അറിയുമോ തലവേദനയ്ക്ക് പേശികളുമായുള്ള ബന്ധം?

സമ്മർദ്ദം മൂലമുണ്ടാകുന്ന ടെൻഷൻ തലവേദനയും മൈഗ്രേയ്ൻ തലവേദനയുമാണ് പൊതുവായി പലർക്കും അനുഭവപ്പെടാറുള്ള തലവേദനകൾ. ഈ രണ്ട് തരം തലവേദനകൾക്കും കഴുത്തിലെ പേശികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ജർമനിയിൽ നടന്ന പുതിയ പഠനം.

തലവേദനയ്ക്കുള്ള പുതിയ ചികിത്സാ പദ്ധതികളിലേക്കു നയിക്കുന്ന ഈ ഗവേഷണ റിപ്പോർട്ട് റേഡിയോളജി സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു. കഴുത്തിന് തൊട്ടുപിന്നിൽ പുറംഭാഗത്തായി ഉള്ള ട്രപേസിയസ് പേശികളും തലവേദനയും തമ്മിലുള്ള ബന്ധമാണ് എംആർഐ സ്‌കാൻ ഉപയോഗിച്ചുള്ള പഠനത്തിലൂടെ ഗവേഷകർ കണ്ടെത്തിയത്.

20നും 31നും ഇടയിൽ പ്രായമുള്ള 50 സ്ത്രീകളെയാണ് ഗവേഷണത്തിൽ ഉൾപ്പെടുത്തിയത്. ഇതിൽ 16 പേർക്ക് ടെൻഷൻ തലവേദനയും 12 പേർക്ക് ടെൻഷൻ തലവേദനയ്‌ക്കൊപ്പം മൈഗ്രേയ്‌നും ഉണ്ടായിരുന്നു. ഇവരെല്ലാവരും 3ഡി ടർബോ സ്പിൻ എംആർഐക്ക് വിധേയരായി. എംആർഐ സ്‌കാനിലെ കാന്തിക വലയത്തിൽ എത്തുമ്പോൾ കഴുത്തിലെ പേശികൾ നൽകുന്ന ടി2 മൂല്യവും ഗവേഷകർ നിരീക്ഷിച്ചു.

ടെൻഷൻ തലവേദനയും മൈഗ്രേയ്‌നുമുള്ള സംഘത്തിലുള്ളവർ ഉയർന്ന ടി2 മൂല്യം പ്രദർശിപ്പിച്ചു. തലവേദനയുള്ള ദിവസങ്ങളും കഴുത്ത് വേദനയുടെ സാന്നിധ്യവും ടി2 മൂല്യങ്ങളും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നതായും ഗവേഷകർ കണ്ടെത്തി. രോഗികളുടെ കഴുത്തിലെ പേശികളുടെ ടി2 മൂല്യങ്ങൾ എടുക്കുന്നത് തലവേദനയ്ക്കും കഴുത്ത് വേദനയ്ക്കുമുള്ള മെച്ചപ്പെട്ട ചികിത്സ പദ്ധതികളിലേക്ക് നയിയിക്കാമെന്ന് റിപ്പോർട്ട് കൂട്ടി ചേർക്കുന്നു,

Advertisement