പരമ്പരാഗത വേഷത്തിൽ റെക്കോർഡിങ് സ്റ്റുഡിയോയിലെത്തി ചിത്ര; ഇത് പുതിയ പാട്ട് പരീക്ഷണം

ബഞ്ചാര ഭാഷയിൽ ആദ്യമായി ഗാനമാലപിച്ച് ഗായിക കെ.എസ്.ചിത്ര. സഞ്ജീവ് കുമാർ റാത്തോഡ് സംവിധാനം ചെയ്യുന്ന ‘ആംദർ നിവാസ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് ചിത്രയുടെ പാട്ട്.

വിനായക് പവാർ പാട്ടിനു വരികൾ കുറിച്ചു. എം.എൽ.രാജയാണ് ഈണം പകർന്നിരിക്കുന്നത്. എം.ശ്രീനിവാസ് ചവാൻ പാട്ടിൽ പുരുഷശബ്ദമാകും.
ബഞ്ചാര ഭാഷയിൽ പാട്ട് പാടാൻ താൻ ശ്രമിച്ചെന്നും ഇത് തന്റെ ആദ്യ അനുഭവമാണെന്നും കുറിച്ച് ചിത്ര പാട്ടുവിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് ചിത്ര നന്ദി അറിയിച്ചിട്ടുമുണ്ട്. പരമ്പരാഗത ബഞ്ചാര വേഷമണിഞ്ഞുള്ള ചിത്രങ്ങളും ഗായിക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

ചിത്രയെക്കൊണ്ടു പാട്ട് പാടിപ്പിക്കാനായതിന്റെ സന്തോഷം സംവിധായകൻ സഞ്ജീവ് കുമാർ റാത്തോഡും പങ്കുവച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി 25000ലധികം പാട്ടുകൾ പാടിയ മഹാപ്രതിഭയ്ക്കൊപ്പം കൈ കോർക്കാനായത് തന്റെ ഭാഗ്യമാണെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Advertisement