തലവേദനയ്ക്ക് പോലും ആന്റിബയോട്ടിക്കിന് പിന്നാലെ ഓടുന്ന പ്രവണത അവസാനിപ്പിച്ചോളൂ, ഇല്ലെങ്കിൽ കാത്തിരിക്കുന്നത് ​ഗുരുതര പ്രത്യാഘാതങ്ങൾ

എന്തു രോഗമായാലും ആന്റിബയോട്ടിക് കഴിച്ചില്ലെങ്കിൽ മാറില്ലെന്ന വിശ്വാസമാണ് ഓരോ മലയാളികളെയും ഇന്ന് നയിക്കുന്നത്. ഫലമോ, ആന്റിബയോട്ടിക് നൽകി ചികിത്സിക്കേണ്ട രോഗങ്ങൾക്ക് അതു കിട്ടാത്ത അവസ്ഥയുണ്ടാകുന്നു.

ബ്രിട്ടനിൽ ൽ 15 കുട്ടികളുടെ മരണത്തിനു വഴിവച്ച സ്ട്രെപ് എ രോഗത്തിനുള്ള ആന്റിബയോട്ടിക്കുകളുടെ സ്റ്റോക്ക് പ്രാദേശിക കെമിസ്റ്റുകളുടെ പക്കൽ തീർന്നു വരികയാണെന്ന് അവരുടെ ആരോഗ്യ വിഭാഗം അറിയിച്ചു. രോഗത്തിനുള്ള മരുന്നുകളുടെ വിതരണത്തിൽ താൽക്കാലിക തടസ്സമുണ്ടെന്ന് യുകെ ചീഫ് ഫാർമസ്യൂട്ടിക്കൽ ഓഫിസർ ഡേവിഡ് വെബ്ബ് തുറന്നു പറഞ്ഞു. കുട്ടികളിലെ അണുബാധ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കായ അമോക്‌സിസിലിൻ അമേരിക്കയിൽ കിട്ടാനില്ല. കുട്ടികളിൽ രോഗം വർധിച്ചു വരികയും മരുന്നിനു ദൗർലഭ്യമുണ്ടാകുകയും ചെയ്തതോടെ പല മാതാപിതാക്കളും കുട്ടികളെ പരിപാലിക്കാൻ ജോലി പോലും ഉപേക്ഷിച്ചു. ഒരു ലക്ഷത്തിലധികം അമേരിക്കക്കാർക്ക് ഇത്തരത്തിൽ ജോലി നഷ്ടപ്പെട്ടു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല.

ആന്റിബയോട്ടിക് ഉപയോഗം പരിമിതപ്പെടുത്തണമെന്നും അണുബാധ തിരിച്ചറിയും മുൻപ് അനുമാനത്തിന്റെ അടിസ്ഥാനത്തിൽ ആന്റിബയോട്ടിക്ക് നൽകുന്നത് അടിയന്തര സാഹചര്യങ്ങളിൽ മാത്രമാക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) നിർദേശം നൽകി.

അത്യാവശ്യ രോഗങ്ങൾക്ക് ആന്റിബയോട്ടിക് കിട്ടാതെ വരുന്ന അവസ്ഥ മാത്രമല്ല, ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് എന്ന ഗുരുതരാവസ്ഥയിലേക്കു കൂടിയാണ് ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗവും ദുരുപയോഗവും നമ്മെ കൊണ്ടെത്തിക്കുന്നത്. മരുന്നുകളിലൂടെ മാത്രമല്ല, ഭക്ഷ്യവസ്തുക്കളിലൂടെയും പലപ്പോഴും ആന്റിബയോട്ടിക്കുകൾ നമ്മുടെ ശരീരത്തിലെത്തുന്നുണ്ട്. ലോകാരോഗ്യ സംഘടനയും ഐസിഎംആറും സർക്കാരുകളുമൊക്കെ ഈ ഗുരുതര വിപത്തിനെതിരെ ബോധവൽക്കരണം നൽകുന്നുണ്ട്. എന്നാൽ ആന്റിബയോട്ടിക് ഇല്ലാതെ എന്തു ചികിത്സ എന്ന നമ്മുടെ മനോഭാവം മാറിയാലേ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകൂ.

Advertisement