‘ഫാനിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതു കണ്ട് അഴിച്ചിട്ടു, മൃതദേഹം കുളിപ്പിച്ചു, വസ്ത്രം ധരിപ്പിച്ച് കട്ടിലിൽ കിടത്തി’

Advertisement

തിരുവനന്തപുരം: ലോഡ്ജിൽ വിവാഹിതയായ യുവതിക്കൊപ്പം മുറിയെടുത്ത് താമസിച്ച പത്തനാപുരം മാങ്കോട് സ്വദേശി അജിൻ(34) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. തൂങ്ങിമരണം എന്നാണ് പ്രാഥമിക നിഗമനം എങ്കിലും സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. പോസ്റ്റ്മോർട്ടത്തിൽ അജിന്റെ കഴുത്തിൽ പൊട്ടലും ചതവും ചുണ്ടിൽ മുറിവും കണ്ടെത്തിയിരുന്നു.

ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു. ഒപ്പം താമസിച്ചിരുന്ന യുവതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്ത ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടു. പുറത്തേക്കു പോയ ശേഷം മുറിയിൽ മടങ്ങി എത്തുമ്പോൾ അജിൻ അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്നാണ് യുവതി ആദ്യം പൊലീസിനോട് പറഞ്ഞത്. ഫാനിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതു കണ്ട് അഴിച്ചിട്ടുവെന്നു പിന്നീട് തിരുത്തി പറഞ്ഞു. കെട്ടഴിച്ചിട്ട ശേഷം മൃതദേഹത്തെ കുളിപ്പിക്കുകയും പുതിയ വസ്ത്രം ധരിപ്പിച്ച് കട്ടിലിൽ കിടത്തിയ ശേഷം ലോഡ്ജിലെ റിസപ്ഷനിൽ വിവരം അറിയിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അതേസമയം മകൻ ആത്മഹത്യ ചെയ്യില്ലെന്നും സത്യം അറിയണമെന്നും അജിന്റെ അച്ഛൻ അവനീന്ദ്രൻ പ്രതികരിച്ചു. മരിക്കുന്നതിനു രണ്ട് മണിക്കൂർ മുൻപ് അജിൻ സുഹൃത്തുക്കളെ വിളിച്ച് 1000 രൂപ അയച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അജിനും രണ്ട് മക്കളുടെ അമ്മയായ യുവതിയും മൂന്നു വർഷമായി സൗഹൃദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ഭർത്താവിന്റെ വീടിനടുത്താണ് അജിന്റെ വീട്. വിദേശത്തായിരുന്ന യുവതി ഒരു മാസം മുൻപ് മടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവതി നാട്ടിലേക്കു പോയില്ല. തിരുവനന്തപുരത്തു ജോലി തരപ്പെടുത്തി താമസം തുടങ്ങി. എറണാകുളത്ത് ജോലിക്ക് അഭിമുഖത്തിന് പോകുന്നുവെന്ന് പറഞ്ഞാണ് അജിൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. ബുധനാഴ്ച എത്തി യുവതിക്കൊപ്പം ചെട്ടികുളങ്ങരയിലെ ലോഡ്ജിൽ മുറിയെടുത്തു. വൈകിട്ട് നാലിന് ലോഡ്ജിൽ എത്തിയ അജിൻ മദ്യപിച്ചിരുന്നു. രാത്രി അജിന്റെ ഫോണിലേക്ക് മറ്റൊരു സത്രീ വിളിച്ചതിനെ ചൊല്ലി ഇവർ തമ്മിൽ വഴക്കുണ്ടായി. യുവതി പിണങ്ങി ഇറങ്ങുകയും അജിൻ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു.

എന്നാൽ പതിവായി ആത്മഹത്യാഭീഷണി മുഴക്കുന്നതിനാൽ കാര്യമാക്കിയില്ലെന്നാണ് യുവതിയുടെ മൊഴി. പുറത്തേക്കു പോയി ഏറെ കഴിഞ്ഞിട്ടും അജിൻ ഫോണിലേക്ക് വിളിക്കാത്തതിനാൽ മുറിയിൽ തിരിച്ചെത്തിയപ്പോൾ ഫാനിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ലോഡ്ജിലെ സിസിടിവിയിൽ യുവതി പുറത്തേക്കു ഇറങ്ങുന്നതിന്റെയും മടങ്ങി എത്തുന്നതിന്റെയും ദൃശ്യങ്ങളുണ്ട്.

Advertisement