Home Blog Page 370

  ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹസംഘത്തിന്റെ ആഘോഷം,കേസ്

കോഴിക്കോട്: നാദാപുരം-തലശേരി സംസ്ഥാനപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹസംഘത്തിന്റെ ആഘോഷം. ഏഴുപേര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രി 8.15ഓടെയാണ് സംഭവം. സംസ്ഥാനപാതയില്‍ പേരോട് ടൗണിലാണ് ഒരുകൂട്ടം യുവാക്കള്‍ പ്രഹരശേഷിയുള്ള പടക്കങ്ങള്‍ റോഡില്‍ നിരത്തി തീകൊളുത്തിയത്. പടക്കം പൊട്ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

റോഡില്‍ വാഹനങ്ങള്‍ക്കിടയില്‍ പടക്കങ്ങള്‍ പൊട്ടിച്ചിതറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സംഘമാണ് അപകടകരമായ ആഘോഷം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സ്വരാജ് ട്രോഫി നിറവിൽ ശാസ്താംകോട്ട,കുന്നത്തൂർ പഞ്ചായത്തുകൾ

ശാസ്താംകോട്ട:സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി തുടർച്ചയായി നാലാം തവണയും കരസ്ഥമാക്കി ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ജില്ലയിൽ ഒന്നാമതെത്തി.കുന്നത്തൂർ ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം.ഇത് മൂന്നാം തവണയാണ് കുന്നത്തൂരിന് സ്വരാജ് ട്രോഫി ലഭിക്കുന്നത്.

മാലിന്യ സംസ്കരണം,കേന്ദ്ര-സംസ്ഥാന ആവിഷ്കൃത ഫണ്ടുകളെ വിനിയോഗം,
തനത് വരുമാനം വർദ്ധിപ്പിക്കൽ,സാമൂഹ്യനീതി എന്നീ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വച്ചതിനാണ് ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന് തുടർച്ചയായി നേട്ടം കൈവരിക്കാൻ സാധിച്ചത്.ഭരണസമിതി,നിർവഹണ ഉദ്യോഗസ്ഥർ,ജീവനക്കാർ,കുടുംബശ്രീതൊഴിലുറപ്പ്,ഹരിത കർമ്മ സേന,ആശാ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് പുരസ്കാരം കരസ്ഥമാക്കുവാൻ സാധിച്ചത്.

ശൂരനാട്ട് 17കാരൻ തൂങ്ങി മരിച്ച നിലയിൽ

ശൂരനാട്:ശൂരനാട്ട് പ്ലസ്ടു വിദ്യാർത്ഥിയായ 17കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി ശിവദത്തിൽ സുനിലിൻ്റെയും സന്ധ്യയുടെയും മകൻ ആരോമൽ.എസ് ആണ് മരിച്ചത്.ശൂരനാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു.

കഴിഞ്ഞ ദിവസം കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല.പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.സഹോദരൻ:അനൂപ്.

ശബരിമല സ്വർണക്കൊള്ള, എസ്. ജയശ്രീയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി.ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം‌ സെക്രട്ടറി എസ്. ജയശ്രീയെ ചോദ്യം ചെയ്ത് വിട്ടയച്ച് ഇഡി. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ ഏഴ് മണിക്കൂർ പിന്നിട്ട് രാത്രിയാണ് പൂർത്തിയായത്. ഇന്ന് നൽകിയ മൊഴി വിശദമായി പരിശോധിച്ച ശേഷമാകും ഇഡിയുടെ തുടർനീക്കം. സ്വർണപ്പാളികൾ അറ്റകുറ്റപണികൾക്ക് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ ഉത്തരവിറക്കിയത് ജയശ്രീയാണ്.

സ്വർണ്ണം ചെമ്പായി രേഖപ്പെടുത്തിയതും ദുരൂഹമായ കൈമാറ്റവും ജയശ്രീയുടെ അറിവോടെയെന്നാണ് ഇഡിയുടെ നിഗമനം. ഗൂഢാലോചനയില്‍ പങ്കുളളത് കൊണ്ടാണ് സ്വര്‍ണത്തെ ചെമ്പെന്ന് രേഖപ്പെടുത്തിയിട്ടും ജയശ്രീ തിരുത്താതിരുന്നതെന്ന് ഇഡി സംശയിക്കുന്നു.
ഗൂഢാലോചനയിൽ പങ്കാളികളായവരെ കണ്ടെത്തുക ഒപ്പം സാമ്പത്തിക ലാഭം ഉണ്ടായിട്ടുണ്ടോ എന്നും ഇഡി പരിശോധിക്കുന്നുണ്ട്. കേസില്‍ ജയശ്രീ നിര്‍ണായക കാണിയെന്നാണ് ഇഡിയുടെ നിഗമനം. എസ്ഐടി രജിസ്റ്റർ ചെയ്ത കേസിൽ നാലാം പ്രതിയാണ് ജയശ്രീ.

നിരവധി വളർത്തുമൃഗങ്ങളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ

കോഴിക്കോട്. കൊടിയത്തൂരിൽ നിരവധി വളർത്തുമൃഗങ്ങളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ.മൃഗങ്ങളെ ആക്രമിച്ചത് കരിക്കാട് ഭാഗത്ത്.കഴിഞ്ഞ ശനിയാഴ്ച നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു

പൂക്കോട് വെറ്റിനററി ആശുപത്രിയിൽ ആണ് നായയെ പരിശോധന നടത്തിയത്.പ്രദേശത്ത് ജാഗ്രത നിർദ്ദേശം.കൊടിയത്തൂരിൽ ഇന്ന് പഞ്ചായത്ത് സമിതി യോഗം ചേരും. പ്രദേശത്തെ മറ്റ് തെരുവുനായ്ക്കൾക്കും രോഗബാധയ്ക്ക് സാധ്യതയുള്ളതിനാൽ ഇവയെ കൊല്ലാൻ ജില്ല ഭരണകൂടത്തിനോട് അനുമതി തേടും. കരിക്കാട് ഭാഗത്ത് ജാഗ്രത തുടരുകയാണ്. ഇന്ന് ആരോഗ്യ വകുപ്പിൻ്റെ തുടർ പരിശോധനകളും നടക്കും.

‘തിരുത്താന്‍ എത്ര സമയം വേണം? യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ ഉരുണ്ടു കളിക്കുന്നു’ സത്യവാങ്മൂലം തിരുത്തിയില്ലെങ്കില്‍ കാപട്യം പുറത്തു വരും

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നേരത്തെ പറഞ്ഞതില്‍ മാറ്റമുണ്ടാകുമെന്ന് പറഞ്ഞാണ്, പല സംഘടനകളെയും കബളിപ്പിച്ച് ആഗോള അയ്യപ്പ സംഗമത്തിന് കൊണ്ടുവന്നത്. നേരത്തെ മാപ്പു പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

സത്യവാങ്മൂലം തിരുത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ പറഞ്ഞതിലെ കാപട്യം പുറത്തു വരും. സര്‍ക്കാര്‍ ഉരുണ്ടു കളിക്കുകയാണ്. അഴകൊഴമ്പന്‍ സമീപനമാണ് സ്വീകരിക്കുന്നത്. ഞങ്ങള്‍ തിരുത്താന്‍ പോകുമെന്ന് പറയുകയാണ് വേണ്ടത്. നേരത്തെ പറഞ്ഞ അഭിപ്രായത്തില്‍ മാറ്റമുണ്ട്. സാമൂഹ്യസാഹചര്യങ്ങള്‍ മാറി. അതുകൊണ്ടു സര്‍ക്കാരിന്റെ അഭിപ്രായം മാറി. ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കരുത്. യുവതീ പ്രവേശനം അനുവദിക്കരുത് എന്നതാണ് സര്‍ക്കാര്‍ നിലപാട് എന്നു തിരുത്തിക്കൊടുക്കാന്‍ എത്ര മണിക്കൂര്‍ ചര്‍ച്ച വേണമെന്ന് വിഡി സതീശന്‍ ചോദിച്ചു.

ഇന്‍സ്റ്റന്റായി തീരുമാനം എടുക്കുന്നയാളാണ് പ്രതിപക്ഷ നേതാവ് എന്നാണ് നിയമമന്ത്രി പി രാജീവ് പരിഹസിച്ചത്. ഇതുപോലൊരു അഫിഡവിറ്റ് സമര്‍പ്പിക്കാന്‍ ഒരു കൊല്ലം എടുക്കുന്ന ആളല്ല താന്‍. ഇന്‍സ്റ്റന്റായി തീരുമാനമെടുക്കുന്നവരാണ് ഞങ്ങള്‍. എടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യും. എന്നാല്‍ സിപിഎമ്മിന് നിലപാടുമില്ല, ഉറപ്പുമില്ല, തീരുമാനവുമില്ല, എന്നാല്‍ അയ്യപ്പ ഭക്തരുടെ വോട്ടും വേണം. ഇതെല്ലാം കൂടി നടക്കില്ല. സത്യവാങ്മൂലം തിരുത്തിക്കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുകയാണ് വേണ്ടത്.

മാറാത്തതായി ഒന്നുമില്ല, മാറ്റത്തിനു മാത്രമാണ് മാറ്റമില്ലാത്തത് എന്ന എംവി ഗോവിന്ദന്റെ പ്രസ്താവനയെയും വിഡി സതീശന്‍ പരിഹസിച്ചു. ആര്‍ക്കും മനസ്സിലാകാത്ത ഭാഷയിലാണ് പറയുന്നത്. എന്താണ് അദ്ദേഹം ഉദ്ദേശിച്ചത്. മര്യാദയ്ക്ക് പറഞ്ഞാല്‍ പോരേ. ശബരിമലയില്‍ സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം മാറ്റി കൊടുക്കും എന്നു പറയാതെ, മാറ്റമാണ് ലോകം, മാറ്റുവിന്‍ ചട്ടങ്ങളെ എന്നൊക്കെ പറഞ്ഞാല്‍ മറുപടി ആയോയെന്ന് വിഡി സതീശന്‍ ചോദിച്ചു.

യുഡിഎഫ് സർക്കാർ വന്നാൽ ഈ സത്യവാങ്മൂലം മാറ്റി, ആചാരത്തെ അനുകൂലിക്കുന്ന സത്യവാങ്മൂലം നൽകും. ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഎസിന്റെ മുന്‍ പിഎ സുരേഷ് യുഡിഎഫിലേക്ക് വരുന്നതിനെ സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രതീകമാണ് വിഎസ്. അദ്ദേഹത്തിന്റെ സന്തത സഹചാരിയും, മകനെപ്പോലെ ചേര്‍ത്തു പിടിച്ചു നടന്നയാളുമാണ് സുരേഷ്. ഇടതുപക്ഷ സാഹയാത്രികര്‍ മാത്രമല്ല, പാര്‍ട്ടി അംഗങ്ങള്‍ വരെ സിപിഎമ്മുമായി പിരിയുകയാണ്. ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മൂന്നാമതും പിണറായി സര്‍ക്കാര്‍ വരുമെന്ന മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയെ വിഡി സതീശന്‍ തള്ളിക്കളഞ്ഞു. അദ്ദേഹത്തിന് കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ല. കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന കാലത്ത് കിട്ടാമായിരുന്ന അധികാരവും സുഖസൗകര്യങ്ങളും കിട്ടിയിട്ട്, പിന്നെ കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് പുറത്തുപോയ ആളാണ്. അങ്ങനെ എല്ലാ പാര്‍ട്ടിയിലും ഉണ്ടല്ലോ കുറേ ആളുകളെന്നും വിഡി സതീശന്‍ പറഞ്ഞു

കാട്ടുപന്നി കുറുകെ ചാടി,നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യവ്യാപാരി മരിച്ചു

കണ്ണൂര്‍ : കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യവ്യാപാരി ദാരുണമായി മരിച്ചു. കൂത്തുപറമ്പ് നരവൂരിലെ അവിട്ടം ഹൗസില്‍ എന്‍ പ്രദീപനാണ് (52) മരിച്ചത്.

തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിയോടെ കതിരൂര്‍ മൂന്നാം മൈലിലാണ് അപകടം. തലശേരി മാര്‍ക്കറ്റില്‍ നിന്ന് വില്‍പനയ്ക്കുള്ള മത്സ്യവുമായി ഓട്ടോയില്‍ നരവൂരിലേക്ക് വരുമ്പോള്‍ മൂന്നാം മൈല്‍ ടൗണിന് സമീപത്തുവച്ചാണ് അപകടം സംഭവിച്ചത്.

പന്നി കുറുകെ ചാടിയതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപനെ തലശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. എല്ലാം ദിവസവും തലശേരി കടപ്പുറം മാര്‍ക്കറ്റില്‍ മത്സ്യമെടുത്താണ് പ്രദീപന്‍ നരവൂര്‍ മേഖലയില്‍ വില്‍പന നടത്തിയിരുന്നത്.

കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഏഴ് തൊഴിലാളികള്‍ വെന്തു മരിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ഭിവാഡിയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഏഴ് തൊഴിലാളികള്‍ വെന്തു മരിച്ചു. പത്ത് തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. രാവിലെ ഒന്‍പതരയോടെയാണ് തീപിടിത്തമുണ്ടായത്. ഈ സമയം 25 തൊഴിലാളികള്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.

തീ പടര്‍ന്നുപിടിച്ചതോടെ ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിയമര്‍ന്നു. ഇതിനിടെ ചില തൊഴിലാളികള്‍ രക്ഷപ്പെട്ട് ഓടിയതായും വിവരം ഉണ്ട്. പ്രദേശത്ത് സാധാരണ രീതിയിലുള്ള പൊലീസ് പട്രോളിംഗിനിടെയാണ് സംഭവം ആദ്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് സുമിത മിശ്ര പറഞ്ഞു. പൊലീസും ഫയര്‍ഫോഴ്‌സും മെഡിക്കല്‍ സംഘവും ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തിജാര ഡെപ്യൂട്ടി സൂപ്രണ്ട് ശിവരാജ് സിങിന്റെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു. കലക്ടര്‍ അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ മജിസ്ട്രീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച ജില്ലാ ഭരണകൂടം, സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും രാജ്യാന്തര സംഭവങ്ങളും ചര്‍ച്ചയായി. കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്ന വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയാതായി കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു.

എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സന്തോഷ സൂചികയ്ക്കും മാനവ വികസനത്തിനും നല്‍കേണ്ട പരിഗണന, ജനസംഖ്യാനുപാതികവും പ്രാദേശിക സന്തുലിതവുമായി വിഭവങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം, വഖ്ഫ്-എസ്‌ഐആര്‍ ആശങ്കകള്‍, പുരാതന മസ്ജിദുകളും ഇസ്ലാമിക പൈതൃക സ്മാരകങ്ങളും സംരക്ഷിക്കല്‍, മൗലാനാ ആസാദ് നാഷനല്‍ ഫെല്ലോഷിപ്പ് ഉള്‍പ്പെടയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളുടെ പുനഃസ്ഥാപനം, അലിഗഡ് സര്‍വകലാശാല മലപ്പുറം സെന്റര്‍ വികസനം, രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗവുമായി കേന്ദ്രസര്‍ക്കാര്‍ അടുത്തിടപെടേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ സംസാരവിഷയമായി. രാജ്യാന്തര തലത്തില്‍ സമാധാനം ഉറപ്പുവരുത്തുന്നതില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ അഭിനന്ദിച്ചു.

ജംഇയ്യത്തുല്‍ ഉലമയുടെയും മര്‍കസിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസ,സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയുന്നുണ്ടെന്നും അവ പ്രശംസനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എസ്വൈഎസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

ഇടപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം ,യുവാവ് പിടിയില്‍

കൊച്ചി: ഇടപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. ആലപ്പുഴ മാന്നാര്‍ സ്വദേശി സാബുവിനെയാണ് പാലാരിവട്ടം പൊലിസ് അറസ്റ്റ് ചെയ്തത്. ചെറുതോണിയില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലാണ് സംഭവം.

ബസ്സിലുണ്ടായിരുന്ന ഇടുക്കി സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പഠനാവശ്യത്തിനായി വരികയായിരുന്ന യുവതിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ഉടന്‍ തന്നെ യുവതി കണ്ടക്ടറോട് വിവരം പറഞ്ഞു. തുടര്‍ന്ന് പാലാരിവട്ടം പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിയായ സാബു യുവതിയോട് മോശമായി പെരുമാറുകയും ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നുവെന്നാണ് പരാതി. പ്രതിക്കെതിരെ സ്ത്രീപീഡന വിരുദ്ധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ക്കുള്ളിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.