അമിതമായി മൊബൈൽ ഉപയോ​ഗിക്കുന്ന പുരുഷൻമാരെ അറിയാമോ നിങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന്?

മൊബൈൽ ഫോണിന്റെ അമിത ഉപയോഗം പുരുഷന്മാരിലെ ബീജകോശങ്ങളുടെ അളവിനെയും എണ്ണത്തെയും ബാധിക്കാമെന്ന് സ്വിറ്റ്‌സർലൻഡിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി. ദിവസം 20 തവണയിലധികം മൊബൈൽ ഫോൺ ഉപയോഗിക്കുന്ന പുരുഷന്മാർക്ക്, അപൂർവമായി മൊബൈൽ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് ബീജത്തിന്റെ അളവിൽ 21 ശതമാനവും എണ്ണത്തിൽ 22 ശതമാനവും കുറവ് ഉണ്ടാകാമെന്ന് ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പറയുന്നു.

ഒരു മില്ലിലീറ്റർ ശുക്ലത്തിലുള്ള ബീജകോശങ്ങളുടെ എണ്ണത്തെയാണ് സ്‌പേം കോൺസൺട്രേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു സ്ഖലനത്തിൽ പുറത്ത് വരുന്ന ശുക്ലത്തിലെ ആകെ ബീജകോശങ്ങളുടെ എണ്ണമാണ് ടോട്ടൽ സ്‌പേം കൗണ്ട്. ഇവ രണ്ടും അമിതമായ മൊബൈൽ ഫോൺ ഉപയോഗം കൊണ്ട് കുറയാമെന്ന് ഗവേഷകർ പറയുന്നു. പഠനത്തിൽ പങ്കെടുത്ത പുരുഷന്മാരിൽ 85.7 ശതമാനവും ഫോൺ ഉപയോഗിക്കാത്തപ്പോൾ അവ തങ്ങളുടെ പാന്റിന്റെ പോക്കറ്റിലാണ് സൂക്ഷിക്കുന്നതെന്നും ഗവേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. മൊബൈൽ ഫോണുകളിലെ റേഡിയോഫ്രീക്വൻസി ഇലക്ട്രോമാഗ്നറ്റിക് ഫീൽഡുകൾ ബീജത്തെ സ്വാധീനിക്കുന്നുണ്ടാകാമെന്ന് പഠനം സൂച നൽകുന്നു. എന്നാൽ നിരീക്ഷണ പഠനം മാത്രമായതിനാൽ ഇത് സംബന്ധിച്ച തെളിവുകൾ ഗവേഷകർ നിരത്തുന്നില്ല.

2866 പുരുഷന്മാരിൽ 2005 നും 2018 നും ഇടയിലാണ് പഠനം നടത്തിയത്. ഉയർന്ന ഫോൺ ഉപയോഗവും കുറഞ്ഞ ബീജകോശങ്ങളുടെ എണ്ണവും തമ്മിലുള്ള ബന്ധം പഠനത്തിന്റെ ആദ്യ വർഷങ്ങളിൽ കൂടുതൽ പ്രകടമായിരുന്നതായും ഗവേഷകർ നിരീക്ഷിച്ചു. 2ജിയിൽ നിന്ന് 3ജിയിലേക്കും പിന്നീട് 4ജിയിലേക്കും മൊബൈൽ സാങ്കേതിക വിദ്യ മാറിയതോടു കൂടി ഫോണിന്റെ ഔട്ട്പുട്ട് പവറിൽ വന്ന കുറവാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Advertisement