ടങ്ങൾ

മലയാള സിനിമാ ലോകത്തിന് അഭിമാനമായ പരീക്ഷണാത്മക ചിത്രം ‘റോട്ടൻ സൊസൈറ്റി’ ആഗോളതലത്തിൽ അപൂർവനേട്ടങ്ങൾ കൈവരിച്ച് മുന്നേറുന്നു. ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ (150 അവാർഡുകൾ) കരസ്ഥമാക്കുന്ന ‘ഫൗണ്ട് ഫൂട്ടേജ്’ ഫീച്ചർ ഫിലിം എന്ന റെക്കോഡോടെ ചിത്രം അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി.

ഒബെൻ ഇലക്ട്രിക്കിന്റെ റോർ ഇവോ

ഒബെൻ ഇലക്ട്രിക് അവരുടെ പുതിയ ഇലക്ട്രിക് ബൈക്കായ റോർ ഇവോ പുറത്തിറക്കി. സ്മാർട്ട് ഐക്യു സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന വ്യവസായത്തിലെ ആദ്യത്തെ ബൈക്കാണ് റോർ ഇവോ. പൂർണ്ണമായി ചാർജ് ചെയ്താൽ 180 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഒഥെല്ലോ ലളിതമലയാള പരിഭാഷ

ഷേക്സ്പിയർ നാടകത്തിന്റെ ലളിതമലയാള പരിഭാഷ. ‘ഒഥെല്ലോ’. വില്ല്യം ഷേക്സ്പിയർ. വിവർത്തനം – എം.രാജീവ് കുമാർ. പരിധി പബ്ലിക്കേഷൻസ്.

അത്താഴം: ആരോഗ്യപരമായ തിരഞ്ഞെടുപ്പുകൾ

അത്താഴം ലളിതമായില്ലെങ്കി

പോലീസ് പിടിച്ചെടുത്ത ലഹരിവസ്തുക്കൾ കത്തിച്ചു

കോഴിക്കോട്. സിറ്റി പോലീസ് പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നശിപ്പിച്ചു. 52.178 കിലോഗ്രാം കഞ്ചാവ്, 3.285 കിലോഗ്രാം എം.ഡി.എം.എ, 997 ഗ്രാം ഹാഷിഷ് ഓയിൽ, 79.67 ഗ്രാം ഹെറോയിൻ എന്നിവയാണ് കത്തിച്ചത്

നശിപ്പിച്ചത് 52 കേസുകളിലായി പിടിച്ചെടുത്ത ലഹരി വസ്തുക്കൾ

ദേശീയ പാത വികസനത്തിന്‌ 2039 കോടി രൂപ കേന്ദ്ര സഹായം

ന്യൂഡെല്‍ഹി.ദേശീയ പാത വികസനത്തിന്‌ 2039 കോടി രൂപ കേന്ദ്ര സഹായം.കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി പൊതുമരാത് വകുപ്പ് മന്ത്രി പി കെ ബഷീർ നടത്തിയ കൂടികാഴ്ചയ്ക്ക് പിന്നാലെയാണ് അംഗീകാരം.5 പദ്ധതികൾക്കാണ് ധനസഹായം

ശബരിമല, മൂന്നാർ വയനാട് റോപ് വേ ക്കും അംഗീകാരം. കോഴിക്കോട് രാമനാട്ടുകര – എയർപോർട്ട് വരെ എലിവാറ്റെഡ് ഹൈ വേ ക്ക് ഡി പി ആർ നൽകാനും നിർദ്ദേശം

പ്രാഥമികമായി അഞ്ച് പദ്ധതികൾക്ക് 2039 കോടി രൂപ കേന്ദ്രം അനുവദിച്ചു.

  1. വയനാട് ജില്ലയിലെ പെരിക്കല്ലൂരിൽ നിന്നും കർണാടകയിലുള്ള ബൈരകൂപയിലേക്ക് കബനീ നദിക്ക് കുറുകെ, പാലം നിർമ്മിക്കുന്നതിനുള്ള 49 കോടി രൂപ.
  2. ദേശീയ പാത 744 ൽ കൊല്ലം – തിരുമംഗലം നിലവിലുള്ള ദേശീയ പാതക്ക് 98.40 കോടി.
  3. ദേശീയ പാത – 966ൽ രാമനാട്ടുകര മുതൽ പാലക്കാട് ചന്ദ്രനഗർ വരെയുള്ള ദേശീയ പാതക്ക് 172 കോടി രൂപ.
  4. ദേശീയ പാത – 66ൽ തിരുവനന്തപുരം കഴക്കൂട്ടം മുതൽ ബാലരാമപുരം വരെയുള്ള പഴയ ദേശീയ പാതയ്ക് 66 കോടി രൂപ.
  5. കൊല്ലം – തേനി ദേശീയ പാതയിൽ കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ നാല് വരി പാത വികസനത്തിനായി 1663 കോടി രൂപ.

ഇതിന് പുറമെ, ശബരിമല, മൂന്നാർ, വയനാട് എന്നിവിടങ്ങളിൽ റോപ് വേ നിർമ്മിക്കുന്നതിന് തത്വത്തിൽ അംഗീകാരം കിട്ടി.

ദേശീയ പാത – 185 ൽ അടിമാലി -കുമളി ദേശീയ പാതയുടെ വീതി കൂട്ടുന്ന പദ്ധതിക്ക് അനുമതി ഉടനേ ലഭ്യമാകും. കോതമംഗലം, മൂവാറ്റുപുഴ ബൈ പാസുകളുടെ പുതുക്കിയ അലൈന്മെന്റിന്റെ അംഗീകാരം ഉടനെ ലഭിക്കും.

കോഴിക്കോട് രാമനാട്ടുകര മുതൽ എയർപോർട്ട് വരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കാനുള്ള പദ്ധതിക്ക് ഡി.പി.ആർ സമർപ്പിക്കാൻ ദേശീയപാത അധികൃതരോട് കേന്ദ്രമന്ത്രി നിർദേശിച്ചു.

ദേശീയപാത 66 നിർമാണം പൂർത്തിയാക്കാൻ 3 മാസം കൂടി: പണി നടക്കുന്ന് ഒച്ചിഴയും പോലെ: പാത തുറക്കുന്നത് വൈകും

കൊല്ലം ∙ ദേശീയപാത നിർമാണം പൂർത്തിയാക്കുന്നതിന് 3 മാസം കൂടി കാലാവധി അധികം അനുവദിച്ചെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ ജില്ലയിലെ വികസനം പൂർണമാകില്ലെന്നു വിലയിരുത്തൽ. കൊറ്റംകുളങ്ങര–കാവനാട് റീച്ചിലാണ് നിർമാണം ഇഴഞ്ഞു നീങ്ങുന്നത്. കടവൂർ, കല്ലുംതാഴം, ശക്തികുളങ്ങര മേഖലകളിൽ ദേശീയപാത നിർമാണം പൂർത്തിയാകാൻ ഏറെ വൈകും. ദേശീയപാതയിൽ കാവനാട് പാലം തുറന്നിട്ടുണ്ടെങ്കിലും ഭാരവാഹനങ്ങൾക്ക് ഇതുവഴി പ്രവേശനമില്ല. ജൂൺ 30 വരെയായിരുന്നു കാലാവധി, ഇപ്പോൾ സെപ്റ്റംബർ 30 വരെയാക്കിയിട്ടുണ്ട്.

കാവനാട്–കടമ്പാട്ടുകോണം റീച്ചിൽ മേവറം, കടവൂർ, കല്ലുംതാഴം, മൈലക്കാട് എന്നിവിടങ്ങളിലെ നിർമാണ കാലതാമസവും മഴയും കണക്കിലെടുത്താണ് കാലാവധി നീട്ടി നൽകിയതെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. മൈലക്കാട്, മേവറം, കടവൂർ എന്നിവിടങ്ങളിൽ മേൽപാലത്തിന്റെയും കല്ലുംതാഴത്ത് റെയിൽവേ മേൽപാലത്തിന്റെയും നിർമാണം പൂർത്തിയാകാനുണ്ട്. മൈലക്കാട്, മേവറം, കടവൂർ എന്നിവിടങ്ങളിൽ വയഡക്ട് (തൂണുകളിലുള്ള പാലം) നിർമിക്കുന്നതിന്റെ ഭാഗമായുള്ള പൈലിങ് ജോലികൾ പൂർത്തിയായി. കോൺക്രീറ്റ് ഗർഡറുകളുടെ നിർമാണം പുരോഗമിക്കുകയാണ്.

നീണ്ടകര, കന്നേറ്റി, ചവറ പാലങ്ങളുടെ നിർമാണം പാതിവഴിയിലാണ്. കരുനാഗപ്പള്ളി ടൗണിലെ മേൽപാലം നിർമാണം ഒരു ഭാഗം ഏകദേശം പൂർത്തിയായി. ഈ റീച്ചിലെ അടിപ്പാതകൾ നിർമിച്ചെങ്കിലും റോഡുകളുടെ നിർമാണം ഇഴയുകയാണ്. നീണ്ടകര പാലത്തിന്റെ നിർമാണമാണ് വൈകുന്നത്. നിലവിലെ പാലത്തിന് ഇരുവശങ്ങളിലുമായാണ് പുതിയ പാലങ്ങൾ നിർമിക്കുന്നത്. അവയുടെ നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനു പുറമേ, പാലങ്ങളിലേക്കുള്ള റോഡുകളുടെ പൂർത്തീകരണവും ഏറെ വൈകിയേക്കും. നിർമാണം പൂർത്തിയായ ഭാഗത്ത് കാടും പടലും വളർന്നിട്ടുണ്ട്.

മേൽപാത തകർന്ന മൈലക്കാട്ട് തൂണുകളിലുള്ള പാലം നിർമിക്കുന്നതിനുള്ള ചെലവ് കരാർ കമ്പനിയാണ് വഹിക്കുന്നത്. ഏകദേശം 90 കോടി രൂപയാണ് ചെലവ്. നിലവിലെ അടിപ്പാതയ്ക്ക് പുറമേ 200 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്.

കൊട്ടിയത്ത് ഒരു മാസത്തിനകം 90%
മൈലക്കാട് ഇറക്കത്ത് തൂണുകളിൽ നിർമിക്കുന്ന റോഡിന്റെ ജോലികൾ വേഗത്തിലാണ്. രാത്രിയും പകലുമായി ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം കൊണ്ട് നിർമാണം 90 ശതമാനം പൂർത്തിയാകുമെന്നാണ് കരാറുകാർ പറയുന്നത്. സിതാര ജംക്‌ഷൻ മുതൽ മേവറം വാഴപ്പള്ളി ജംക്‌ഷൻ വരെ നിർമാണം പൂർത്തിയായ ഉയരപ്പാത വഴി ഗതാഗതം അനുവദിക്കുന്നുണ്ട്. സ്ട്രീറ്റ് ലൈറ്റുകളും തെളിഞ്ഞു തുടങ്ങി. കൊട്ടിയത്ത് നിന്ന് വരുന്ന സർവീസ് റോഡിൽ വാഴപ്പള്ളി മുതൽ മേവറം വരെയുള്ള ഭാഗത്തെ റോഡ് റീ ടാറിങ്ങും പൂർത്തിയായി.

ഓച്ചിറയിലെ ടോൾ പ്ലാസ നിർമാണം ഇനി 40 ശതമാനം പൂർത്തിയാകാനുണ്ട്. ഓച്ചിറ, ചങ്ങൻകുളങ്ങര, വവ്വാക്കാവ്, പുതിയകാവ് അടിപ്പാത നിർമാണം പൂർത്തിയായി. ഓച്ചിറ മുതൽ കരുനാഗപ്പള്ളി വരെയുള്ള 13 കിലോമീറ്ററിൽ പ്രധാന റോഡിന്റെ നിർമാണം 75% പൂർത്തിയായി. സർവീസ് റോഡുകളുടെ നിർമാണവും 80% മാത്രമാണു പൂർത്തിയായത്. അടിപ്പാത നിർമാണം പൂർത്തിയാക്കി താൽക്കാലികമായി ഗതാഗതം ആരംഭിച്ചിരുന്നു. റോഡ് നിർമാണത്തിന് മണ്ണ് ലഭിക്കാത്തതാണ് പ്രധാന തടസ്സം. ദേവികുളങ്ങര പഞ്ചായത്തിൽ നിന്നുള്ള ഡ്രജിങ് താൽക്കാലികമായി നിർത്തിയിരിക്കുകയാണ്.ഓച്ചിറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ ഓച്ചിറ മുതൽ – കരുനാഗപ്പള്ളി വരെ മാറ്റി സ്ഥാപിക്കുന്നത് അന്തിമ ഘട്ടത്തിലാണ്. കിഴക്ക് ഭാഗത്തുനിന്നെത്തുന്ന പ്രളയ ജലം ദേശീയപാത കടന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്നതിനുള്ള സൗകര്യം നിരവധി സ്ഥലങ്ങളിൽ ഇല്ല. ഇതിനെതിരെ നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്. ഓച്ചിറ മുതൽ കരുനാഗപ്പള്ളി വരെ ദേശീയപാതയുടെ നിർമാണം ആറു മാസമായി ഇഴയുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മിക്ക സർവീസ് റോഡുകളും തകർന്നു കിടക്കുകയാണ്. (കടപ്പാട് fb).