Home Blog Page 376

കള്ളന്‍ വിജയന്‍ ,ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ് ബുക്കില്‍

​തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ലേഖന തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ പത്രത്തിൽ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ച ഫീച്ചർ ലേഖനം സാമൂഹ മാധ്യമത്തിൽ പങ്കിട്ട് മാധ്യമപ്രവർത്തകൻ ടിസി രാജേഷ്. തലക്കെട്ടിൽ വന്ന ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് ടിസി രാജേഷ് ലേഖനം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം പുല്ലാംപാറയിലെ നാടക ഗ്രാമത്തെക്കുറിച്ചും അവിടുത്തെ പ്രശസ്ത നാടക കലാകാരനായ വിജയനെക്കുറിച്ചുമുള്ളതായിരുന്നു രാജേഷ് തയ്യാറാക്കിയ ലേഖനം. നാടകവേദിയിലെ ‘കള്ളൻ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിജയന് ‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന മേൽവിലാസത്തിൽ അയക്കുന്ന കത്തുകൾ പോലും കൃത്യമായി ലഭിക്കാറുണ്ടെന്ന പശ്ചാത്തലത്തിലായിരുന്നു ലേഖനത്തിന് ഈ തലക്കെട്ട് നൽകിയത്.

കള്ളന്‍ വിജയന്‍, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ.

കേരളത്തില്‍ കാലവര്‍ഷത്തിന്റെ മഴകിലുക്കം തുടങ്ങിയാലും ഇല്ലെങ്കിലും, ഓരോ വര്‍ഷവും ജൂണ്‍ മാസത്തില്‍ തിരുവനന്തപുരം ജില്ലയിലെ മലയോര ഗ്രാമമായ മുത്തിപ്പാറയില്‍നിന്ന് നാടകത്തിന്റെ മണികിലുങ്ങിത്തുടങ്ങും. ഇടവേളകളില്ലാതെ അഞ്ചെട്ടുമാസക്കാലത്തേക്ക് അതു തുടര്‍ന്നുകൊണ്ടേയിരിക്കും. പിന്നെ, അവയോരോന്നായി പതിയെ മലയിറങ്ങി കേരളത്തിലെമ്പാടുമായി പടരും.

ആ മണികിലുക്കം കേരളം കേള്‍ക്കാന്‍ തുടങ്ങുന്നത് ‘കള്ളന്‍ വിജയ’ന്റെ വീട്ടുമുറ്റത്തുനിന്നുമാണ്. അവയുടെ തുടര്‍ച്ചകളുണ്ടാകുന്നത് കേരളത്തിലെ സാംസ്കാരിക സംഘടനകളുടെ വേദികളിലും പള്ളിപ്പെരുന്നാളുകളിലും ഉല്‍സവപ്പറമ്പുകളിലുമൊക്കെയാണ്. അതിങ്ങനെ കേരളത്തിലെ ഉല്‍സവ സീസണ്‍ അവസാനിക്കുംവരെ നീളും. പിന്നെ, അടുത്ത മഴക്കാലത്തിനു മുന്‍പ് മുത്തിപ്പാറയില്‍ പിന്നെയും മണികിലുങ്ങാന്‍ തുടങ്ങും. ആ മണിയൊച്ചകള്‍ക്കുവേണ്ടി കാതുകൂര്‍പ്പിച്ച് കള്ളന്‍ വിജയനും കുടുംബത്തിനുമൊപ്പം ഒരു ഗ്രാമം മുഴുവനും കാത്തിരിക്കും.

മുത്തിപ്പാറ ഒരത്ഭുത ഗ്രാമമാണ്. ഒരാളെ പരസ്യമായി ‘കള്ളന്‍ വിജയന്‍’ എന്നു വിളിച്ച്, അതില്‍ അഭിമാനിക്കുന്ന ഗ്രാമം. കേരളത്തില്‍ ഒരു വര്‍ഷം ഏറ്റവുമധികം നാടകങ്ങള്‍ക്ക് ജന്മംകൊടുക്കുന്ന ഗ്രാമം. സംസ്ഥാന സര്‍ക്കാരിന്റെ നാടകപുരസ്കാരങ്ങള്‍ക്ക് അര്‍ഹമാകുന്ന നാടകങ്ങളുള്‍പ്പെടെ ആദ്യം കാണാന്‍ ഭാഗ്യം ലഭിക്കുന്നവരുടെ ഗ്രാമം. പ്രൊഫഷണല്‍ നാടകക്കാര്‍ നെഞ്ചോടു ചേര്‍ത്തുവച്ചു പറയുന്ന പേരാണ് മുത്തിപ്പാറയും അവിടുത്തെ ധന്യ നാടകഗ്രാമവും.

കള്ളമില്ലാത്തവന്‍ ‘കള്ളന്‍’ വിജയന്‍

ഒരാളെ വെറുതേ അങ്ങനെ കള്ളനെന്നു വിളിക്കാന്‍ പറ്റുമോ? പറ്റുമെന്നുതന്നെയാണ് മുത്തിപ്പാറ പറയുന്ന ഉത്തരം. നാടകവേദികളില്‍ ഒന്നാം ബെല്‍ മുഴങ്ങിക്കഴിഞ്ഞ് അണിയറ പ്രവര്‍ത്തകരുടെ പേരുകള്‍ പറയുന്നതിനിടയില്‍ ആ പേരും നമുക്ക് കേള്‍ക്കാം. കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് അത് ‘രംഗസജ്ജീകരണം’ എന്ന വിശേഷണത്തിനൊപ്പമായിരുന്നെങ്കില്‍ ഇപ്പോഴത് ‘റിഹേഴ്സല്‍ ക്യാംപ്’ എന്നതിനൊപ്പമാണെന്നുമാത്രം. പേരിനൊപ്പം ‘കള്ളന്‍’ എന്ന വിളിപ്പേരു ചേര്‍ത്ത് വിളിച്ചുകേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരേയൊരാള്‍ നാടകക്കാരുടെ സ്വന്തം വിജയണ്ണന്‍ മാത്രമായിരിക്കും.

വിജയന്‍ ജനിച്ചുവളര്‍ന്നത് മുത്തിപ്പാറയിലാണ്. തിരുവനന്തപുരം ജില്ലയില്‍ വെഞ്ഞാറമൂടിനടുത്ത് പുല്ലമ്പാറ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട സ്ഥലമാണ് മുത്തിപ്പാറ. റബ്ബര്‍ മരങ്ങള്‍ അതിരിട്ടുനില്‍ക്കുന്ന ആ ഗ്രാമത്തിന്റെ ഇടവഴികളില്‍ നിന്നു നോക്കിയാല്‍ അങ്ങുമുകളില്‍ പാറമുകളിലൊരു മുത്തിയുടെ കോവില്‍ കാണാം. അഞ്ചോ ആറോ വ്യാപാര സ്ഥാപനങ്ങള്‍‌ മാത്രമുള്ള മുത്തിപ്പാറയെന്ന ഗ്രാമത്തിന് ആ പേരുകിട്ടിയത് ഈ കൊച്ച് അമ്പലത്തില്‍നിന്നാകണം. ആ പേരിനെ നാടാകെ അറിയപ്പെടുന്ന പേരാക്കിയത് കള്ളന്‍ വിജയനാണ്. മുത്തിപ്പാറയില്‍ നിന്നുള്ള കുപ്രസിദ്ധനായ കള്ളനല്ല, സുപ്രസിദ്ധനായ കള്ളനാണ് വിജയന്‍.

ഒരു മണല്‍ത്തരിപോലും മോഷ്ടിക്കാതെ കള്ളനായി മാറിയ കഥയാണ് വിജയന്റേത്. ആ പേരു വന്നത് വെറുമൊരു കളിതമാശയായിട്ടാണ്. കുട്ടിക്കാലത്ത് കുട്ടികളോട് വാല്‍സല്യം തോന്നി വിളിക്കാറില്ലേ, ‘കൊച്ചുകള്ളാ’ എന്ന്? ആ കുട്ടി എന്തെങ്കിലും മോഷ്ടിച്ചതുകൊണ്ടോ കള്ളത്തരം കാണിച്ചതുകൊണ്ടോ വിളിക്കുന്നതാകണമെന്നില്ല അത്. വാല്‍സല്യസൂചകമായി മാത്രം വിളിക്കുന്ന ഒരു വിളിയാണത്. വിജയനേയും അങ്ങനെ വിളിച്ചു വീട്ടുകാര്‍. എപ്പോഴൊക്കെയോ ആ വിളികേട്ട അയല്‍ക്കാരും പയ്യെപ്പയ്യെ നാട്ടുകാരും ‘എടാ കൊച്ചുകള്ളാ’ എന്ന് ചെറുചിരിയോടെ വിജയനെ വിളിച്ചുതുടങ്ങി. കുട്ടികള്‍ വളരുമ്പോള്‍ ഇത്തരം വിളികള്‍ പയ്യെപ്പയ്യെ ഇല്ലാതാകുകയാണ് പതിവെങ്കില്‍ ഇവിടെ ആ പേര് പയ്യെപ്പയ്യെ വേരുപിടിച്ചു വളരുകയാണ് ചെയ്തത്. അങ്ങനെ വിജയന്‍ മുതിര്‍ന്ന് അണ്ണനും അച്ഛനുമൊക്കെയായപ്പോഴും പേരിനൊപ്പം കൊച്ചുകള്ളന്‍ ലോപിച്ചുണ്ടായ ‘കള്ളന്‍’ എന്ന വിളിപ്പേരുകൂടി നാടുചുറ്റി.

ഇപ്പോള്‍ ‘കള്ളന്‍’ എന്ന വിളിപ്പേരില്ലാതെ തന്നെ ആരെങ്കിലും പരിചയപ്പെടുത്തുന്നത് വിജയന് ഓര്‍ക്കാന്‍ കൂടി വയ്യ. സമീപനാളില്‍ ചില മാധ്യമങ്ങളിലൊക്കെ വാര്‍ത്തകളും വിശേഷങ്ങളും വന്നപ്പോള്‍ ഒരുകൂട്ടര്‍മാത്രം എന്തുകൊണ്ടോ ‘കള്ളന്‍’ എന്ന വിളിപ്പേര് ഒഴിവാക്കി. അത് വിജയന് വല്ലാതെ ഫീല്‍ ചെയ്തു. മുത്തിപ്പാറയിലെ വീട്ടില്‍ നിന്ന് സംസാരിച്ചിറങ്ങാന്‍നേരം ഒറ്റക്കാര്യം മാത്രമേ വിജയണ്ണന്‍ ആവശ്യപ്പെട്ടുള്ളു- പേരിനൊപ്പം ‘കള്ളന്‍’ എന്നു ചേര്‍ക്കാന്‍ മറക്കരുത്. അതാണ് ആ വിളിപ്പേരുമായി വിജയനുള്ള ആത്മബന്ധം, നാടകത്തോടുള്ളതുപോലെതന്നെ ദൃഢമായൊരു ബന്ധം.

കള്ളന്‍ വിജയന്റെ നാടകയാത്രകള്‍

നാടകങ്ങള്‍ നാടെങ്ങും കളിക്കുമ്പോള്‍ അതിന്റെ ചരടുകള്‍ രംഗസജ്ജീകരണം ഒരുക്കുന്നവരുടെ കരങ്ങളിലാണ്. ഓരോ രംഗം മാറുന്നതിനുമനുസരിച്ച് രംഗപടവും മാറ്റണം. പ്രോപ്പര്‍ട്ടീസ് കൃത്യമായ സ്ഥലങ്ങളില്‍ വയ്ക്കണം. അതിനിടയില്‍ സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെപ്പോലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് താങ്ങും തണലുമായി വന്നുപോകുന്ന ചെറുകിട കഥാപാത്രങ്ങളായും കോറസ്സായുമൊക്കെ അരങ്ങിലേക്ക് മേക്കപ് ഇട്ട് എത്തുകയും വേണം. എങ്കിലും നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നവരില്‍ താരതമ്യേന വരുമാനം കുറഞ്ഞ വിഭാഗക്കാരാണ് ഇവര്‍. ഒരവാര്‍ഡിനുപോലും ഇവര്‍ പരിഗണിക്കപ്പെടാറില്ല. അതുകൊണ്ടുതന്നെ നാടകസംഘത്തിനൊപ്പം ഉലകം ചുറ്റുന്നതും പിഴവുകളില്ലാതെ രംഗമൊരുക്കുന്നതിലും നാടകക്കാരുമായുള്ള ബന്ധം പവിത്രമായി കരുതുന്നതിലും ഒതുങ്ങുന്നു ഇവരുടെ ആത്മസംതൃപ്തി.

അതിലൊരാളായാണ് വിജയന്‍ നാടകപ്രവര്‍ത്തനം തുടങ്ങുന്നത്. ‘തിരുവനന്തപുരം സംഘചേതന’യിലായിരുന്നു തുടക്കം. നാലര പതിറ്റാണ്ടെങ്കിലുമായിക്കാണും അത്. അന്ന് പതിനഞ്ചുവയസ്സോളമേ വിജയന് പ്രായമുള്ളു. കേരളത്തിലങ്ങോളമിങ്ങോളം സൂപ്പര്‍ ഹിറ്റുകളായി കളിച്ച ഒട്ടേറെ നാടകങ്ങള്‍ക്ക് അരങ്ങൊരുക്കിയ നാടകസംഘമായിരുന്നു സംഘചേതന. പിരപ്പന്‍കോട് മുരളിയെപ്പോലുള്ള മികച്ച നാടകക്കാരുടെ കേന്ദ്രം. സ്വാതിതിരുനാള്‍, ഇന്ദുലേഖ തുടങ്ങി ഒട്ടേറെ നാടകങ്ങള്‍. സായികുമാറും റിസബാവവും കൊച്ചുപ്രേമനുമൊക്കെ സിനിമയിലേക്ക് ചുവടുവച്ചത് സംഘചേതനയുടെ നാടകങ്ങളില്‍ നിന്നാണ്. ‘സ്വാതിതിരുനാള്‍’ ആദ്യം അരങ്ങിലെത്തുമ്പോള്‍ സായികുമാറായിരുന്നു നായകന്‍. ‘റാംജിറാവ് സ്പീക്കിംഗി’ല്‍ നായകനാകാന്‍ സായികുമാര്‍ പോയപ്പോള്‍ ആ വേഷം റിസബാവ ഏറ്റെടുത്തു. റാംജിറാവ് ടീമിന്റെ രണ്ടാം സിനിമ ‘ഇന്‍ ഹരിഹര്‍ നഗര്‍’ വന്നപ്പോള്‍ റിസബാവ അതിലൂടെ വെള്ളിത്തിരയിലേക്ക് ചുവടുവച്ചു. ഈ കാഴ്ചകളൊക്കെ കണ്ട് വിജയന്‍ അപ്പോഴൊക്കെ സംഘചേതനയുടെ അണിയറയിലുണ്ടായിരുന്നു.

30 രൂപയായിരുന്നു അന്നൊക്കെ സെറ്റ് വര്‍ക്കര്‍ക്ക് ഒരുകളിക്കു ലഭിക്കുന്ന കൂലി. നാടകം കളിക്കാനായി സ്ഥലത്തെത്തുമ്പോഴായിരിക്കും വേദിയുടെ പരിമിതികള്‍ മനസ്സിലാകുന്നത്. സ്റ്റേജിന് ചിലപ്പോള്‍ വീതിയുണ്ടാകില്ല. ചിലപ്പോള്‍ ഉയരം കുറവായിരിക്കും. അങ്ങനെ വരുമ്പോള്‍ നാടകത്തിനു പരുവപ്പെടുന്ന രീതിയില്‍ സ്റ്റേജിന്റെ വലുപ്പം കൂട്ടേണ്ട ചുമതലയും സെറ്റൊരുക്കുന്നവരുടെ തലയിലാകും. അതിനുശേഷം വേണം കര്‍ട്ടനുകളും രംഗപടവുമൊക്കെ സെറ്റാക്കാന്‍.

മൂന്നുപേരാണ് ഒരു സമിതിയില്‍ രംഗസജ്ജീകരണത്തിനായി ഉണ്ടാകുക. ആദ്യമൊക്കെ മൂവരില്‍ ഒരുവനായിരുന്ന വിജയന്‍ പിന്നീട് മൂപ്പരായി. രംഗസജ്ജീകരണത്തിന്റെ ചുമതല പൂര്‍ണമായും വിജയന്റെ നിയന്ത്രണത്തിലായിരിക്കും. ആയിരക്കണക്കിനു നാടകങ്ങള്‍ക്ക് രംഗപടം ഒരുക്കിയിട്ടുള്ള ആര്‍ട്ടിസ്റ്റ് സുജാതന്റെ രംഗപടങ്ങളാണ് വിജയന്‍ ഏറ്റവുമധികംതവണ കാണികള്‍ക്കായി സജ്ജമാക്കിയിട്ടുള്ളത്.

സ്വാതിതിരുനാളും ഇന്ദുലേഖയുമൊക്കെ കഥാപാത്രങ്ങള്‍ ഏറെയുള്ള നാടകങ്ങളായിരുന്നു. ഒരാള്‍തന്നെ ഒന്നിലധികം കഥാപാത്രങ്ങളെ വേദിയില്‍ അവതരിപ്പിക്കും. അരങ്ങൊരുക്കുന്നവരും കഥാപാത്രങ്ങളായി വേദിയിലേക്കെത്തും. അങ്ങനെയാണ് ‘ഇന്ദുലേഖ’യിലെ ചിന്നനായി വിജയന്‍ അരങ്ങില്‍ കയറുന്നത്. ഇന്ദുലേഖയുടെ അമ്മാവനായ പഞ്ചുമേനോന്റെ മകനാണ് ചിന്നന്‍. നായകനായ മാധവനും നായകയായ ഇന്ദുലേഖയ്ക്കും ഒപ്പം പ്രാധാന്യമുണ്ട് നോവലില്‍ ചിന്നന്. പക്ഷേ, നാടകത്തില്‍ ആ കഥാപാത്രത്തിന് അധികം ഡയലോഗുകളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, അരങ്ങില്‍ സ്ഥിരസാന്നിധ്യമായി ആ കഥാപാത്രം നാടകത്തിലുടനീളമുണ്ടായിരുന്നുവെന്ന് വിജയന്‍ ഓര്‍ക്കുന്നു.

നാടകങ്ങളുടെ ഉര്‍വ്വരകാലമായിരുന്നു അത്. പല ദിവസങ്ങളിലും രണ്ടു കളികള്‍. ഒരിടത്തു നാടകം കഴിഞ്ഞാലുടന്‍ സെറ്റഴിച്ച് വണ്ടിയില്‍ കയറ്റണം. അടുത്ത സ്ഥലത്ത് ചെന്നിട്ട് വീണ്ടും സെറ്റു കെട്ടണം. ഇതിനിടയില്‍ ഭക്ഷണം കഴിക്കാനൊന്നും സമയം കിട്ടിയെന്നുവരില്ല. സംഘചേതനയില്‍ നിന്ന് വിജയന്‍ പിന്നീട് സങ്കീര്‍ത്തനയിലേക്ക് മാറി. ഏറ്റവുമധികംകാലം ജോലി ചെയ്ത സമിതിയും സങ്കീര്‍ത്തനയാണ്. സങ്കീര്‍ത്തന കളിച്ച നാടകങ്ങളൊക്കെ സൂപ്പര്‍ഹിറ്റുകളായിരുന്നു. എന്നിട്ടും സമിതി ഉടമയ്ക്ക് വലിയ സാമ്പത്തികനേട്ടമൊന്നുമുണ്ടായില്ല. അങ്ങനെ സമിതി നിറുത്തി ഉടമ ഗള്‍ഫിലേക്കു പോയി.

മുപ്പത്തിയാറു വര്‍ഷമാണ് വിജയന്‍ നാടകങ്ങളുടെ സെറ്റുകള്‍ക്കൊപ്പം സഞ്ചരിച്ചത്. കേരളത്തില്‍ അദ്ദേഹം പോകാത്ത സ്ഥലങ്ങളില്ലെന്നുതന്നെ പറയാം. ഇനിയും ഉറക്കമൊഴിക്കാന്‍ വയ്യെന്നു തോന്നിയപ്പോഴാണ് വിജയന്‍ നാടകവേദികളോടു വിട പറയാന്‍ തീരുമാനിക്കുന്നത്. നാടകത്തില്‍നിന്നാകട്ടെ കാര്യമായ വരുമാനവുമില്ല. അന്നത്തെ ചെലവുകള്‍ കഴിഞ്ഞുപോകുമെന്നുമാത്രം. നാടകമില്ലാത്ത നാലഞ്ചു മാസക്കാലം ഒരുരൂപപോലും വരുമാനമുണ്ടാകില്ല. അങ്ങനെയാണ് മറ്റെന്തെങ്കിലും പരിപാടികളുമായി മുത്തിപ്പാറയിലേക്ക് ഒതുങ്ങാന്‍ വിജയന്‍ തീരുമാനിച്ചത്. പക്ഷേ, അപ്പോഴും വിജയന്റെ ഉള്ളിന്റെ ഉള്ളില്‍ നാടകം ഒരു വികാരമായി ജ്വലിച്ചുനിന്നിരുന്നു.

നാടകക്കാരുമായുള്ള ബന്ധം അറ്റുപോകാതിരിക്കാന്‍ നാടക മല്‍സരത്തിന്റെ സംഘാടകന്റെ വേഷമണിഞ്ഞു അദ്ദേഹം. എട്ടുനാടകങ്ങളാണ് ഒരു മല്‍സരത്തിലുണ്ടാകുക. രണ്ടുവര്‍ഷം നാടകോല്‍സവം വിജയകരമായി നടത്തിയപ്പോള്‍ കോവിഡ് വന്നു. അതോടെ മല്‍സരം നിലച്ചു. പിന്നെയെന്ത് എന്ന ആലോചനയാണ് നാടകരംഗത്ത് ഇതുവരെ അധികം കാണാത്ത ഒരു സംരംഭത്തിലേക്ക് വിജയനെ നയിച്ചത്.

നാടകപരിശീലനം: ധന്യ നാടകഗ്രാമം, മുത്തിപ്പാറ

മുത്തിപ്പാറ ഗ്രാമത്തില്‍ വീടിനോടു ചേര്‍ന്നുകിടന്ന സ്ഥലത്ത് നാടകങ്ങള്‍ക്കൊരു പരിശീലന കേന്ദ്രം എന്ന ആശയമായിരുന്നു അത്. ഒരു നാടകം അവതരിപ്പിക്കാന്‍ ആവശ്യമായ വേദിയുടെ വീതിയും നീളവുമൊന്നും വിജയനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. അങ്ങനെ വെറുതേ കിടന്ന സ്ഥലത്ത് ധന്യ നാടകഗ്രാമത്തിന് വിജയന്‍ ബെല്ലടിച്ചു. മൂന്നര വയസ്സുള്ളപ്പോള്‍ മരിച്ചുപോയ മകളുടെ പേരാണ് ധന്യ. ആ മകളുടെ ഓര്‍മകൂടിയായി മാറി നാലുവര്‍ഷം മുന്‍പ് ആരംഭിച്ച ഈ കേന്ദ്രം.

നാടകപരിശീലനത്തിനു മാത്രമായി ഒരു കേന്ദ്രം കേരളത്തില്‍ ഇല്ലെന്നതാണ് വിജയനെ ഈ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഏതെങ്കിലും അമ്പലങ്ങളുടെ ഓഡിറ്റോറിയമോ കല്യാണ മണ്ഡപങ്ങളോ പോലുള്ളവ വാടകയ്ക്കെടുത്താണ് നാടകസമിതികള്‍ റിഹേഴ്സലുകള്‍ നടത്തുന്നത്. കല്യാണം നടക്കുമ്പോഴും അമ്പലത്തില്‍ പാട്ടിടുമ്പോഴുമൊക്കെ റിഹേഴ്സല്‍ തടസ്സപ്പെടും. എങ്കില്‍പിന്നെ നാടക റിഹേഴ്സലുകള്‍ക്കു മാത്രമായി ഒരു കേന്ദ്രം തുടങ്ങിയാലോ എന്നായി ആലോചന. കഴിഞ്ഞ വര്‍ഷം മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ സുരേഷ് ദിവാകരനും നാടകകൃത്ത് മുഹാദ് വെമ്പായവുമൊക്കെ തുടക്കത്തിലേ വിജയന്റെ ആശയത്തിനൊപ്പം കട്ടയ്ക്കു കൂടെനിന്നു. ഏതാണ്ട് ഇരുപതു ലക്ഷം രൂപ ചെലവുവന്നു ധന്യ നാടകഗ്രാമം സജ്ജമാക്കാന്‍. വിവിധ കൂട്ടായ്മകളില്‍ നിന്നും സംഘങ്ങളില്‍ നിന്നുമൊക്കെ പണം വായ്പയെടുത്തും സ്വര്‍ണം പണയം വച്ചുമൊക്കെയാണ് വിജയന്‍ ഇത് സജ്ജമാക്കിയത്.

നാടകങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റിയ സ്റ്റേജ്. ഇരുനൂറോളം പേര്‍ക്ക് ഇരുന്നു കാണുവാനുതകുന്ന സദസ്സ്. നാടകത്തില്‍ അഭിനയിക്കാനും രംഗമൊരുക്കാനുമൊക്കെ എത്തുന്നവര്‍ക്ക് താമസിക്കാനുള്ള സൗകര്യവും മൂന്നുനേരം ഭക്ഷണവും. അങ്ങനെ നാടകക്കാര്‍ക്ക് പരിശീലന സമയത്തു വേണ്ടതെല്ലാം അറിഞ്ഞൊരുക്കും വിജയനും കുടുംബവും. ഇതൊന്നും ലാഭം പ്രതീക്ഷിച്ചു ചെയ്യുന്നതേയല്ല. 200 രൂപയ്ക്കാണ് മൂന്നുനേരത്തെ ഭക്ഷണം നല്‍കുന്നത്. ചില ദിവസങ്ങളില്‍ ഇലയിട്ടു സദ്യതന്നെ വിളമ്പും. വിജയനും ഭാര്യ കുമാരിയും മകന്‍ അനന്തുവും മരുമകള്‍ മണിക്കുട്ടിയെന്നു വിളിക്കുന്ന ഗ്രീഷ്മയും ഒക്കെ ചേര്‍ന്നാണ് ഭക്ഷണമുള്‍പ്പെടെ ഒരുക്കുന്നത്. ഒരാളെ ജോലിക്കു നിറുത്തിയാല്‍ അത് മുതലാകില്ലാത്തതിനാല്‍ എല്ലാം സ്വയം ഒരുക്കുന്നു. രണ്ടുമാസത്തെ കറന്റു ബില്ലുമാത്രം 25,000 രൂപയ്ക്കു മുകളിലാണ്. അതുകൂടി അടച്ചുകഴിഞ്ഞാല്‍ കാര്യമായ മിച്ചമൊന്നും ഇതില്‍ നിന്നുണ്ടാകില്ല. ചെറിയതോതിലുള്ള ഭൂമി അളക്കല്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ നിന്നുള്ള വരുമാനമാണ് വിജയന്റെ ജീവിതം ഇപ്പോഴും മുന്നോട്ടു കൊണ്ടുപോകുന്നത്. നാടകഗ്രാമത്തിനായി എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാനും അതുതന്നെയാണ് മാര്‍ഗമായിട്ടുള്ളത്.

ഏപ്രില്‍ മാസം പകുതിയോടെ ധന്യ നാടകഗ്രാമത്തില്‍ നാടകത്തിനുള്ള ഒരുക്കങ്ങളാരംഭിക്കും. മെയ് മാസം അവസാനമോ ജൂണ്‍മാസം ആദ്യമോ ആദ്യ നാടകങ്ങള്‍ ഇവിടെനിന്ന് നാടുചുറ്റാന്‍ പുറപ്പെടും. കുറഞ്ഞത് ഏഴു നാടകങ്ങളെങ്കിലും ഒരുവര്‍ഷം ഇവിടെനിന്ന് റിഹേഴ്സല്‍ ചെയ്തിറങ്ങും. ഒരു നാടകം തയ്യാറായിവരാന്‍ ഏകദേശം ഒരുമാസക്കാലം വേണ്ടിവരും. ഈ വര്‍ഷം തിരുവനന്തപുരം ശ്രീനന്ദനയുടെ ‘ഇരുവര്‍’, കടയ്ക്കാവൂര്‍ എസ്. എസ്. നടനസഭയുടെ ‘ഈശ്വരന്റെ തിരക്കഥ’ എന്നീ നാടകങ്ങള്‍ റിഹേഴ്സല്‍ കഴിഞ്ഞ് വേദികളിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ചങ്ങനാശ്ശേരി അണിയറയുടെ ‘തിര’ റിഹേഴ്സല്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മികച്ച നാടകത്തിനും സംവിധായകനും നടനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ച തിരുവനന്തപുരം അജന്തയുടെ ‘വംശം’ ഒരുങ്ങിയതും ധന്യ നാടകഗ്രാമത്തിലായിരുന്നു.

ഒക്ടോബര്‍- നവംബര്‍ മാസം വരെയൊക്കെ ഇടവേളകളില്ലാതെ നാടകങ്ങളുടെ റിഹേഴ്സല്‍ ക്യാംപ് ഉണ്ടാകും. അതിനുശേഷം ബാലെകള്‍ക്കുവേണ്ടി ഇവിടെ അരങ്ങൊരുങ്ങും. ജനുവരിയോടെ ബാലെകളുടെ റിഹേഴ്സലുകളും അവസാനിക്കും. ഫെബ്രുവരി മുതല്‍ രണ്ടര- മൂന്നു മാസക്കാലം ധന്യ നാടകഗ്രാമം വിശ്രമത്തിലാകും.

“കേരളത്തില്‍ നാടകമെടുത്ത് ഒരാളുപോലും മുതലാളിയായ ചരിത്രമില്ല. എന്നാലും ഇതൊരു ഭ്രാന്തായി കൊണ്ടുനടക്കുന്നവരാണ് നാടകങ്ങളുണ്ടാക്കുന്നത്. സ്ഥിരം മദ്യപിക്കുന്നവരെപ്പോലെയാണ് അവര്‍. നാടകവണ്ടി കാണുമ്പോള്‍ ഭ്രാന്തിളകും. കിടപ്പാടം വിറ്റും കടം വാങ്ങിയുമാണ് പലരും നാടകം കളിക്കുന്നത്. രണ്ടുകൊല്ലം ഭേദപ്പെട്ട കളി കിട്ടിയില്ലെങ്കില്‍ അതോടെ തീരും അവരുടെ കാര്യം. പല സമിതികളും റിഹേഴ്സല്‍ കഴിഞ്ഞ് കടം പറയാറുണ്ട്. നാടകം കളിച്ചുകഴിഞ്ഞ് അവരത് വീട്ടാറുമുണ്ട്” – വിജയന്‍ പറയുന്നു. നാടകമുതലാളിമാരുടെ അവസ്ഥ നന്നായിട്ടറിയാവുന്നതുകൊണ്ടുതന്നെ വിജയന് പിടിവാശികളൊന്നുമില്ല.

മുത്തിപ്പാറയില്‍ ധന്യ നാടക ഗ്രാമത്തിലെ സ്റ്റേജിനോടു ചേര്‍ന്ന് ഡോര്‍മെട്രി പോലുള്ള ഇടത്തിലാണ് നടന്മാരും അരങ്ങൊരുക്കുന്നവരുമൊക്കെ താമസിക്കുന്നത്. നടിമാര്‍ക്കും സംവിധായകനും താമസിക്കാന്‍ തൊട്ടടുത്തുതന്നെ രണ്ടു വീടുകളോടനുബന്ധിച്ചുള്ള മുറികള്‍ സംഘടിപ്പിച്ചതും വിജയന്‍ തന്നെയാണ്. ഗ്രാമപ്രദേശമായതിനാല്‍ വലിയ വാടകയൊന്നും ലഭിക്കുന്ന സ്ഥലമല്ല. പക്ഷേ, നാടകക്കാര്‍ക്കു നല്‍കിയതോടെ ഭേദപ്പെട്ട ദിവസവാടക അവര്‍ക്കു ലഭിക്കുന്നുണ്ട്. ആ തുക സമിതികള്‍ നേരിട്ടു കൊടുക്കണമെന്നുമാത്രം.

മുത്തിപ്പാറയുടെ സമീപ പട്ടണമായ വെഞ്ഞാറമൂട്ടിലേക്ക് ഏഴു കിലോമീറ്റര്‍ ദൂരമുണ്ട്. നാലഞ്ചു കടകള്‍ മാത്രമുള്ള മുത്തിപ്പാറയുടെ ഇപ്പോഴത്തെ ഊര്‍ജ്ജം ധന്യ നാടകഗ്രാമമാണ്. നാടകങ്ങളുടെ ഫൈനല്‍ റിഹേഴ്സല്‍ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തില്‍ നിന്നുള്‍പ്പെടെ ആളുകള്‍ മുത്തിപ്പാറയിലെത്തും. നാടകത്തിന്റെ റിഹേഴ്സല്‍ കാണാനും ബുക്ക് ചെയ്യാനുമൊക്കെയാണ് അവര്‍ വരുന്നത്. ആ ദിവസങ്ങളില്‍ മുത്തിപ്പാറയ്ക്ക് ഉല്‍സവത്തിന്റെ പ്രതീതിയാണ്.

ഇതുവരെയും മുത്തിപ്പാറക്കാരുടെ സഹകരണമാണ് വിജയന്റെ ധൈര്യവും ഊര്‍ജ്ജവും. പകല്‍ സമയത്തും രാത്രിയിലും ഇവിടെ നിന്നുള്ള ശബ്ദകോലാഹലങ്ങള്‍ നാട്ടുകാര്‍ക്കിപ്പോള്‍ സുപരിചിതമാണ്. രാത്രി ഒന്‍പതു മണി വരെയൊക്കെ റിഹേഴ്സല്‍ നടക്കും. റിഹേഴ്സലും ശബ്ദവുമൊക്കെ അല്‍പം നീണ്ടാലും ആരും പരാതി പറയാറില്ല. അവര്‍ക്കൊക്കെ നാടകങ്ങള്‍ തങ്ങളുടെ ജീവിതത്തിന്റെ കൂടി ഭാഗമായാണ് അനുഭവപ്പെടുന്നത്. നാടകങ്ങളിലെ ഡയലോഗുകളും രംഗങ്ങളുമൊക്കെ പലര്‍ക്കും കാണാപ്പാഠം. അതുകൊണ്ടുതന്നെ ഫൈനല്‍ റിഹേഴ്സല്‍ ദിവസങ്ങളില്‍ ധന്യ നാടകഗ്രാമത്തിലെ സദസ്സിലെ കസേരകള്‍ നിറഞ്ഞുകവിയും. നിന്നുകാണാനും ആളുകള്‍ ധാരാളമുണ്ടാകും. വീടുകളില്‍ നിന്ന് സ്ത്രീകളും കുട്ടികളുമൊക്കെ വീട്ടില്‍ ധരിക്കുന്ന വസ്ത്രവും ധരിച്ച് നാടകം കാണാനെത്തും. തികച്ചും സാധാരണക്കാരായ ആ മനുഷ്യര്‍ക്കുമുന്നില്‍ നാടകത്തിന്റെ ആദ്യബെല്‍ മുഴങ്ങും. അവര്‍ കണ്ടുതീര്‍ത്ത നാടകങ്ങള്‍ ഓരോന്നായി കേരളത്തിലെ അരങ്ങുകള്‍തേടി പതിയെ യാത്ര തുടങ്ങും.

വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയിലധികം രൂപ വില വരുന്ന 12 കോടി മയക്കുമരുന്ന് ​ഗുളികകൾ,ഡൽഹിയിൽ പിടികൂടി, സംഭവത്തിൽ മലയാളികളും

കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയിലധികം രൂപ വില വരുന്ന 12 കോടി മയക്കുമരുന്ന് ​ഗുളികകൾ (ട്രാമഡോൾ) ഡൽഹിയിൽ പിടികൂടി. സംഭവത്തിൽ മലയാളി സൂത്രധാരൻമാർ ഉൾപ്പെടെ 3 പേർ അറസ്റ്റിലായി. രാജ്യത്ത് മയക്കുമരുന്ന് ഗുളികകൾ പിടികൂടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയാണിത്. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരെ കൊച്ചി ഇടപ്പള്ളിയിൽ നിന്നു സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ് (സിബിഎൻ) പിടികൂടി. കേസിൽ ഉൾപ്പെട്ട ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ ഡയറക്ടറെ ബംഗളൂരുവിൽ നിന്നു മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം നൽകുന്ന ശക്തമായ വേദനസംഹാരിയാണ് ട്രാമഡോൾ. ഡൽഹിയിലെ ഒരു വെയർഹൗസിൽ സൂക്ഷിച്ചിരുന്ന 30,000 കിലോ തൂക്കം വരുന്ന ട്രാമഡോളാണ് സിബിഎൻ സംഘം പിടിച്ചെടുത്തത്. സംഘർഷ മേഖലകളിൽ ലഹരി മരുന്നായാണ് ഇവ ഉപയോഗിക്കുന്നത്. പിടിയിലായ മൂന്ന് പ്രതികൾക്കെതിരേയും 1985ലെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേന്ദ്ര ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള ഏജൻസിയായ സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ് നടത്തിവരുന്ന ‘ഓപ്പറേഷൻ വജ്ര’ ദൗത്യത്തിന്റെ ഭാഗമായാണ് വൻ ലഹരിവേട്ട നടന്നത്. ജൂലൈ 10നും 20നും ഇടയിൽ ഗ്വാളിയോറിലെ സിബിഎൻ പ്രിവന്റീവ് സംഘം ബംഗളൂരു, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലെ ഡിആർഐ കേന്ദ്രങ്ങളുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതികൾ കുടുങ്ങിയത്.

പത്രം മലയാള ദിനപത്രങ്ങളിലൂടെ |ജൂലൈ 21, 2026 | ചൊവ്വ | കര്‍ക്കടകം 5, ചിത്തിര

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ സമരം; ജന്തർമന്ദറിൽ സംഘർഷം, അറസ്റ്റ്

കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിൽ ഡൽഹി യുദ്ധക്കളമായി. ലാത്തിച്ചാർജു ചെയ്തും കണ്ണീർ വാതകം പ്രയോഗിച്ചും കൂട്ടഅറസ്റ്റു നടത്തിയും പൊലീസ്. ജന്തർമന്ദറിൽ നിന്ന് സമരക്കാരെ പൊലീസ് അടിച്ചോടിച്ചു. സമരപ്പന്തൽ പൊളിച്ചുനീക്കി. പ്രദേശമാകെ ദ്രുതകർമ സേനയെ വിന്യസിച്ചു. പ്രവർത്തകർ വിവിധ ഗ്രൂപ്പുകളായി പലയിടത്തായി സമരം നടത്തി. പാർലമെന്റ് മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. മെട്രോ സ്റ്റേഷനുകളിലും പ്രതിഷേധവുമായി എത്തിയതോടെ മെട്രോ സ്റ്റേഷനുകൾ അടച്ചു. മാർച്ചിനെത്തിയ അഖിലേഷ് യാദവിന്റെ ഭാര്യയും എംപിയുമായ ഡിംപിൾ യാദവ് അടക്കമുള്ള പ്രമുഖരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒഴിപ്പിച്ച ജന്തർമന്തറിലെ സമരവേദി രാത്രിയോടെ വീണ്ടും പാറ്റകൾ കീഴടക്കി. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ ഇവിടെയുണ്ട്.

യുക്രെയ്നിൽ റഷ്യൻ കപ്പലാക്രമണം; മലയാളി അടക്കം 10 നാവികർ കൊല്ലപ്പെട്ടു

യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്കു കപ്പലിനു നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ മലയാളി അടക്കം 10 നാവികർ കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണു കൊല്ലപ്പെട്ട മലയാളി. ഭക്ഷ്യധാന്യങ്ങൾ നിറച്ച ഗോൾഡൻ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നത്. എട്ടു പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ൻ നാവിക സേന അറിയിച്ചു. നാല് ഇന്ത്യക്കാരടക്കം 17 പേരാണ് കപ്പലിലുണ്ടായിരുന്നത്.

കെ ഫോൺ പദ്ധതിക്ക് പൂട്ടിട്ട് യുഡിഎഫ് സർക്കാർ; സ്കൂളുകൾക്ക് സൗജന്യ ഇന്റർനെറ്റ് ഇല്ല

ഇടതു സർക്കാരിന്റെ കെ ഫോൺ പദ്ധതിക്ക് യുഡിഎഫ് സർക്കാരിന്റെ പൂട്ട്. സംസ്ഥാനത്തെ സ്കൂളുകൾ അടക്കമുള്ളവയ്ക്ക് ഇനി ഇന്റർനെറ്റ് കണക്ഷൻ സൗജന്യമായി നൽകില്ലെന്നു കെ ഫോൺ അറിയിച്ചു. സ്കൂളുകളടക്കം 30,897 സർക്കാർ ഓഫീസുകളിൽ സൗജന്യ കണക്ഷൻ നൽകിയിരുന്നു.

വൈദ്യുതി പ്രതിസന്ധിക്ക് കാരണം എൽഡിഎഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധിക്കു കാരണം ഇടതു സർക്കാരെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. എൽഡിഎഫ് സർക്കാർ യഥാസമയം വൈദ്യുതി വാങ്ങാനുള്ള കരാറുണ്ടാക്കിയില്ല. എൽഡിഎഫ് സർക്കാർ കടം വാങ്ങിയ വൈദ്യുതി മടക്കി കൊടുക്കേണ്ട ബാധ്യത യുഡിഎഫ് സർക്കാരിന്റെ തലയിലായി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത് അതുകൊണ്ടാണ്. മുൻ മന്ത്രി എം എം മണിയുമായി താരതമ്യം ചെയ്തുള്ള സാമൂഹ്യ മാധ്യമ ചർച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം തന്നേക്കാൾ എത്രയോ ഉന്നതനാണെന്നും എന്നാൽ ശിഷ്യപ്പെടാനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ.എസ്.യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ

മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി കെ എസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. തങ്ങളുടെ സർക്കാർ ആണെന്നും തങ്ങളുടെ മുഖ്യമന്ത്രി ആണെന്നും പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തൃപ്തനാണെന്നും അറിയിച്ചു.

ഗൺമാൻമാർ മർദ്ദിച്ച കേസ്: പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ

ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികൾക്കു മുൻകൂർ ജാമ്യം അനുവദിച്ച ആലപ്പുഴ സെഷൻസ് കോടതിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ. ജില്ലാ കോടതി ഉത്തരവ് അന്വേഷണത്തെ സ്തംഭിപ്പിച്ചെന്നാണ് സർക്കാറിന്റെ വാദം. ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി: പുതിയ യൂണിറ്റുകളുടെ പ്രഖ്യാപനം നാളെ

സംസ്ഥാനത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലേക്ക് പുതുതായി ഉൾപ്പെടുത്തുന്ന യൂണിറ്റുകളുടെ പ്രഖ്യാപനം നാളെ ഉച്ചയ്ക്ക് രണ്ടിന് കവടിയാർ സാൽവേഷൻ ആർമി സ്കൂളിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിക്കും. ചടങ്ങിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ തൂഫാൻ വാരിയേഴ്സായും പോൽ-ബ്ലഡ് അംബാസഡേഴ്സായും സൈബർ വാരിയേഴ്സായും അദ്ദേഹം പ്രഖ്യാപിക്കും.

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് ഉടൻ നൽകണമെന്ന് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ അന്തിമ റിപ്പോർട്ട് ഉടൻ നൽകണമെന്ന് ഹൈക്കോടതി. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് നിർദേശം. 2025 ൽ ദ്വാരപാലക പാളി കടത്താൻ ശ്രമിച്ച കേസിൽ 54 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും ശാസ്ത്രീയ പരിശോധനാ ഫലത്തിൽനിന്നു പ്രതികൾ നടത്തിയ കുറ്റകൃത്യത്തിന്റെ രീതി മനസിലായെന്നും എസ്ഐടി കോടതിയെ അറിയിച്ചു. സെപ്റ്റംബർ മൂന്നിനു കേസ് വീണ്ടും പരിഗണിക്കും.

കണ്ണൂർ ദന്തൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

നടപടി ക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന് ചൂണ്ടിക്കാട്ടി തലശേരി കോടതി കണ്ണൂർ ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ ഡോ. റാമിനെ വിട്ടയച്ചു. പിന്നാലെ റാമിനെ വീണ്ടും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നു നോട്ടീസ് നൽകി വിട്ടയച്ചു. മാർക്ക് കുറഞ്ഞ കുട്ടികളെ ശാസിച്ചിട്ടുണ്ടെന്നും ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും റാം അന്വേഷണ സംഘത്തോട് പറഞ്ഞു. ഡോ റാമിന്റെ അറസ്റ്റ് വൈകിയതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

വ്യാജകഥകളുമായി എൽഡിഎഫ് ഇറങ്ങിയിരിക്കുന്നു: പിണറായി വിജയനെതിരെ ആരോഗ്യമന്ത്രി കെ. മുരളീധരൻ

പിണറായി വിജയൻ ഇനിയെങ്കിലും ആടിനെ പട്ടിയാക്കുന്നത് അവസാനിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. 10 വർഷം ഭരിച്ച് മറ്റെല്ലാ വകുപ്പുകളെയും പോലെ ആരോഗ്യവകുപ്പിന്റെയും നട്ടെല്ല് ഒടിച്ചവരാണ് രണ്ടു മാസം പിന്നിടുന്ന യുഡിഎഫ് സർക്കാരിനെതിരെ വ്യാജകഥകളുമായി ഇറങ്ങിയിരിക്കുന്നത്. ഭക്ഷണം കൊടുക്കാനെന്ന പേരിൽ സേവാഭാരതി കയ്യേറിയ സർക്കാർ കെട്ടിടം ഒഴിപ്പിച്ച് എൽഡിഎഫ് സർക്കാർ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമിക്കാതിരുന്നത് ബി.ജെ.പിയെ ഭയന്നാണോ? കെട്ടിടങ്ങൾ കയ്യേറാൻ വേറെയും സംഘടനകൾക്ക് ഒത്താശ ചെയ്യാമോയെന്നും മുരളീധരൻ ചോദിച്ചു.

വഖഫ് ബോർഡിനെതിരായ ഹർജികൾക്ക് പിന്നിൽ കള്ളക്കളി: ചെയർമാൻ കെ.എസ്. ഹംസ

വഖഫ് ബോർഡിനെതിരേ വന്ന നാല് ഹർജികളും ഒരേയിടത്തുനിന്നാണെന്നും നടന്നത് കള്ളക്കളിയാണെന്നും വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. യുഡിഎഫ് നിയമിച്ച ബോർഡ് എൽഡിഎഫ് കാലത്തും തുടർന്നു. യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ എൽഡിഎഫ് നിയമിച്ച ബോർഡ് ഉണ്ടായിരുന്നു. വ്യവസ്ഥാപിതമല്ലാതെ നിയമിച്ച അംഗങ്ങൾ യുഡിഎഫ് കാലത്ത് ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വെമ്പായത്ത് ബാറിലുണ്ടായ തർക്കത്തിനിടെ തീ കൊളുത്തി പൊള്ളലേറ്റയാൾ മരിച്ചു

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ പെട്രോളൊഴിച്ചു തീ കൊളുത്തി പൊള്ളലേറ്റ ഒരാൾ മരിച്ചു. നവാസ് ആണ് മരിച്ചത്. പെട്രോൾ വാങ്ങിക്കൊണ്ടുവന്ന് എല്ലാവരുടെ ശരീരത്തിലേക്കും ഒഴിച്ചു തീകൊളുത്തി വെന്റിലേറ്ററിലായ അനീഷിന്റെ സ്ഥിതി ഗുരുതരമാണ്.

തൃശൂർ പീച്ചിയിൽ ഭൂചലനം; പ്രകമ്പനം കേട്ടതായി നാട്ടുകാർ

തൃശൂർ പീച്ചിയിൽ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ. പീച്ചി ഡാമിന് സമീപം തെക്കേകുളം, ജണ്ടമുക്ക് ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

മൊബൈൽ വെളിച്ചത്തിൽ മുറിവ് തുന്നിക്കെട്ടിയ സംഭവം: അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം പാലോട് സിഎച്ച്സിയിൽ മുറിവേറ്റ് വന്ന രോഗിയുടെ മുറിവ് വെച്ചുകെട്ടിയത് മൊബൈൽ ഫോണിലെ വെളിച്ചത്തിലാണെന്ന പരാതി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ.

പ്രസിദ്ധീകരിക്കാതെ മാറ്റിവച്ച ലേഖനം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് മാധ്യമപ്രവർത്തകൻ

ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കാതെ മാറ്റിവച്ച ‘കള്ളൻ വിജയൻ’ ലേഖനം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച് മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ്. തിരുവനന്തപുരം പുല്ലാംപാറയിലെ നാടക ഗ്രാമത്തെക്കുറിച്ചും അവിടുത്തെ പ്രശസ്ത നാടക കലാകാരനായ വിജയനെക്കുറിച്ചുമുള്ളതായിരുന്നു റിപ്പോർട്ട്.

മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്നാരോപണം: തൊടുപുഴയിൽ എസ്.ഐയെ നാട്ടുകാർ തടഞ്ഞുവച്ചു

മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്നാരോപിച്ച് ഇടുക്കി തൊടുപുഴ മങ്ങാട്ടുകവലയിൽ എസ് ഐയെയും ഡ്രൈവറെയും ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ചു. ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ച മങ്ങാട്ടുകലവയിൽ ഡ്യൂട്ടിക്കെത്തിയ കരിമണ്ണൂർ എസ്ഐ റോയ് സുകുമാരനേയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനേയുമാണു തടഞ്ഞുവച്ചത്.

സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തെറ്റായ കണക്കുകൾ: മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കെ.എൻ ബാലഗോപാൽ

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച തെറ്റായ കണക്കുകൾ അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രിയും യുഡിഎഫും മാപ്പ് പറയണമെന്ന് മുൻ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ എം.എൽ.എ ആവശ്യപ്പെട്ടു. മെയ് അവസാനത്തോടെയാണ് യുഡിഎഫ് സർക്കാർ ചുമതല ഏറ്റെടുത്തത്. അതിനുമുമ്പ് എൽഡിഎഫ് സർക്കാർ സ്വീകരിച്ച നയങ്ങളുടെയും നടപടികളുടെയും തുടർച്ചയായുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്- കെ എൻ ബാലഗോപാൽ പറഞ്ഞു.

റബറിന്റെ താങ്ങുവില 250 രൂപയായി വർദ്ധിപ്പിച്ചു; ഉത്തരവിറങ്ങി

റബറിന്റെ താങ്ങുവില 250 രൂപയായി വർദ്ധിപ്പിച്ച ബജറ്റ് പ്രഖ്യാപനം ഉത്തരവായി. 200 രൂപയിൽ നിന്ന് 250 രൂപ ആയിട്ടാണ് വർദ്ധിപ്പിച്ചത്.

തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നൽകി പീഡനം: ക്ഷേത്ര പൂജാരി അറസ്റ്റിൽ

തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നൽകി പീഡനം. സംഭവത്തിൽ ക്ഷേത്ര പൂജാരി അറസ്റ്റിലായി. തൂങ്ങാംപാറ സ്വദേശി രാഹുൽ ആണ് അറസ്റ്റിലായത്. ഇയാളെ കാട്ടാക്കട പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്.

കോറോ ഹെൽത്തിലെ പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അഞ്ചു മാസത്തെ ശമ്പളം നൽകും

കൊച്ചിയിലെയും കോഴിക്കോട്ടെയും കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അഞ്ചു മാസത്തെ ശമ്പളം കൊടുക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കമ്പനി അധികൃതരുമായുള്ള ചർച്ചയിലാണ് തീരുമാനമായതെന്നു മന്ത്രി അറിയിച്ചു.

കൊട്ടാരക്കര സ്വദേശികളിൽ നിന്ന് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദി പിടികൂടി

കോടികൾ വിലമതിക്കുന്ന 6 കിലോ തിമിംഗല ഛർദ്ദിയുമായി കൊട്ടാരക്കര സ്വദേശികളായ രാജീവ് (39), സോമൻ (48) എന്നിവർ അറസ്റ്റിലായി.

ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചു: കുട്ടമ്പേരൂരിൽ മേൽശാന്തി അറസ്റ്റിൽ

കുട്ടമ്പേരൂർ ശ്രീദുർഗ ദേവീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ക്ഷേത്രം മേൽശാന്തി അറസ്റ്റിൽ. കുട്ടമ്പേരൂർ ഇളമൺ മഠം രാധാകൃഷ്ണൻ നമ്പൂതിരിയെ (59) ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

നിലമ്പൂരിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീട് ആക്രമിച്ചു; കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു

നിലമ്പൂർ ചന്തക്കുന്ന് വെളിയന്തോട് ജവഹർ നഗറിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീട് ആക്രമിച്ചു. പൈങ്കുളം തങ്കയുടെ വീടിനുനേരെയാണ് രാത്രിയിൽ കാട്ടാനയുടെ ആക്രമണമുണ്ടായത്. കിടപ്പുമുറിയുടെ ജനൽച്ചില്ലുകൾ പൂർണ്ണമായി തകർന്നു. കുടുംബാംഗങ്ങൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

വധശ്രമക്കേസ് പ്രതി അശമന്നൂർ, പുന്നയം മറ്റപ്പാടൻ വീട്ടിൽ ലിയോ(30)യെ കാപ്പ ചുമത്തി കൊച്ചി പൊലീസ് നാടുകടത്തി. 2020 ൽ പെരുമ്പാവൂർ പാലക്കാട്ടുതാഴം കണ്ടന്തറ ഭാഗത്ത് യുവാവിനെ കൈത്തോക്ക് ഉപയോഗിച്ച് വെടിവച്ചും മർദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്.

ചോദ്യപേപ്പർ ചോർച്ച: കുറ്റക്കാർക്കെതിരെ നടപടിയില്ലെന്ന് രാഹുൽ ഗാന്ധി

രാജ്യത്ത് നീറ്റടക്കം 152 ചോദ്യപേപ്പർ ചോർച്ചകളുണ്ടായിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവയ്ക്കാത്തത് അതുകൊണ്ടാണ്. ചരിത്രത്തിലെ ഏറ്റവും യുവജന വിരോധിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. കഠിനാധ്വാനം ചെയ്ത വിദ്യാർത്ഥികൾക്കു ലാത്തിചാർജിലൂടെയാണു മോദി മറുപടി നൽകിയതെന്നും രാഹുൽ കുറ്റപ്പെടുത്തി.

മഹാരാഷ്ട്രയിൽ തോക്കുചൂണ്ടി ജ്വല്ലറി കവർച്ച; അരക്കോടിയുടെ സ്വർണ്ണം കവർന്നു

മഹാരാഷ്ട്രയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ കവർച്ച. പാൽഘറിലെ ദാഹനുവിലെ ലക്ഷ്മി ജ്വല്ലറിയിലാണ് തോക്കുമായെത്തിയ മൂന്നംഗ സംഘം അര കോടിയിലധികം രൂപയുടെ സ്വർണ്ണം കവർന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും മുഖം മറയ്ക്കുന്ന മാസ്കും ധരിച്ചാണു കവർച്ചാ സംഘം എത്തിയത്.

ദണ്ഡേലിയിൽ സിപ്ലൈൻ ലോക്ക് പൊട്ടി യുവാവ് 40 അടി താഴ്ചയിലേയ്ക്ക് വീണു

പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദണ്ഡേലിയിലെ ‘സ്റ്റെർലിങ് റിവർ റിസോർട്ടിൽ’ സിപ്ലൈൻ ലോക്ക് പൊട്ടി 40 അടി താഴ്ചയിലേയ്ക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്. സിപ്ലൈനിൽ സഞ്ചരിക്കുന്നതിനിടെ പെട്ടെന്നായിരുന്നു അപകടം.

കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം നികുതി ചുമത്തി അമേരിക്ക

കാനഡയിൽ നിന്നുള്ള ഭൂരിഭാഗം ഉൽപ്പന്നങ്ങൾക്കും 50 ശതമാനം നികുതി ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ നിന്നുള്ള ഓട്ടോ മൊബൈൽ, മദ്യം, പാൽ ഉൽപന്നങ്ങളോട് വിവേചനം കാണിച്ചെന്ന് ആരോപിച്ചാണ് വൈറ്റ് ഹൗസ് നികുതി പ്രഖ്യാപനം നടത്തിയത്.

ഫിഫ ഫുട്ബോൾ റാങ്കിംഗ്: സ്പെയിൻ ഒന്നാം സ്ഥാനത്ത്, അർജന്റീന രണ്ടാമത്

ലോകകപ്പ് ജേതാക്കളായ സ്പെയിൻ ഫിഫ പുരുഷ ഫുട്ബോൾ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. അർജന്റീന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫ്രാൻസ് മൂന്നാം സ്ഥാനത്ത് തുടർന്നു. ഇംഗ്ലണ്ടാണു നാലാം സ്ഥാനത്ത്.

ചരിത്ര നേട്ടം: ലോകകപ്പിൽ നിന്ന് ഫിഫയ്ക്ക് 15 ബില്യൺ ഡോളർ വരുമാനം

ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോഡ് വരുമാനം നേടി ഫിഫ. ഈ ലോകകപ്പ് ടൂർണമെന്റിൽ നിന്ന് ആകെ 15 ബില്യൺ ഡോളർ (ഏകദേശം 1.44 ലക്ഷം കോടി ഇന്ത്യൻ രൂപ) വരുമാനമായി ഫിഫക്ക് ലഭിക്കും. ഫിഫ ലക്ഷ്യമിട്ടിരുന്ന 11 ബില്യൺ ഡോളർ (ഏകദേശം 1.05 ലക്ഷം കോടി രൂപ) എന്നതിനേക്കാൾ വളരെ ഉയർന്ന തുകയാണിത്. ഇന്ത്യ ഉൾപ്പെടെയുള്ള ഫിഫ അംഗ രാജ്യങ്ങൾക്ക് ഇതിൽ നിന്നുള്ള വരുമാനം ലഭിക്കും. ഉയർന്ന വിലയുള്ള വിഐപി ടിക്കറ്റുകളുടെ റീസെയിൽ വഴിയാണ് ഫിഫ വലിയ രീതിയിൽ പണം കൊയ്തത്. സെക്കൻഡറി മാർക്കറ്റിലൂടെ ടിക്കറ്റ് വിൽക്കുമ്പോൾ വാങ്ങുന്നയാളിൽ നിന്ന് 15 ശതമാനവും വിൽക്കുന്നയാളിൽ നിന്ന് 15 ശതമാനവും ഉൾപ്പെടെ ആകെ 30 ശതമാനം കമ്മീഷനാണ് ഫിഫ ഈടാക്കിയത്. സ്പെയിൻ-അർജന്റീന ഫൈനൽ മത്സരത്തിന്റെ ‘ട്രോഫി ലോഞ്ച്’ ടിക്കറ്റുകൾ ഒരാൾക്ക് 34,500 ഡോളർ (ഏകദേശം 33.2 ലക്ഷം രൂപ) എന്ന നിരക്കിലാണ് വിറ്റഴിക്കപ്പെട്ടത്. ഇതിലൂടെ മാത്രം ഫിഫയുടെ അക്കൗണ്ടിലെത്തിയത് കോടികളാണ്. ഈ ഫണ്ടുകൾ വിവിധ രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകൾക്ക് ഫിഫ വീതിച്ചു നൽകും.

ചൈനീസ് എഐ മോഡൽ ‘കിമി കെ3’ പുറത്തിറങ്ങി; വൻ സ്വീകാര്യത

ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും നൂതനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ എന്ന് അവകാശപ്പെട്ടാണ് ചൈനീസ് എഐ സ്റ്റാർട്ടപ്പായ മൂൺഷോട്ട് കിമി കെ3 എന്ന എഐ മോഡൽ അവതരിപ്പിച്ചത്. എന്നാൽ പുറത്തിറക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ പെയ്ഡ് സബ്സ്ക്രിപ്ഷനുകൾ കമ്പനിക്ക് നിർത്തിവെക്കേണ്ടി വന്നു. കമ്പനിയുടെ കംപ്യൂട്ടിങ് ശേഷിക്ക് താങ്ങാവുന്നതിലുമപ്പുറം ആളുകൾ പുതിയ എഐ മോഡൽ ഉപയോഗിക്കാൻ ഇരച്ചുകയറിയതാണ് കമ്പനി ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ കാരണമായത്. ഇത് കൂടാതെ സബ്സ്ക്രിപ്ഷൻ രണ്ട് പ്ലാനുകളായി തിരിക്കാനും കമ്പനി തീരുമാനിച്ചു. കിമി വെബ്, ആപ്പ്, വർക്ക് എന്നിവ ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള കിമി മെമ്പർഷിപ്പ് പ്ലാൻ. കോഡിംഗ് ജോലികൾക്കും മറ്റ് ആവശ്യങ്ങൾക്കും മാത്രമായുള്ള കിമി കോഡ് മെമ്പർഷിപ്പ് പ്ലാൻ എന്നിവയാണവ. 2026 ജൂലൈ 27-ന് കിമി കെ3 ഓപ്പൺ സോഴ്സ് ആയി പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

‘ഗാട്ട കുസ്തി 2’ ലെ ‘തങ്ക മകളേ’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ വിഡിയോ പുറത്ത്

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ‘ തങ്ക മകളേ’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ വിഡിയോ പുറത്ത്. മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചത് ശ്വേത മോഹൻ ആണ്. ഷോൺ റോൾഡൻ ആണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. വളരെ വൈകാരികമായ ദൃശ്യങ്ങൾ ഉൾപ്പെടുന്ന, ചിത്രത്തിലെ ഒരു ഗാനമാണ് ‘തങ്ക മകളേ’. അച്ഛൻ, അമ്മ, മകൾ എന്നിവരുടെ മനോഹരവും വൈകാരികവുമായ ബന്ധമാണ് ഈ മെലഡിയുടെ ഹൈലൈറ്റ്. കുടുംബ ബന്ധത്തിന്റെ ആഴം കാണിച്ചു തരുന്ന ഈ ഗാനം ഇതിനോടകം പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറിയിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി, വിഷ്ണു വിശാൽ എന്നിവരും അവരുടെ മകളും അടങ്ങുന്ന കുടുംബത്തിൽ സംഭവിക്കുന്ന കൗതുകകരവും നാടകീയവുമായ കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ദേശീയ പുരസ്കാര നേട്ടത്തിനൊപ്പം ‘കൽക്കി 2898 എ.ഡി’ രണ്ടാം ഭാഗം 2027-ൽ എത്തും

ദേശീയ പുരസ്കാര നേട്ടത്തിന്റെ ഇരട്ടി മധുരത്തിനൊപ്പം ‘കൽക്കി 2898 എ.ഡി’യുടെ അടുത്ത ഭാഗം 2027-ൽ തിയേറ്ററുകളിൽ എത്തും. ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള പുരസ്കാരവുമാണ് ചിത്രത്തെ തേടിയെത്തിയത്. ചിത്രത്തിൽ വിസ്മയകരമായ ലോകം സൃഷ്ടിച്ചെടുത്ത നിതിൻ സിഹാനി ചൗധരിക്കാണ് മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള അവാർഡ് ലഭിച്ചത്. പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ തുടങ്ങി ഇന്ത്യൻ സിനിമയിലെ വമ്പൻ താരനിര അണിനിരന്ന മിത്തോളജിക്കൽ സയൻസ് ഫിക്ഷൻ ചിത്രം ബോക്സ് ഓഫീസിൽ ചരിത്ര വിജയമാണ് നേടിയത്. ജൂൺ 27-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം 1200 കോടിക്ക് മുകളിലാണ് ആഗോള തലത്തിൽ ഗ്രോസ് കളക്ഷൻ നേടിയത്. ഹിന്ദിയിൽനിന്ന് മാത്രം 300 കോടിയിലധികം രൂപ നേടിയ കൽക്കി 2898 എ.ഡി, 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.

കിയ സോറന്റോ ഉടൻ ഇന്ത്യൻ വിപണിയിലെത്തിയേക്കും

സിറോസ് ഇവിയുടെ അവതരണത്തിന് പിന്നാലെ കിയയുടെ വാഹന നിരയിലേക്ക് ഇനിയെത്തുന്നത് സോറന്റോ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. മൂന്ന് നിര സീറ്റുകളുള്ള ഫുൾ സൈസ് എസ്യുവിയായി എത്തുന്ന ഈ വാഹനം കിയയുടെ ഫ്ലാഗ്ഷിപ്പ് മോഡലായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ വിപണികളിൽ അഞ്ച്, ആറ്, ഏഴ് സീറ്റ് ലേഔട്ടിലാണ് കിയ സോറന്റോ എത്തുന്നത്. എന്നാൽ, ഇന്ത്യയിൽ ഏത് സീറ്റിങ് ഓപ്ഷനായിരിക്കും നൽകുകയെന്നതിൽ വ്യക്തതയില്ല. സോറന്റോയുടെ ഗ്ലോബൽ പതിപ്പിന് 4815 എംഎം നീളം, 1900 എംഎം വീതി, 1700 എംഎം ഉയരം 2815 എംഎം വീൽബേസ് എന്നിങ്ങനെയാണ് നൽകിയിരിക്കുന്നത്. വാഹനത്തിന്റെ ഡിസൈനിലും ഫീച്ചറുകളെക്കാളുമെല്ലാം ഹൈലൈറ്റായി നിൽക്കുന്നത് ഈ എസ്യുവിയുടെ മെക്കാനിക്കൽ സംവിധാനങ്ങളാണ്. 1.6 ലിറ്റർ സ്ട്രോങ് ഹൈബ്രിഡ് ടർബോ പെട്രോൾ എൻജിനാണ് ഇതിൽ നൽകുക. 238 എച്ച്പി പവറും 380 എൻഎം ടോർക്കുമാണ് കരുത്ത്. ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാൻസ്മിഷൻ.

പുതിയ പുസ്തകം: സജികുമാറിന്റെ ആത്മകഥ ‘നഗരകാന്താരം’ പുറത്തിറങ്ങി

നമ്മൾ എത്രയോ ആത്മകഥകൾ വായിച്ചിരിക്കുന്നു. അവയിൽനിന്നുമൊക്കെ എന്തെങ്കിലും നമ്മുടെ ജീവിതത്തിനു തുണയായാൽ അതാണ് അത്തരം പുസ്തകങ്ങളുടെ മഹത്തായ സന്ദേശമെന്നു വിശ്വസിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരാളാണു ഞാൻ. കനൽവഴിയിലൂടെ നടന്നെത്തിയ സജികുമാറിന്റെ ഈ ജീവിതകഥ നാം വായിച്ചുതീരുമ്പോൾ, ഉള്ളിൽ നേർത്തൊരു നിലാപ്പെയ്ത്തുപോലെ എന്തോ… അതെ, ആ ജീവിതം നമ്മെ പച്ചപ്പരവതാനി വിരിച്ച ഭൂമിയോട് ചേർത്തുപിടിക്കുന്നുണ്ട്. ജീവിതത്തെ വേറിട്ടരീതിയിൽ നോക്കിക്കാണാൻ പ്രേരിപ്പിക്കുന്ന പ്രചോദനാത്മകമായ ആത്മകഥ. ‘നഗരകാന്താരം’. സജി കുമാർ. മാതൃഭൂമി. വില 195 രൂപ.

ഇന്ത്യക്കാരിൽ കൊളസ്ട്രോൾ നിരക്ക് അപകടകരമായ നിലയിലെന്ന് ഐ.സി.എം.ആർ പഠനം

ഇന്ത്യയിലെ പ്രായപൂർത്തിയായ 87.3 ശതമാനം ആളുകളിലും, അതായത് പത്തിൽ ഒമ്പത് പേർക്കും രക്തത്തിൽ കൊളസ്ട്രോളിന്റെയോ കൊഴുപ്പിന്റെയോ (ലിപിഡ്സ്) അളവ് അസാധാരണമായി കാണപ്പെടുന്നുവെന്ന് ഐ.സി.എം.ആർ പഠനം. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇവ കൂടുതൽ പ്രകടമാകുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയുമായി 23,665 പേരാണ് പഠനത്തിൽ പങ്കെടുത്ത്. രക്തത്തിലെ കൊഴുപ്പിന്റെ അളവ് ക്രമാതീതമായി മാറുന്ന അവസ്ഥയെയാണ് ‘ഡിസ്ലിപിഡെമിയ’ എന്ന് വിളിക്കുന്നത്. ഇത് ഹൃദ്രോഗം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വൻതോതിൽ വർദ്ധിപ്പിക്കുന്നു. പനി വരുന്നത് പോലെയോ വേദന വരുന്നത് പോലെയോ യാതൊരുവിധ മുന്നറിയിപ്പുകളും ഡിസ്ലിപിഡീമിയ നൽകില്ല. രക്തക്കുഴലുകളിൽ വർഷങ്ങളോളമായി കൊഴുപ്പ് അടിഞ്ഞുകൂടി അവ ചുരുങ്ങുകയും, ഒടുവിൽ പെട്ടെന്നുള്ള ഹൃദയാഘാതത്തിലേക്കോ സട്രോക്കിലേക്കോ നയിക്കുമ്പോൾ മാത്രമാണ് പലരും ഈ അവസ്ഥ തിരിച്ചറിയുന്നത്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം എന്നിവയൊന്നുമില്ലാത്ത, തികച്ചും ആരോഗ്യമുള്ളവരായ 35.5 കോടിയോളം ഇന്ത്യക്കാരിൽ ഹൃദ്രോഗസാധ്യതയുള്ളതായി ഐ.സി.എം.ആർ. വിലയിരുത്തുന്നു. ഹൃദയാരോഗ്യം നിലനിർത്താനും ഭാവിയിലെ അപകടസാധ്യതകൾ ഒഴിവാക്കാനും കൃത്യമായ ഇടവേളകളിൽ ലിപിഡ് പ്രൊഫൈൽ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

സർക്കാർ ജീവനക്കാർക്ക് ബോണസിനൊപ്പം പണമായി 7 മാസത്തെ ഡി.എ കുടിശികയും നൽകാൻ ആലോചന

തിരുവനന്തപുരം: പുതിയ സർക്കാരിന്റെ ആദ്യ ഓണം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പൊടിപൂരമാക്കാൻ നീക്കം. ജീവനക്കാരുടെ ജനുവരിയിലെ 2% ഡി.എയും പെൻഷൻകാരുടെ തത്തുല്യമായ ഡി.ആറും ഓണത്തിനു ബോണസിനും ഉത്സവ ബത്തയ്ക്കുമൊപ്പം അനുവദിച്ചേക്കും.

ഈ വർഷം ജനുവരി മുതലുള്ള മുൻകാല പ്രാബല്യത്തോടെ ഏഴു മാസത്തെ ഡി.എ കുടിശിക പണമായി നല്‍കാനും ആലോചനയുണ്ട്.

രണ്ടാം പിണറായി സർക്കാർ ജീവനക്കാരുടെ ഒരു ക്ഷാമബത്തയ്ക്കും മുൻകാല പ്രാബല്യം നല്‍കിയില്ല. 2019ല്‍ നടപ്പാക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം 2021ലാണ് നടപ്പാക്കിയത്. അന്ന് കുടിശികയുണ്ടായിരുന്ന 7% ഡി.എയും അതിനൊപ്പം ലയിപ്പിച്ചു. 2025 ജൂലായ് വരെയുള്ള ഡി.എ ഈ വർഷമാദ്യം അനുവദിച്ചെങ്കിലും കുടിശിക നല്‍കിയില്ല.നിലവില്‍ സർക്കാർ ജീവനക്കാർക്ക് 35% ഡി.എയാണ്. ജനുവരിയിലെ 2% കൂടി ചേരുമ്പോള്‍ 37% ഡി.എയാകും.

ജീവനക്കാർക്ക് ഡി.എ നല്‍കാൻ 54.20 കോടിയും പെൻഷൻകാർക്ക് ഡി.ആർ നല്‍കാൻ 38.60 കോടിയും ഉള്‍പ്പെടെ മാസം 97.80 കോടിയുടെ അധികച്ചെലവുണ്ടാകും. ഓണക്കാലത്ത് ഏഴു മാസത്തെ കുടിശിക കൂടി നല്‍കാൻ 684.60 കോടി രൂപ സർക്കാരിന് കണ്ടെത്തേണ്ടി വരും.

കേന്ദ്ര സർക്കാർ ഈ മാസം അവസാനത്തോടെ 3% ക്ഷാമബത്ത അനുവദിച്ചേക്കും. അതു കൂടിയാവുമ്പോള്‍, ഈ വർഷം അവസാനത്തോടെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി.എ 40% ആയി വർദ്ധിക്കും. ശമ്പള പരിഷ്കരണം നീണ്ടു പോകുന്ന സാഹചര്യത്തില്‍, ചരിത്രത്തിലെ ഏറ്റവും കൂടിയ ഡി.എയാവും സംസ്ഥാന ജീവനക്കാർക്ക് ലഭിക്കുക.

കെഎസ്‌യുവിന്റെ ആവശ്യം നിരസിച്ച് മുഖ്യമന്ത്രി; ജിയോണ ജെയിംസിനെ മാറ്റില്ല

തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്നയാളെ പ്ലീഡറാക്കിയതിൽ പ്രതിഷേധിച്ച കെ എസ് യു പ്രസിഡന്‍റിനെ കണ്ടെങ്കിലും തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യം തള്ളി മുഖ്യമന്ത്രി. ഇനി ഏറ്റുമുട്ടൽ വേണ്ടെന്ന തീരുമാനത്തിലാണ് കെ എസ് യുവും. ഇതിനിടെ പാര്‍ട്ടി തര്‍ക്കങ്ങളിൽ കെസി വേണുഗോപാലിനെതിരായ ആസൂത്രിത സൈബര്‍ ആക്രമണത്തിന് പിന്നിൽ ഏതു ഉന്നതനായാലും പുറത്തു കൊണ്ടു വരണമെന്ന് പരസ്യ വിമര്‍ശന വിലക്ക് വകവെക്കാതെ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍കുമാര്‍ തുറന്നടിച്ചു. മുഖ്യമന്ത്രി നാളെ ദില്ലിയിൽ എഐസിസി നേതൃത്വത്തെ കാണും.

തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്ന ജിയോണ ജെയിംസിനെ പ്ലീഡറാക്കിയ നടപടി പിന്‍വലിക്കണമെന്നായിരുന്നു കെ എസ് യു ആവശ്യം. ഒരേ ചടങ്ങിൽ എത്തിയെങ്കിലും അലോഷ്യസ് സേവ്യറിനെ മുഖ്യമന്ത്രി അവഗണിച്ചതോടെ തര്‍ക്കത്തിന്‍റെ തലം മാറി. അലോഷ്യസിന്‍റെ പരാതി കേട്ട കെപിസിസി പ്രസിഡന്‍റ് ഇടപെട്ടാണ് കാണാൻ മുഖ്യമന്ത്രി സമയം അനുവദിച്ചത്. തീരുമാനം മാറ്റണമെന്നാവശ്യം അലോഷ്യസ് ആവര്‍ത്തിച്ചു. ലോയേഴ്സ് കോണ്‍ഗ്രസിന്‍റെയും ഡീൻ കുര്യാക്കോസിന്‍റെയും ശുപാര്‍ശ കൂടി കണക്കിലെടുത്താണ് നിയമനമെന്ന് പറഞ്ഞ മുഖ്യമന്ത്രി തീരുമാനം മാറ്റാനാവില്ലെന്ന് അറിയിച്ചു. ഇനി മുഖ്യന്ത്രി തീരുമാനിക്കട്ടെയെന്ന് പറഞ്ഞ് തര്‍ക്കം നിര്‍ത്തുകയാണ് കെ എസ് യുവും.

സിപിഐ നേതാവ് കാട്ടുമ്പുറം നാസർ നിര്യാതനായി

കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കടത്തൂർ കാട്ടുമ്പുറത്ത് വീട്ടിൽ നാസർ (63) നിര്യാതനായി. ദീർഘമായൊരു കാലഘട്ടം പൊതുരംഗത്ത് പ്രവർത്തിച്ചു. 15 വർഷം ജനപ്രതിനിധിയായി. കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ 1995-2000 കാലഘട്ടം പ്രസിഡണ്ട്, 2010-2015 കാലഘട്ടം വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. സിപിഐ ഓച്ചിറ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം, അഖിലേന്ത്യാ കിസാൻ സഭ കരുനാഗപ്പള്ളി മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ഓച്ചിറ മണ്ഡലം കമ്മിറ്റി അംഗമായിരുന്നു.
നാളെ 21.07.2026 രാവിലെ 10 മണിക്ക് കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ പൊതുദർശനം, ശേഷം പുത്തൻതെരുവ് ജമാഅത്തിൽ ഖബറടക്കം.
ഭാര്യ – സുജിതാ നാസർ(കുലശേഖരപുരം പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്)
മക്കൾ – ഡോ. മുഹമ്മദ് ഹാഫിസ്, മുഹമ്മദ് സാബിത് (ഗൾഫ്), ഡോ. സുൽത്താന
മരുമക്കൾ – ഡോ. സുൽത്താന, നൂറ, ആഷിഖ്.

ജന്തർ മന്ദറിലെ പൊളിച്ച പന്തൽ പുനസ്ഥാപിച്ച് സിജെപി;സോനം വാങ്‌ചുക്കിനെ മോചിപ്പിക്കണം ,കേന്ദ്രമന്ത്രി ജെപി നദ്ദ യ്ക്ക് നിവേദനം നൽകി

ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധം നടത്തുന്ന ‘കോക്രോച്ച് ജനതാ പാർട്ടി (സിജെപി)
നേതാക്കൾ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കണ്ട് നിവേദനം സമർപ്പിച്ചു. മൂന്ന് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സിജെപി പ്രതിനിധികൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ആശുപത്രിയിൽ നിന്ന് ഉടൻ മോചിപ്പിക്കുക. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സ്ഥാനമൊഴിയുക.ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക. ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയാണ് തകർത്തതെന്നും, സംഭവത്തിൽ സർക്കാർ അടിയന്തരമായി ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ പോലീസ് നടപടിയെ തുർന്ന് തകർക്കപ്പെട്ട സമരപന്തൽ രാത്രിയിൽ വീണ്ടും സിജെപി പുനർനിർമ്മിച്ചു. സമരവേദിയിലെ പോലീസ് വിന്യാസത്തിലും അയവുണ്ട്. രാത്രിയിൽ 500 ഓളം പ്രവർത്തകർ സമരവേദിയിലുണ്ട്.
ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിജെപി.

പീച്ചി അണക്കെട്ട് പ്രദേശത്ത് ഭൂമിക്കടിയില്‍ നിന്നും ശക്തമായ മുഴക്കം,ആശങ്ക

തൃശ്ശൂര്‍: പീച്ചി അണക്കെട്ട് പ്രദേശത്ത് ഭൂമിക്കടിയില്‍ നിന്നും ശക്തമായ മുഴക്കം. പീച്ചി തെക്കേക്കുളം, പള്ളിക്കുന്ന്, ജണ്ടമുക്ക് മേഖലകളില്‍ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ അറിയിച്ചു. ഭൂചലനമാണെന്നാണ് നാട്ടുകാരുടെ സംശയം. പ്രകമ്പനത്തില്‍ പള്ളിക്കുന്ന് മംഗമത്ത് ശശിയുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചു. ചുവരില്‍ വിള്ളലുകള്‍ രൂപപ്പെട്ടതായാണ് വിവരം. ആളപായമോ മറ്റ് ഗുരുതര നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ ആഴ്ചയും ഇതേ പ്രദേശത്ത് സമാന രീതിയില്‍ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പ്രദേശവാസികളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. സംഭവത്തിന്റെ യഥാര്‍ഥ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

നിതിന്‍ രാജിന്റെ മരണത്തിലെ മുഖ്യപ്രതി ഡോ. എം കെ റാമിനെ കോടതി വിട്ടയച്ചു, ക്രൈംബ്രാഞ്ച് വീണ്ടും പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിലെ മുഖ്യപ്രതി ഡോ. എം കെ റാമിനെ ചൊല്ലി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വളപ്പില്‍ നാടകീയ രംഗങ്ങള്‍. അറസ്റ്റില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് വ്യക്തമാക്കി ഡോ. റാമിനെ കോടതി വിട്ടയച്ചെങ്കിലും, തൊട്ടുപിന്നാലെ കോടതി വളപ്പില്‍ വെച്ച് ക്രൈം ബ്രാഞ്ച് സംഘം ഇയാളെ ബലം പ്രയോഗിച്ച് വീണ്ടും കസ്റ്റഡിയിലെടുത്തു.

അറസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പൊലീസ് നടപടിയെന്ന് കണ്ടാണ് കോടതി പ്രതിയെ വിട്ടയച്ചതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എം കിഷോര്‍ കുമാര്‍ വ്യക്തമാക്കി. വിട്ടയച്ചതിന് പിന്നാലെ കോടതി വളപ്പില്‍ വെച്ച് വീണ്ടും കസ്റ്റഡിയിലെടുത്ത ക്രൈം ബ്രാഞ്ച് നടപടി നിയമവിരുദ്ധമാണെന്നും പ്രതിഭാഗം ആരോപിച്ചു.

നിതിന്‍ രാജ് ജീവനൊടുക്കി മൂന്ന് മാസത്തിന് ശേഷമാണ് കേസിലെ പ്രധാന പ്രതിയായ ഡോ. റാം പിടിയിലാകുന്നത്. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ആന്ധ്രപ്രദേശിലെ ചിറ്റൂരിലും ഗുണ്ടൂരിലും മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. താടി വളര്‍ത്തി രൂപമാറ്റം വരുത്തിയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ രണ്ട് സഹായികള്‍ക്കൊപ്പവുമായിരുന്നു ഒളിവു ജീവിതം. ദിവസങ്ങള്‍ക്ക് മുന്‍പ് കര്‍ണാടകയിലെ കുടകിലേക്ക് കടന്ന ഇയാളെ ക്രൈം ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച രാത്രി പിടികൂടിയത്.

വകുപ്പ് മേധാവി എന്ന നിലയില്‍ മാര്‍ക്ക് കുറഞ്ഞ കുട്ടികളെ ശാസിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും, ആരെയും ജാതീയമായി അധിക്ഷേപിക്കുകയോ മാനസികമായി ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് ചോദ്യം ചെയ്യലില്‍ ഡോ. റാം നല്‍കിയ മൊഴി. ഏപ്രില്‍ 10നാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍രാജ് കോളജ് കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തത്.

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം; കാസര്‍കോട് സ്വദേശിയായ മലയാളി ജീവനക്കാരനടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു!

യുക്രൈനിലെ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ വൻ മിസൈലാക്രമണത്തില്‍ മലയാളി നാവികൻ കൊല്ലപ്പെട്ടു.കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശിയായ അഖില്‍ ജോയൻ (26) ആണ് റഷ്യൻ ആക്രമണത്തില്‍ മരണപ്പെട്ടത്. അഖിലിന് പുറമെ കപ്പലിലുണ്ടായിരുന്ന പത്ത് നാവികർ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഭക്ഷ്യധാന്യങ്ങള്‍ കയറ്റിപ്പോവുകയായിരുന്ന ‘ഗോള്‍ഡൻ ലിയോ’ (Golden Leo) എന്ന ചരക്ക് കപ്പലിന് നേരെയാണ് റഷ്യൻ യുദ്ധക്കപ്പലുകളില്‍ നിന്നും ഡ്രോണുകളില്‍ നിന്നും കടുത്ത ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ഇന്ത്യൻ, സിറിയൻ വംശജരായ നാവികരാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍.

യുക്രൈനില്‍ നിന്ന് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങളുമായി പുറപ്പെടാൻ ഒഡേസ തുറമുഖത്ത് തയ്യാറെടുക്കുന്നതിനിടെയാണ് കപ്പലിന് നേരെ റഷ്യൻ മിസൈലുകള്‍ പതിച്ചത്. വലിയ തോതിലുള്ള സ്ഫോടനമാണ് കപ്പലില്‍ ഉണ്ടായതെന്നാണ് വിവരം. ആക്രമണത്തില്‍ കപ്പലിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതീവ സുരക്ഷിത പാതയിലൂടെയുള്ള ചരക്കുനീക്കങ്ങളെപ്പോലും ലക്ഷ്യമിട്ടുള്ള റഷ്യയുടെ കടുത്ത നീക്കം അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. കാസർകോട് സ്വദേശിയായ അഖില്‍ ജോയന്റെ മരണവാർത്തയറിഞ്ഞ് വെള്ളരിക്കുണ്ടിലെ വീട്ടിലേക്ക് ബന്ധുക്കളും നാട്ടുകാരും എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി ഈ കപ്പലില്‍ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അഖില്‍.