ഷക്കീലയോട് അലര്‍ജ്ജി, ഒമര്‍ലുലു സിനിമ നല്ലസമയം ട്രെയിലര്‍ ലോഞ്ച് മുടങ്ങി

കൊച്ചി: ഒമര്‍ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘നല്ല സമയത്തിന്റെ’, ട്രെയിലര്‍ ലോഞ്ചിന് മോശം സമയം. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിപാടിയുടെ മുഖ്യാതിഥിയായി നിശ്ചയിച്ച നടി ഷക്കീലയെ പങ്കെടുപ്പിക്കുന്നതില്‍ മാള്‍ അധികൃതര്‍ എതിര്‍പ്പ് അറിയിച്ചതോടെയാണ് തീരുമാനം മാറ്റിയതെന്ന് ഒമര്‍ ലുലു വ്യക്തമാക്കി.

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഇന്ന് വൈകീട്ട് 7.30 ന് ആണ് പരിപാടി നിശ്ചയിച്ചിരുന്നത്. മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷമായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ഷക്കീലയാണ് മുഖ്യാതിഥി എന്ന് അറിഞ്ഞതോടെ അധികൃതര്‍ എതിര്‍പ്പ് അറിയിക്കുകയായിരുന്നത്രേ. ഒമറും ഷക്കീലയും ഇത് സംബന്ധിച്ച് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടേയും വാക്കുകളിലേക്ക്

‘കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് ഒരു ട്രെയിലര്‍ ലോഞ്ച് പ്ലാന്‍ ചെയ്തിരുന്നു. 7.30യ്ക്കായിരുന്നു പരിപാടി അറേഞ്ച് ചെയ്തത്.എന്നാല്‍ അവിടെ നിന്ന് ചെറിയ ചെറിയ എതിര്‍പ്പുകള്‍ വന്ന് തുടങ്ങി,വൈകുന്നേരത്തോട് കൂടി അവിടെ പറ്റില്ല, സെക്യൂരിറ്റി പ്രശ്‌നങ്ങള്‍ എന്നൊക്കെ പറഞ്ഞ് പരിപാടി ഒഴിവാക്കി. ചേച്ചി ഇവിടേക്ക് പോരുകയും ചെയ്തു, ഇപ്പോള്‍ ശരിക്കും ഞങ്ങള്‍ ആകെ വിഷമത്തിലായി, ചേച്ചിയോട് താന്‍ ക്ഷമ ചോദിക്കുകയാണ്’

https://www.facebook.com/watch/?v=2054362524749713

അതേസമയം ഇത് ആദ്യമായി നടക്കുന്നതല്ല, ഇത് കാലാകാലമായി തന്റെ കാര്യത്തില്‍ നടക്കുന്ന വിഷയമാണെന്നായിരുന്നു ഷക്കീലയുടെ പ്രതികരണം. ‘താന്‍ വരുമെന്ന പരസ്യം കണ്ട് നിരവധി പേര്‍ ഇന്‍സ്റ്റയില്‍ മെസേജ് അയച്ചിരുന്നു. തനിക്കും വലിയ വിഷമം ഉണ്ട്. ഞാന്‍ വളരെ അധികം വേദനയിലാണ്, നിങ്ങളാണ് എന്നെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്. പിന്നെ നിങ്ങള്‍ തന്നെ എന്നെ അംഗീകരിക്കുന്നില്ല’

എന്തുകൊണ്ടാണ് ഇങ്ങനെ എന്തിനാണ് ഇങ്ങനെ എന്നൊന്നും മനസിലാകുന്നില്ല. ഒമറിന്റെ ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നു. എനിക്കും ഈ ചിത്രത്തിനും നല്ല നേരമാകട്ടെ, കോഴിക്കോടിനെ ഞാന്‍ മിസ് ചെയ്യും’, ഷക്കീല പറഞ്ഞു. അതേസമയം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.

ഒമര്‍ ലുലും നവാഗതയായ ചിത്രയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ‘നല്ല സമയം’ നവാഗതനായ കലന്തൂര്‍ ആണ് നിര്‍മ്മിക്കുന്നത്. ഇര്‍ഷാദ് ആണ് ചിത്രത്തിലെ നായകന്‍. ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നീ അഞ്ചു പുതുമുഖങ്ങളാണ് നായികമാര്‍. സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കേറ്റ് നല്‍കിയ ചിത്രം നവംബര്‍ 25ന് റിലീസ് ചെയ്യും.

Advertisement