Home Blog Page 375

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകരായ 9 പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

തിരുവനന്തപുരം.ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകരായ 9 പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
പ്രതികൾക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
അന്വേഷണം ഉന്നതരിലേക്ക് കടന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.


കേസ് നിർണായ ഘട്ടത്തിൽ ആയതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ
വിശദീകരിച്ചു. അതേസമയം കേസിൽ തെളിവെടുപ്പും
ചോദ്യംചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്.
10 സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. കേസിലെ ഒമ്പതാം പ്രതി ഹരീഷിന് മാത്രമാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ള

രക്ഷാപ്രവർത്തന കേസിൻ്റെ അന്വേഷണ അട്ടിമറിയിൽ വിശദീകരണം നൽകാതെ എഡിജിപി എം ആർ അജിത് കുമാർ

തിരുവനന്തപുരം. ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തന കേസിൻ്റെ അന്വേഷണ അട്ടിമറിയിൽ വിശദീകരണം നൽകാതെ എഡിജിപി എം ആർ അജിത് കുമാർ. വിശദീകരണം ആവശ്യപ്പെട്ട് അഞ്ചു ദിവസം കഴിഞ്ഞിട്ടും ഡിജിപി റവാഡാ ചന്ദ്രശേഖറിന് അജിത് കുമാർ മറുപടി നൽകിയിട്ടില്ല. വൈകാതെ മറുപടി നൽകാമെന്നാണ് അജിത് കുമാർ വ്യക്തമാക്കിയിരുന്നത്.

അജിത് കുമാറിൻ്റെ മറുപടി ലഭിച്ചശേഷം തുടർനടപടിയിലേക്ക് കടക്കാനാണ് ഡിജിപിയുടെ തീരുമാനം. എസ് ഐ ടി സമർപ്പിച്ച റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്കാണ് കൈമാറുക. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാൻ ആണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.

‘ഓൺലൈൻ’ ഇല്ല, ഇന്ന് മുതൽ ‘ഓഫ്‌ലൈൻ’, ഊബർ, ഓല, റാപ്പിഡോ സർവീസുകളെ ബാധിച്ചേക്കും, സംസ്ഥാനത്ത് ഓൺലൈൻ ടാക്സി പണിമുടക്ക്

തിരുവനന്തപുരം: നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി അവസാനിപ്പിക്കൽ അടക്കം ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിന്. പണിമുടക്കിന്റെ ഭാഗമായി ഊബർ, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ടാക്‌സികൾ ഓഫ്‌ലൈൻ ആകുമെന്നാണ് പ്രഖ്യാപനം.

Also Read: ക്രമക്കേടാരോപണം വ്യാപകം, പി എസ് സിയുടെ കൂടുതൽ പരീക്ഷകളിലേക്ക് അന്വേഷണം, ഒരു പരീക്ഷയുടെ കൂടി വിവരങ്ങൾ തേടി

ന്യായമായ നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി അവസാനിപ്പിക്കൽ തുടങ്ങി 11 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മുമ്പ് പ്രതിഷേധിച്ചപ്പോൾ പരിഹാരമെന്ന നിലയിൽ വർധിപ്പിച്ച തുക കമ്പനികൾ പിൻവലിച്ചതോടെയാണ് സമരത്തിനിറങ്ങിയത്. രേഖാമൂലം ഉറപ്പ് വേണമെന്നാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം. രാവിലെ കാറുകൾ കൂട്ടത്തോടെ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഓഫ്‌ലൈൻ ആക്കിയാണ് പ്രതിഷേധിക്കുക. ഇതോടെ ഓൺലൈൻ ക്യാബുകളെ ആശ്രയിക്കുന്ന നിരവധി പേർ പ്രതിസന്ധിയിലാകും.

കിളിമാനൂർ ലോറിക്ക് പിന്നിൽ ടെംമ്പോ ട്രാവലർ ഇടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം. കിളിമാനൂർ ലോറിക്ക് പിന്നിൽ ടെംമ്പോ ട്രാവലർ ഇടിച്ച് അപകടം.ടെംമ്പോ ട്രാവൽ യാത്രക്കാരനായ ഒരാൾ മരിച്ചു.രണ്ടു പേർക്ക് പരുക്കേറ്റു. മരിച്ചത് തൃശ്ശൂർ സ്വദേശിയായ യാത്രക്കാരൻ

നിലമേൽ ഭാഗത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് വരികയായിരുന്നു ടെംമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്

സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ നീക്കം

തിരുവനന്തപുരം.സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ. സംസ്ഥാനത്ത് അന്വേഷണം നേരിടുന്ന സഹകരണ സംഘങ്ങളുടെ പട്ടിക തയ്യാറാക്കുന്നു. പട്ടിക തയ്യാറാക്കുന്നത് സഹകരണ വകുപ്പ്

ക്രമക്കേട് നടന്ന സഹകരണ സ്ഥാപനങ്ങളും , നഷ്‌ടത്തിലായ സ്ഥാപനങ്ങളും പ്രത്യേകം തരംതിരിക്കും. സഹകരണ നിയമത്തിലെ 65, 66, 68 വകുപ്പുകൾ പ്രകാരം അന്വേഷണം നേരിടുന്ന സഹകരണ സംഘങ്ങളുടെ ഡാറ്റാബേസാണ് തയ്യാറാക്കുക.

ക്രമക്കേടുകളിൽ ഭരണസമിതി അംഗങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നതിനും ശിക്ഷാ നടപടികൾ വേഗത്തിലാക്കുന്നതിനുമായി പ്രത്യേകം മോണിറ്ററിംഗ് സെൽ രൂപീകരിക്കും. സമയബന്ധിതമായി തിരികെ നിക്ഷേപകർക്ക് നിക്ഷേപത്തുക നൽകാനുള്ള നടപടിയും ഇതിലുണ്ടാകും.

അസിസ്റ്റന്റ്, ജോയിൻ്റ് രജിസ്ട്രാർമാർ നടത്തിയ അന്വേഷണം റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ നീക്കം

എം കെ മുനീറിന് കാബിനറ്റ് പദവി,കോഴിക്കോടിന്‍റെ പരാതി മാറ്റും

തിരുവനന്തപുരം.എംകെ മുനീറിന് കാബിനറ്റ് പദവി,ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ലഭിച്ചേക്കും.ഉടൻ തീരുമാനമുണ്ടാകുമെന്ന് മുസ്ലിം ലീഗിന് പ്രതീക്ഷ .

കോഴിക്കോട് ജില്ലയിൽ നിന്ന് മന്ത്രിയില്ലാത്തതിലുള്ള അതൃപ്തിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ജില്ലാ നേതൃത്വത്തിന് മുനീറിൻ്റെ കാബിനറ്റ് പദവി യുഡിഎഫ് ഉറപ്പ് നൽകിയിരുന്നു.കേരള കോൺഗ്രസ് ജോസഫ് വിഭാഗവും കാബിനറ്റ് പദവിയെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്.

യുഡിഎഫ് ലെ ബോർഡ് – കോർപറേഷൻ സ്ഥാനം വിഭജനം പൂർത്തിയാകുന്നതോടെ അന്തിമ തീരുമാനം .

കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള കരാറിൽ നിന്ന് ഷൂട്ടർമാർ പിന്മാറുന്നു,വെടികൊള്ളുന്നത് കര്‍ഷകര്‍ക്ക്

തിരുവനന്തപുരം. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള കരാറിൽ നിന്ന് ഷൂട്ടർമാർ പിന്മാറുന്നു. ജഡം കുഴിച്ചുമൂടുന്നത് അടക്കം അധിക ബാധ്യതയും കിട്ടാനുള്ള കുടിശികയും ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. ഇതോടെ കാട്ടുപന്നി നിയന്ത്രണ നടപടികൾ അവതാളത്തിൽ.

കാട്ടുപന്നിയെ വെടിവച്ച് കൊല്ലുന്നതിന് ഷൂട്ടർക്ക് 1,500 രൂപയാണ് വേതനം.ഇത് മുടങ്ങിയിട്ട് കുറെ നാളായി. ഫണ്ടിന്റെ കുറവുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങളും പറയുന്നു.

പന്നികളുടെ ജഡം കുഴിച്ചുമൂടുന്നതിന് പഞ്ചായത്ത് 2000 രൂപ നൽകും. സർക്കാർ നിർദേശമനുസരിച്ച് അത് സംസ്കരിച്ചു എന്ന് ഉറപ്പാക്കുകയും വേണം. ഈ നിർദേശപ്രകാരം ജഡം സംസ്കരിക്കേണ്ട ചുമതലയും ഷൂട്ടർമാർക്കു തന്നെ വന്നതോടെ തോക്കിനൊപ്പം മൺവെട്ടിയും കൊണ്ടുപോകേണ്ട അവസ്ഥയാണെന്ന് ഷൂട്ടർമാർ.

ഷൂട്ടർമാരുടെ പിന്മാറ്റം കാട്ടുപന്നി ശല്യം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. ഇത് കൃഷിയെ ഉൾപ്പെടെ കാര്യമായി ബാധിച്ചു തുടങ്ങി

ക്രമക്കേടാരോപണം വ്യാപകം, പി എസ് സിയുടെ കൂടുതൽ പരീക്ഷകളിലേക്ക് അന്വേഷണം, ഒരു പരീക്ഷയുടെ കൂടി വിവരങ്ങൾ തേടി

തിരുവനന്തപുരം : ക്രമക്കേടാരോപണം ഉയർന്ന സാഹചര്യത്തിൽ പി എസ് സിയുടെ കൂടുതൽ പരീക്ഷകളിലേക്ക് അന്വേഷണം നടത്താൻ തീരുമാനം. ഒരു പരീക്ഷയുടെ കൂടി വിവരങ്ങൾ ക്രൈംബ്രാഞ്ച് എസ് ഐ ടി സംഘം പി എസ് സിയോട് തേടി. പിന്നോക്കവികസന കോർപ്പറേഷൻ പ്രോജക്ട് അസിസ്റ്റ് നിയമത്തിന്റെ വിവരങ്ങളാണ് തേടിയത്. ഈ നിയമനത്തിൽ പരാതികൾ വ്യാപകമായി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

Also Read: സമര സൂര്യൻ വിട പറഞ്ഞിട്ട് ഒരാണ്ട്, വിഎസിന്‍റെ ഒന്നാം ചരമവാർഷികം ഇന്ന്, വിപുലമായ ആചരണം

നേരത്തെ ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ടാണ് ക്രമക്കേടാരോപണം ഉയർന്നത്. ആസൂത്രണ ബോർഡിലെ ‘ചീഫ് (ഇൻഡസ്ട്രി & ഇൻഫ്രാസ്ട്രക്ചർ)’ തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ ഒൻപത് ലക്ഷത്തോളം രൂപ വാർഷിക ശമ്പളം വരുന്ന തസ്തികയിൽ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർത്ഥിയുടെ പരീക്ഷയിലെ പത്ത് ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്തിയിരുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു.

കാട്ടാക്കടയിൽ പോസ്റ്റ് ഓഫീസിൽ വന്‍ മോഷണശ്രമം

തിരുവനന്തപുരം. കാട്ടാക്കടയിൽ പോസ്റ്റ് ഓഫീസിൽ മോഷണശ്രമം.കബോർഡുകളും ക്യാഷ് സേഫ് ഉൾപ്പെടെ കുത്തി പൊളിച്ചു. പൂർണ്ണമായി പൊളിക്കാൻ കഴിയാത്തതിനാൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ 9 മണിയോടെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. കെട്ടിടത്തിന്റെ പുറകിലെ ജനലും വാതിലും തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. പുറകുവശത്തെ ജനലിന്റെ കമ്പി എല്ലാം വളച്ച നിലയിലാണ്. ക്യാഷ് ലോക്കറിൻ്റെ ചുമരുപൊളിച്ചു… എന്നാൽ ലോക്കർ തുറക്കാൻ സാധിക്കാതെ വന്നതോടെ മോഷണശ്രമം ഉപേക്ഷിക്കേണ്ടിവന്നു.


അതുകൊണ്ടുമായില്ല… പൊളിച്ച ഇടങ്ങൾ വൃത്തിയാക്കിയ ശേഷമാണ് കള്ളൻ അവിടംവിട്ടത്. മുറിയുടെ പൂട്ടു പൊളിച്ച് സമീപത്തെ അലമാരയുടെ പുറത്ത് വച്ചിട്ടുണ്ട്. കുത്തിപ്പൊളിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിയും പുറത്ത് ചാടി വെച്ചിട്ടുണ്ട്. കാട്ടാക്കട പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഉച്ചയോടെ വിരലടയാള വിദഗ്ദരും ഡോഗ്സ്‌ക്വാഡും എത്തി പരിശോധിച്ചു. മുൻപും ഇവിടെ മോഷണശ്രമങ്ങൾ നടന്നിട്ടുണ്ട്. കട്ടാക്കടയിലെ പ്രധാന പോസ്റ്റ്‌ഓഫീസ് ആയിരുന്നിട്ടും സിസിടിവി കാമറകൾ ഇല്ലാത്തത് കള്ളന്മാർക്ക് രക്ഷയാവുകയാണ്

സമര സൂര്യൻ വിട പറഞ്ഞിട്ട് ഒരാണ്ട്, വിഎസിന്‍റെ ഒന്നാം ചരമവാർഷികം ഇന്ന്, വിപുലമായ ആചരണം

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്. വിപുലമായ പരിപാടികളോടെയാണ് വിഎസിന്റെ ചരമവാർഷികം സിപിഎം ഇന്ന് ആചരിക്കുന്നത്. ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വിഎസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടക്കും.

Also Read: ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുമ്പോഴും നമ്മൾ വരുത്തുന്ന 6 പ്രധാന അബദ്ധങ്ങൾ; വിദഗ്ധർ പറയുന്നു

വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനവും റാലിയും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പുന്നപ്രയിലെ വിഎസിന്റെ കുടുംബവീടായ വേലിക്കകത്ത് വീട്ടിൽ വിഎസിന്റെ അർധ കായ പ്രതിമയും സ്ഥാപിക്കും.