ആലിയ ഭട്ടിനും രൺബീർ കപൂറിനും പെൺകുഞ്ഞ് പിറന്നു

മുംബൈ: ബോളിവുഡ് താര ദമ്പതികളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും ആദ്യ കൺമണി പിറന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.05 ഓടെയാണ് ആലിയ ഭട്ട് പെൺകുഞ്ഞിന് ജന്മം നൽകിയത്.

രാവിലെ ആലിയയെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയെന്നും ഇരുവരോടും അടുത്തവൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം, കഴിഞ്ഞ ഏപ്രിൽ 14 നായിരുന്നു ആലിയ–രൺബീർ വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്….

അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ആലിയയുടേയും രൺബീറിന്റേയും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.

ഗാൽ ഗാഡോട്ട്, ജാമി ഡോർനൻ, മത്തിയാസ് ഷ്വീഗോഫർ, സോഫി ഒക്കോനെഡോ എന്നിവർക്കൊപ്പം ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ഹോളിവുഡ് ചിത്രമാണ് ആലിയയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ. രൺവീർ സിങ്ങിനൊപ്പം കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനിയും അടുത്ത വർഷം പുറത്തിറങ്ങും.

രൺബീർ കപൂർ രശ്മിക മന്ദാനയ്‌ക്കൊപ്പമുള്ള ആനിമൽസിലാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശ്രദ്ധ കപൂറിനൊപ്പമുള്ള ലവ് രഞ്ജന്റെ അടുത്ത ചിത്രവും പുരോഗമിക്കുന്നുണ്ട്.

Advertisement