ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം….ആവേശത്തില്‍ ആരാധകര്‍

ദുബായ്: കുട്ടിക്രിക്കറ്റിന്റെ ലോകമാമാങ്കത്തിലേറ്റ പരാജയം മനസ്സില്‍ വച്ചാണ് മണിക്കൂറുകള്‍ക്കകം ടീം ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ മത്സരത്തിനിറങ്ങുന്നത്. അതുകൊണ്ടുതന്നെ ശക്തമായ ഒരു ടീമിനെ തന്നെയാകും ഇന്ത്യ ഇറക്കുക എന്നതില്‍ സംശയമില്ല. ബാറ്റിങ്ങിലും ബോളിങ്ങിലും തുടര്‍ച്ചയായി പരീക്ഷണങ്ങള്‍ നടത്തുന്ന ടീം ഇന്ന് പുതിയതായി എന്താണ് ഒരുക്കിവച്ചിരിക്കുന്നത് എന്നറിയാന്‍ ആകാംക്ഷയിലാണ് ആരാധകരും.


ട്വന്റി20 ഫോര്‍മാറ്റിലെ ലോകകപ്പില്‍ 6 തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. 2007ലെ പ്രഥമ ലോകപോരില്‍ ഇന്ത്യ കിരീടം ചൂടിയത് പാക്കിസ്ഥാനെ തോല്‍പിച്ച്. 2012 ലോകകപ്പിലെ ഗ്രൂപ്പുഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ പാക്കിസ്ഥാനെ എട്ട് വിക്കറ്റിനാണ് തോല്പിച്ചത്. 2014ലെ ലോകകപ്പില്‍ വീണ്ടും പാക്കിസ്ഥാന്‍ എതിരാളികള്‍. ഇന്ത്യന്‍ ജയം ഏഴുവിക്കറ്റിന്. 2016ലെ ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പുഘട്ടത്തില്‍ പാക്കിസ്ഥാനെ ആറു വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്.
ഏഷ്യാകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും 14 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്, അതില്‍ ഇന്ത്യ 8 മത്സരങ്ങളിലും പാക്കിസ്ഥാന്‍ 5 മത്സരങ്ങളിലും വിജയിച്ചു. 2021ലെ ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലാണ് അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയത്. ഒരിക്കലും മറക്കാന്‍ കഴിയാത്ത തോല്‍വിക്ക് പകരം വീട്ടുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ആരാധകര്‍.
വൈകിട്ട് 7.30ന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യാ-പാക് പോരാട്ടം. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ഇതേ വേദിയില്‍ ഏറ്റുമുട്ടിയശഷം ഇരു ടീമും നേര്‍ക്കുനേര്‍ വരുന്നതും ഇതാദ്യമാണ്.

Advertisement