2023 ഡിസംബർ 13 വെള്ളി: പേടിപ്പെടുത്തുന്ന ആ ദിനം എത്തുന്നു

പതിമൂന്നാം നിലയും പതിമൂന്നാം നമ്പർ മുറിയുമൊക്കെ ഇഷ്ടപ്പെടാത്തവർ ഇപ്പോഴുമുണ്ട്. 13 എന്ന സംഖ്യയുമായി ബന്ധപ്പെട്ട അന്ധവിശ്വാസമാണ് ഇതിന് പിന്നിൽ. 13 ദൗർഭാഗ്യവും ആപത്തും കൊണ്ടുവരുമെന്നും ചിലപ്പോൾ മരണം തന്നെ ഈ സംഖ്യ സമ്മാനിക്കുമെന്നുമുള്ള കടുത്ത അന്ധവിശ്വാസമാണ് ഇതിനു പിന്നിൽ. ഇടയ്ക്കെപ്പോഴോ ഇതിനൊപ്പം എങ്ങനെയോ വെള്ളിയാഴ്ച്ച എന്ന ദിവസം കൂടി കൂട്ടിച്ചേർക്കപ്പെടുകയും ആ തീയതിയിൽ ഭീതി എന്ന ഒരു പൊതുവിശ്വാസം രൂപമെടുക്കുകയും ചെയ്തു. എന്നാൽ ഈ വിശ്വാസം എല്ലായിടത്തും ഒരുപോലെയല്ല. ഇറ്റലിക്കാർക്ക് 17എന്ന സംഖ്യയും വെള്ളിയാഴ്ച്ചയുമാണ് പ്രശ്നമെങ്കിൽ ഗ്രീക്കുകാർക്ക് 13 ഉം വെള്ളിയാഴ്ച്ചയുമാണ് നിർഭാഗ്യകരം.

പതിമൂന്നിനെ പേടിക്കാൻ ശരിക്കും കാരണമുണ്ടോ?

വാസ്തവത്തിൽ ഇത്തരത്തിൽ പതിമൂന്ന് എന്ന സംഖ്യയേയും വെള്ളിയാഴ്ച്ചയേയും ഭയക്കുന്നതിനു പിന്നിൽ കാരണം വല്ലതുമുണ്ടോ. നോർഡിക് പുരാണത്തിലെ ‘നശിപ്പിക്കപ്പെട്ട അത്താഴത്തിലും’ 13 എന്ന സംഖ്യയെ ഒരു മോശം ശകുനമായാണ് കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കഥയിങ്ങനെ- നോർസ് ദേവനായ ഓഡിനും അവന്റെ ഏറ്റവും അടുത്ത 11 ദേവതാസുഹൃത്തുക്കളും ‘വൽഹല്ല’യിൽ ഒരു അത്താഴവിരുന്ന് ആസ്വദിക്കുകയായിരുന്നു. നോർഡിക് വിശ്വാസമനുസരിച്ചുള്ള സ്വർഗത്തെയാണ് വൽഹല്ല എന്ന് പറയുന്നത്. നാശത്തിന്റെ ദേവനും മറ്റുള്ളവരുടെ സന്തോഷത്തെ നശിപ്പിക്കുന്നതിൽ മിടുക്കനുമായ ലോകി ഈ അത്താഴസദ്യയിലേക്ക് അതിക്രമിച്ച് കയറി. സൗന്ദര്യത്തിന്റേയും വെളിച്ചത്തിന്റേയും ദേവനായ ബാൽഡറിനെ ആക്രമിക്കാൻ ലോകി ഇരുട്ടിന്റെ ദേവനായ ഹോഡറിനെ (ഹോഡ്) എരിവ് കയറ്റി. ഇതിനായി ലോകി തന്റെ ചെവിയിലോതിയ വിഷവാക്കുകൾ കേട്ട ഹോഡ് ബാൽഡറിനെ അമ്പെയ്തു കൊന്നു. ഇതേത്തുടർന്ന് വലിയ കലഹമുണ്ടാകുകയും നിരവധി ദൈവങ്ങൾ കൊല്ലപ്പെടുകയും ഭൂമി ആദ്യമായി ഇരുട്ടിൽ മുങ്ങുകയും ചെയ്തെന്നാണ് കഥ. ഈ കഥയുടെ അടിസ്ഥാനത്തിൽ ഒരേ മേശയിൽ 13 പേർ ഭക്ഷണം കഴിക്കുന്നത് നിർഭാഗ്യകരെമന്ന വിശ്വാസം നോർഡിക് സംസ്കാരത്തിലുണ്ടായി.

ക്രിസ്ത്യൻ മതവിശ്വാസത്തിലും ഇതിനോട് സമാനമായ സന്ദർഭമുണ്ട്. അവസാനത്തെ അത്താഴവുമായി ബന്ധപ്പെട്ട ആ കഥയിങ്ങനെ – യേശുക്രിസ്തുവും തന്റെ 11 ശിഷ്യന്മാരും അത്താഴം കഴിക്കുകയായിരുന്നു, യൂദാസ് വൈകിയെത്തുകയും തീൻമേശയിലെ അംഗങ്ങളുടെ എണ്ണം പതിമൂന്നാകുകയും ചെയ്തു. ഇതോടെ വളരെ നിർഭാഗ്യകരമായ സംഭവങ്ങളുടെ പരമ്പര തുടങ്ങിയെന്നാണ് കഥ.13 എന്ന സംഖ്യയോടുള്ള ഭയത്തിന് പ്രത്യേകം പേര് തന്നെയുണ്ട്. ട്രൈസ്കൈഡെകഫോബിയ(triskaidekaphobia). പതിമൂന്നാം വെള്ളിയാഴ്ചയെക്കുറിച്ചുള്ള ഭയത്തിനെക്കുറിക്കാനും വാക്കുണ്ട്, പാരാസ്കെവിഡെകാട്രിയാഫോബിയ(paraskevidekatriaphobia).

ബൈബിളിലെ കാലം മുതൽ ആളുകൾ 13-നെക്കുറിച്ചും വെള്ളിയാഴ്ചയെക്കുറിച്ചും ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും, 19-ഉം 20-ഉം നൂറ്റാണ്ടുകളിലാണ് ഇതേക്കുറിച്ചുള്ള കെട്ടുകഥകൾ വ്യാപകമായത്.

1907-ലാണ് എഴുത്തുകാരനായ തോമസ് ലോസൺ തന്റെ നോവൽ ‘ഫ്രൈഡേ, ദി തേർട്ടീന്ത്’ പുറത്തിറക്കിയത്. വിപണിയെ മനപ്പൂർവ്വം തകർക്കാൻ വെള്ളിയാഴ്ച്ചയും പതിമൂന്ന് എന്ന തീയതിയും തിരഞ്ഞെടുക്കുന്ന ഒരു സ്റ്റോക്ക് ബ്രോക്കറെക്കുറിച്ചായിരുന്നു ഈ നോവൽ. 1989 ഒക്ടോബർ 13 വെള്ളിയാഴ്ച സ്റ്റോക്ക് മാർക്കറ്റിന് ഒരു ചെറിയ തകർച്ചയുണ്ടായപ്പോൾ അത് യാഥാർത്ഥ്യമായി. ലോസന്റെ പുസ്തകം പുറത്തുവന്ന് ഒരു വർഷത്തിനുശേഷം, 1908-ൽ ന്യൂയോർക്ക് ടൈംസ് പതിമൂന്നാം വെള്ളിയാഴ്ചയും ഒരു രാഷ്ട്രീയ കലഹവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന ഭീകരതകളെയും പരാമർശിച്ച് ഒരു തലക്കെട്ട് നൽകുകയും ചെയ്തു. 1972-ലെ ഫ്രൈഡേ ദി 13: ദി ഓർഫൻ എന്ന ചിത്രത്തിനെത്തുടർന്നാണ് എൺപതുകളിൽ ഹൊറർ സിനിമകൾ ഹിറ്റാകാൻ തുടങ്ങിയത്.

പൊതുവേ 13 ഉം വെള്ളിയാഴ്ച്ചയുമായി ബന്ധപ്പെട്ട് വലിയ അപകടങ്ങളൊന്നും പിന്നീട് ഉണ്ടായില്ലെങ്കിലും അതിനെക്കുറിച്ചുള്ള കെട്ടുകഥകളും വിശ്വാസവും തുടരുന്നുണ്ട്. 1993-ൽ ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം, ഇത്തരത്തിൽ വിശ്വസിക്കുന്നവരെ നടുക്കുന്നതായിരുന്നു. ഒരു ഗതാഗത അപകടത്തിന്റെ ഫലമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 52 ശതമാനം വരെ വർദ്ധിച്ചേക്കാം എന്നായിരുന്നു ഈ ലേഖനത്തിലെ നിഗമനം. എന്നിരുന്നാലും അപകടങ്ങളുടെ എണ്ണം വളരെ ചെറുതായിരുന്നെന്നും അർഥവത്തായ വിശകലനത്തിന് അത് പര്യാപ്തമായിരുന്നില്ലെന്നും ആർട്ടിക്കിളിന്റെ രചയിതാക്കൾ പിന്നീട് സമ്മതിച്ചു.

ഒരു ദശാബ്ദത്തിലേറെ കഴിഞ്ഞതിന് ശേഷം നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം 13 വെള്ളിയാഴ്ച അപകടകരമാണെന്ന മിഥ്യയെ ഇല്ലാതാക്കുന്നതായിരുന്നു. അത്യാഹിത വിഭാഗ പ്രവേശനത്തെക്കുറിച്ചുള്ള ഏഴ് വർഷം വരുന്ന സമഗ്രമായ പഠനത്തിന് ശേഷമായിരുന്നു ഈ റിപ്പോർട്ട്. “13 വെള്ളിയാഴ്ച ഭയം നിലനിൽക്കുമെങ്കിലും, മറ്റ് ദിവസത്തെ പഠനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ വലിയ ആശങ്കയ്ക്ക് സ്ഥാനമില്ലെന്ന് സൂചിപ്പിച്ചാണ് പഠനറിപ്പോർട്ട് അവസാനിക്കുന്നത്.

Advertisement