എൽ.ഐ.സിയുടെ ഐ.പി.ഒയ്ക്ക് സെബി അംഗീകാരം

Advertisement

ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ ഓഹരി വിൽപനയ്ക്ക് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ അംഗീകാരം.

ഈ സാമ്പത്തികവർഷം നിശ്ചയിച്ചിരുന്ന ഐ.പി.ഒ റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത സാമ്പത്തിക വർഷത്തേക്കു മാറ്റുമെന്നാണ് സൂചന. സർക്കാരിന്റെ കൈവശമുള്ള 5 ശതമാനം ഓഹരിയാണ് ഐ.പി.ഒ വഴി വിറ്റഴിക്കുന്നത്.

ഓഹരികൾ മാർച്ച്‌ 31നു മുൻപ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പുതിയ രാജ്യാന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിച്ചേക്കാമെന്ന സൂചന കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ നൽകിക്കഴിഞ്ഞു.

നിക്ഷേപകരുടെ താൽപര്യം മുൻനിർത്തിയായിരിക്കും സർക്കാർ അന്തിമ തീരുമാനമെടുക്കുകയെന്ന് പൊതുമേഖലാ ആസ്തി കൈകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേയും വ്യക്തമാക്കി.

ഐ.പി.ഒയിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന പോളിസി ഉടമകൾ ഫെബ്രുവരി 28നു മുൻപ് അവരുടെ പോളിസി രേഖകളിൽ പാൻ നമ്പർ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും 30 കോടി പോളിസി ഉടമകളിൽ 4 കോടി പേർ മാത്രമാണ് ഇത് ബന്ധിപ്പിച്ചതെന്നാണ് വിവരം.

Advertisement