Home Blog Page 377

ഭൂരഹിതർക്കും ഭവനരഹിതർക്കും വീടും ഭൂമിയും നൽകാൻ ഗവൺമെന്റ് തയ്യാറാകണം

കരുനാഗപ്പള്ളി. ഭൂരഹിത ഭവനരഹിതരുടെ ജില്ലാതല സംഗമം ഡോ. ബി ആർ അംബേദ്കർ സ്റ്റഡീസ് സെൻറർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ നടന്നു. ട്രസ്റ്റ് ചെയർമാൻ ബോബൻ ജി നാഥ് ഉദ്ഘാടനം ചെയ്തു

ഭൂമിയും വീടും ഇല്ലാതെ ഇന്നും ജനങ്ങൾ വാടക കെട്ടിടങ്ങളിലും പുറമ്പോക്ക് കളിലും കടത്തിണ്ണകളിലും ജീവിക്കേണ്ടി വരുന്നതിന്റെ ഗതികേട് കേരളം മാറിമാറി ഭരിച്ച ഭരണകൂടത്തിന്റ കഴിവു കേടു കൊണ്ടാണെന്ന് ബോബന്‍ ജി നാഥ് പറഞ്ഞു.
.

ട്രസ്റ്റ് ജനറൽ സെക്രട്ടറി ചൂളൂർ ഷാനി അധ്യക്ഷത വഹിച്ചു. അനില ബോബൻ ,അജി ലൗലാൻ്റ്, ഡോളി എസ്, അഖിൽ അരവിന്ദ്, ഷാജി ഇത്തിക്കൽ, ബൈജു ഇടത്തറ, പ്രേം ഭാസിൻ, സോമ അജി എന്നിവർ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറോളം കുടുംബങ്ങൾ പങ്കെടുത്തു കഴിഞ്ഞ 35 വർഷക്കാലമായി വാടകയ്ക്ക് താമസിക്കുന്നവരും നാഷണൽ ഹൈവേ പുറംപോക്കിൽ താമസിക്കുന്നവരും, തോട് പുറംപോക്കിൽ താമസിക്കുന്നവരും നിരവധി മാരക രോഗങ്ങൾ പിടിപ്പെട്ടവരും സംഗമത്തിൽ പങ്കെടുത്തു. ഇവരുടെ എല്ലാ പ്രശ്നങ്ങളും പഠിച്ചു മനസ്സിലാക്കി ഗവൺമെൻറിൽ അറിയിക്കുകയും ഗവൺമെൻ്റിൽ നിന്നും സഹായിക്കാൻ പറ്റുന്നവരെ അങ്ങനെയും അല്ലാത്തവരെ കാരുണ്യ പ്രവർത്തകർ വഴിയും വിവിധ സംഘടനകൾ വഴിയും മറ്റും സഹായിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ബോബൻ ജി നാഥ് അറിയിച്ചു.

മാതൃക പരിക്ഷയും ബോധവൽക്കരണ ക്ലാസും

ചക്കുവള്ളി : കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എൽ.എസ്.എസ്.,യു.എസ്.എസ് പരിക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മാതൃക പരിക്ഷയും ബോധവൽക്കരണ ക്ലാസും പോരുവഴി
ഗവ. എച്ച്.എസ്.എസ്സിൽ ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.

കെ.പി.എസ്.ടി.എ ഉപജില്ല പ്രസിഡന്റ്‌ ശശികല കെ അധ്യക്ഷത വഹിച്ചചടങ്ങിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സുധീന എസ് ആർ, ജില്ലാ വൈസ് പ്രസിഡന്റ്‌ വിനോദ് എം എസ്, അരുൺഗോവിന്ദ് എന്നിവർ സംസാരിച്ചു

തേവലക്കര ഗേൾസ് ഹൈസ്കൂളിൽ വാർഷികാഘോഷം

തേവലക്കര : തേവലക്കര ഗേൾസ് ഹൈസ്കൂളിൽ വാർഷികാഘോഷം ഫെസ്റ്റിവിസ്റ്റ 2026 സംഘടിപ്പിച്ചു. കോവൂർ കുഞ്ഞുമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജി പ്രമോദ് അധ്യക്ഷത വഹിച്ചു. സംഗീത പ്രതിഭ ആദിത്യ സുരേഷ്, വ്ലോഗ്ഗർ വ്ലോഗ് സ്റ്റാർ വിഷ്ണു എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ദേശീയ സംസ്ഥാനതലങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ ചടങ്ങിൽ ആദരിച്ചു .

ജില്ലാ പഞ്ചായത്ത്‌ മെമ്പർമാരായ ദീപാ ചന്ദ്രൻ, കെ കലാദേവി, തേവലക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് അനിൽ, മൈനാഗപ്പള്ളി പഞ്ചായത്ത്‌ മെമ്പർ എബി പാപ്പച്ചൻ,പടിഞ്ഞാറെ കല്ലട പഞ്ചായത്ത്‌ മെമ്പർ പ്രീതി എസ്, പി റ്റി എ വൈസ് പ്രസിഡന്റ്‌ എം റഹീം, എം പി റ്റി എ പ്രസിഡന്റ്‌ സമീറ കെ ജലാൽ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ സാബു, ബോയ്സ് ഹൈസ്കൂൾ എച്ച് എം ഇൻ ചാർജ് സി എസ് പ്രദീപ്‌, സീനിയർ അസിസ്റ്റന്റ് എസ് രാജലക്ഷ്മി, സ്റ്റുഡന്റസ് കൺവീനർ എൽ ശാന്തിദേവി, സ്കൂൾ ലീഡർ മാളവിക കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ അഹമ്മദ് നിസാറുദ്ദീൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ അനീസ് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾ, ഫാഷൻ ഫിയെസ്റ്റ എന്നിവയും അരങ്ങേറി.

പോരുവഴി അമ്പലത്തും ഭാഗം കാഞ്ഞിരക്കാട് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ഓമന നിര്യാതയായി

ശാസ്താംകോട്ട: പോരുവഴി അമ്പലത്തും ഭാഗം കാഞ്ഞിരക്കാട് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ഓമന (70) നിര്യാതയായി. മക്കൾ: സുനിത, സുധീഷ് . മരുമക്കൾ: അജയൻ , നിഷ.

അപൂർവ്വ രോഗത്തിൻ്റെ പിടിയിൽ ശാസ്താംകോട്ടയിലെ ചന്ത കുരങ്ങുകൾ?

ശാസ്താംകോട്ട:ശാസ്താംകോട്ട തടാകതീരത്തെ ചന്ത കുരങ്ങുകൾക്കിടയിൽ വൻതോതിൽ രോഗബാധ പടരുന്നു.ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് കുരങ്ങുകൾ ചത്ത നിലയിൽ കാണപ്പെട്ടതോടെ നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ആശങ്കയിലാണ്.കുരങ്ങുകൾക്ക് പിടിപെട്ടിരിക്കുന്നത് പകർച്ചവ്യാധിയാണോയെന്ന ഭീതിയിലാണ് പ്രദേശവാസികൾ.ടൗൺ, ശങ്കരമംഗലം നഗർ,മനക്കര, പള്ളിശ്ശേരിക്കൽ ഭാഗങ്ങളിലായി കഴിയുന്ന 150-ഓളം വരുന്ന ചന്തക്കുരങ്ങുകൾക്കിടയിലാണ് രോഗം പടരുന്നത്.

ഇവ സംഘങ്ങളായി സഞ്ചരിക്കുന്നതിനാൽ രോഗവ്യാപന തോത് വർദ്ധിക്കാൻ സാധ്യതയുണ്ട്.രോഗം വ്യാപിച്ച കുരങ്ങുകൾ ഗുരുതരമായ ലക്ഷണങ്ങളാണ് കാട്ടുന്നത്.സാധാരണ കണ്ടുവരുന്ന അസുഖങ്ങളിൽ നിന്നും വ്യത്യസ്തമായ ലക്ഷണങ്ങളാണ് കുരങ്ങുകളിൽ കാണപ്പെടുന്നത്.തുടക്കത്തിൽ രോമങ്ങൾ ജട പിടിക്കുകയും പിന്നീട് കൂട്ടത്തോടെ പൊഴിയുകയും ചെയ്യുന്നു.പിന്നീട് രോമം പൂർണ്ണമായും നഷ്ടപ്പെട്ട് ശരീരം ചുവന്ന നിറമാകുന്നു.പിന്നാലെ തീറ്റയെടുക്കാതെ കുരങ്ങുകൾ തീർത്തും അവശരാകുന്നു.അസുഖം ബാധിച്ചവ തണുപ്പുള്ളതും ഇടുങ്ങിയതുമായ സ്ഥലങ്ങളിൽ അഭയം പ്രാപിക്കുകയും അവിടെക്കിടന്ന് ചാവുകയുമാണ് പതിവ്.ജഡം ചീഞ്ഞുനാറുമ്പോഴാണ് പലപ്പോഴും വിവരം പുറത്തറിയുന്നത്

ചന്തക്കുരങ്ങുകൾ വനംവകുപ്പിന്റെ സംരക്ഷണ പരിധിയിൽ വരുന്നവയായതിനാൽ,വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പഞ്ചായത്ത് അംഗം എസ്.ദിലീപ്‌കുമാർ ഇത് സംബന്ധിച്ച് കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചിട്ടുണ്ട്.അതിനിടെ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കഴിയുന്ന അമ്പലക്കുരങ്ങുകൾക്ക് നിലവിൽ രോഗബാധയില്ല.

പതിനാല് വയസുകാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് നിരന്തരമായി പീഡിപ്പിച്ചു

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയില്‍ പതിനാല് വയസുകാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് നിരന്തരമായി പീഡിപ്പിച്ചു. പെണ്‍കുട്ടി സുഹൃത്തിനോട് വിവരങ്ങള്‍ തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറത്ത് വന്നത്. കുട്ടിയുടെ പിതാവും ബന്ധുക്കളും ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പുന്നപ്ര സ്വദേശിയായ പതിനാലുകാരി എട്ട് വയസുമുതല്‍ ലൈംഗിക പീഡനത്തിന് ഇരയായി. മാതാവിന്റെ സഹോദരനാണ് എട്ടാം വയസ്സില്‍ പീഡിപ്പിച്ചത്. ആലപ്പുഴ സൌത്ത് പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു.
ഇതിനിടെ മാതാവ് കുട്ടിയെ ഉപേക്ഷിച്ച് പോയി. തുടര്‍ന്ന് സിഡബ്ലിയുസിയുടെ തണലില്‍ ആയിരുന്നു പെണ്‍കുട്ടി. 2022 ഇല്‍ പിതാവ് കുട്ടിയെ സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നു. ഇതിനു ശേഷമാണ് പിതാവില്‍ നിന്നും മറ്റു ബന്ധുക്കളില്‍ നിന്നും പതിനാലുകാരി നിരന്തര പീഡനത്തിന് ഇരയായത്. പിതാവിന്റെ സഹോദരീ ഭര്‍ത്താവും പിതാവിന്റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും പീഡിപ്പിച്ചു. പിതാവിനൊപ്പം വീട്ടിലിരുന്ന് മദ്യപിച്ച ശേഷമായിരുന്നു ബന്ധു പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടി സുഹൃത്തിനോട് കഴിഞ്ഞ ദിവസം പീഡനവിവരം തുറന്നു പറഞ്ഞു. ഇതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പോലിസ് നാലു പോക്‌സോ കേസുകള്‍ രെജിസ്റ്റര്‍ ചെയ്തു. പിതാവ് ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒരു ബന്ധുവിനെ കൂടി പിടികൂടാനുണ്ട്. പിതാവിന്റെ രണ്ടാം ഭാര്യയിലെ കുട്ടിയാണ് ഇരയായ പെണ്‍കുട്ടി. പെണ്‍കുട്ടിയെ കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത സെന്ററിലേക്ക് മാറ്റി.

ഇടയ്ക്കിടെ വയറുവേദന വരാറുണ്ടോ? കാരണം ഇതാവാം

ദഹന പ്രശ്നങ്ങളും മലബന്ധവും ഉണ്ടാവുന്നത് സാധാരണമാണ്. വയറു വേദന അനുഭവപ്പെടുമ്പോഴൊക്കെയും ദഹനത്തിന്റെ പ്രശ്നമാണെന്നാണ് പലപ്പോഴും നമ്മൾ കരുതാറുള്ളത്. എന്നാൽ നിരന്തരമായി നിങ്ങൾക്ക് വയറുവേദന വരുന്നുണ്ടെങ്കിൽ ശ്രദ്ധ

അൾസർ

അൾസർ ഉണ്ടാകുമ്പോൾ ഇടയ്ക്കിടെ വയറുവേദന അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. തുടക്കത്തിൽ തന്നെ ചികിത്സ തേടുന്നതാണ് നല്ലത്.

മലബന്ധം

ശരിയായ ഭക്ഷണക്രമം ഇല്ലെങ്കിൽ ദഹന പ്രശ്നങ്ങളും മലബന്ധവും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുമൂലവും വയറുവേദന അനുഭവപ്പെടാം.

വയറിളക്കം

മലബന്ധം ഉണ്ടാവുന്നത് പോലെ തന്നെ വയറിളക്കം വരുമ്പോഴും ഇടയ്ക്കിടെ വയറുവേദന അനുഭവപ്പെടാൻ സാധ്യതയുണ്ട്.

പിത്താശയകല്ല്

ഇടയ്ക്കിടെ വയറുവേദന അനുഭവപ്പെടുന്നത് പിത്താശയകല്ലിന്റേതും ആകാം. നമ്മുടെ ജീവിതശൈലികളും ശരിയല്ലാത്ത ഭക്ഷണക്രമവുമാണ് ഇതിന് കാരണം.

അക്യൂട്ട് ഹെപ്പറ്റൈറ്റിസ്

കരളിന് പെട്ടെന്നുണ്ടാകുന്ന വീക്കമാണ് അക്യൂട്ട് ഹെപ്പറ്റൈറ്റിസ്. ഇത് കരളിന്റെ ആരോഗ്യം അവതാളത്തിലാക്കുന്നു. ഇതുമൂലവും നിരന്തരമായി വയറുവേദന അനുഭവപ്പെടാൻ സാധ്യതയുണ്ട്.

റമദാൻ നോമ്പുതുറ അറിയിക്കാൻ പീരങ്കികൾ സജ്ജം; ഇഫ്താർ കാനൻ മുഴങ്ങുന്ന പ്രധാന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

ദുബായ്: വർഷങ്ങളായി തുടർന്നുപോരുന്ന എമിറാത്തി പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട്, ഈ വർഷത്തെ റമദാൻ മാസത്തിൽ നോമ്പുതുറ സമയം അറിയിക്കുന്നതിനായുള്ള ഇഫ്താർ പീരങ്കികൾ സ്ഥാപിക്കുന്ന സ്ഥലങ്ങൾ ദുബായ് പൊലീസ് പ്രഖ്യാപിച്ചു. ആകെ 33 സ്ഥലങ്ങളിലാണ് ഇത്തവണ പീരങ്കികൾ സജ്ജമാക്കുന്നത്. ഇതിൽ പ്രധാന കേന്ദ്രങ്ങളിലെ 6 സ്ഥിര പീരങ്കികളും, വിവിധ ഇടങ്ങളിലേക്ക് സഞ്ചരിക്കുന്ന മൊബൈൽ പീരങ്കികളും ഉൾപ്പെടുന്നു.

പീരങ്കി മുഴക്കുന്ന പ്രധാന കേന്ദ്രങ്ങൾ
ദുബായിലെ പ്രമുഖ ലാൻഡ്‌മാർക്കുകളിലായി 6 പീരങ്കികളാണ് സ്ഥിരമായി ഉണ്ടാവുക

എക്‌സ്‌പോ സിറ്റി ദുബായ് (പ്രധാന പീരങ്കി കേന്ദ്രം)

വിദ ക്രീക്ക് ഹാർബർ

ജുമൈറ ബീച്ച് റെസിഡൻസ് (JBR)

ദുബായ് ഫെസ്റ്റിവൽ സിറ്റി

ബുർജ് ഖലീഫ (ഇമാർ)

ഡമാക് ഹിൽസ്

മൊബൈൽ പീരങ്കികളുടെ സഞ്ചാരം

കൂടുതൽ ജനങ്ങളിലേക്ക് ഈ പാരമ്പര്യം എത്തിക്കുന്നതിനായി മൊബൈൽ പീരങ്കികളും സജ്ജമാക്കിയിട്ടുണ്ട്. ദുബായ് നഗരത്തിൽ മെയ്ദാൻ ഹോട്ടൽ, ഗ്രാൻഡ് സത്വ മോസ്‌ക്, സാബീൽ പാർക്ക്, ജുമൈറ, ഗ്ലോബൽ വില്ലേജ് തുടങ്ങി 16 വ്യത്യസ്ത കേന്ദ്രങ്ങളിൽ ഈ മൊബൈൽ പീരങ്കി എത്തും.

ആദ്യമായി ഹത്തയിലെ താമസമേഖലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമായി 11 സ്ഥലങ്ങളിൽ പീരങ്കി മുഴങ്ങും. 1960-കളിൽ നിർമ്മിച്ച രണ്ട് പഴയ ഫ്രഞ്ച് പീരങ്കികളാണ് ഇത്തവണ നോമ്പുതുറ സമയത്തും പെരുന്നാൾ ആഘോഷങ്ങളിലും വെടിമുഴക്കാൻ ഉപയോഗിക്കുന്നത്. 170 ഡെസിബെൽ ശബ്ദമുള്ള ഇവയുടെ മുഴക്കം 10 കിലോമീറ്റർ ദൂരെ വരെ കേൾക്കാൻ സാധിക്കും. യുഎഇയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായാണ് ഈ വിന്റേജ് പീരങ്കികളെ കണക്കാക്കുന്നത്.

എക്‌സ്‌പോ സിറ്റിയിലെ ‘റമദാൻ ഡിസ്ട്രിക്റ്റ്’

കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും എക്‌സ്‌പോ സിറ്റിയിൽ ‘റമദാൻ ഡിസ്ട്രിക്റ്റ്’ ഒരുക്കുന്നുണ്ട്. യുഎഇയുടെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന വിവിധ പരിപാടികൾ റമദാൻ മാസം മുഴുവൻ ഇവിടെ അരങ്ങേറും. ദുബായ് പൊലീസിലെ കമ്മ്യൂണിറ്റി ഹാപ്പിനസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അലി ഖൽഫാൻ അൽ മൻസൂരി ഉൾപ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥർ എക്‌സ്‌പോ സിറ്റിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ വിവരങ്ങൾ അറിയിച്ചത്.

ആലിൻ മോൾക്ക് സർക്കാരിന്‍റെ ആദരം, ഔദ്യോഗിക ബഹുമതികൾ നൽകി കേരളം യാത്രയാക്കും; ഹൃദയം തൊടുന്ന കുറിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വേർപാടിലും അഞ്ചുപേർക്ക് പുതുജീവിതം നൽകി കേരളത്തിന്‍റെ നൊമ്പരമായി മാറിയിരിക്കുകയാണ് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം. കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത തീരുമാനം കേരളത്തിന് വലിയൊരു മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ. കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ആലിൻ ദാനം ചെയ്തത്.

രാത്രിയായതിനാൽ ഹെലികോപ്റ്റർ യാത്രയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ റോഡ് മാർഗമാണ് അവയവങ്ങൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തിച്ചത്. പൊലീസ് സേനയുടെ കൃത്യമായ ഇടപെടലിലൂടെ ഗതാഗതം സുഗമമാക്കിയാണ് അതിവേഗം അവയവങ്ങൾ ആശുപത്രികളിൽ എത്തിച്ചത്. ബന്ധുക്കളുടെ താല്പര്യം പരിഗണിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ രാത്രി തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കാൻ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് കുഞ്ഞുങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുന്നു

ആലിനിൽ നിന്നും സ്വീകരിച്ച അവയവങ്ങൾ നിലവിൽ രണ്ട് കുഞ്ഞുങ്ങൾക്കാണ് നൽകിയത്. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഈ ഉദ്യമത്തിൽ പങ്കാളികളായ ആരോഗ്യപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, ആംബുലൻസ് ഡ്രൈവർമാർ എന്നിവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സർക്കാർ-സ്വകാര്യ മേഖലകൾ തമ്മിലുള്ള മികച്ച ഏകോപനം ഈ ദൗത്യം വിജയകരമാക്കാൻ സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീരാനോവിനിടയിലും അവയവദാനത്തിന് തയ്യാറായ അരുൺ എബ്രഹാമിന്റേയും ഷെറിൻ ആൻ ജോണിന്റേയും തീരുമാനം മഹത്തരമാണ്. കേരള സമൂഹത്തിന് മുന്നിൽ അവർ വലിയൊരു മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആലിന്‍റെ കുടുംബത്തിന്‍റെയും നാടിന്‍റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും, ഔദ്യോഗിക ബഹുമതികളോടെ കുഞ്ഞിനെ നാട് യാത്രയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം; രണ്ട് സ്ത്രീകളടക്കം നാലുപേര്‍ അറസ്റ്റിൽ, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട് വയോധികയെ ആക്രമിച്ച് ഏഴരപ്പവൻ സ്വർണം കവർന്ന സംഭവത്തിൽ നാലുപേര്‍ പിടിയിലായി. ഷീബ, റീന, ശരത്, രാജൻ എന്നിവരാണ് അറസ്റ്റിലായത്. വയോധിക താമസിക്കുന്ന അപാര്‍ട്ട്മെന്‍റിലെ താമസക്കാരിയാണ് പിടിയിലായ റീന. ഷീബയ്ക്കൊപ്പം ബാധ്യതകള്‍ തീര്‍ക്കാനാണ് റീന കവര്‍ച്ച ആസൂത്രണം ചെയ്തത്. വയോധികയിൽ നിന്ന് മോഷ്ടിച്ച സ്വര്‍ണവും പൊലീസ് കണ്ടെടുത്തു. മോഷണം നടത്തിയശേഷം മോഷ്ടാക്കള്‍ റോഡിലൂടെ നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന വീട്ടിലെത്തിയ സ്ത്രീകൾ ഉൾപ്പെടുന്ന സംഘമാണ് പട്ടാപ്പകൽ കവർച്ച നടത്തിയത്.

മോഷ്ടാക്കളും സഹായികളും ഉൾപ്പെടെ ഫോര്‍ട്ട് പൊലീസ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ നാലുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ പതിനൊന്നിനാണ് തലസ്ഥാന നഗരത്തിൽ ആസൂത്രിത കവർച്ച നടന്നത്. അപാർട്മെ‍ന്‍റിന്‍റെ രണ്ടാം നിലയിൽ വാടകയ്ക്ക് താമസിക്കുന്ന 64കാരിയെ ആക്രമിച്ചാണ് ആഭരണങ്ങൾ കവർന്നത്. മൂന്ന് പവന്‍റെ മാലയും ആറ് വളകളുമാണ് മോഷ്ടിച്ചത്. രണ്ട് ദിവസം മുമ്പും ഇതേ സംഘം പരിസരത്ത് എത്തിയിരുന്നു. തുടര്‍ന്ന് സ്ഥലം നിരീക്ഷിച്ചശേഷമാണ് ഇന്നലെ മോഷണം നടത്തിയത്. തൃശ്ശൂർ സ്വദേശിയായ വിഷ്ണുവും അമ്മയും നാല് വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുന്നു. പകൽ സമയങ്ങളിൽ അമ്മ മാത്രമാണ് വീട്ടിലുണ്ടാവുകയെന്ന് മനസിലാക്കിയാണ് മോഷ്ടാക്കൾ കൃത്യം നടത്തിയത്. വയോധികയും മകനും താമസിക്കുന്ന അപ്പാര്‍ട്ട്മെന്‍റിന്‍റെ താഴത്തെ നിലയിലാണ് റീന താമസിക്കുന്നത്. റീനയുടെ ബന്ധുവാണ് ഷീബയെന്നാണ് പൊലീസ് പറയുന്നത്.