കൂട്ടിക്കാനത്ത് മെഗാ ജോബ് ഫെയർ 12ന്; 2100ലേറെ ഒഴിവുകൾ; സ്പോട്ട് രജിസ്ട്രേഷനും അവസരം

ഇടുക്കി: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പ്ലാനിംഗ് ഓഫിസിന്റെയും ജില്ലാ സ്കിൽ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കുട്ടിക്കാനം മരിയൻ കോളേജിൽ മാർച്ച്‌ 12ന് ഇടുക്കി മെഗാ ജോബ് ഫെയർ സംഘടിപ്പിക്കും.

കേരള അക്കാദമി ഫോർ സ്കിൽസ് എക്സലെൻസിന്റെ സങ്കൽപ്പ് (SANKALP) പദ്ധതിയുടെ ഭാഗമായാണ് തൊഴിൽ മേളസംഘടിപ്പിക്കുന്നത്. ജോബ് ഫെയർ ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.

സ്കിൽ ക്ലബ് ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പിയും നിർവഹിക്കും. വാഴൂർ സോമൻ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷനാകും. മുഖ്യാതിഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജിജി
കെ. ഫിലിപ്പ് പങ്കെടുക്കും. സ്കിൽ മിഷൻ മാനേജിംഗ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ ഐ. എ. എസ് ആമുഖ പ്രഭാഷണവും മരിയൻ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. റോയി എബ്രാഹം പി.
മുഖ്യപ്രഭാഷണവും നടത്തും.

അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. എം. നൗഷാദ്, പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എസ്. സാബു, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി. ബിനു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്മിതാമോൾ പി. എസ്, ഗ്രാമപഞ്ചായത്ത് മെമ്ബർ തോമസ് അറക്കപ്പറമ്ബിൽ, ജില്ലാ
വ്യവസായ കേന്ദ്രം ജനറൽ മാനേജർ സുരേഷ്കുമാർ പി. എസ്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എൻ. സതീഷ് കുമാർ, ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ബേബി ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിക്കും.

ജില്ലാ കളക്ടർ ഷീബ ജോർജ് ഐ. എ. എസ് സ്വാഗതവും ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. സാബു വർഗീസ് നന്ദിയും പറയും. 2100ലേറെ ഒഴിവുകളും 40ഓളം കമ്ബനികളും രജിസ്റ്റർ ചെയ്തിട്ടുള്ള ഈ മേള തികച്ചും സൗജന്യമാണ്.

തൊഴിൽ മേളയിലേയ്ക്ക് ഉദ്യോഗാർഥികൾക്ക് സ്റ്റേറ്റ് ജോബ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം. മേളയിൽ രാവിലെ 9 മണി മുതൽ സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ടാകും. ഉദ്യോഗാർഥികൾ ബയോഡാറ്റ കൂടി കൊണ്ടുവരണം. എൻജിനീയറിങ്, മെഡിക്കൽ, എം.ബി.എ, ബി. എ, ബി. എസ്. സി, ബി. കോം, ഐ.ടി.ഐ, പോളിടെക്നിക്, പന്ത്രണ്ടാം ക്ലാസ്, പത്താം ക്ലാസ്, ഹ്രസ്വകാല സ്കിൽ കോഴ്സ് തുടങ്ങി എല്ലാത്തരത്തിൽപ്പെട്ട തൊഴിൽ അന്വേഷകർക്കും ഈ മേള
അവസരം നൽകും.

നിലവിൽ ഈ തൊഴിൽ മേളയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഒഴിവുകൾ അറിയുവാൻ https://tinyurl.com/idukkivacancies എന്ന ലിങ്ക് ഉപയോഗിക്കുക. സംശയ നിവാരണത്തിനായി 8547718054 എന്ന നമ്പറിൽ ബന്ധപ്പെടാം.

Advertisement