കുമരംചിറ ക്ഷേത്രഭൂമി കയ്യേറ്റത്തിനെതിരെ ക്ഷേത്രസംരക്ഷണ സമിതി രംഗത്ത്, വില്ലേജ് ഓഫീസ് നിർമ്മിക്കാനായി കയ്യേറുന്നത് 80 സെന്റ് സ്ഥലം

Advertisement

കരുനാഗപ്പള്ളി: ശൂരനാട് തെക്ക് കുമരംചിറ ദേവി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിൽ പതാരം ജംഗ്ഷന് തെക്കുവശമുള്ള 80 സെന്റ് സ്ഥലം കയ്യേറി വില്ലേജ് ഓഫീസ് നിർമിക്കാനുള്ള റവന്യൂ അധികൃതരുടെ നടപടിക്കെതിരെ ക്ഷേത്ര സംരക്ഷണ സമിതി ജില്ലാകമ്മിറ്റി രംഗത്ത്.

സമിതി ജില്ലാ പ്രസിഡന്റ് പ്രൊഫ. രാഘവൻ നായരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദർശിച്ചു. കുമരൻചിറ ദേവീക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി സമിതി ഭാരവാഹികൾ ആശയവിനിമയം നടത്തി. ക്ഷേത്രഭൂമി കയ്യേറ്റം തടയുന്നതിന് ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ക്ഷേത്ര ഭൂമി സംരക്ഷിക്കുന്നതിന് എല്ലാ ക്ഷേത്ര വിശ്വാസികളെയും, വിവിധ ഹിന്ദു സംഘടനകളെയും സംഘടിപ്പിച്ച്‌ പ്രക്ഷോഭപരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു.

ജില്ലാ പ്രസിഡന്റ് പ്രൊഫ.കെ. രാഘവൻനായർ, ജില്ലാ സെക്രട്ടറി എസ്. വേണുഗോപാൽ, സംസ്ഥാന കൗൺസിൽ മെമ്പർ വാസുദേവൻപിള്ള, ജില്ലാകമ്മിറ്റി അംഗം അയ്യപ്പൻ പിള്ള, സമിതി കുന്നത്തൂർ താലൂക്ക് പ്രസിഡന്റ് ചന്ദ്രബാബു, സെക്രട്ടറി ദിലീപ് കുമാർ, ഡി.എസ്. കുറുപ്പ് എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.

Advertisement