പശ്ചിമേഷ്യയെ വീണ്ടും ആളിക്കത്തിച്ച് യുഎസ്–ഇറാൻ ആക്രമണ പ്രത്യാക്രമണങ്ങൾ. ജോർദാനിലെ യുഎസ് സൈനിക താവളം ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ–ഡ്രോൺ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ഇരുരാജ്യങ്ങളും ആക്രമണം പുനരാരംഭിച്ചതിന് ശേഷമുള്ള യുഎസ് സേനയുടെ ആദ്യ ആൾനാശമാണിത്. ഇതോടെ സംഘർഷത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 16 ആയി.
ആക്രമണത്തിന് പിന്നാലെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎസും തിരിച്ചടി നടത്തി. മേഖലയിൽ തന്ത്രപരമായ മേൽക്കൈ നേടാതെ അമേരിക്കയുമായുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കില്ലെന്ന നിലപാട് തുടർന്ന് ഇറാനും. ഇതിനിടെ, ഇറാനിലെ കുസറാൻ മേഖലയ്ക്ക് സമീപം അനുഭവപ്പെട്ട ഭൂചലനങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. റിച്ചർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഇറാനിൽ അനുഭവപ്പെട്ടത്.
ജോർദാനിലെ യുഎസ് സൈനിക താവളം ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ–ഡ്രോൺ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു
കോറോഹെല്ത്ത് കൂട്ടപിരിച്ചുവിടല്: പരിഹാരമായെന്ന് മന്ത്രി ബിന്ദുകൃഷ്ണ
തിരുവനന്തപുരം: കോറോഹെല്ത്ത് കൂട്ടപിരിച്ചു വിടലില് കമ്പനി അധികൃതരുമായി ഇന്നു നടത്തിയ ചര്ച്ച ഫലപ്രദമായിരുന്നുവെന്ന് തൊഴില്മന്ത്രി ബിന്ദു കൃഷ്ണ. തൊഴിലാളികള്ക്ക് നേരത്തെ നല്കാമെന്ന് പറഞ്ഞ രണ്ടു മാസത്തെ കൂടാതെ, അഞ്ചു മാസത്തെ മുഴുവന് ശമ്പളവും കമ്പനി നല്കും. അടുത്ത ഞായറാഴ്ചയ്ക്കകം ആ തുക നല്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളതെന്ന് ചര്ച്ചകള്ക്ക് ശേഷം മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
പിരിച്ചുവിടപ്പെടുന്ന തൊഴിലാളികള്ക്ക് വീണ്ടും മറ്റൊരു സ്ഥാപനത്തില് ജോലി ലഭിക്കുന്നത് ബുദ്ധിമുട്ടാകാറുണ്ട്. അതു പരിഗണിച്ച് പിരിച്ചു വിടപ്പെട്ട എല്ലാ ജീവനക്കാര്ക്കും എക്സിപീരിയന്സ് സര്ട്ടിഫിക്കറ്റും റിലീവിങ്ങ് ലെറ്റേഴ്സും മറ്റ് ആവശ്യമായ എല്ലാ രേഖകളും നല്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജീവനക്കാര്ക്ക് ഭാവിയില് തൊഴില് ലഭിക്കാന് ബുദ്ധിമുട്ടാകുന്ന ഒരു മോശം പരാമര്ശങ്ങളും ഇല്ലാത്ത സര്ട്ടിഫിക്കറ്റാകും നല്കുകയെന്നും മന്ത്രി പറഞ്ഞു.
വേറൊരു കമ്പനിയില് തൊഴിലാളികള് ജോലിക്ക് ചെല്ലുമ്പോള് മുമ്പ് പ്രവര്ത്തിച്ച സ്ഥാപനത്തില് ഒരു വെരിഫിക്കേഷന് നടത്തി വരാറുണ്ട്. അത്തരം സന്ദര്ഭത്തില് തൊഴിലാളികള്ക്ക് ദോഷകരമാകുന്ന ഒരു സമീപനവും ഉണ്ടാകില്ലെന്നും കോറോ ഹെല്ത്ത് കമ്പനി അധികൃതര് അറിയിച്ചിട്ടുണ്ട്. ഫോം 16 ലും പേ സ്ലിപ്പിലും എല്ലാ എംപ്ലോയിസിനും ഫുള് ആന്റ് ഫൈനല് സെറ്റില്മെന്റ് കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ജീവനക്കാരുടെ താല്പ്പര്യം കണക്കിലെടുത്ത് സര്ക്കാരും ട്രേഡ് യൂണിയന് നേതാക്കളും എല്ലാം ചേര്ന്ന് കമ്പനി അധികൃതരുമായി നടത്തിയ ചര്ച്ചയിലാണ് ധാരണയായതെന്നും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
കെഎസ്യു നേതൃത്വം മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം.സർക്കാർ അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട ആശങ്ക അറിയിക്കാൻ കെഎസ്യു നേതൃത്വം മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മൂന്ന് മണിക്ക് ആണ് കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ ഓഫീസ് കെഎസ്യു സംസ്ഥാന നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട് . നേരിൽ കണ്ടിട്ടും കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറെ അവഗണിച്ചു പോയ മുഖ്യമന്ത്രിയുടെ നടപടിയിൽ പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
തുടർന്ന് കെപിസിസി അധ്യക്ഷൻ കൂടി ഇടപെട്ടാണ് പ്രശ്നപരിഹാരത്തിന് നീക്കം നടത്തിയത്. ഇതോടെ കോൺഗ്രസിലെ ഗ്രൂപ്പ് കലാപത്തിനും താൽക്കാലിക വെടി നിർത്തൽ ആയിരിക്കുകയാണ്.
അതേസമയം പട്ടികയിൽ നിന്ന് പിന്നോട്ടില്ല എന്നാണ് സർക്കാർ നിലപാട് എങ്കിൽ വീണ്ടും പ്രതിഷേധമുയരാനുള്ള സാഹചര്യമുണ്ട്. കോൺഗ്രസിലെ പരസ്യപ്രസ്താവനയ്ക്കും കെപിസിസി നിയന്ത്രണമേർപ്പെടുത്തി. പരാതികളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ അത് പാർട്ടി ഫോറങ്ങളിൽ പറഞ്ഞാൽ മതി എന്നായിരുന്നു കെപിസിസിയുടെ സർക്കുലർ
സംസ്ഥാനത്തെ ജനസംഖ്യയുടെ 93 ശതമാനത്തിലധികം പേരും ഈ നിയമത്തെ പിന്തുണയ്ക്കുന്നു,ഏകീകൃത സിവില് കോഡ് (യുസിസി) ബില്ലിന്റെ കരട് മധ്യപ്രദേശ് മന്ത്രിസഭ അംഗീകരിച്ചു
ഭോപ്പാല്: ഏകീകൃത സിവില് കോഡ് (യുസിസി) ബില്ലിന്റെ കരട് മധ്യപ്രദേശ് മന്ത്രിസഭ അംഗീകരിച്ചു. ജഗദീഷ്പൂരില് മുഖ്യമന്ത്രി മോഹന് യാദവിന്റെ അധ്യക്ഷതയില് ചേര്ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാന നിയമസഭയുടെ നാളെ ആരംഭിക്കുന്ന മണ്സൂണ് സമ്മേളനത്തില് ബില് അവതരിപ്പിക്കും.
മന്ത്രിസഭ ഏകകണ്ഠമായാണ് കരട് ബില്ലിന് അംഗീകാരം നല്കിയതെന്ന് മുഖ്യമന്ത്രി മോഹന് യാദവ് വ്യക്തമാക്കി. ഭരണഘടന മുന്നോട്ടുവെക്കുന്ന സമത്വത്തോടുള്ള സര്ക്കാരിന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ മുഖ്യമന്ത്രി, ബില് ചരിത്രപരമായ ഇന്ത്യന് മൂല്യങ്ങളും പ്രതിനിധാനം ചെയ്യുന്നുവെന്ന് മോഹന് യാദവ് പറഞ്ഞു. ഏകീകൃത സിവില് കോഡിന് സംസ്ഥാനത്ത് വലിയ ജനപിന്തുണയാണ് ലഭിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
സംസ്ഥാനത്തെ ജനസംഖ്യയുടെ 93 ശതമാനത്തിലധികം പേരും ഈ നിയമത്തെ പിന്തുണയ്ക്കുന്നുണ്ട്. ഭൂരിഭാഗം സ്ത്രീകളും ഈ നിയമനിര്മ്മാണത്തിന് അനുകൂലമാണ്. 80% മുസ്ലിം സഹോദരിമാരും 40% മുസ്ലിം സഹോദരന്മാരും ഏകീകൃത നിയമം വേണമെന്ന് വിശ്വസിക്കുന്നു. ബില്ലിനെ അനുകൂലിച്ച് മൂന്നു കോടി എസ്എംഎസ് സന്ദേശങ്ങളും, കൂടാതെ അച്ചടി, സാമൂഹ്യ, ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെയും പിന്തുണ ലഭിച്ചിരുന്നു.
സിജെപി മാർച്ച് പൊലീസ് തടഞ്ഞതോടെ യുദ്ധക്കളമായി ജന്തർ മന്തർ
ന്യൂഡെല്ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റ് നടത്തിയ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) മാർച്ച് പൊലീസ് തടഞ്ഞതോടെ യുദ്ധക്കളമായി ജന്തർ മന്തർ. സമരം ചെയ്യുന്ന സിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. പൊലീസും സമരക്കാരുമായി സംഘർഷം ഉടലെടുത്തു. എന്നാൽ പ്രതിഷേധ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സിജെപി. ‘‘കനത്ത മഴയും, സുരക്ഷയുമുണ്ട്. എന്നാൽ ഇതൊന്നും പാറ്റകളെ ഇന്ന് തടസ്സപ്പെടുത്തില്ല’’ എന്ന് സിജെപി എക്സ് പോസ്റ്റിൽ അറിയിച്ചു.
കോക്രോച്ച് പാർട്ടിയുടെ പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് ദില്ലി നഗരം. മുന്നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 25 ബറ്റാലിയൻ കേന്ദ്രസേനയേയും സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മിഷണർ, അഡീഷനൽ ഡിസിപി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സാഹചര്യം നേരിട്ട് നിരീക്ഷിക്കുകയാണ്. എന്നാൽ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകുമായി ചർച്ചയ്ക്കുള്ള നിർദ്ദേശം ഇതുവരെ സർക്കാർ അംഗീകരിച്ചില്ല.
അതേസമയം, സോനം വാങ്ചുകിന്റെ ആരോഗ്യനിലയിൽ ആശങ്കയറിയിച്ച് ഭാര്യ ഗീതാഞ്ജലി ആങ്മോ നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ല. ഹർജി പരിഗണിച്ച ഹൈക്കോടതി, കേന്ദ്രത്തിന് വിശദീകരണം തേടി നോട്ടീസ് നൽകുകയായിരുന്നു. നിലവിൽ സഫ്ദർജംഗ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ചെന്താമരക്ക് കോടതി വധശിക്ഷ നല്കിയതില് വലിയ സന്തോഷവും ആശ്വാസവുമുണ്ടെന്ന് കേസിലെ പ്രധാന സാക്ഷി പുഷ്പ, നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നു, കൊല്ലപ്പെട്ട സുധാകരന്റെ മക്കള്
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരക്ക് കോടതി വധശിക്ഷ നല്കിയതില് വലിയ സന്തോഷവും ആശ്വാസവുമുണ്ടെന്ന് കേസിലെ പ്രധാന സാക്ഷിയായ പുഷ്പ. താൻ സംഭവസമയത്ത് സ്ഥലത്തില്ലാത്തതിനാലാണ് ജീവനോടെ രക്ഷപ്പെട്ടതെന്നും, പ്രതി ചെന്താമരയുടെ നിരന്തരമായ വധഭീഷണിയെ തുടർന്ന് തനിക്ക് ജന്മനാട്ടിൽ നിന്നും തിരുപ്പൂരിലേക്ക് താമസം മാറ്റേണ്ടി വന്നുവെന്നും അവർ വെളിപ്പെടുത്തി .ചെന്താമരക്ക് തൂക്കുകയർ തന്നെ നൽകിയാൽ മാത്രമേ തങ്ങൾക്കിനി നാട്ടിലേക്ക് തിരികെ വരാനാകുമായിരുന്നുള്ളൂവെന്ന് പുഷ്പ പറഞ്ഞു. തനിക്കും കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്കും നാട്ടിൽ സമാധാനമായി ജീവിക്കണമെങ്കിൽ ഇത്തരമൊരു കഠിനശിക്ഷ തന്നെ വേണമായിരുന്നു.
പറയുന്ന കാര്യം അക്ഷരംപ്രതി അനുസരിച്ച് ദ്രോഹം ചെയ്യുന്ന വ്യക്തിയാണ് പ്രതി ചെന്താമരയെന്ന് സാക്ഷി പുഷ്പ ഓർത്തെടുത്തു. തനിക്കെതിരെ സാക്ഷി പറഞ്ഞ എല്ലാവരെയും കൊലപ്പെടുത്തുമെന്നായിരുന്നു അയാളുടെ ഭീഷണി. സജിത വധക്കേസിലെ ശിക്ഷാവിധി വന്നതുമുതൽ ചെന്താമരയ്ക്ക് കടുത്ത അമർഷവും മുറുമുറുപ്പുമുണ്ടായിരുന്നു. തന്നെ പൊലീസിന് ചൂണ്ടിക്കാണിച്ചുകൊടുത്തു എന്നൊക്കെ പറഞ്ഞായിരുന്നു അയാൾ പക വീട്ടാൻ നടന്നത്.
നല്ല കാര്യങ്ങൾ ഒന്നും ചെയ്തിട്ടല്ല അയാൾ പൊലീസിന്റെ പിടിയിലായതെന്നും മൂന്നാമത്തെ കൊലപാതകവും നടത്തിയാണ് പോയതെന്നും പുഷ്പ ചൂണ്ടിക്കാട്ടി. വിധി വന്നതോടെ സുധാകരന്റെ മക്കൾക്കും തനിക്കുമൊക്കെ ഇനി പേടിയില്ലാതെ സമാധാനമായി നാട്ടിലേക്ക് തിരിച്ചുവരാനാകുമെന്നും മനസ്സിലെ ഭയമെല്ലാം മാറിയെന്നും അവർ കൂട്ടിച്ചേർത്തു.
കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നു: സുധാകരന്റെ മക്കൾ
പ്രതി ചെന്താമരക്ക് വധശിക്ഷ നൽകിയുള്ള കോടതിയുടെ വിധിന്യായത്തിൽ കടുത്ത സന്തോഷമുണ്ടെന്നും നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും കൊല്ലപ്പെട്ട സുധാകരന്റെ മക്കളും പ്രതികരിച്ചു [cite: ചെന്താമരക്ക് വധശിക്ഷ നൽകിയതിൽ സന്തോഷമുണ്ടെന്നും കോടതിയിൽ വിശ്വാസമുണ്ടായിരുന്നുവെന്നും കൊല്ലപ്പെട്ട സുധാകരൻറെ മക്കള് പറഞ്ഞു.പാലക്കാട് ജില്ലയെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരക്ക് തടവറയിൽ വെച്ചുള്ള വധശിക്ഷ വിധിച്ചുകൊണ്ട് ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവിറക്കിയത്.
ചിത്തിര മെറിറ്റ് അവാർഡ്-2026 വിതരണം ചെയ്തു
മൈനാഗപ്പള്ളി: മൈനാഗപ്പള്ളി ശ്രീചിത്തിരവിലാസം യുപി സ്കൂളിലെ ചിത്തിര മെറിറ്റ് അവാർഡ് വിതരണവും രക്ഷകർത്തൃ സംഗമവും നടന്നു.എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സ്കൂളിലെപൂർവ്വ വിദ്യാർഥികൾക്കും എൽ എസ് എസ്,യു എസ്, എസ് സ്കോളർഷിപ്പിന് അർഹത നേടിയ കുട്ടികൾക്കുമാണ് അവാർഡ് നൽകിയത്. സ്കൂൾ മാനേജ്മെന്റ് ആണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ 20 വർഷമായി ചിത്തിര മെറിറ്റ് അവാർഡുകൾ നൽകിവരുന്നു.
ഈ വർഷം എല്ലാ വിഭാഗങ്ങളിലുമായി 52 കുട്ടികൾ ചിത്തിര മെറിറ്റ് അവാർഡിന് അർഹരായി. സ്കൂൾ മാനേജർ കല്ലട ഗിരീഷ് അവാർഡുകൾ വിതരണം ചെയ്തു രക്ഷകർത്തൃ സംഗമം മൈനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു പി ടി എ പ്രസിഡന്റ് അർഷാദ് മന്നാനി അധ്യക്ഷനായിരുന്നു ഗ്രാമപഞ്ചായത്ത് മെമ്പർ ജെ റഹിയാനത്ത്,പ്രഥമ അധ്യാപിക എസ് ജയലക്ഷ്മി,സ്കൂൾ മാനേജർ കല്ലട ഗിരീഷ്, SRG കൺവീനർ രശ്മി രവി,എം പി ടി എ പ്രസിഡന്റ് റസീന, പി ടിഎ വൈസ് പ്രസിഡന്റ് റോഷൻ, സ്റ്റാഫ് സെക്രട്ടറി ബി എസ് സൈജു, ഉണ്ണി ഇലവിനാൽ, അനന്തകൃഷ്ണൻ, പ്രീതാദേവി തുടങ്ങിയവർ പ്രസംഗിച്ചു
നെന്മാറ ഇരട്ടക്കൊലക്കേസില് പ്രതി ചെന്താമരയ്ക്കു വധശിക്ഷ
കേരളം ഏറെ ചർച്ച ചെയ്ത നെന്മാറ ഇരട്ടക്കൊലക്കേസില് പ്രതി ചെന്താമരയ്ക്കു വധശിക്ഷ. സൈക്കോളജി, സൈക്യാട്രി റിപ്പോർട്ടുകൾ ശരിവച്ചാണ് പാലക്കാട് അഡീഷനല് ജില്ലാ സെഷന്സ് കോടതിയുടെ വിധി. 20 ലക്ഷം രൂപ പിഴയും ചെന്താമര ഒടുക്കണം. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണം. പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ലെന്നു കോടതി നിരീക്ഷിച്ചു. ബാക്കിയുള്ളവരുടെ ജീവനു കൂടി ഭീഷണിയാകുന്ന പ്രതിക്കു പരമാവധി ശിക്ഷ നല്കണമെന്നായിരുന്നു പ്രോസിക്യൂഷന് വാദം. സാഹചര്യ തെളിവുകള് മാത്രമുള്ള കേസില് കുറഞ്ഞ ശിക്ഷ മാത്രമേ നല്കാവൂ എന്നാണു പ്രതിഭാഗം വാദിച്ചത്. കൊലപാതകം നടന്ന് ഒന്നരവര്ഷത്തിനു ശേഷമാണ് കേസില് വിധി വരുന്നത്. ബിഎന്എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള് പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
കോട്ടയത്ത് നാലംഗ കുടുംബം ആത്മഹത്യചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചതിനു പിന്നാലെ ഗൃഹനാഥനും മരിച്ചു
കോട്ടയം. കോട്ടയത്ത് നാലംഗ കുടുംബം ആത്മഹത്യചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചതിനു പിന്നാലെ ഗൃഹനാഥനും മരിച്ചു. അയർക്കുന്നം മറ്റപ്പള്ളിയിലാണ് ദാരുണസംഭവമുണ്ടായത്. ചിറ്റപ്പുറത്ത് ജോബി(50), ഭാര്യ ജോസ്ന (40) മകൾ മരിയ തെരേസ തോമസ്(16)എന്നിവരാണ് മരിച്ചത്. ഇളയ മകന് അലന്(12) ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
തിങ്കളാഴ്ച വൈകിട്ടാണ് നാലു പേരെയും കളനാശിനി കഴിച്ച് അവശരായ നിലയിൽ വീട്ടിൽ കണ്ടെത്തിയത്. ജോസ്നയുടെ സഹോദരൻ പലപ്രാവശ്യം വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് കൂട്ടആത്മഹത്യാശ്രമം പുറത്തറിയുന്നത്. തുടർന്ന് നാലു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് മകൾ മരിയ മരിച്ചത്. വൈകിട്ടോടെ ജോസ്നയും മരണത്തിന് കീഴടങ്ങുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ട ആത്മഹത്യാശ്രമത്തിനു പിന്നിലെന്നാണ് നിഗമം.




































