Home Blog Page 223

മുഖ്യമന്ത്രിക്ക് ജിന്നയുടെ രാഷ്ട്രീയമെന്ന്; ക്ലിഫ് ഹൗസ് മാർച്ച് നടത്തി യുവമോർച്ച

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിൽ സർക്കാർ പരിപാടികളിൽ വന്ദേ മാതരം ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി യുവമോര്‍ച്ച. യുവ മോർച്ച പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി. വി. ഡി സതീശന്റെയും മുഹമ്മദലി ജിന്നയുടെയും കോലം ഉയർത്തിയും കത്തിച്ചുമാണ് പ്രതിഷേധിച്ചത്. വി.ഡി. സതീശന് ജിന്നയുടെ രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിയെ ജിന്നയുടെ പ്രേതം കൂടി. മഹാത്മാഗാന്ധിയുടെ രാഷ്ട്രീയം മറന്ന് മൗദൂതിയുടെ രാഷ്ട്രീയം മുഖ്യമന്ത്രി പേറുന്നു. വിഡി സതീശൻ മുഖ്യമന്ത്രി ആയത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും പിന്തുണച്ചത് കൊണ്ടുമാത്രമാണെന്നും അദ്ദേഹം പറ‌ഞ്ഞു.

എഐസിസി ആസ്ഥാനത്ത് സോണിയ ഗാന്ധി രാജ്യത്തെ മുഴുവൻ അപമാനിച്ചു. ഇറ്റലിയുടെ ദേശീയ ഗാനം പാടിയെങ്കിൽ തൃപ്തി ആകുമായിരുന്നു. ജിന്ന നേതൃത്വം നൽകിയ ലീഗാണ് വന്ദേ മാതരം മുഴുവൻ പാടുന്നതിനെതിരെ പ്രമേയം കൊണ്ട് വന്നതെന്നും ദേശീയ ഗാനമോ പതാകയോ ഉയർത്താനോ കഴിയാത്ത കാശ്മീരിൽ പോലും ഇന്ന് വന്ദേ മാതരം ചൊല്ലുന്നുവെന്നും സുരേഷ് പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസി‍ഡന്‍റ് ഷോൺ ജോർജ്ജ് പങ്കെടുത്തു.

രാജ്യം നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ല, സോണിയയോട് ആഭ്യന്തര മന്ത്രി അമിത്ഷാ

amith sha
amith sha vyapar mahotsav

ന്യൂഡല്‍ഹി. വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. നിങ്ങളുടെ ചെയ്തികള്‍ രാജ്യം കണ്ടു. ദേശീയഗീതത്തെ അപമാനിച്ചിരിക്കുന്നു. വന്ദേമാതരത്തെ എങ്ങനെ അപമാനിക്കാന്‍ തോന്നിയെന്നും അമിത് ഷാ ചോദിച്ചു. അതേസമയം, വന്ദേമാതരം ആലാപന വിവാദത്തില്‍ സോണിയ ഗാന്ധിക്കെതിരെ പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. മംഗലുരുവിലെ ഉര്‍വ പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചിട്ടുള്ളത്.

ബിജെപി നേതാവ് വികാസ് പുറ്റൂരാണ് പരാതിക്കാരന്‍. വന്ദേമാതരത്തെ അപമാനിച്ചുവെന്ന് പരാതി. അതേസമയം, എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഹൈക്കമാന്‍ഡിന് സേവാദള്‍ നേതൃത്വം വാക്കാല്‍ വിശദീകരണം നല്‍കി. സേവാദള്‍ അധ്യക്ഷന്‍ ബി വി ശ്രീനിവാസും, മുന്‍ അധ്യക്ഷന്‍ ലാല്‍ജി ദേശായിയും കാര്യങ്ങള്‍ വിശദീകരിച്ചു. ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം പാടിയാല്‍ മതിയെന്ന നിര്‍ദേശം ഗായക സംഘത്തിന് നല്‍കാന്‍ വിട്ടുപോയെന്നാണ് നേതൃത്തിന് നല്‍കിയ വിശദീകരണമെന്നാണ് സൂചന.

അതിനിടെ വന്ദേഭാരതം തടസപ്പെടുത്താന്‍ ശ്രമിച്ചതിന് സോണിയക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ ബി ജെ പിയില്‍ ആലോചന ശക്തമാണ്. വിശ്വഹിന്ദ് പരിഷത്തും അതൃപ്തി പരസ്യമാക്കി രംഗത്തെത്തി. സോണിയ ഗാന്ധിയുടെ നടപടി രാജ്യത്തിന് നാണക്കേടായെന്നും വന്ദേമാതരം പാടി തീരാനെടുക്കുന്ന സമയം വരെ സോണിയക്ക് കാത്തിരിക്കാമായിരുന്നെന്നും വിഎച്ച്പി വക്താവ് സുരേന്ദ്ര ജയിന്‍ ചൂണ്ടിക്കാട്ടി.

ഒന്നാം ക്ലാസുകാരി വീടിനു മുന്നിലെ തോട്ടിൽ വീണു മരിച്ചു

ആലപ്പുഴ.ഒന്നാം ക്ലാസുകാരി വീടിനു മുന്നിലെ തോട്ടിൽ വീണു മരിച്ചു. കൈനകരി കുട്ടമംഗലം സ്വദേശി സുബി-ഷീജ ദമ്പതികളുടെ മകൾ അനൈന സുബി (6) യാണ് മരിച്ചത്. കുട്ടമംഗലം ഗവ. എൽപി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. രാവിലെ ഉറക്കമുണർന്ന് മുറ്റത്ത് എത്തിയ ശേഷം അനൈനയെ കാണാതായിരുന്നു

തുടർന്ന് നടത്തിയ തെരച്ചിലിൽ തോടിന്റെ അടിത്തട്ടിൽ നിന്ന് കുട്ടിയെ കണ്ടെടുക്കുകയായിരുന്നു

തിരുവമ്പാടിയിൽ അടച്ചിട്ട വീട്ടിൽ മോഷണം,സിസിടിവിയിൽ കുടുങ്ങി മോഷ്ടാക്കൾ

കോഴിക്കോട്. തിരുവമ്പാടിയിൽ അടച്ചിട്ട വീട്ടിൽ മോഷണം. രണ്ടര പവൻ സ്വർണവും ക്യാമറയും മോഷ്ടിച്ചു. പുന്നക്കൽ താഴത്തുവീട്ടിൽ നോയലിന്റെ വീട്ടിലാണ് മോഷണം. മോഷണത്തിന് പിന്നിൽ അഞ്ച് യുവാക്കളുടെ സംഘം. സിസിടിവിയിൽ കുടുങ്ങി മോഷ്ടാക്കൾ. പിൻവശത്തെ വാതിൽ തകർത്ത് അകത്തു കടക്കുന്നത് ദൃശ്യങ്ങളിൽ

തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ യുവതിക്ക് കുത്തേറ്റു

തൃശ്ശൂർ. കോടന്നൂരിൽ യുവതിക്ക് കുത്തേറ്റു.പള്ളിപ്പുറം സ്വദേശിനി വൈഷ്ണവിക്കാണ് കുത്തേറ്റത്.കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോൾ പരിസരത്തുണ്ടായിരുന്ന യുവാവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോടന്നൂർ സ്വദേശി അശ്വിൻ ആണ് കുത്തിയത്

പ്രതി ഓടി രക്ഷപ്പെട്ടു.യുവതിയോടൊപ്പം ഉണ്ടായിരുന്ന യുവാവിനും കുത്തേറ്റു.

യുവ നടി അനന്യ രാജ് അന്തരിച്ച വിവരം ഒരുമാസത്തിനുശേഷം പുറത്തുവിട്ട് കുടുംബം

മുംബൈ: യുവ ചലച്ചിത്ര നടി അനന്യ രാജ് (27) അന്തരിച്ചു. ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിൽ സമാധാനപരമായാണ് മരണം സംഭവിച്ചതെന്ന് ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുടുംബം പങ്കുവച്ച പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

ഒരു വർഷത്തിലേറെയായി നീണ്ടുനിന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകളോട് ധീരമായി പോരാടിയ ശേഷമാണ് യുവനടിയുടെ ഈ അപ്രതീക്ഷിത വിയോഗം.

അനന്യയുടെ മരണവാർത്ത ഒരു മാസത്തിനുശേഷമാണ് കുടുംബം ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചത്. അത്യന്തം ദുഃഖകരമായ ഈ സമയത്ത് കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണമെന്ന് അവർ അഭ്യർഥിച്ചു.

അനന്യ കരുത്തുറ്റ മനസ്സുള്ള ഒരു പെൺകുട്ടിയായിരുന്നുവെന്നും ഒരു രാജ്ഞിയെപ്പോലെയാണ് അവൾ ജീവിച്ചതെന്നും അനുസ്മരിച്ച കുടുംബം, അവളില്ലാത്ത ലോകം ശൂന്യമായിരിക്കുമെന്നും വേദനയോടെ പങ്കുവച്ചു.

2016-ൽ പുറത്തിറങ്ങിയ ‘7 അവേഴ്സ് ടു ഗോ’ എന്ന ചിത്രത്തിലൂടെയാണ് അവർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ബോളിവുഡിൽ നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ അനന്യ ഭാഗമായി.

2017-ൽ പുറത്തിറങ്ങിയ ‘ദി ഫൈനൽ എക്സിറ്റ്’ (The Final Exit), 2019-ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രം ‘ഗോസ്റ്റ്’ (Ghost) എന്നിവയിലെ കഥാപാത്രങ്ങളിലൂടെ അവർ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ഹിന്ദിക്ക് പുറമെ തെലുങ്ക് ചിത്രമായ തഗ്ഗേഡെ ലെ, മദ്രസി ഗാങ് എന്നീ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.

യുജിസി-നെറ്റ് പരീക്ഷ: മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ച് എന്‍ടിഎ

ന്യൂഡൽഹി: യുജിസി-നെറ്റ് പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എന്‍ടിഎ) തീരുമാനിച്ചു. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തുന്നത്.

സെപ്റ്റംബർ ഒൻപത്, പത്ത് തീയതികളിലായി പരീക്ഷ നടക്കും. സെപ്റ്റംബർ ഒൻപതിന് രാവിലെ ഒൻപതു മുതൽ 12 വരെയുള്ള ഒന്നാം ഷിഫ്റ്റിൽ ഇംഗ്ലീഷും ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ ആറ് വരെ കൊമേഴ്സ് പരീക്ഷയും നടക്കും. സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10-ന് രാവിലെ ഒൻപതു മുതൽ 12 വരെ നടക്കും.

പരീക്ഷയെക്കുറിച്ച് ഉദ്യോഗാർഥികളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് എന്‍ടിഎയുടെ നടപടി. പരീക്ഷയുടെ ഉത്തരസൂചിക പുറത്തുവന്നതിന് പിന്നാലെ ചോദ്യപേപ്പറുകളിലെ ഗുരുതരമായ അപാകതകൾ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു.

തുടർന്ന് പരാതി അന്വേഷിക്കാൻ പ്രത്യേക ആഭ്യന്തരസമിതിയെ നിയോഗിച്ചു. സമിതിയുടെ പരിശോധനയിൽ പരാതികൾ ശരിയാണെന്ന് കണ്ടെത്തുകയും പുനഃപരീക്ഷയ്ക്ക് ശിപാർശ ചെയ്യുകയുമായിരുന്നു.

“എന്ത് വിഷമം, ചങ്കിലുണ്ട് ചെങ്കൊടി’; മെറ്റ വീഡിയോ നീക്കം ചെയ്തതിൽ ‘കുട്ടി സഖാവ്’

തിരുവനന്തപുരം: വൈറലായതിന് പിന്നാലെ മെറ്റ വീഡിയോ നീക്കം ചെയ്തതിൽ തങ്ങൾക്ക് വിഷമമില്ലെന്ന് മലപ്പുറം തിരൂരിലെ ബാലസംഘം പ്രവർത്തകരായ മുഹമ്മദ് സിയാനും കൂട്ടുകാരും. ‘അക്കൗണ്ട് പോയപ്പോ ചെറുതായി വിഷമമുണ്ടായി, പക്ഷേ ഇനിയും വീഡിയോ ചെയ്യും. ഞങ്ങളെ ചങ്കിലാണ് ചെങ്കൊടി’- സിയാൻ മാധ്യമങ്ങളോട് പറഞ്ഞു.

മെറ്റ നിർദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് തന്നെയാണ് സിയാന്റെ അക്കൗണ്ട് പ്രവർത്തിക്കുന്നതെന്ന് രക്ഷിതാക്കൾ അറിയിച്ചു. വീഡിയോ നീക്കം ചെയ്തതിന്റെ കാരണം ചോദിച്ച് മെറ്റയ്ക്ക് ഇ- മെയിൽ അയച്ചിട്ടുണ്ട്. മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.

വെട്ടം പച്ചാട്ടിരിയിലെ ബാലസംഘം ഹെൽത്ത് സെന്റർ യൂണിറ്റിലെ പ്രവർത്തകരാണ് സിയാനും കൂട്ടുകാരും. തന്റെ കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കുന്ന വീഡിയോ സിയാന്റെ കുട്ടി സഖാവ് എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് കഴിഞ്ഞ ദിവസം അപ്‍ലോഡ് ചെയ്തത്. “സഖാക്കളേ എന്താ പാട്, സുഖമല്ലേ..” എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു വീഡിയോ. പിന്നീട് ബാലസംഘം യൂണിറ്റിന്റെ പ്രസിഡന്റിനെയും സെക്രട്ടറിയെയും പരിചയപ്പെടുത്തുന്നുണ്ട്. സെയിനാണ് യൂണിറ്റിന്റെ ജോയിന്റ് സെക്രട്ടറി.

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയനും ഇൻസ്റ്റാ​ഗ്രാമിൽ കമന്റ് ചെയ്തു. “ലാൽസലാം” എന്ന് കമന്റോടെ കുട്ടികളെ പിണറായി അഭിവാദ്യം ചെയ്തു. നിമിഷനേരം കൊണ്ട് രണ്ട് മില്യണിലേറെ കാഴ്ചക്കാരെ വീഡിയോക്ക് ലഭിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സിയാന്റെ പേജ് മെറ്റ നീക്കം ചെയ്തത്. മികച്ച റീച്ചും ലക്ഷക്കണക്കിന് ആരാധകരുമുള്ള പേജാണ് നഷ്ടമായത്.

സെമി സ്ലീപ്പര്‍ സീറ്റുകള്‍, എയര്‍ സസ്പെന്‍ഷന്‍, ശുചിമുറി കെഎസ്ആര്‍ടിസിയുടെ ആഡംബര ബസ് ബാംഗ്ളൂരിലേക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ആഡംബര ബസ് ആലപ്പുഴയില്‍ നിന്ന് ഇന്നുമുതല്‍ സര്‍വീസ് ആരംഭിക്കും. ആലപ്പുഴ – ബംഗളൂരു വോള്‍വോ എക്സിക്യൂട്ടീവ് സെമി സ്ലീപ്പര്‍ സര്‍വ്വീസിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് ആലപ്പുഴ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ സി വേണുഗോപാല്‍ ഫ്ലാഗ് ഓഫ് ചെയ്ത് നിര്‍വഹിക്കും.

യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിനായി സെമി സ്ലീപ്പര്‍ സീറ്റുകള്‍, എയര്‍ സസ്പെന്‍ഷന്‍, ശുചിമുറി ഉള്‍പ്പെടെയുള്ള മികച്ച യാത്രാസൗകര്യങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ആഡംബര ബസുകള്‍ എക്‌സിക്യൂട്ടീവ് ക്ലാസ് എന്ന പുതിയ പേരിലാണ് സര്‍വീസ് ആരംഭിക്കാന്‍ പോകുന്നത്. ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെ ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായ ആഡംബര ബസാണ് ഓടിത്തുടങ്ങുന്നത്. സര്‍വീസിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ നിന്ന് വൈകീട്ട് അഞ്ചരയ്ക്ക് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂര്‍ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗര്‍, കോയമ്പത്തൂര്‍ എല്‍ ആന്‍ഡ് ടി ബൈപ്പാസ്, സേലം വഴി പിറ്റേദിവസം രാവിലെ 5.55ന് ബംഗളൂരുവില്‍ എത്തിച്ചേരുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ബംഗളൂരുവില്‍ നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന സര്‍വീസ് ഇതേ വഴിയിലൂടെ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ എട്ടിന് ആലപ്പുഴയില്‍ എത്തിച്ചേരും. ഓരോ നിരയിലും രണ്ട് സീറ്റുകള്‍ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.

സീറ്റുകള്‍ക്കു പിന്നില്‍ പ്രത്യേകം സ്‌ക്രീനുകളും നല്‍കിയിട്ടുണ്ട്. മൊബൈല്‍ ചാര്‍ജിങ്, ബോട്ടില്‍ ഹോള്‍ഡര്‍, ലഗേജ് റാക്ക്, തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. യാത്രക്കാര്‍ക്ക് www.onlineksrtcswift.com എന്ന വെബ്‌സൈറ്റ് വഴിയോ 9447071021 എന്ന വാട്സ്ആപ്പ് നമ്പര്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാക്കിസ്ഥാനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തില്‍ ഖേദപ്രകടനവുമായി സ്കൂൾ ഉടമ

തൃശ്ശൂർ. മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാക്കിസ്ഥാനിലേക്ക് പോകണമെന്ന വിവാദ പരാമർശവുമായി സ്കൂൾ ഉടമ…. മാളയിലെ ഇന്റർനാഷണൽ ആൻഡ് സൈനിക സ്കൂൾ ഉടമ ഡോക്ടർ രാജു ഡേവിസ് ആണ് വിവാദ സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചത്. ശബ്ദ സന്ദേശം വിവാദമായതോടെ വൈകുന്നേരത്തോടെ സ്കൂൾ ഉടമ ഖേദം പ്രകടിപ്പിച്ചു.

ഒരുലക്ഷം രൂപ ചിലവഴിച്ചു നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തതിന് സ്കൂളിന്റെ ചെയർമാൻ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അയച്ച സന്ദേശമാണിത്…. പരിപാടിയിൽ പങ്കെടുക്കാത്തവർ പാക്കിസ്ഥാനിലേക്ക് പോകേണ്ടവരാണ് എന്ന വിവാദ പരാമർശത്തിൽ ഉറച്ചു നിൽക്കുകയാണ് ചെയർമാനായ രാജു ഡേവിസ് രണ്ടാമത്തെ ശബ്ദരേഖയിലും ആവർത്തിച്ചു.

താൻ പറഞ്ഞത് സുഡാനിലേക്കോ ബംഗ്ലാദേശിലേക്കോ അറബ് രാജ്യങ്ങളിലേക്കോ പോകാൻ അല്ല എന്ന് ന്യായീകരണമാണ് ചെയർമാൻ നൽകുന്നത്..വിവാദമാക്കേണ്ട പരാമർശം അല്ലെന്നും രാജു ഡേവിസിൻ്റെ തുടരെയുള്ള നിലപാട്. എന്നാൽ മുസ്ലിം സംഘടനകൾ അടക്കം പ്രതിഷേധം ശക്തമാക്കിയതോടെ വൈകുന്നേരത്തോടെ ഖേദപ്രകടനം.

സംഭവത്തിൽ പ്രതിഷേധിച്ച് നാളെ എസ്എഫ്ഐയും കെഎസ്‌യു സ്കൂളിലേക്ക് മാർച്ച് നടത്തും.