അനുരാധ വിചാരിച്ചിരുന്നുവെങ്കില്‍ സില്‍ക്ക്‌സ്മിത മരിക്കുമായിരുന്നില്ലേ വെളിപ്പെടുത്തല്‍ വന്നതോടെ മാദകസുന്ദരി സില്‍കസ്മിതയുടെ അവിചാരിത വിയോഗം വീണ്ടും തെന്നിന്ത്യയില്‍ ചര്‍ച്ചയായി. ഒരു കാലത്ത് തെന്നിന്ത്യന്‍ നായികമാരില്‍ മിന്നും താരമായിരുന്നു സില്‍ക്ക് സ്മിത. അനുരാധ ആ സമയത്ത് അതുപോലെ മിന്നിനിന്ന ഗ്‌ളാമര്‍ താരവും ഐറ്റം ഡാന്‍സറും ആയിരുന്നു. ഇരുവരും നല്ല സൗഹൃദവും. വിജയലക്ഷ്മി എന്ന് യഥാര്‍ത്ഥ പേരുള്ള സില്‍ക്ക് സ്മിതയുടെ ജീവിതം അധികം ആര്‍ക്കും അറിയാത്ത കഥയാണ്.

സില്‍ക് സ്മിത

ആന്ധ്രയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് വിജയലക്ഷ്മി പിന്നിട് തെന്നിന്ത്യ കീഴടക്കിയ മാദക നടി സില്‍ക്ക് സ്മിതയായി മാറി. ഇപ്പോള്‍ സില്‍ക് സ്മിതയുടെ മരണത്തെ സംബന്ധിച്ച് സുഹൃത്തായിരുന്ന നടി അനുരാധ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മരിക്കുന്നതിന്റെ തലേദിവസം തന്നെ ഫോണില്‍ വിളിച്ചിരുന്നെന്നും വീട്ടിലേക്ക് വരുമോ എന്ന് സ്മിത ചോദിച്ചിരുന്നെന്നും അനുരാധ പറഞ്ഞിരുന്നു.

ആത്മഹത്യ ചെയ്യുന്നതിന് മുമ്ബ് രാത്രി എന്നെ സില്‍ക് വിളിച്ചിരുന്നു. അനൂ ഒന്ന് വീട്ടിലേക്ക് വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. എന്താണ് പെട്ടന്ന്, രാത്രി ഒമ്ബതര മണിയാവുന്നു. എന്താണ് വിഷയമെന്ന് ചോദിച്ചു. ഒന്നുമില്ല വീട്ടിലേക്ക് വാ കുറച്ചു സംസാരിക്കണം എന്ന് പറഞ്ഞു. ഇപ്പോ വരണോ അതോ നാളെ രാവിലെ വന്നാല്‍ മതിയോ എന്ന് താന്‍ ചോദിച്ചു. ഭര്‍ത്താവ് വീട്ടിലില്ലെന്നും കുട്ടികള്‍ മാത്രമാണുള്ളകതെന്നും താന്‍ പറഞ്ഞിരുന്നു.

ഭര്‍ത്താവ് 20 മിനുട്ടിനുള്ളില്‍ വരും. അദ്ദേഹം വന്ന ശേഷം വരാം. അല്ലെങ്കില്‍ നാളെ രാവിലെ വരാം എന്ന് പറഞ്ഞു. നിനക്കിപ്പോ വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. അത്യാവശ്യമാണെങ്കില്‍ വരാം എന്ന് താനും പറഞ്ഞു. എന്നാല്‍ നാളെ രാവിലെ വാ, ചില പ്രധാന വിഷയങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് സില്‍ക് ഫോണ്‍ വെച്ചു. പിറ്റേന്ന് രാവിലെ വീട്ടില്‍ വെച്ച് സതീഷ് ടിവി കാണവെ എന്നെ വിളിച്ചു. നോക്ക് സില്‍ക് സ്മിത ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞു.

തനിക്കാകെ ഷോക്ക് ആയി. രാവിലെ വരാന്‍ പറഞ്ഞതാണല്ലോ എന്താണ് അവള്‍ പറയാനിരുന്നതെന്നും അറിഞ്ഞില്ല. ഉടനെ താനും സതീഷും സില്‍കിന്റെ വീട്ടിലേക്ക് പോയി. വീട്ടിലേക്ക് ശ്രീവിദ്യാമ്മയും എത്തിയിരുന്നു. ഉള്ളിലേക്ക് പോയപ്പോള്‍ ബോഡി ആശുപത്രിയിലേക്ക് കൊണ്ടു പോയി എന്ന് പറഞ്ഞു തങ്ങള്‍ ഉടനെ ആശുപത്രിയിലേക്ക് പോയി. പോയപ്പോള്‍ കണ്ട കാഴ്ച സഹിക്കാന്‍ പറ്റാത്തതായിരുന്നു.

ഒരു സ്ട്രക്ചറില്‍ മീഡിയും ടോപ്പും ഇട്ടാണ് അവളെ കിടത്തിയിരുന്നത്. മൃതദേഹത്തിന്റെ മുഖത്തെല്ലാം ഈച്ചകളായിരുന്നു. കോടാനു കോടി പേര്‍ കാണാനാഗ്രഹിച്ച അവളുടെ ശരീരത്തില്‍ ഈച്ചയാര്‍ക്കുന്നു. താനും വിദ്യാമ്മയും ഓടിപ്പോയി ഒരു തുണിയെടുത്ത് വീശി. അത് മറക്കാനേ പറ്റില്ല. അവള്‍ വളരെ ബോള്‍ഡായിരുന്നു പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും അനുരാധ പറഞ്ഞു