ബാക്ടീരിയകളിൽ ആൻറിബയോട്ടിക് പ്രതിരോധം വളരുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: ബാക്ടീരിയൽ അണുബാധകൾക്ക് എതിരെയുള്ള മനുഷ്യരുടെ അവസാന അത്താണിയാണ് ആൻറിബയോട്ടിക് മരുന്നുകൾ. ഇവ ബാക്ടീരിയകളെ നശിപ്പിക്കുകയോ അവ പെരുകുന്നത് തടയുകയോ ചെയ്ത് ശരീരത്തിലെ അണുബാധയുടെ വ്യാപനത്തെ ചെറുക്കുന്നു.

എന്നാൽ ചിലപ്പോൾ ചിലതരം ബാക്ടീരിയകൾ ഈ ആൻറിബയോട്ടിക് മരുന്നുകൾക്കെതിരെ പ്രതിരോധശേഷി ആർജ്ജിക്കാറുണ്ട്. പൊതുവായി കാണപ്പെടുന്ന ചില ബാക്ടീരിയകൾ ഉയർന്ന തോതിലുള്ള പ്രതിരോധശേഷി ആൻറിബയോട്ടിക്കുകൾക്കെതിരെ കൈവരിച്ചതായി ലോകാരോഗ്യ സംഘടന പുറത്ത് വിട്ട പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇത് ദശലക്ഷക്കണക്കിന് ജീവനുകളെ അപകടത്തിലാക്കാമെന്നും റിപ്പോർട്ട് പറയുന്നു.

80ലധികം രാജ്യങ്ങളിൽ നടത്തിയ സർവേകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. രക്തപ്രവാഹത്തിൽ അണുബാധകൾ വരുത്തുന്ന ബാക്ടീരിയകളിൽ 50 ശതമാനത്തിലേറെ ആൻറിബയോട്ടിക് പ്രതിരോധം കണ്ടെത്തിയതായി റിപ്പോർട്ട് പറയുന്നു. ക്ലെബ്സിയല്ല ന്യുമോണിയെ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന എട്ട് ശതമാനം രക്തപ്രവാഹ അണുബാധകളും മരുന്നുകളോട് പ്രതിരോധശേഷി കൈവരിച്ച് ബാധിക്കപ്പെടുന്നവരുടെ മരണസാധ്യത ഉയർത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഗൊണേറിയക്ക് കാരണമാകുന്ന നെയ്സ്സെരിയ ഗൊണേറിയ ബാക്ടീരിയ കഴിക്കുന്ന ആൻറിബയോട്ടിക് മരുന്നുകൾക്കെതിരെ 60 ശതമാനം പ്രതിരോധം ആർജ്ജിച്ചതായും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

മൂത്രനാളിയിൽ അണുബാധകൾക്ക് കാരണാകുന്ന ഇ.കോളി ബാക്ടീരിയയും പ്രതിരോധശേഷി ആർജ്ജിച്ച ബാക്ടീരിയകളുടെ പട്ടികയിൽപ്പെടുന്നു. 20 ശതമാനത്തിലധികം ഇ.കോളി അണുബാധകളിലും ഒന്നാം നിര, രണ്ടാം നിര ചികിത്സകൾക്കെതിരെ പ്രതിരോധമുള്ളതായി ലോകാരോഗ്യ സംഘടനയിലെ വിദഗ്ധർ പറയുന്നു. ഇ.കോളി, സാൽമണെല്ല, ഗൊണേറിയ എന്നിവ മൂലമുള്ള രക്തപ്രവാഹ അണുബാധകൾ 2017നും 2020നും ഇടയിൽ 15 ശതമാനം വർധിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ആൻറിമൈക്രോബിയൽ പ്രതിരോധം ആധുനിക വൈദ്യശാസ്ത്രത്തെ ക്ഷയിപ്പിക്കുമെന്നും ലക്ഷണക്കണക്കിന് ജീവനുകൾ അപകടത്തിലാക്കുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം ഗെബ്രയേസൂസും പറയുന്നു. ഇതിൻറെ കാരണങ്ങളെ കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു.

Advertisement