കൊല്ലം: പാചകവാതക സിലിണ്ടര്‍ കയറ്റി വന്ന ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പത്തനാപുരം തലവൂര്‍, പഴഞ്ഞിക്കടവ് താഴേതില്‍ ഹൗസില്‍ ഡെയ്‌സി ബാബു (50) ആണ് മരിച്ചത്. പത്തനാപുരം-കുന്നിക്കോട് റോഡില്‍ വെള്ളിയാങ്കാട് ജംഗ്ഷനും സത്യന്‍മുക്ക് ജംഗ്ഷനും മധ്യേ ആലുമൂട്ടില്‍ തിങ്കളാഴ്ച പകല്‍ പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.
റബ്ബര്‍ ഷീറ്റ് വിറ്റ ശേഷം സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്നു ഡെയ്‌സി. ഈ സമയം എല്‍പിജി സിലിണ്ടറുകളുമായി വന്ന ലോറി, ആലുമൂട്ടില്‍ ഭാഗത്ത് വളവില്‍ വെച്ച് ഡെയ്‌സിയുടെ വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ലോറിയുടെ വശമിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഇവരുടെ തലയിലൂടെ വണ്ടി കയറിയിറങ്ങി സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. മൃതദേഹം പുനലൂര്‍ ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്ന മൃതദേഹം ബുധനാഴ്ച സംസ്‌കരിക്കും. മക്കള്‍: ബ്ലെസ്സന്‍, ഡയാന.





























