ബ്രസീല്‍ താരത്തിന്റെ ഫൗളില്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരത്തിന്റെ കാലൊടിഞ്ഞു തൂങ്ങി…. അമ്പരപ്പിക്കുന്ന വീഡിയോ ദൃശ്യം

കോപ ലിബര്‍ട്ടറോസ് മത്സരത്തിനിടെ ബ്രസീല്‍ താരം മാര്‍സെലോയുടെ ഫൗളില്‍ അര്‍ജന്റീന ഫുട്‌ബോള്‍ താരത്തിന്റെ കാലൊടിഞ്ഞു. ബ്യൂനസ് ഐറിസില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. അര്‍ജന്റീനോസ് ജൂനിയേഴ്‌സ് ടീമിന്റെ 29 വയസ്സുകാരന്‍ പ്രതിരോധ താരം ലുസിയാനോ സാഞ്ചസിനാണു മത്സരത്തിനിടെ പരുക്കേറ്റത്. പന്തു തടയാന്‍ ശ്രമിക്കുന്നതിനിടെ മാര്‍സെലോ ഫൗള്‍ ചെയ്തതോടെ, താരത്തിന്റെ കാല്‍മുട്ടിനു താഴേക്കുള്ള ഭാഗം ഒടിഞ്ഞ് നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
വേദന സഹിക്കാനാകാതെ ഗ്രൗണ്ടില്‍ വീണ അര്‍ജന്റീന താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. താരത്തിനു പരുക്കേല്‍ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. റയല്‍ മഡ്രിഡ് മുന്‍ താരം കൂടിയായ മാര്‍സെലോ ഫൗളിന്റെ പേരില്‍ ചുവപ്പുകാര്‍ഡ് കണ്ടുപുറത്തുപോയി. കരഞ്ഞുകൊണ്ടാണ് മാര്‍സെലോ ഗ്രൗണ്ട് വിട്ടത്. ബുദ്ധിമുട്ടേറിയ നിമിഷമായിരുന്നു നേരിടേണ്ടിവന്നതെന്ന് മാര്‍സെലോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ”അദ്ദേഹത്തെ പരുക്കേല്‍പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എത്രയും പെട്ടെന്നു പരുക്കുമാറി കരുത്താര്‍ജിക്കട്ടെ.” മാര്‍സെലോ പ്രതികരിച്ചു.

Advertisement